അഞ്ചു വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം സിനിമയിലേക്കുള്ള സുരേഷ് ഗോപിയുടെ തിരിച്ചുവരവാണ് ‘വരനെ ആവശ്യമുണ്ട്’. ഇത് ഒരു ഒന്ന്ഒന്നര തിരിച്ചുവരവാണെന്ന് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു. എല്ലാത്തരക്കാരെയും തിയറ്റിറില്‍ പിടിച്ചിരുത്തുന്ന ഒരു അസാധാരണ സിനിമയാണ് സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് ആദ്യമായി സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’.
അച്ഛനെ പോലെതന്നെ പ്രേക്ഷകരുടെ മനസ്സറിഞ്ഞ് സിനിമ എടുക്കുന്നതില്‍ അനൂപ് സത്യന് വിജയിച്ചിട്ടുണ്ട്. വളരെ സാധാരണമായ ഒരു കഥയെ രണ്ടര മണിക്കൂര്‍ നിളമുള്ള ഹാസ്യ കുടുംബ ചിത്രമാക്കുന്നത്തില്‍ അദ്ദേഹം പൂര്‍ണമായും വിജയിച്ചു. ഒരു പുതുമുഖ സംവിധായകന്റെ സിനിമയാണെന്ന് ഒരിക്കലും തോന്നാത്ത വിധത്തിലുള്ള സീനുകളാണ് ഇതില്‍ ഓരോന്നും. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം മലയാള സിനിമയിലെ പ്രണയജോഡികളായ സുരേഷ് ഗോപിയുടെയും ശോഭനയുടെയും ഒത്തു ചേരലും കൂടിയാണ് സിനിമ.
ചെന്നൈ പട്ടണത്തിലെ ഒരു ഫ്ളാറ്റില്‍ താമസിക്കുന്ന മൂന്നു മലയാളി കുടുംബങ്ങളുടെ ജീവിതമാണ് സിനിമ പറയുന്നത്. വിവാഹമോചിതയായ നീനയും(ശോഭന) മകള്‍ നികിതയുമാണ്(കല്യാണി പ്രിയദര്ശന്) ഒരു കുടുംബം. നീന ഒരു ഫ്രഞ്ച് സ്പോക്കണ് സ്കൂളില്‍ അധ്യാപികയാണ്. നികിത ഒരു ബാങ്കില്‍ ജോലി ചെയ്യുന്നു. നീനയുടെ തകര്‍ന്ന പ്രണയവിവാഹജീവിതം കണ്ടു വളര്‍ന്നതു കൊണ്ട് നികിതയ്ക്ക് അറേഞ്ച്ഡ് വിവാഹത്തോടാണ് താല്പര്യം. അതിനായി മാട്രിമോണിയല്‍ വെബ്സൈറ്റില്‍ തിരയുന്നുമുണ്ട്. ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്മെന്റിലേക്ക് പി. ബിബീഷ്(ദുല്‍ഖര്‍ സല്മാന്) എന്ന ചെറുപ്പക്കാരനും കുഞ്ഞനിയനും പ്രായമായ ഒരു സ്ത്രീയും താമസത്തിനെത്തുന്നു. അതേസമയത്തുതന്നെ പട്ടാളത്തില്‍നിന്നു വിരമിച്ച ഒറ്റത്തടിയായ മേജര്‍ ഉണ്ണികൃഷ്ണനും(സുരേഷ് ഗോപി) അവിടേക്കെത്തുന്നു. ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ താമസിക്കുന്ന ഇവര്‍ തമ്മില്‍ ഉടലെടുക്കുന്ന സൗഹൃദവും ഇവരുടെ പൂര്‍വകാല ജീവിതവുമാണ് സിനിമയില്‍ പറയുന്നത്.
മലയാളത്തിലെ ആദ്യ സിനിമയിലൂടെ തന്നെ കല്യാണി പ്രിയദര്ശന് ജനമനസ്സുകളില്‍ സ്ഥാനം പിടിക്കുമെന്ന് ഉറപ്പാണ്. ഭംഗിയാര്‍ന്ന ചിരിയും നിഷ്കളങ്കത നിറഞ്ഞ പെരുമാറ്റവുമാണ് കല്യണിയുടെ നികിതയെന്ന കഥാപാത്രത്തിന്റെ മേന്മ കൂട്ടുന്നത്. സിനിമയിലെ യുവ താരങ്ങളെക്കാള്‍ സുരേഷ് ഗോപിയും ശോഭനയും പ്രേക്ഷകസ്വീകാര്യത നേടി. ഒരു ദുല്‍ഖര്‍ സിനിമ എന്നതിലുപരി ഒരു സുരേഷ് ഗോപി ചിത്രമാണിത്. സിനിമയുടെ ഗതിവിഗതികള്‍ നിശ്ചയിക്കുന്നത് മേജര്‍ ഉണ്ണികൃഷ്ണന് എന്ന സുരേഷ് ഗോപി കഥാപാത്രമാണ്. എംഎ നിഷാദിന്റെ തുക്കട പടങ്ങളില്‍ കോമഡി കാണിച്ചു അലമ്പാക്കിയ അതേ സുരേഷ് ഗോപിയാണ് നല്ലൊരു സംവിധായകന്റെ കയ്യില്‍ എത്തിയപ്പോള്‍ മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.
ഹാസ്യ രംഗങ്ങളുടെ മധുരം കൂട്ടിയും സീരിയസ് രംഗങ്ങളുടെ പരിഗണന നഷ്ടപെടാതയും വളരെ ഭംഗിയായി ചിത്രികരിച്ചിരിക്കുന്ന സിനിമയാണ് ‘വരനെ ആവശ്യമുണ്ട്’. ഗസ്റ്ററോളില് എത്തിയ ലാല്‍ ജോസും (ശിവ പ്രസാദ്) ഏതാനും സീനുകളില്‍ മാത്രമുള്ള ലാലു അലക്സും (ചാച്ചന് മാനുവല്‍) മികച്ച പ്രകടനം കാഴ്ച്ചവച്ചു. എന്നാല്‍, സിനിമയുടെ പലഭാഗങ്ങളിലും വന്നുപോക്കുന്ന സിനിമയുടെ സംവിധായകന് അനൂപിനെ കണ്ടവര്‍ക്ക് മാര്‍വെല്‍ സിനിമകളില്‍ ഒരു സീനില്‍ മാത്രം പ്രത്യക്ഷപെടുന്ന സ്റ്റാന്‍ലീയെ ഓര്‍മ്മിപ്പിച്ചു.
സംവിധായകന് ജോണി ആന്റണിയും (ഡോക്ടര്‍ ബോസ്) സുരേഷ് ഗോപിയും ഒത്തുള്ള രംഗങ്ങള്‍ തിയറ്ററില്‍ വിലയ ആരവമാണ് ഉണ്ടാക്കുന്നത്. കെ പി എ സി ലളിത (ആകാശവാണി), മേജര്‍ രവി (മേജര്‍ ആത്മാറാം), ഉര്‍വശി (ഡോക്ടര്‍ ഷേര്‍ലി) എന്നീ കഥാപാത്രങ്ങളും സിനിമയുടെ മാറ്റുകൂട്ടുന്ന കഥാപാത്രങ്ങളാണ്. സ്റ്റാര്‍ സാറ്റ്-ലൈറ്റ് കമ്യൂണിക്കേഷന്റെ സഹകരത്തോടെ വേഫെയറര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുകേഷ് മുരളിധരനാണ് നിര്‍വഹിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അല്‍ഫോന്‍സ് ജോസഫാണ്. എഡിറ്റര്‍ തൊബി ജോബിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: