Categories: Kerala

ഇസ്ലാമിക ഭീകരരുടെ ആയുധ പരിശീലനത്തിന് ഇരയായി മൃഗങ്ങള്‍; കഴിഞ്ഞ ആഗസ്റ്റില്‍ പാലക്കാട്ട് വെടിയേറ്റ് ചത്തത് എട്ട് പട്ടികള്‍

കോട്ടയം: ഇസ്ലാമിക ഭീകരര്‍ക്ക് ആയുധപരിശീലനത്തിന് കേരളത്തില്‍ സഹായം കിട്ടുന്നതിന്റെ തെളിവുകള്‍ പുറത്ത്. കേരളത്തില്‍ തുടര്‍ച്ചയായി ആയുധ പരിശീലനം നടക്കുന്നുണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. കണ്ണൂരില്‍ നിന്ന് എന്‍ഐഎ അറസ്റ്റു ചെയ്തവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ആയുധ പരിശീലനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഭീകരവാദ റിക്രൂട്ട്‌മെന്റിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് ആയുധ പരിശീലനത്തിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുന്നതും. ജനവാസം കുറഞ്ഞ പ്രദേശങ്ങളും, വനത്തോട് ചേര്‍ന്നുള്ള ഭാഗങ്ങളുമാണ് ആയുധ പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നത്. ഇവര്‍ക്ക് വേണ്ട പണവും ഭക്ഷണവും മറ്റ് സൗകര്യങ്ങളും തയാറാക്കി നല്‍കുന്ന ചുമതലയാണ് കേരളത്തിലെ ഒരു വിഭാഗം വഹിക്കുന്നത്. 

പ്രത്യേക മതവിഭാഗം തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളിലാണ് ഭീകര സംഘങ്ങള്‍ക്കുള്ള താമസ സൗകര്യം ഉള്‍പ്പടെ തയാറാക്കുന്നത്. ഇവിടേക്ക് പോലീസ് എത്താറില്ല എന്നത് ഏറെ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. കഴിഞ്ഞ ആഗസ്റ്റില്‍ പാലക്കാട്ട് എട്ട് തെരുവ് നായ്‌ക്കള്‍ വെടിയേറ്റ് ചത്തിരുന്നു. പല തോക്കുകളില്‍ നിന്നുള്ള വെടിയേറ്റാണ് പട്ടികള്‍ ചത്തത്. വ്യത്യസ്ത തോക്കുകളാണ് ഉപയോഗിച്ചതും വെടിയേറ്റ ഭാഗത്ത് ചെറിയ മുറിവും, മറുഭാഗം വെടിയുണ്ടയ്‌ക്കൊപ്പം തെറിച്ചുപോയ നിലയിലുമായിരുന്നു. വെടിയേറ്റതില്‍ രണ്ട് നായ്‌ക്കളെ മാത്രമാണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്. മണ്ണുത്തി വെറ്ററിനറി കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ട് ഷൊര്‍ണൂര്‍ പോലീസിന് കൈമാറുകയും ചെയ്തു. എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട ഒരു വിവരവും പുറത്ത് വിടരുതെന്ന് ഷൊര്‍ണൂര്‍ പോലീസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. 

  പോലീസ് അന്വേഷണത്തില്‍ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഒരു വിവരവും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് പല ഘട്ടങ്ങളിലായി ആയുധ പരിശീലനങ്ങള്‍ നടത്തിയിട്ടും ഇവയില്‍ ഒന്നുപോലും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. മുമ്പ് കശ്മീരില്‍ സംഭവിച്ചതിന് സമാനമായ നിലയില്‍ കേരളം നീങ്ങുന്നത് ഏറെ ഗൗരവത്തോടെയാണ് കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിക്കുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക