പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളാകുന്ന വനവാസി സംസ്കാരത്തിന്റെ തിരുശേഷിപ്പുകള്‍ ചില ദേവസങ്കേതങ്ങളില്‍ ഇപ്പോഴും ദൃശ്യമാണ്. അത്തരം അപൂര്‍വ്വ കാനന ക്ഷേത്രങ്ങളിലൊന്നാണ് അച്ചന് കോവില്‍ ശബരിമല കാനന പാതയോരത്തെ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവ്. ആദിദ്രാവിഡ നാഗഗോത്ര കലാരൂപങ്ങളിലൊന്നായ കുംഭപ്പാട്ടാണ് ഊരാളിക്കാവിനെ ലോകപ്രസിദ്ധമാക്കുന്നത്.
കാവില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ആചരിക്കുന്ന വെള്ളം കുടി നിവേദ്യം,ആഴിപൂജ, കളരിപൂജ എന്നിവയ്ക്കൊപ്പം കുംഭ പാട്ടും ഭാരതകളിയും , തലയാട്ടവും ഒരുമിച്ചു കാണാനും അറിയാനുമുള്ള അവസരമൊരുങ്ങുകയാണിന്ന്. വര്‍ഷം തോറും ശബരിമല ഉത്സവഗുരുതിക്ക് ശേഷം നടക്കുന്നതാണ് ഈ അനുഷ്ഠാനകര്‍മങ്ങള്‍.
മണ്ണടിദേശത്ത് ജനിച്ച അപ്പൂപ്പന് വീരയോദ്ധാവും മാന്ത്രികനും ആയിരത്തോളം മലകളുടെ ഊരാളിയും രോഗാദിപീഡകളകറ്റുന്ന സിദ്ധനുമായിരുന്നുവെന്ന് വാമൊഴി. അച്ചന്‍കോവില്‍ ദേശം, മധുരരാജാവ് ആക്രമിച്ചപ്പോള്‍, കോട്ടവാസലിലെത്തി കാട്ടുകടന്നലുകളെ വിട്ട് മധുര സൈന്യത്തെ തുരത്തിയ കഥയും ഊരാളി അപ്പൂപ്പന്റെ വീരചരിതത്തില്‍ പെടുന്നു.
പത്തനംതിട്ട ജില്ലയില്‍ കോന്നിയിലുള്ള എലിയറക്കലില്‍ നിന്നും എട്ടു കിലോമീറ്ററര്‍ അകലെയാണ് ഊരാളി കാവ്. കാവിലെ ഊരാളിമാരാണ് മലകളെ പേരുവിളിച്ചു ചൊല്ലി പൂജ നടത്തുന്നത്.
അപ്പൂപ്പന്‍കാവിലെ ഉപദേവപ്രതിഷ്ഠകളായ ഭാരതപ്പൂങ്കുറവനും പൂങ്കുറത്തിയും കുറവസമുദായത്തിനുള്ള ഊരാണ്മ വിളിച്ചോതുന്നു. പ്രകൃതിയിലുള്ള മനുഷ്യന്റെ കടന്നുകയറ്റം മഹാപ്രളയത്തിന്റെ രൂപത്തില്‍ പലപ്പോഴായി നമ്മുടെ കണ്മുന്നില് എത്തിയപ്പോള്‍ ഒരു നിമിഷമെങ്കിലും പ്രകൃതിയുടെ കോപം അടങ്ങണേ എന്ന് ചിന്തിക്കാത്തവര്‍ ആരുണ്ട്? ഇടുക്കി ഡാം പണിതിരിക്കുന്ന കുറവന്‍, കുറത്തി മലകളുടെ നിലനില്‍പ്പിന് ദിവസവും പൂജയും വഴിപാടും നടക്കുന്ന കാവാണിതെന്ന് അറിയുമ്പോള്‍ എത്ര പവിത്രമാണ് നമ്മുടെ പുരാതന ഗോത്രസംസ്കൃതിയെന്ന് ബോധ്യപ്പെടും.
ഊരാളിക്കാവിലെ പ്രകൃതി സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, വൃക്ഷ സംരക്ഷണ പൂജ, സമുദ്ര പൂജ, ഭൂമി പൂജ, സ്ഥലകാലദോഷപൂജ എന്നിവയെല്ലാം മനുഷ്യന്റെയും പ്രകൃതിയുടെയും പാരസ്പര്യം അറിയിക്കുന്നു. പ്രകൃതി സംരക്ഷണ പൂജകള്‍, കാടിനെ അറിയുവാനും തുടിയും താളവും സ്പന്ദനങ്ങളുമറിഞ്ഞ് കാടിനെ സ്നേഹിക്കുവാനും ജീവന്റെ നിലനില്പ്പിനാവശ്യമായ ജലസ്രോതസ്സുകള്‍, നദികള്‍ എന്നിവ സംരക്ഷിക്കാനും വേണ്ടിയുള്ളതാണെന്ന തിരിച്ചറിവ് നല്കുന്നു.
കല്ലേലിക്കാവിലെ ആദിത്യ പ്പൊങ്കാലയ്ക്കും മലകളെ പ്രീതിപ്പെടുത്താന്‍ നടത്തുന്ന കരിക്ക് പടേണിക്കുമുണ്ട് പെരുമയേറെ. കിഴങ്ങുകള്‍ ചുട്ടതും വേവിച്ച മുളയരികൊണ്ടുണ്ടാക്കുന്ന വിഭവവും കാവിലെത്തുന്ന ഭക്തര്‍ക്ക് പ്രസാദമായി നല്കുന്നു. പ്രകൃതിയ്ക്കും മാനവകുലത്തിനും നന്മയേകുവാന്‍ മലദൈവങ്ങള്‍ക്കായി 1101 കരിക്കിന്റെ വലിയ പടേണിയും ഇവിടെ നടത്താറുണ്ട്.
ഇന്നത്തെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മുന്‍വര്‍ഷത്തെപോലെ കലാ ഗവേഷകരും നാടോടി വിജ്ഞാനീയ വിദഗ്ധരും ഇവിടെ എത്തും. പച്ചപ്പും ജൈവവൈവിധ്യങ്ങളും അതിശയിപ്പിക്കുന്ന കാഴ്ചകളും നിറയുന്ന സംസ്കാരമാണ് നമ്മുടെ നാടിന്റെ മുഖമുദ്ര. ഇവിടെയെത്തുന്ന വിദേശികള്‍ തിരയുന്നതും പകര്‍ത്താന്‍ ശ്രമിക്കുന്നതും ഇവയൊക്കെതന്നെ. ലോക പ്രശസ്ത വിനോദസഞ്ചാരിയും അമേരിക്കന്‍ നരവംശ ശാസ്ത്ര ഗവേഷകനുമായ ബോബ് ഡെന്‍ ലാന് അടുത്തയിടെ ഊരാളിക്കാവ് സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ സഞ്ചാര സാഹിത്യഫോട്ടോ ജേര്‍ണലിസം പുസ്തകത്തില്‍ ഊരാളി അപ്പൂപ്പന് കാവും വൈകാതെ ഇടംപിടിക്കും.
7907723635
കുംഭപ്പാട്ട്
പ്രകൃതികോപങ്ങള്‍ ശമിപ്പിക്കാന്‍, പ്രകൃതിഭാവങ്ങളെ വര്‍ണിച്ച് ഈണത്തില്‍ പാടി മലദൈവങ്ങളെ പ്രകീര്‍ത്തിച്ചു പാടുന്ന വനവാസി ഗോത്രാനുഷ്ഠാനമാണ് കുംഭപ്പാട്ട്. വയനാട്ടിലെ കുറിച്യര്‍ക്കിടയില്‍ പ്രചാരത്തിലിരുന്ന കുഭപ്പാട്ട് അനുഷ്ഠാനമായി അനുവര്‍ത്തിക്കുന്നത് ഇപ്പോള്‍ കല്ലേലിക്കാവില്‍ മാത്രം. ദീപാരാധനയ്ക്ക് ശേഷം അപ്പൂപ്പനോട് പാട്ടിന്റെ രൂപത്തില്‍ അനുഗ്രഹം തേടുന്നു. പ്രധാനപാട്ടുകാനും ഏറ്റു ചൊല്ലുവാന്‍ ആളുകള്‍ വേറെയും അടങ്ങുന്നതാണ് കുഭപ്പാട്ടുസംഘം. പാട്ടില്‍ സം
പ്രീതനാവുന്ന കല്ലേലി അപ്പൂപ്പന് ലോകത്തിന് സര്‍വൈശ്വര്യങ്ങളും നല്കി അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. വന്യഭാവത്തോടെ പ്രകൃതി കോപിക്കുമ്പോള്‍, കാട്ടുമൃഗങ്ങള്‍ ഭീഷണിയാകുമ്പോള്‍ ആപത്തു വരുത്താതെ അപ്പൂപ്പന് കാടിന്റെ മക്കളെ കാക്കുന്നു. വിശേഷാവസരങ്ങളിലെ കുംഭപ്പാട്ടിന് പ്രത്യേകതയുണ്ട്. ആചാരപ്രകാരം ഏഴുദിവസത്തെ വ്രതാനുഷ്ഠാനത്തോടെ, രാത്രിയില്‍ അഗ്നികൊണ്ട് ആഴിയൊരുക്കി അതിനു ചുറ്റിലുമിരുന്നാണ് അപ്പൂപ്പനെ പാട്ടുപാടി പുകഴ്ത്തുന്നത്.
കുംഭപ്പാട്ടിനുള്ള കുംഭമൊരുക്കുന്നതിനുമുണ്ട് ചിട്ടവട്ടങ്ങള്‍. ഏഴുമുട്ടുള്ള മുളവെട്ടിയെടുത്ത് അതില്‍ ദ്വാരമുണ്ടാക്കി കള്ളു നിറച്ച ശേഷം ചൂരല്‍ കൊണ്ട് കെട്ടി വയ്ക്കും. മുളയുടെ പുളിപ്പ് മാറിയ ശേഷം അത് വാദ്യോപകരണ(കുംഭം)മായി പരുവപ്പെടുത്തുന്നു. കുംഭം അടിക്കുന്ന കല്ല് നദിയില്‍ നിന്നാണ് കണ്ടെത്തുന്നത്. അത് ശുദ്ധി ചെയത് പൂജിച്ചെടുക്കുന്നു. മത്തങ്ങയുടെ ആകൃതിയിലുള്ള ഈകല്ലിന്മേല്‍ ഉണക്കിയെടുത്ത മുളന്തണ്ടുകള്‍ കൊണ്ട് അടിക്കുമ്പോഴാണ് രാത്രിയെ പിളര്‍ക്കുന്ന കുംഭപ്പാട്ടെന്ന വന്യസംഗീതം പിറക്കുന്നത്. ഉണക്കപ്പാളയില്‍ കമ്പുകൊണ്ടടിച്ചും പച്ചിരിമ്പുകൊണ്ടുള്ള പണിയായുധങ്ങള്‍ കൂട്ടിയടിച്ചും കുംഭപ്പാട്ടിന് മികവു കൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: