നെടുങ്കണ്ടം: കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇടുക്കി ജില്ലയുടെ പലഭാഗങ്ങളും കൈയേറ്റ മാഫിയ വിഴുങ്ങുന്നു. മതികെട്ടാന്‍ ചോലയിലെ കൈയേറ്റമാണ് പുതിയതായി പുറത്തുവന്നത്. വനഭൂമിയിലെ മരങ്ങള്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് ഉണക്കിയാണ് കൈയേറ്റം.
മതികെട്ടാന്‍ ചോല നാഷണല്‍ പാര്‍ക്കിന്റെ പരിധിയില്‍പ്പെടുന്ന പൂപാറ ‘കൊരംപാറയില് വൈകുണ്ഡം’ എസ്റ്റേറ്റില്‍ ആണ് വന്‍ മരങ്ങള്‍ ഉണക്കുന്നത്. പതിവ് പരിശോധനയ്ക്കു പോയ ദേവികുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ഒരു പ്രത്യേക സ്ഥലത്ത് മരങ്ങള്‍ ഉണങ്ങി നില്ക്കുന്നതായി ശ്രദ്ധിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരങ്ങള്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് ഉണക്കുന്നതായി കണ്ടെത്തിയത്. പതിനേഴ് ഏക്കറോളം വരുന്ന സ്ഥലത്തെ മരങ്ങളാണ് ഉണങ്ങി നില്‍ക്കുന്നത്. ഇതില്‍ എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള അഞ്ചേക്കറോളം വനഭൂമിയും കൈയേറി. തുടര്‍ന്ന് സ്ഥലം ഉടമ ബോഡിനായ്ക്കനൂറ് സ്വദേശി വൈകുണ്ഠവാസഗന് (48) നെ കഴിഞ്ഞ ദിവസം വനം വകുപ്പ് അറസ്റ്റ് ചെയ്തു. മരങ്ങള്‍ ഉണക്കാന്‍ ഉപയോഗിച്ച ഗ്ലൈസല്‍ എന്ന രാസവസ്തുവിന്റെ കാലി കുപ്പികള്‍ പ്രദേശത്ത് നിന്ന് കണ്ടെടുത്തു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മരങ്ങളില്‍ യന്ത്രവാള്‍ ഉപയോഗിച്ച് ദ്വാരം ഉണ്ടാക്കി കീടനാശിനി പ്രയോഗിച്ച എസ്റ്റേറ്റ് പൂപാറ മച്ചൂട്ടന് ചോലയില്‍ മോഹനനെ (48) യും കസ്റ്റഡിയിലെടുത്തു. ഇയാളെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വി.എസ്. സുനില്‍, സെക്ഷന്‍ ഓഫീസര്‍ പി.എസ്. വിജയദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: