അന്തരംഗസ്യ യമിനോ
വാജിനഃപരിഘായതേ
നാദോപാസ്തിരതോ നിത്യം
അവധാര്യാ ഹി യോഗിനാ 4 95
യോഗികള്‍ക്ക് മനസ്സാകുന്ന കുതിരയുടെ ലായത്തിന്റെ പരിഘ(സാക്ഷ)യാണ് നാദം. അതുകൊണ്ട് യോഗിമാര്‍ നിത്യവും നാദോപാസന ചെയ്യണം.
കുതിരയാണ് ഏറ്റവും അസ്വസ്ഥത കാട്ടുന്ന, മൃഗം. എപ്പോഴും മുന്നോട്ടു ചാടാന്‍ തയ്യാറെടുത്താണ് നില്കുക. ‘അശ്വപ്ലുതം ച അംബുദ ഗര്‍ജ്ജനം ച’ എന്ന് സംസ്കൃതത്തില്‍ ഒരു ചെല്ലുണ്ട്. കുതിര എപ്പോള്‍ മുന്നോട്ടു ചാടുമെന്നതും ആകാശത്തു നിന്ന് എപ്പോള്‍ ഇടിമുഴക്കം കേള്‍ക്കുമെന്നതും ദൈവത്തിനു പോലും അറിയില്ലത്രെ ‘ദൈവോ ന ജാനാതി.’
പിന്നെ എങ്ങിനെ മനുഷ്യര്‍ അറിയും (കുതോ മനുഷ്യഃ).
അത്തരത്തിലുള്ള കുതിരയോടാണ് മനസ്സിനെ ഉപമിച്ചിരിക്കുന്നത്. കുതിരയെ അടച്ചിട്ടിരിക്കുന്ന ലായത്തിന്റെ വാതിലിന്റെ സാക്ഷ ( പരിഘ) യാണ് നാദം. നാദമാണ് മനസ്സിനെ എങ്ങും വിടാതെ, ഇന്ദ്രിയ ങ്ങളുടെ പിന്നാലെ ഓടാന്‍ വിടാതെ, ഒതുക്കി നിറുത്തുന്നത്. നിയന്ത്രിതമായ മനസ്സിനേ ഉയരങ്ങളും ദൂരങ്ങളും താണ്ടാനാകൂ. മനോനിയന്ത്രണത്തിനുള്ള സാധനമായ നാദോപാസന നിത്യം അനുഷ്ഠിക്കുക എന്നാണുപദേശം.
ബദ്ധം വിമുക്തം ചാഞ്ചല്യം
നാദഗന്ധക ജാരണാത്
മന: പാരദമാപ്നോതി
നിരാലംബാഖ്യ ഖേടനം 4 96
ഗന്ധകത്തോടു ചേരുമ്പോള്‍ ദ്രവമായ രസം ഖരമാവും. അതുപോലെ നാദത്തോടു ചേര്‍ന്ന മനസ്സ് അതിന്റെ ഇളക്കങ്ങള്‍ വിട്ട് ബ്രഹ്മത്തില്‍ ചരിക്കുന്നു.
രസം എന്ന ധാതുദ്രവ്യം അത്യന്തം ചപലമാണ്. ചപലമെന്ന പര്യായം തന്നെയുണ്ട് രസത്തിന്. പക്ഷെ അതില്‍ ഗന്ധകം ചേരുമ്പോള്‍ മെര്‍ക്കുറി സള്ഫേറ്റെന്ന കാഠിന്യമേറിയ ഖര വസ്തു ലഭിക്കും. ദ്രവത്വം, ചഞ്ചലത്വം പാടേ ഇല്ലാതാകും.
ഇതുപോലെയാണ് നാദമെന്ന സാധനത്തോടു ചേരുമ്പോള്‍ മനസ്സ് അനങ്ങാതാവും. അതിനു പറന്നു നടക്കാനുള്ള സാമര്‍ഥ്യം കിട്ടും. അനേക വിഷയങ്ങളില്‍ അലയുന്ന മനസ്സ് ബ്രഹ്മാകാര വൃത്തി പ്രവാഹത്തില്‍ ലയിക്കും. നിരാലംബമെന്നാല് ബ്രഹ്മം എന്നര്‍ഥം. ഒന്നിനെയും ആശ്രയിക്കാത്തത്.
നാദ ശ്രവണതഃ ക്ഷിപ്രം
അന്തരംഗ ഭുജംഗമഃ
വിസ്മൃത്യ സര്‍വം ഏകാഗ്രഃ
കുത്രചിന്ന ഹി ധാവതി 4 97
നാദാശ്രവണത്താല് മനസ്സാകുന്ന
പാമ്പ് എല്ലാം മറന്ന് ഏകാഗ്രമായി അനങ്ങാതിരി ക്കുന്നു.
പാമ്പാട്ടികള്‍ പാമ്പിനെ തന്റെ മകിടിയൂതിയാണ് തന്റെ ഇഷ്ടത്തിനനുസരിച്ച് ആടിക്കുന്നത്. പാമ്പ് ചപലനുമാണ്, നാദപ്രിയനുമാണ്. മനസ്സും അതുപോലെ തന്നെ. നാദശ്രവണത്താല് രണ്ടും ഏകാഗ്രമാവും. ചാപല്യം നശിക്കും. നാദാ കാരവൃത്തി പ്രവാഹത്തില്‍ ലയിച്ച് മറ്റു വിഷയങ്ങള്‍ മറന്നുകളയും.
വിഷ്ണുപുരാണം പറയുന്നു ( 67 92) :
തസ്യ ഏവ (മനസ്സിന്റെ) കല്പനാ ഹീനം (വൃത്തി രഹിതമായ) സ്വരൂപഗ്രഹണം ഹി തത് ( സ്വരൂപ സ്ഥിതി തന്നെ അത്). മനസാ (മനസ്സുകൊണ്ട് ) ധ്യാന നിഷ്പാദ്യം (ധ്യാനത്തിലൂടെ നേടിയ ) സമാധിഃ (സമാധി എന്ന് ) സഃ അഭിധീയതെ (അത് അറിയപ്പെടുന്നു.)
ധ്യാനത്തില്‍ ധ്യാനിക്കുന്നവനും ധ്യാന പ്രവൃത്തിയും ധ്യേയമായ വസ്തുവുമുണ്ട്. അത് കുറച്ചു കൂടി ആഴത്തില്‍ ചെന്നാല്‍ ധ്യാതാവും ധ്യാനവും അറിയാതാവും. ധ്യേയ വസ്തു മാത്രം (തദേവ അര്ഥമാത്ര നിര്ഭാസം) ശേഷിക്കും. സ്വരൂപ ശൂന്യമാവും. അതാണ് സമാധി. ധ്യാനപ്രകര്ഷാത് (ധ്യാനത്തില്‍ മുഴുകിയാലുള്ള) ഏക വിഷയ പ്രവാഹഃ (ഒരേ വിഷയത്തിലെ ഒഴുക്കാണ്) സമാധി.
അഹങ്കൃതിം വിനാ (അഹങ്കാരമില്ലാത്ത) ബ്രഹ്മാകാര മനോവൃത്തി പ്രവാഹമാണ് സമ്പ്രജ്ഞാത സമാധി എന്ന് ‘യോഗ സുധാകരം.’ മനസഃ വൃത്തി ശൂന്യസ്യ (വൃത്തി രഹിതമാ മനസ്സിന്റെ) ബ്രഹ്മാകാരതയാ സ്ഥിതിയാണ് അസമ്പ്രജ്ഞാത സമാധി.
(കൊച്ചി പതഞ്ജലി യോഗ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍ അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: