ബ്രിട്ടീഷ് അധിനിവേശത്തോടെയാണ് കേരളം ഭക്ഷ്യവിള കൃഷിയില്‍ നിന്നു തോട്ടവത്കരണത്തിലേക്ക് വഴിമാറുന്നത്. തിരുവിതാംകൂര്‍ ദിവാനായിരുന്ന ജോണ്‍ ദാനിയേല്‍ മണ്‍റോ 13,000 ഏക്കര്‍ ഭൂമി പൂഞ്ഞാര്‍ രാജാവില്‍ നിന്നു പാട്ടത്തിനെടുത്ത് 1879ല്‍ നോര്‍ത്ത് ട്രാവന്‍കൂര്‍ ലാന്‍ഡ് പ്ലാനിങ് ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി രൂപീകരിച്ച് തിരുവിതാംകൂറില്‍ തോട്ടവ്യവസായം ആരംഭിച്ചു. ഈ കാലയളവില്‍ യൂറോപ്പില്‍ നിന്ന് ഒട്ടേറെ വിദേശ കമ്പനികള്‍ കേരളത്തില്‍ തോട്ട വ്യവസായത്തിലേക്ക് കടന്നുവന്നു. തിരുവിതാംകൂര്‍ രാജാവില്‍ ജന്മാവകാശം നിലനിര്‍ത്തി ഫ്രീ ഹോള്‍ഡായോ, ലീസ് ഹോള്‍ഡായോ മാത്രമേ വിദേശ കമ്പനികള്‍ക്ക് രാജ ഭരണകാലത്ത് തോട്ട വ്യവസായത്തിന് ഭൂമി നല്‍കിയിട്ടുള്ളൂ.
ഇംഗ്ലീഷ് കമ്പനീസ് (കണ്സോളിഡേഷന്) ആക്ട് 1908 അനുസരിച്ച് ഇംഗ്ലണ്ടില്‍ രൂപംകൊണ്ടതാണ് ഹാരിസണ്‍ മലയാളം ലിമിറ്റഡ് എന്ന കമ്പനി. തുടര്‍ന്ന് പല ഘട്ടങ്ങളില്‍ മറ്റു പല കമ്പനികളെ വിലയ്ക്ക് വാങ്ങുകയോ ഇതില്‍ ലയിപ്പിക്കുകയോ ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു പിന്നാലെ തോട്ടവുമായി ബന്ധപ്പെട്ട് രണ്ട് സുപ്രധാന നിയമ നിര്‍മ്മാണങ്ങള്‍ നടന്നു. ഒന്നാമത്തേത് 1954ല്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനയുടെ നാലാം ഭേദഗതി നിയമം വഴി നഷ്ടപരിഹാരം നല്‍കിക്കൊണ്ട് സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിനുള്ള അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി.
ഈ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍ തിരു കൊച്ചി സര്‍ക്കാര്‍ 1955ല്‍ ഇടവകയവകാശം ഏറ്റെടുക്കല്‍ നിയമം പാസ്സാക്കി. ഈ നിയമത്തോടൊപ്പം 1963ലെ കേരള ഭൂ പരിഷ്കരണ ഭേദഗതി നിയമം, 1973ലെ വിദേശ നാണ്യ വിനിമയ നിയന്ത്രണചട്ടം (ഫെറ) എന്നിവ മറികടക്കുന്നതിന് കമ്പനികളുടെ ഒട്ടേറെ ലയനങ്ങളും രൂപീകരണവും നിയമ ലംഘനങ്ങളും തെറ്റായ വിവര സമര്‍പ്പണവും അനധികൃത ഭൂമിയുടെ കരം സ്വീകരിക്കലും ഒക്കെ മാറി മാറി വന്ന ഇടത്-വലത് സര്‍ക്കാരുകളുടേയും ഉദ്യോഗസ്ഥന്മാരുടെയും ഒത്താശയോടെ ഹാരിസണ്‍ അധികൃതര്‍ നടത്തി. അതില്‍ അവസാനത്തേത് 2005 ഏപ്രിലില്‍ കണ്ണന് ദേവന് തോട്ടങ്ങളിലെ തൊഴിലാളികളുടെ കൂടി പങ്കാളിത്തത്തോടെ സഹകരണ സ്ഥാപനമായി കണ്ണന് ദേവന് ഹില്‍സ് പ്രൊഡ്യൂസേഴ്സ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന പുതിയ കമ്പനിയുടെ പ്രഖ്യാപനമാണ്. കമ്പനിയുടെ ഓഹരിയിലും ഭരണനിര്‍വഹണത്തിലും തൊഴിലാളി പങ്കാളിത്തം നല്‍കിയത്, ടാറ്റയുടെ തൊഴിലാളി സ്നേഹം കൊണ്ടല്ല, തൊഴിലാളികളെ മുന്‍നിര്‍ത്തി അനധികൃതമായി ഭൂമി സംരക്ഷിക്കുന്നതിനുള്ള ശ്രമമാണ് നടന്നതെന്ന് പിന്നീട് തെളിയിക്കപ്പെട്ടു.
1957ലും 1967ലും അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാരുകളാണ് ഭൂപരിഷ്കരണത്തില്‍ നിന്നു തോട്ടം മേഖലയെ ഒഴിവാക്കിയത്. കേരളത്തില്‍ വിദേശ തോട്ടങ്ങളുണ്ടെന്നും നിയമവിരുദ്ധമായി ഇവര്‍ കൈവശം വച്ചിരിക്കുകയാണെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുമ്പേ തിരിച്ചറിഞ്ഞിരുന്നു. ഈ തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതിന് റിപ്പോര്‍ട്ട് തയാറാക്കാന്‍ ചില ഏജന്‍സികളെയും സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ടുകളൊന്നും വെളിച്ചം കണ്ടില്ല. അച്യുതമേനോന് സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കുന്നതിന് കണ്ണന് ദേവന് മലകള്‍ ഭൂമി വീണ്ടെടുക്കല്‍ ബില്‍ 1971ല്‍ പാസ്സാക്കി. ഈ നിയമത്തോടെ വിദേശ കമ്പനികള്‍ അനധികൃതമായി കൈവശം വച്ചിരുന്ന ഭൂമിക്ക് നിയമ സാധുത നല്കി. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടം ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നതിനേക്കുറിച്ച് വളരെ വ്യക്തമായ ഒരു പഠന റിപ്പോര്‍ട്ടാണ് ഡോ.എം.ജി. രാജമാണിക്യത്തിന്റേത്. സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളെയും കാറ്റില്‍പറത്തി അഞ്ചു ലക്ഷം ഏക്കര്‍ തോട്ടം ഭൂമി വിദേശ കമ്പനികളും അവരുടെ ബിനാമികളും അനധികൃതമായി കൈവശം വച്ചിരിക്കുന്നതായാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍.
ഭൂപരിഷ്കരണത്തിന്റെ 50-ാം വര്‍ഷം ആഘോഷിക്കുന്ന ഈ വേളയിലും ഭൂ രഹിതരുടെ പ്രക്ഷോഭങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഈ ഭൂ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് രണ്ടാം ഭൂ പരിഷ്കരണം എന്ന ആവശ്യത്തിന് പ്രസക്തി കൈവന്നതും അതിനെ തള്ളിപ്പറയാന്‍ സിപിഎമ്മിനെ നിര്‍ബന്ധിതമാക്കിയതും. ഭൂ പരിഷ്കരണം ഇനിയെന്ത് എന്ന ലേഖനത്തില്‍ തോമസ് ഐസക് പറയുന്നു – കേരളത്തിലെ ഭൂ പരിഷ്കരണം നടപ്പാക്കുന്നതിന് അഞ്ച് പതിറ്റാണ്ട് കര്‍ഷക സമരം വേണ്ടിവന്നു. കാര്‍ഷിക മേഖലയിലെ അഞ്ച് ശതമാനം വരുന്ന ജന്മിമാര്ക്കെതിരെ 95 ശതമാനം വരുന്ന കര്‍ഷക-കര്‍ഷക തൊഴിലാളി ജന വിഭാഗങ്ങളെ അണിനിരത്താനാണ് കര്‍ഷക സമരത്തിലൂടെ ശ്രമിച്ചത്. എന്നാല്‍ രണ്ടാം ഭൂ പരിഷ്കരണ വാദക്കാര്‍ കാര്‍ഷിക മേഖലയിലെ 20 ശതമാനം വരുന്ന ഉയര്‍ന്ന വിഭാഗം കര്‍ഷകര്‍ക്കെതിരെ 20 മുതല്‍ 30 ശതമാനം വരെ വരുന്ന കര്‍ഷക തൊഴിലാളികളെ അണിനിരത്താനാണ് ശ്രമിക്കുന്നത്. ഇത്തരമൊരു പരിപാടി ജനകീയ ജനാധിപത്യ മുന്നണിയില്‍ അണിനിരക്കേണ്ടവരെ ഒന്നിപ്പിക്കുകയല്ല, ഭിന്നിപ്പിക്കുകയാണ് ചെയ്യുക. ഭൂ പരിഷ്കരണം മൂലം 28 ലക്ഷം കുടിയാന്മാര്ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചു, 5.03 ലക്ഷം പേര്‍ക്ക് കുടികിടപ്പ് അവകാശം കിട്ടി.
തോമസ് ഐസക്കിന്റെ ഈ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത് ഭൂ പരിഷ്കരണത്തിന്റെ അന്ത്യമായെന്നാണ്. ഈ ഇടത് യുക്തിയെ അപനിര്‍മ്മിച്ചുകൊണ്ട് മാത്രമേ കേരളത്തിലെ ഭൂ രഹിതര്‍ക്ക് ഭൂവുടമകളാകാന്‍ കഴിയൂ. കേരളത്തില്‍ പാട്ടക്കാലാവധി കഴിഞ്ഞും അനധികൃതമായി കൈവശം വച്ചിരിക്കുന്ന തോട്ടം ഭൂമി തിരിച്ചു പിടിച്ചും, സ്വകാര്യ വനഭൂമിക്കും തോട്ടം ഭൂമിക്കും പരിധി നിശ്ചയിച്ചും, വ്യക്തികള്‍ക്ക് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി പുനര്‍നിര്‍ണ്ണയിച്ചും, സര്‍ക്കാര്‍ നിര്‍ത്തിവച്ച പദ്ധതികള്‍ക്ക് അനുവദിച്ച ഭൂമി തിരിച്ചെടുത്തും ഭൂരഹിതര്‍ക്കും നാമമാത്ര ഭൂവുടമകള്‍ക്കും ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ക്കും വേണ്ടി ഒരു ഭൂ നിയമം പാസ്സാക്കി നിയമാധിഷ്ഠിതമായി ഭൂമി വിതരണം ചെയ്യണം.
(ഭൂ അവകാശ സംരക്ഷണ സമിതി വൈക്കത്ത് സംഘടിപ്പിച്ച സെമിനാറില്‍ നിന്ന്)
അവസാനിച്ചു.
9747132791
പ്രതികരിക്കാൻ ഇവിടെ എഴുതുക: