Categories: Main Article

ഏതാണ് സാര്‍, ഈ ഗാന്ധി കുടുംബം

ഗാന്ധി എന്ന് കേട്ടാല്‍ മഹാത്മജിയെ മാത്രമേ ഓര്‍മ വരൂ. ഗാന്ധി കുടുംബം എന്നാല്‍ മഹാത്മജിയുടെ കുടുംബം. വെള്ളിയാഴ്ചത്തെ ചില പത്രങ്ങളില്‍ ഗാന്ധി കുടുംബത്തിന്റെ ഇളവ് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം എന്നൊരു വാര്‍ത്ത പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ പരിശോധനയില്ലാതെ കുറേപ്പേര്‍ക്ക് കയറുകയും ഇറങ്ങുകയും ചെയ്യാം. പ്രധാനമന്ത്രി, രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി എന്ന് തുടങ്ങി 23 വിശിഷ്ട വ്യക്തികള്‍ക്കാണ് ഈ പരിഗണന നേരത്തെ നിശ്ചയിച്ചത്. ഇതില്‍ ഔദ്യോഗിക ചുമതലയില്ലാത്ത ഒരാളേ ഉണ്ടായിരുന്നുള്ളു. അത് ദലൈലാമയായിരുന്നു. ഇടയ്‌ക്ക് ഒരാളെ തിരുകി കയറ്റി. റോബോര്‍ട്ട് വാദ്രയാണത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ മകള്‍ പ്രിയങ്കയുടെ ഭര്‍ത്താവെന്ന യോഗ്യത മാത്രമേ ഇയാള്‍ക്കുള്ളൂ. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് വിചിത്രമായ ഈ വിശിഷ്ടാതിഥിയെ പട്ടികയില്‍ നിന്ന് നീക്കിയത്. ഇപ്പോള്‍ സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവരുടെ ഇളവുകള്‍ നീക്കുന്നതാണ് വാര്‍ത്തയായത്. ഇവര്‍ എങ്ങനെ അതി പ്രതിഭകളുടെ പട്ടികയില്‍ കയറിപ്പറ്റി എന്ന ചോദ്യത്തിന് ആരും ഉത്തരം നല്‍കുന്നില്ല. ഔദ്യോഗികമായി ഒരു സ്ഥാനവും വഹിക്കുന്നവരല്ല ഇവരാരും, എന്നിട്ടും ക്യൂവില്‍ നില്‍ക്കാതെയും ഒരു പരിശോധനയും കൂടാതെയും പെട്ടികളും സഞ്ചികളുമെല്ലാം വിമാനത്തില്‍ കയറ്റാം, ഇറക്കാം. ഇവരുടെ യാത്രകള്‍ പലപ്പോഴും ദുരൂഹവുമാണ്.

എവിടെ പോകുന്നുവെന്നോ എപ്പോള്‍ വരുമെന്നോ വ്യക്തമായി അറിയിക്കാത്തത് വിവാദമായതാണ്. തിരിച്ചെത്തുമ്പോള്‍ കൊണ്ടുവരുന്ന പെട്ടികളില്‍ സംശയാസ്പദമായി എന്തെങ്കിലും എത്തിക്കുന്നുണ്ടോ എന്ന് ഈ ലേഖകനറിയില്ല. ആരെങ്കിലും അങ്ങനെയൊരു സംശയം ഉന്നയിച്ചാല്‍ അവരെ തള്ളിപ്പറയാനും ഞാനാളല്ല.

മേല്‍ പറഞ്ഞ മൂവരുടെയും എസ്പിജി സുരക്ഷ ഒഴിവാക്കിയതാണ്. അതിന്റെ തുടര്‍ച്ചയാണ് ഇളവുകളും നീക്കാന്‍ പോകുന്നത്. വ്യോമയാന സുരക്ഷാ ഏജന്‍സി ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കി കഴിഞ്ഞു. തീരുമാനം വന്നാല്‍ മറ്റ് യാത്രക്കാരെ പോലെ വരിനിന്ന് പരിശോധനയ്‌ക്ക് വിധേയമായി വിമാനത്തില്‍ കയറേണ്ടി വരും. വിമാനത്തിനടുത്തുവരെ കാറില്‍ പോകാമെന്ന സൗജന്യവും ഇതോടെ ഇല്ലാതാകും. മുന്‍ പ്രധാനമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും സുരക്ഷാ നിബന്ധന പാലിച്ചുവേണം വിമാനത്തില്‍ കയറാന്‍. അങ്ങനെയൊരു സാഹചര്യത്തിലാണ് മൂന്നു പേര്‍ക്ക് പ്രത്യേക പരിഗണന നല്‍കിപ്പോന്നത്. പ്രധാനമന്ത്രിക്ക് മാത്രമാണ് ഇപ്പോള്‍ എസ്പിജി സുരക്ഷയുള്ളത്. കഴിഞ്ഞ നവംബറില്‍ ഇവരുടെ എസ്പിജി സുരക്ഷ പിന്‍വലിച്ചെങ്കിലും വിമാന യാത്രയിലെ സൗജന്യം തുടരുകയായിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്തയുടെ തലക്കെട്ട് ഗാന്ധി കുടുംബത്തിന്റെ സുരക്ഷ സംവിധാനത്തില്‍ ഇളവ് എന്നാകുന്നതിന്റെ ഔചിത്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്.

ഗാന്ധിജിയെ നിരന്തരം അധിക്ഷേപിക്കുന്ന കോണ്‍ഗ്രസ്സാണ് ഗാന്ധികുടുംബമെന്നവകാശപ്പെടുന്നത്. സ്വാതന്ത്ര്യത്തിനുശേഷം കോണ്‍ഗ്രസ് പിരിച്ചുവിടാന്‍ ഗാന്ധിജി ആവശ്യപ്പെട്ടതാണ്. അതിനുള്ള പകയാണോ കോണ്‍ഗ്രസിന്റെ ഗാന്ധിജി നിന്ദ !

ഇന്നത്തെ കോണ്‍ഗ്രസ് അവകാശപ്പെടുന്നത് ഞങ്ങള്‍ ഗാന്ധി കുടുംബക്കാരെന്ന്! ഏതാണാവോ ഇവരുടെ ഗാന്ധി? നെഹ്‌റുവിന്റെ മകളാണ് ഇന്ദിര, ഇന്ദിരയുടെ ഭര്‍ത്താവ് ഫിറോസ്. സ്വാഭാവികമായും അവരുടെ മകന്‍ രാജീവ് ഫിറോസ് എന്നാണ് വിളിക്കപ്പെടേണ്ടത്. രാജീവിന്റെ ഭാര്യ സോണിയയും അവരുടെ മകന്‍ രാഹുലും പേരിനൊപ്പം ഗാന്ധി കൂട്ടിച്ചേര്‍ക്കുന്നു. ഇതില്‍പ്പരം തട്ടിപ്പുണ്ടോ? ഇവരെല്ലാം അഴിമതിക്കേസിലും തട്ടിപ്പുകേസിലും ജാമ്യത്തില്‍ കഴിയുന്നു. ഗാന്ധി കുടുംബമെന്ന് ഇവര്‍ അവകാശപ്പെടുമ്പോള്‍ അതില്‍പ്പരം ഗാന്ധിനിന്ദയുണ്ടോ?

ഇന്ത്യാ വിഭജനത്തെ ശക്തമായി എതിര്‍ത്ത ഗാന്ധിജിയുടെ വാക്കുകളെ ഒരിക്കലും കോണ്‍ഗ്രസ് അംഗീകരിച്ചില്ല. വിഭജനത്തിന് കാരണമായ മുസ്ലിം ലീഗിനെതിരെ ഗാന്ധിജി സ്വീകരിച്ച നിലപാടും അവഗണിക്കപ്പെട്ടു. ഒരിക്കല്‍ ലീഗിനെ ചത്ത കുതിരയെന്ന് നെഹ്‌റു ആക്ഷേപിച്ചതാണ്. പിന്നീട് കണ്ടത് കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകാരും ചേര്‍ന്ന് മുസ്ലിം ലീഗിനെ പടക്കുതിരയാക്കുന്നതാണ്. നാള്‍ക്കുനാള്‍ ഗാന്ധിജിയെ സ്മരിക്കുകയും ഗാന്ധിയനാകാന്‍ കൊതിക്കുകയും ചെയ്യുന്നവര്‍ക്ക് എങ്ങനെ സോണിയാ കുടുംബത്തെ ഗാന്ധി കുടുംബം എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്നു. പരക്കെ ഉയരേണ്ട ചോദ്യമാണിത്.

9447352725

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക