എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ആചാരാനുഷ്ഠാന പെരുമയില്‍ കൊണ്ടാടുന്ന അമ്പലപ്പുഴ, ആലങ്ങാട് ദേശക്കാരുടെ ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളലില്‍ പങ്കെടുത്ത് ജനസഹസ്രങ്ങള്‍ ആത്മനിര്‍വൃതി നേടി. മണികണ്ഠനായ ശ്രീഅയ്യപ്പ സ്വാമിയുടെ അവതാര ലക്ഷ്യമായ മഹിഷീ നിഗ്രഹത്തിന്റെ സ്മരണ പുതുക്കിയുള്ളതാണ് പേട്ടതുള്ളല്‍.
വിഷ്ണു ചൈതന്യമായി ശ്രീകൃഷ്ണപ്പരുന്ത് കൊച്ചമ്പലത്തിന് മുകളില്‍ ഉച്ചയ്ക്ക് 11.30ന് വട്ടമിട്ട് പറന്നതോടെ അയ്യപ്പസ്വാമിയുടെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളല്‍ കൊച്ചമ്പലത്തില്‍ നിന്ന് ആരംഭിച്ചു. നെറ്റിപ്പട്ടം കെട്ടി തിടമ്പേന്തിയ ഗജവീരന്മാരും, മേളവും അകമ്പടിയായപ്പോള്‍ ശരണം വിളികളുമായി സ്ത്രീകളും, കുട്ടികളുമടക്കം പതിനായിരങ്ങള്‍ പങ്കെടുത്തു. സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന് നായര്‍ നേതൃത്വം നല്കി. കൊച്ചമ്പലത്തില്‍ നിന്നു പേട്ടതുള്ളി ഉറ്റതോഴനായ വാവരെ കാണുന്നതിന് എതിര്‍വശത്തുള്ള പള്ളിയിലും കയറി പ്രദക്ഷിണം വച്ചാണ് സംഘം സന്നിധാനത്തേക്ക് യാത്രയായത്.
പള്ളിയിലെത്തിയ പേട്ട സംഘത്തെ കാണിക്കപ്പണം സമര്‍പ്പിച്ച് ജമാഅത്ത് പ്രസിഡന്റ് പി.എച്ച്. ഷാജഹാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. വാവരുടെ പ്രതിനിധിയായി കമ്മിറ്റി വൈസ് പ്രസിഡന്റ് കൂടിയായ ഹക്കിം മാടത്താനി സംഘത്തെ അനുഗമിച്ചു. ഉച്ചയ്ക്കു ശേഷം നാല് മണിയോടെ നീലാകാശത്തില്‍ വെള്ളി നക്ഷത്രം വെട്ടിത്തിളങ്ങിയപ്പോള്‍ ആലങ്ങാട്ടു ദേശക്കാരുടെ പേട്ടതുള്ളല്‍ ആരംഭിച്ചു. സംഘം പെരിയോന്‍ അമ്പാടത്ത് എ.കെ. വിജയകുമാര്‍ നേതൃത്വം നല്കി. അമ്പലപ്പുഴ സംഘത്തോടൊപ്പം അയ്യപ്പന്റെ കൂടെ വാവരും പോയെന്ന സങ്കല്‍പ്പത്തില്‍ ആലങ്ങാട്ട് സംഘം പള്ളിയില്‍ കയറാതെ സന്നിധാനത്തേക്ക് യാത്രയായി. പേട്ടതുള്ളല്‍ സംഘങ്ങളെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, ശ്രീധര്‍മ്മശാസ്താ ക്ഷേത്രം മേല്‍ശാന്തി എന്‍. ജയകൃഷ്ണന് നമ്പൂതിരി, കീഴ്ശാന്തി ഹരികൃഷ്ണന്, പേട്ട മേല്‍ശാന്തി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: