‘ഹരിവരാസനം വിശ്വമോഹനം
ഹരിദധീശരാരാധ്യപാദുകം
അരിവിമര്‍ദ്ദനം നിത്യനര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രയേ’
ശബരിമലക്ഷേത്രത്തില്‍ അത്താഴപൂജകഴിഞ്ഞ് നടയടയ്ക്കുന്നതിനു മുമ്പായി ആലപിക്കുന്ന ദിവ്യകീര്ത്തനമായ ഹരിവരാസനത്തിന്റെ തുടക്കമാണ് ഇത്. നടയടയ്ക്കുമ്പോള്‍ ദേവതകള്‍ അയ്യപ്പഭഗവാനെ സ്തുതിക്കുന്നുവെന്നാണ് സങ്കല്പം. ഹരിവരാസനം കേട്ട് ഭഗവാന് സുഖസുഷുപ്തി പൂകുന്നുവെന്നും വിശ്വാസം. അത്താഴപൂജയ്ക്കു ശേഷമാണ് ഹരിവരാസനം. മേല്‍ശാന്തിമാരും പരികര്‍മികളും ശ്രീകോവിലില്‍ അയ്യപ്പവിഗ്രഹത്തിന് ഇരുവശത്തായി നിന്നാണ് ഉറക്കുപാട്ടു പാടുന്നത്. പാട്ടു പകുതിയാകുമ്പോഴേ, പരികര്‍മികള്‍ ഓരോരുത്തരായി ശ്രീകോവിലില്‍ നിന്നും പിന്നോട്ടിറങ്ങും.
പിന്നീട് ഓരോ വരിയും ചൊല്ലിത്തീരുന്ന മുറയ്ക്ക് മേല്‍ശാന്തി ശ്രീകോവിലിലെ ദീപങ്ങളും അണയ്ക്കും. അവസാന വരി ചൊല്ലിത്തീരുമ്പോഴേയ്ക്കും മേല്‍ശാന്തി നട അടയ്ക്കും.
ഈ കീര്‍ത്തനത്തില്‍ 32 വരികളാണുള്ളത്. ഹരിഹരപുത്രനായ ധര്‍മശാസ്താവിന്റെ വിശ്വസുന്ദരമായ രൂപഭാവങ്ങളെ വര്‍ണിച്ച് കമ്പക്കുടി കുളത്തൂര്‍ അയ്യര്‍ 1950 ലാണ് ഹരിവരാസനം എഴുതിയത്. ആദ്യകാലത്ത് നട തുറക്കുമ്പോഴും അടയ്ക്കുമ്പോഴും ഈ കീര്‍ത്തനം പാടിയിരുന്നു. ഇപ്പോള്‍ രാത്രി നട അടയ്ക്കുമ്പോള്‍ മാത്രമേ ആലപിക്കാറുള്ളൂ. പൂജകഴിഞ്ഞ് നട അടയ്ക്കുമ്പോള്‍ സോപാനത്തില്‍ നിന്നും പലതവണ അയ്യര്‍ ഹരിവരാസനം പാടിയിട്ടുണ്ട്. അന്ന് ഹരിവരാസനം ഉറക്കുപാട്ടായിട്ടില്ല. പഴയമേല്ശാന്തി കുട്ടമണി പുല്ലാങ്കുഴല്‍ വായിച്ച് ഭഗവാനെ ഉറക്കിയാണ് നട അടച്ചു വന്നത്. സ്വാമി വിമോചനനാന്ദ, മേല്‍ശാന്തി വടക്കത്തം ഈശ്വരന് നമ്പൂതിരി എന്നിവരുടെ പരിശ്രമത്താലാണ് ഹരിവരാസനം ഉറക്കുപാട്ടായി മാറിയത്. മേല്‍ശാന്തിയായിരുന്നപ്പോള്‍ നിത്യപൂജയ്ക്ക് ശേഷം വൈകീട്ട് പെട്രോള്‍മാക്സ് കത്തിച്ച് ഏറുമാടത്തിലിരുന്ന് ഈശ്വരന് നമ്പൂതിരി ഹരിവരാസനം പാടുമായിരുന്നു. തീപിടിത്തത്തിനു ശേഷം പുനഃപ്രതിഷ്ഠ നടത്തിയ ദിവസമാണ് അത്താഴപൂജയ്ക്ക് ശേഷം ആദ്യമായി ഹരിവരാസനം ചൊല്ലി നട അടച്ചത്. ഈശ്വരന് നമ്പൂതിരിയായിരുന്നു അന്ന് ശ്രീകോവിലില്‍ പാടിയതും. ഇന്ന് ശ്രീകോവിലില്‍ മേല്‍ശാന്തിയും പരികര്‍മികളും ചേര്‍ന്ന് പാടുമ്പോള്‍ കാനനം മുഴുവന്‍ ഉച്ചഭാഷിണിയിലൂടെ ഗാനഗന്ധര്‍വന്റെ ശബ്ദത്തില്‍ ഹരിവരാസനം കേള്‍ക്കുകയും ഭക്തര്‍ കൂടെ ആലപിക്കുകയും ചെയ്യും. സമീപകാലത്ത് ഹരിവരാസനത്തിന്റെ രചനയില്‍ ഒരു തര്‍ക്കം കൂടി കടന്നു വന്നു. 1923 ല്‍ മുപ്പതാം വയസ്സില്‍ കോന്നകത്ത് ജാനകിയമ്മ എഴുതിയതാണ് ഹരിവരാസനം എന്നാണ് കണ്ടെത്തിയ രേഖകള്‍.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: