Categories: Kerala

പാലാരിവട്ടം അഴിമതി: ഇബ്രാഹിംകുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്ന് വിജിലന്‍സ്

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് വ്യക്തമെന്ന് സൂചന നല്‍കി വിജിലന്‍സ്. കരാറിന് വിരുദ്ധമായി 8.25 കോടി രൂപ നിര്‍മാണ കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ടിന് അനുവദിച്ചതിലും അതിന് പലിശ ഇളവിന് നിര്‍ദ്ദേശിച്ചതിലും ഇബ്രാഹിംകുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

Published by

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് വ്യക്തമെന്ന് സൂചന നല്‍കി വിജിലന്‍സ്. കരാറിന് വിരുദ്ധമായി 8.25 കോടി രൂപ നിര്‍മാണ കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ടിന് അനുവദിച്ചതിലും അതിന് പലിശ ഇളവിന് നിര്‍ദ്ദേശിച്ചതിലും ഇബ്രാഹിംകുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.  

അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ്, കരാര്‍ കമ്പനി ഉടമ സുമിത് ഗോയല്‍ അടക്കമുള്ളവരുടെ മൊഴികളും, പൊതുമരാമത്ത് മന്ത്രി ആയിരിക്കെ ഇബ്രാഹിംകുഞ്ഞ് ഒപ്പിട്ട ഫയലുകളും തെളിവായി വിജിലന്‍സ് ശേഖരിച്ചു. നേരത്തെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നെങ്കിലും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. അതിനാല്‍, പ്രത്യേകം ചോദ്യാവലി തയാറാക്കിയാണ് ഇന്നലെ ചോദ്യം ചെയ്തത്.  

രാവിലെ പതിനൊന്നോടെ പൂജപ്പുരയിലെ വിജിലന്‍സ് ഓഫീസില്‍ എത്തിയ മുന്‍ പൊതുമരാമത്ത് മന്ത്രിയെ പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറോളം നീണ്ടു. പ്രത്യേകം തയാറാക്കിയ നൂറോളം ചോദ്യങ്ങളാണ് ചോദിച്ചത്.  

ഇബ്രാഹിംകുഞ്ഞിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് താന്‍ ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂറായി പണം നല്‍കിയതെന്നാണ് ടി.ഒ. സൂരജ് വിജിലന്‍സിന് മൊഴി നല്‍കിയിരുന്നത്. ഈ മൊഴി അസംബന്ധമാണെന്നും വിശ്വാസയോഗ്യമല്ലെന്നുമാണ് മുന്‍മന്ത്രി വിജിലന്‍സിനെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട ഫയലുകളില്‍ ഉദ്യോഗസ്ഥരെല്ലാം ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂറായി പണം നല്‍കാമെന്ന് രേഖപ്പെടുത്തി. ഇതിന്റെ തുടര്‍ച്ചയായാണ് താനും പണം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് രേഖപ്പെടുത്തിയതെന്നും ഇബ്രാഹിംകുഞ്ഞ് വിജിലന്‍സിനോട് പറഞ്ഞു. മൊഴി കൂടുതല്‍ പരിശോധിച്ച ശേഷം ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യംചെയ്യാന്‍ വിളിക്കുമെന്ന് വിജിലന്‍സ് എസ്പി വിനോദ് കുമാര്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: vigi