ശംഖ ദുന്ദുഭി നാദം ച
ന ശൃണോതി കദാചന
കാഷ്ഠവജ്ജായതേ ദേഹ
ഉന്മന്യാവസ്ഥയാ ധ്രുവം 4 106
ഉന്മന്ന്യവസ്ഥയിലെത്തിയ യോഗി
ശംഖ്, ദുന്ദുഭി മുതലായ നാദങ്ങള്‍ കേള്‍ക്കില്ല. അവന്റെ ദേഹം ഉണ ങ്ങിയ മരക്കഷണം പോലെയായിത്തീരും.
ഉന്മനി അവസ്ഥയിലെത്തിയ യോഗിയുടെ സ്ഥിതിയാണ് ഇനി എട്ടു ശ്ശോകം കൊണ്ടു പറയുന്നത്. സമാധി അവസ്ഥയില്‍ ഇന്ദ്രിയങ്ങളെല്ലാം ഉള്ളോട്ടു തിരിയും.
പുറത്തേതൊന്നും അറിയാതാവും. കാണുക, കേള്‍ക്കുക, രുചിക്കുക, മണക്കുക മുതലായതെല്ലാം നിലക്കും. സൃഷ്ടിക്രമത്തിനു വിപരീതമാണ് ഇവിടെ ക്രമം. മണം ആണ് ആദ്യം പോകുന്നത്. പിന്നെ രസം. കാഴ്ച്ച, സ്പര്‍ശം, അവസാനം ശബ്ദം. ഇത് കുണ്ഡലിനീ ശക്തിയുടെ ഉത്ഥാനക്രമം തന്നെ. മൂലാധാരമാണ് ഭൂമിയുടെയും ഗന്ധത്തിന്റെയും സ്ഥാനം. അത് വിട്ടാണ് ജലത്തിന്റെയും രസത്തിന്റെയും സ്ഥാനമായ സ്വാധിഷ്ഠാനത്തിലെത്തുന്നത്. അഗ്നിയുടെയും രൂപത്തിന്റെയും ചക്രമായ മണി പൂരകം, വായുവിന്റെയും സ്പര്‍ശത്തിന്റെയും കേന്ദ്രമായ അനാഹത ചക്രം, ആകാശത്തിന്റെയും ശബ്ദത്തിന്റെയും ചക്രമായ വിശുദ്ധി ഇവയാണ് ക്രമത്തില്‍ കടന്നു വെക്കുന്നത്. പിന്നീട് ആജ്ഞാ ചക്രം കടക്കുമ്പോള്‍ മനസ്സിന്റെ പ്രവര്‍ത്തനവും നില്ക്കും. അകത്തു നിന്നുള്ളതും കേള്‍ക്കാതാവും. സഹസ്രാരത്തിലെത്തുമ്പോള്‍ ബോധം മാത്രം ബാക്കിയാവും. വ്യക്തിതലം വിട്ട് പ്രപഞ്ചതലത്തിലേക്ക് ബോധം ഉയരും.
വ്യക്തിബോധം വിശ്വ ബോധത്തില്‍ ലയിക്കും. അവിടെ ഭയം, മരണം, സമയം, ദേശം, ഉറക്കം, വിശപ്പ്, ദാഹം, വികാരം ഇവയൊന്നുമില്ല
സര്വാവസ്ഥാ വിനിര്‍മുക്ത:
സര്‍വ ചിന്താ വിവര്ജിത:
മൃതവത് തിഷ്ഠതേ യോഗീ
സ മുക്തോ നാത്ര സംശയ: 4 107
യോഗി എല്ലാ അവസ്ഥകളെയും കടന്ന്, എല്ലാ ചിന്തകളെയും വിട്ട് മരിച്ചവനെപ്പോലെയായിത്തീരുന്നു. അവനാണ് മുക്തന്, സംശയമില്ല.
ഉന്മന്യവസ്ഥയിലെത്തിയ യോഗി വ്യുത്ഥാനാസ്ഥയിലെ, അഞ്ചവസ്ഥകളില്‍ നിന്നും പുറത്തു കടക്കും. ജാഗ്രത്(ഉണര്‍ന്ന അവസ്ഥ), സ്വപ്നം, സുഷുപ്തി (സ്വപ്നമില്ലാത്ത ആഴത്തിലുള്ള ഉറക്കം), മൂര്‍ച്ഛാ (ബോധക്കേട് ) മരണം ഇവയാണ് അഞ്ച് അവസ്ഥകള്‍. ഇവയൊന്നും ആ യോഗിയെ ബാധിക്കില്ല. ചിന്തയെന്നാല്‍ ഇവിടെ ഓര്‍മകള്‍, മനസ്സിന്റെ വൃത്തികള്‍. അവ ഇല്ലാതാവുന്നു.
തുര്യാവസ്ഥയിലെത്തുന്നു. ‘തദാ ദ്രഷ്ടു: സ്വരൂപേ അവസ്ഥാനം’ എന്ന് പതഞ്ജലി വൃത്തി നിരോധമുണ്ടായ അവസ്ഥയെ വിവരിക്കുന്നു. ജീവിച്ചിരിക്കവേ തന്നെ മുക്തി ലഭിച്ച ഒരവസ്ഥയാണിത്. അവന്ന് കര്മങ്ങളില്ല. മരിച്ചതു പോലെ ലോകവുമായി ഒരു ബന്ധവുമില്ലാത്ത അവസ്ഥയാണിത്. അവന് മുക്തനാണ്, എല്ലാറ്റില്‍ നിന്നും മോചനം നേടിയവനാണ്.
സാധനയിലൂടെ ശരീരബോധത്തെ കടന്ന്, ഭൗതികതയെ കടന്ന് ഉള്ള് മാത്രം പ്രകാശിക്കുന്നു. കാഴ്ചക്കാരനും കാഴ്ചയും കാഴ്ചവസ്തുവും ഒന്നാവുന്നു. രണ്ടില്ല. അനുഭൂതി മാത്രം. അതു തന്നെ സമാധി, നിര്‍വാണം.
ബാഹ്യബോധത്തിന്റെ പ്രധാന ലക്ഷണം സ്ഥലകാല ബോധമാണ്. നമ്മുടെ വ്യക്തിത്വം, ഞാന്‍ വേറെ മററുള്ളവ വേറെ എന്ന ബോധം ഇതില്‍ നിന്നാണ് വരുന്നത്. ഇതാണ് മനസ്സിന്റെ തലം. അവ ഒന്നാകുന്ന അവസ്ഥ വരുമ്പോള്‍ ഞാന്‍, വ്യക്തി ഇല്ലാതാവും. അനന്തതയുടെ അനുഭൂതിയാണ് അവിടെ ഉണരുന്നത്. ഞാന്‍ അനുഭവിക്കുന്നു എന്നതുപോലും അപ്രത്യക്ഷമാവും.
ഇങ്ങനെ ദേശ കാലങ്ങളുടെ ദ്വന്ദ്വത്തെ കടന്ന് ഏകത്വത്തിലെത്തവേയാണ് സ്വരൂപദര്ശനമുണ്ടാവുന്നത്. ‘ദര്‍ശന’മെന്നാല്‍ കാണുക എന്നാണര്‍ഥം. പക്ഷെ ഇത് ബാഹ്യനേത്രത്താലുള്ള കാഴ്ചയല്ല. കണ്ണുകളടച്ച്,ഇന്ദ്രിയങ്ങളെ ബന്ധിച്ച്, മനസ്സിനെ നിവര്‍ത്തിച്ച്, അഹംബോധത്തെ എന്നെന്നേക്കുമായി പറഞ്ഞു വിട്ട് ആ അവസ്ഥയില്‍ കാണുന്ന ഒരു കാഴ്ചയുണ്ട്, ദര്‍ശനമുണ്ട്. അത് സാധാരണ കാഴ്ചയെക്കാളും സത്യമാണ്. ഈശ്വരനുമായുള്ള മുഖാമുഖം. ആ ആന്തരിക ദര്‍ശനം നേടിയവന് വേറൊന്നും നേടേണ്ടതായില്ല. പക്ഷെ അത് പട്ടിക്കും പൂച്ചക്കും കുരങ്ങനും നേടാവുന്ന ഒന്നല്ല. ആ ദര്‍ശനത്തിനുള്ള യോഗ്യത മനുഷ്യനു മാത്രമുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: