Categories: Education

മെന്ററിംഗിലൂടെ കുട്ടിയ്‌ക്ക് കൈത്താങ്ങാവാൻ വിദ്യാഭ്യാസ വകുപ്പിന്റെ  ‘സഹിതം’ പദ്ധതി

Published by

തിരുവനന്തപുരം:കുട്ടികളുടെ അക്കാഡമിക് മികവിനോടൊപ്പം സാമൂഹിക മികവ് വളർത്താനും മാനസിക പിരിമുറുക്കം ലഘൂകരിക്കാനും ഉതകുന്ന തരത്തിൽ മെന്ററിംഗ് നടത്തുന്ന ‘സഹിതം’ പദ്ധതി അംഗീകരിച്ച് സർക്കാർ ഉത്തരവായി. ഒരു അധ്യാപകൻ നിശ്ചിത എണ്ണം കുട്ടികളുടെ മെന്റർ ആയി മാറുന്ന സംവിധാനം വേണമെന്ന് മുഖ്യമന്ത്രി  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം അവലോകനയോഗത്തിൽ നിർദ്ദേശിച്ചതനുസരിച്ചാണ് പദ്ധതി. സ്‌കൂളുകൾ ഹൈടെക്കായ പശ്ചാത്തലത്തിൽ സ്‌കൂൾതല മാസ്റ്റർപ്ലാൻ എന്നതിൽ നിന്നും ഓരോ കുട്ടിയ്‌ക്കും പ്രത്യേക അക്കാഡമിക് മാസ്റ്റർപ്ലാൻ എന്ന ലക്ഷ്യമാണ് സഹിതത്തിലൂടെ യാഥാർത്ഥ്യമാവുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.

ഇതിനനുസൃതമായി ഓരോ സ്‌കൂൾ വിദ്യാർത്ഥിയുടേയും അനുഗുണമായ സാമൂഹിക ശേഷികൾ, ഭാഷാശേഷി, ഗണിതശേഷി, സാമൂഹികാവബോധം, ശാസ്ത്രാഭിമുഖ്യം തുടങ്ങി കുട്ടിയുടെ പഠനത്തിലുണ്ടാകുന്ന പുരോഗതി നിരന്തരം നിരീക്ഷിക്കാനും ഓൺലൈനായി രേഖപ്പെടുത്താനും മെന്ററായ അധ്യാപകന് അവസരം ലഭിക്കും. അതോടൊപ്പം തന്നെ കുട്ടിയുടെ സാമൂഹിക ചുറ്റുപാടുകൾകൂടി നിരീക്ഷിച്ച് കുട്ടിയ്‌ക്കുണ്ടാകുന്ന പഠനപ്രയാസം തിരിച്ചറിഞ്ഞ് അതിനനുസൃതമായ പരിഹാര പഠനപ്രവർത്തനങ്ങൾ മെന്ററായ അധ്യാപകൻ ആസൂത്രണം ചെയ്യും.

അധ്യാപകർക്ക് മനഃശാസ്ത്രപരമായ പരിശീലനം ഉൾപ്പെടെ ഇതിനായി ഏർപ്പെടുത്തും. എസ്.സി.ഇ.ആർ.ടിയുടെ അക്കാഡമിക് പിന്തുണയോടെ കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ആണ് സഹിതം പോർട്ടലിന്റെ നിർമാണവും പരിപാലനവും നടത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ അനലിറ്റിക്‌സ് എന്നിവയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കുട്ടികളുടെ മികവുകളും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളും രക്ഷിതാക്കൾക്കുൾപ്പെടെ ഓൺലൈൻ വഴി ലഭ്യമാക്കാൻ സഹിതം പോർട്ടലിൽ സംവിധാനം ഉണ്ടാകുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.

‘സഹിതം’ പദ്ധതിയ്‌ക്കായി സമ്പൂർണ സ്‌കൂൾ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറിലുള്ള കുട്ടികളുടെ അടിസ്ഥാന വിവരങ്ങൾ പ്രഥമാധ്യാപകർ സ്‌കൂളിൽ മെന്ററായി വരുന്ന അധ്യാപകർക്ക് ലഭ്യമാക്കും. കുട്ടികളുമായുള്ള അനൗപചാരിക സംവാദം, ഗൃഹസന്ദർശനം, നിരന്തര നിരീക്ഷണം തുടങ്ങിയവയിലൂടെ കുട്ടിയെ സംബന്ധിക്കുന്ന കൂടുതൽ പശ്ചാത്തല വിവരങ്ങൾ തിരിച്ചറിയാനുള്ള പ്രവർത്തനങ്ങൾ മെന്റർമാർ നടത്തേണ്ടതുണ്ട്.

ഈ വർഷം പൈലറ്റ് അടിസ്ഥാനത്തിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലും അടുത്ത അധ്യയനവർഷം മുഴുവൻ സ്‌കൂളുകളിലും സഹിതം നടപ്പാക്കാനുള്ള സംവിധാനം പൊതുവിദ്യാഭ്യാസ ഡയറക്ടർ ഏർപ്പെടുത്തണമെന്നും സർക്കാർ ഉത്തരവിലുണ്ട്

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts