Categories: Samskriti

ശങ്കരനാരായണ സമന്വയം

'കോവിന്ദ....കോവാലാ...' 2

‘തീമ്പിലാധിപന്‍’  വാഴുന്ന പൊന്മന ക്ഷേത്രദര്‍ശനം കഴിഞ്ഞാല്‍ ‘ഗോവിന്ദന്മാ’രെത്തുന്നത് കല്‍ക്കുളം ശിവക്ഷേത്രത്തിലാണ്.  

കല്‍ക്കുളം ശിവക്ഷേത്രം

പന്നിപ്പാകത്തു നിന്നും 6 കിലോമീറ്റര്‍ അകലെയാണ് ഏഴാമത്തെ ശിവാലയമായ കല്‍ക്കുളം മഹാദേവര്‍ക്ഷേത്രം. ശ്രീ വര്‍ത്തമാനപുരം എന്നതായിരുന്നു ഈ സ്ഥലത്തിന്റെ പഴയ പേര്. പിന്നീട് കല്‍ക്കുളം എന്ന പേരില്‍ ഇവിടം അറിയപ്പെട്ടു. ക്രിസ്തുവര്‍ഷം 1744 ല്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്  രാജ്യതലസ്ഥാനമായി കല്‍ക്കുളം തിരഞ്ഞെടുത്ത്. പിന്നീട് പത്മനാഭപുരം എന്നു നാമകരണം ചെയ്തു. പാര്‍വതീസമേതനായ ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. ശിവാലയ ഓട്ടം നടക്കുന്ന ശിവക്ഷേത്രങ്ങളില്‍ പാര്‍വതി പ്രതിഷ്ഠയുള്ളതും രഥോത്സവം നടക്കുന്നതുമായ ഏക ക്ഷേത്രവും കല്‍ക്കുളമാണ്. .  

മേലാങ്കോട് ശിവക്ഷേത്രം

കല്‍ക്കുളം മഹാദേവരെ ദര്‍ശിച്ച് രണ്ട് കിലോമീറ്റല്‍ സഞ്ചരിച്ചാല്‍ മേലാങ്കോട് ക്ഷേത്രത്തിലെത്തിച്ചേരാം. സാക്ഷാല്‍ കാലന്തകനാണ് ഇവിടുത്തെ പരമേശ്വരന്‍ എട്ട് ക്ഷേത്രങ്ങളുടെ സമുച്ചയമാണ് മേലാങ്കോട് ശിവക്ഷേത്രം. പ്രസിദ്ധമായ മേലാങ്കോട് യക്ഷിയമ്മന്‍ (ജേഷ്ഠത്തിയുടേയും അനുജത്തിയുടേയും ക്ഷേത്രങ്ങള്‍)ഇവിടെയാണ്.  

തിരുവിടൈക്കോട് ശിവക്ഷേത്രം

ഒന്‍പതാമത്തെ ശിവാലയ ക്ഷേത്രമാണ് തിരുവിടൈക്കോട്. ‘വിടൈ’ എന്നാല്‍ ‘കാള’. ഈ ക്ഷേത്രത്തിലെ കാള അഥവാ നന്ദി വിഗ്രഹത്തിനു ജീവന്‍ വെച്ചതായാണ് ഐതിഹ്യം. ക്ഷേത്രത്തിനു തിരുവിടൈക്കോട് എന്ന പേരു ലഭിച്ചതെന്നാണ് നാട്ടുമൊഴി.  അതല്ല 18 സിദ്ധന്മാരില്‍ ഒരാളായ എടൈക്കാടര്‍ സ്വര്‍ഗ്ഗം പൂകിയത് ഈ ക്ഷേത്രത്തില്‍ നിന്നായതിനാലാണ് തിരുവിടൈക്കോട് എന്ന പേരു വരാന്‍ കാരണമെന്നും മറ്റൊരു വിശ്വാസം. ചടയപ്പന്‍ അഥവാ ജടയപ്പന്‍ ആണു തിരുവിടൈക്കോട്ടെ പ്രതിഷ്ഠ.

തിരുവിതാംകോട് ശിവക്ഷേത്രം

തിരുവിടൈക്കൊടില്‍ ദര്‍ശനം കഴിഞ്ഞ് നാഷണല്‍ഹൈവേയില്‍ കയറി തിരിച്ച് തക്കല  കേരളപുരം വഴി ഒമ്പത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പത്താമത്തെ ശിവാലയമായ തിരുവിതാംകോട് ശിവക്ഷേത്രത്തിലെത്താം. തെക്കും വടക്കുമായി ഹരിയും ഹരനും ദര്‍ശനം നല്കുന്ന ക്ഷേത്രമാണ് തിരുവിതാംകോട്. ശിവപ്രതിഷ്ഠയുടെ ഇടതു ഭാഗത്തായി മഹാവിഷ്ണു കുടികൊള്ളുന്നു. ആയ്, വേല് രാജവംശങ്ങളുമായി ബന്ധമുള്ള പ്രാചീന ക്ഷേത്രമാണു തിരുവിതാംകോട്.  

തൃപ്പന്നിക്കോട് ശിവക്ഷേത്രം

തിരുവിതാംകോട് നിന്നു കുഴിക്കോട് പള്ളിയാടി വഴി 8 കിലോമീറ്റര്‍ സഞ്ചരിച്ച്  പതിനൊന്നാമത് ശിവാലയക്ഷേത്രമായ തൃപ്പന്നിക്കോട്മഹാദേവര്‍ക്ഷേത്രത്തിലെത്താംമഹാവിഷ്ണുവിന്റെ വരാഹാവതാരവുമായി ബന്ധപ്പെട്ടതാണു ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം. വരാഹത്തിന്റെ തേറ്റ (കൊമ്പ്) മുറിച്ച രൂപത്തിലാണു ഇവിടുത്തെ പ്രതിഷ്ഠ. മഹാദേവന് ജടയെ കണ്ടെത്താനായി ബ്രഹ്മാവും വിഷ്ണുവും തമ്മില്‍ മത്സരിച്ചതും ശിവന്റെ ജട കണ്ടുവെന്ന ബ്രഹ്മാവിന്റെ അസത്യപ്രസ്താവും തുടര്‍ന്ന് ബ്രഹ്മാവിന്റെ നാലിലൊരുതല നുള്ളിയെടുത്ത മഹാദേവന്റെ ഭാവത്തിലരുളുന്ന മഹാദേവനാണ് തൃപ്പന്നിയോട്ട് വിളങ്ങുന്നത്.  

തിരുനട്ടാലം ശിവക്ഷേത്രം

ശിവാലയ ഓട്ടത്തിലെ പന്ത്രണ്ടാമത്തേതും അവസാനത്തേതുമായ ക്ഷേത്രമാണു തിരുനട്ടാലം ശിവക്ഷേത്രം. 12 ശിവാലയങ്ങളില്‍ ശങ്കരനാരായണ പ്രതിഷ്ഠയുള്ള ക്ഷേത്രവും ഇതാണു. ശൈവ, വൈഷ്ണവ സമന്വയത്തിന്റെ പ്രതീകമാവാം ഇവിടുത്തെ ശങ്കരനാരായണ പ്രതിഷ്ഠ എന്നു വിശ്വസിക്കുന്നു. ശിവ പ്രതിഷ്ഠയും ശങ്കരനാരായണ പ്രതിഷ്ഠയുമുള്ള രണ്ട് ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. രണ്ടു ക്ഷേത്രങ്ങള്‍ക്കിടയിലായി ഒരു കുളവും കാണാം.

(അവസാനിച്ചു)

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക