മോനേ നീ എന്താ കക്ഷത്തില്‍ ഇഷ്ടിക വച്ചാണോ നടക്കുന്നേ? ജിമ്മന്മാര്‍ ഒരിക്കലെങ്കിലും കേട്ടിട്ടുള്ള ചോദ്യമായിരിക്കും ഇത്. എന്നാല്‍ ഇനി അങ്ങനെ ചോദിക്കാന്‍ വരട്ടെ, നമ്മുടെ നാട്ടിലെ മസിലളിയന്മാരും ലോക വേദികള്‍ കീഴടക്കാന്‍ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ മാസം കൊറിയയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ യൂണിവേഴ്‌സായി ചരിത്രം സൃഷ്ടിച്ച എറണാകുളം വടുതല സ്വദേശി ചിത്തരേഷ് നടേശന്‍ ഇന്ന് രാജ്യത്തിന്റെയാകെ അഭിമാനമാണ്. മസിലളിയന്മാരുടെ മാനം കാത്ത സൂപ്പര്‍ ഹീറോ. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം മിസ്റ്റര്‍ യൂണിവേഴ്‌സാകുന്നത്. എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ കായിക മേള ഉദ്ഘാടനം ചെയ്യാനെത്തിയ ചിത്തരേഷ് ‘ജന്മഭൂമി’യോട് സംസാരിക്കുന്നു:
കഠിനപ്രയത്‌നത്തിന്റെ സമ്മാനം
ഇന്ത്യന്‍ മോണ്‍സ്റ്റര്‍-സാധാരണക്കാരില്‍നിന്ന് അസാധാരണ മികവിലേക്ക് ഉയരുന്നവര്‍ക്കാണ് ഇത്തരം പേരുകള്‍ ഉപയോഗിക്കാറ്. ബോഡി ബില്‍ഡിങ്ങില്‍ ഇങ്ങ് ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവന്‍ മോണ്‍സ്റ്ററാണ് ചിത്തരേഷ് നടേശന്‍. ലോകം ആരാധിക്കുന്ന പലരും കൈയില്‍വച്ച് ആരാധിച്ചിരുന്ന പട്ടമാണ് ഇന്ന് ഇന്ത്യയിലെത്തിയിരിക്കുന്നത്. അതും മലയാളക്കരയില്‍. ഒരു കാലത്ത് അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍ സ്വന്തമാക്കിയ മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം. കഠിന പ്രയത്‌നത്തിന് ലഭിച്ച അംഗീകാരമെന്നാണ് ചിത്തരേഷ് ഈ നേട്ടത്തെ സ്വയം വിലയിരുത്തുന്നത്.
സീസണ്‍ അടിസ്ഥാനത്തിലാണ് സാധാരണ ബോഡി ബില്‍ഡേഴ്‌സ് ചാമ്പ്യന്‍ഷിപ്പിന് ഒരുങ്ങുന്നത്. ലോക ചാമ്പ്യന്‍ഷിപ്പിനായി ചിത്തരേഷ് നടേശന്‍ ചെലവഴിച്ചത് ഒരുവര്‍ഷത്തോളമായിരുന്നു. കൃത്യമായ ആഹാര ക്രമീകരണങ്ങളിലൂടെയും ചിട്ടയായ പരിശീലനത്തിലൂടെയും ചിത്തരേഷ് മികവിലേക്ക് ഉയര്‍ന്നുകൊണ്ടിരുന്നു. ദല്‍ഹിയില്‍ പ്രൈവറ്റ് സെക്ടറില്‍ ഫിസിക്കല്‍ ട്രെയ്‌നറായി ജോലി നോക്കുന്നതിനിടെയായിരുന്നു പരിശീലനം.
അമ്പരപ്പിക്കുന്ന ആഹാരക്രമം
സാധാരണക്കാര്‍ കേട്ടാല്‍ അമ്പരക്കുന്ന ആഹാര ക്രമീകരണം. ദിവസം കഴിച്ചിരുന്നത് പത്തു മുതല്‍ 40 മുട്ടയുടെ വരെ വെള്ള. ഒരു കിലോയോളം ചിക്കനും മുക്കാല്‍ കിലോ മീനും പിന്നെ ചില പച്ചക്കറികളും. തന്റെ ശരീരത്തിന് വേണ്ട പ്രോട്ടീനും വിറ്റാമിനും ലഭിക്കുന്ന രീതിയിലായിരുന്നു ആഹാരങ്ങളുടെ കണക്കെന്നാണ് ചിത്തരേഷിന്റെ പക്ഷം. രണ്ട് മണിക്കൂര്‍ ഇടവിട്ട് ദിവസം ഏഴു നേരമായി ആഹാരം കഴിക്കും. ഇത് ഒന്നോ രണ്ടോ മാസങ്ങളിലല്ല, ഒരു വര്‍ഷത്തോളം തുടര്‍ന്നുവന്നു. ആദ്യ മാസങ്ങളില്‍ ദിവസം രണ്ട് നേരമാണ് പരിശീലനം നടത്തിയിരുന്നതെങ്കില്‍ പിന്നീട് ദിവസം മൂന്ന് നേരമാക്കി. ഫിസിക്കല്‍ ട്രെയ്‌നര്‍മാരോടും മസില് പെരുപ്പിക്കുന്നവരോടും ചോദിച്ചാല്‍ അമ്പരക്കുന്ന പരിശീലന മുറയാണിത്. ജോലിക്കൊപ്പമായിരുന്നു ഇത്തരം പരിശീലനം എന്നത് ചിത്തരേഷ് നടേശന്റെ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. രാവിലെ ജോലിക്കു കയറും. പല വീടുകളിലായി ചെന്ന് ഫിസിക്കല്‍ ട്രെയ്‌നിങ്ങിന്റെ ഗുണവും പ്രാധാന്യവും പറഞ്ഞ് മനസ്സിലാക്കും. ആവശ്യമായ യോഗകളും വ്യായാമങ്ങളും ചെയ്യിപ്പിക്കും. ഇതായിരുന്നു പ്രധാന ജോലി. പിന്നീടുള്ള സമയങ്ങളില്‍ ഉച്ചയ്‌ക്കും വൈകിട്ടുമായി രണ്ടു മണിക്കൂര്‍ വീതം പരിശീലനം. ഇതില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്തില്ല.
സുഹൃത്ത് പരിശീലകനാവുന്നു
2015ലാണ് ബോഡി ബില്‍ഡിങ്ങില്‍ തനിക്ക് കരിയറുണ്ടെന്ന് ചിത്തരേഷ് മനസ്സിലാക്കുന്നത്. സുഹൃത്തും സഹയാത്രികനുമായ സാഗര്‍ എം.പി പരിശീലകന്റെ കുപ്പായത്തില്‍ ഒപ്പമെത്തി. ഇരുവരും ഒന്നിച്ച് ദല്‍ഹിയില്‍ ജോലിയും നോക്കുന്നു. തുടക്കകാലങ്ങളില്‍ ഒന്നിച്ചായിരുന്നു പരിശീലനം. എന്നാല്‍ സാഗര്‍ എങ്ങനെ പരിശീലകനായി മാറി എന്ന ചോദ്യത്തോട് പുഞ്ചിരിച്ചുകൊണ്ടായിരുന്നു സൂപ്പര്‍ താരത്തിന്റെ മറുപടി. ”ഒന്നിച്ച് പരിശീലനം നടത്തുന്നതിനിടെ ഞാന്‍ അവനെക്കാള്‍ ഭാരം ഉയര്‍ത്താന്‍ തുടങ്ങി. കൂടുതല്‍ നേരം ജിമ്മില്‍ ചെലവഴിക്കാന്‍ തുടങ്ങി. അവന്‍ ഒരു മണിക്കൂര്‍ ജിമ്മില്‍ പോയാല്‍ ഞാന്‍ രണ്ടു മണിക്കൂര്‍ പോകും. അവന്‍ മടിച്ചുനില്‍ക്കുമ്പോഴെല്ലാം ഞാന്‍ പോകും. ഒടുവില്‍ ഇനി നീ പരിശീലനം നടത്ത്, ഞാന്‍ നിന്റെ പരിശീലകനാകാമെന്ന് ഹാസ്യരൂപേണ പറയുകയായിരുന്നു. തൊണ്ണൂറു കിലോ വിഭാഗമാണ് ചിത്തരേഷിന്റെ ഇനം. ശരീര ഭാരത്തിന് അനുസൃതമായി ആഹാരവും വ്യായാമങ്ങളും ചെയ്തു പോന്നു.
തൊണ്ണൂറു കിലോ വിഭാഗത്തില്‍ മിസ്റ്റര്‍ വേള്‍ഡ് ആവുകയായിരുന്നു താരത്തിന്റെ ആദ്യ ദൗത്യം. ഇതില്‍ വിജയിച്ചതോടെയാണ് യൂണിവേഴ്‌സ് എന്ന വലിയ നേട്ടം ചിത്തരേഷിന്റെ അടുത്തെത്തിയത്. എന്നാല്‍ മത്സരം കടുത്തതായിരുന്നു എന്നാണ് ചിത്തരേഷിന്റെ വാദം. 35ല്‍ അധികം രാജ്യങ്ങള്‍, ഏഴോളം ലോക ചാമ്പ്യന്മാര്‍ കനത്ത വെല്ലുവിളിയുമായി മുന്നിലുണ്ടായിരുന്നു. അവസാന അഞ്ചിലെത്തിയതോടെ വിജയിക്കുമെന്ന തോന്നല്‍ ഇന്ത്യന്‍ താരത്തിന്റെ മനസ്സിലെത്തി. ആ തോന്നല്‍ തന്നെയാണ് ആത്മവിശ്വാസമായി ചിത്തരേഷിന് കരുത്തേകിയത്.
സാമ്പത്തികം വില്ലനാണ്
പണം അന്നും ഇന്നും ചിത്തരേഷിന് മുന്നില്‍ വില്ലനാണ്. ജോലിയില്‍നിന്ന് കിട്ടുന്ന പണം കൂട്ടിവച്ചാണ് പലപ്പോഴും മത്സരങ്ങള്‍ക്ക് പോകുന്നത്. ചിലപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് ലോണ്‍ എടുക്കും. അത് തിരിച്ചടയ്‌ക്കാന്‍ കുറെ നാള്‍ ജോലിചെയ്യേണ്ടിവരും. ഈ അവസ്ഥയില്‍ നാട്ടിലേക്ക് എങ്ങനെ പണം അയയ്‌ക്കുന്നു എന്ന ചോദ്യത്തിന് ‘അയയ്‌ക്കാറില്ല’ എന്ന ഒറ്റവാക്കിലായിരുന്നു മലയാളി സൂപ്പര്‍ താരത്തിന്റെ മറുപടി. ”ഏകദേശം രണ്ടു വര്‍ഷമായി നാട്ടിലേക്ക് പണം അയയ്‌ക്കാറില്ല. അയയ്‌ക്കാന്‍ സാധിക്കാറില്ല. വീട്ടിലെ കാര്യങ്ങള്‍ അവര്‍തന്നെയാണ് നോക്കുന്നത്. അച്ഛന്‍ നടേശന്‍ കര്‍ഷകനാണ്.” അമ്മ നിര്‍മലയ്‌ക്ക് മകനില്‍ അഭിമാനം മാത്രം.
”കുടുംബത്തിന്റെ പിന്തുണ മറക്കാനാവാത്തതാണ്.” കുടുംബത്തെക്കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ് ചിത്തരേഷിന്. മിസ്റ്റര്‍ യൂണിവേഴ്‌സ് പോലെ ഒരു ലക്ഷ്യം മുന്നില്‍ വയ്‌ക്കുമ്പോള്‍ ചിട്ടയോടെ പാലിക്കേണ്ട മൂന്ന് കാര്യങ്ങളുണ്ട്. ”കൃത്യമായ ഭക്ഷണക്രമം, ചിട്ടയോടെയുള്ള പരിശീലനം, സന്തുഷ്ടമായ മനസ്സ്.” ഇതില്‍ മൂന്നാമത്തേത് കുടുംബത്തില്‍നിന്ന് ലഭിക്കേണ്ടതാണ്. ചാമ്പ്യന്‍ഷിപ്പ് അടുത്തുവന്ന മാസങ്ങളിലൊന്നും ചിത്തരേഷ് നാട്ടില്‍ പോയിരുന്നില്ല. പണവും അയച്ചില്ല. എന്നാല്‍ ഇതില്‍ യാതൊരു പരിഭവവും കാണിക്കാത്ത കുടുംബം പൂര്‍ണ പിന്തുണ നല്‍കി ഒപ്പം നിന്നു.
ഇനി ഈ കളി നടക്കില്ല
എന്നാല്‍ ഇനി ഈ കളി നടക്കില്ലെന്നാണ് ചിത്തരേഷിന്റെ വാദം. ”ഇത്രയും നാള്‍ സ്വന്തം കാര്യം നോക്കി. നോട്ടമിട്ട ലക്ഷ്യത്തിലുമെത്തി. ഇനി കുടുംബത്തെ നോക്കണം.” അതിന് ചിത്തരേഷിന് ആദ്യം വേണ്ടത് ഒരു സര്‍ക്കാര്‍ ജോലിയാണ്. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ ജോലി കിട്ടുമെന്നാണ് വിശ്വാസമെന്നും താരം പറയുന്നു. അമ്മയ്‌ക്കും അച്ഛനും നല്ല വീട് പണിതു നല്‍കണമെന്ന ആഗ്രഹം കുറെക്കാലമായി ചിത്തരേഷിന്റെ മനസ്സിലുണ്ട്. സര്‍ക്കാര്‍ കനിഞ്ഞാല്‍ ഈ ആഗ്രഹങ്ങളെല്ലാം യാഥാര്‍ഥ്യമാകും.
കൂടെ മത്സരിക്കുന്ന മറ്റുള്ളവര്‍ക്കെല്ലാം സര്‍ക്കാര്‍ ജോലിയുണ്ട്. അത് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ കിട്ടിയതുമാണ്. സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കിയാല്‍ കേരളത്തില്‍ സ്ഥിരതാമസമാക്കാനാണ് നീക്കം. ഭാര്യ നസീബയെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും. ഇത്രയും കാലം ഭാര്യയ്‌ക്കൊപ്പം പോലും കൂടുതല്‍ സമയം ചെലവഴിക്കാനായിരുന്നില്ല. ഉസ്ബക്കിസ്ഥാന്‍കാരിയാണ് നസീബ. ദല്‍ഹിയില്‍ പൂത്തുലഞ്ഞ പ്രണയത്തിനൊടുവില്‍ വിവാഹം. എന്നാല്‍ നിയമപ്രകാരം മാത്രമാണ് നസീബയെ വിവാഹം കഴിച്ചതെന്നും, ഹൈന്ദവ ആചാരപ്രകാരം ഉടനെതന്നെ ആ മംഗളകര്‍മ്മം ഉണ്ടാകുമെന്നും ചിത്തരേഷ് പറഞ്ഞു. വലിയ നേട്ടത്തിലെത്തിയ സ്ഥിതിക്ക് സിനിമയിലും ഒരു കൈ നോക്കാന്‍ തന്നെയാണ് താരത്തിന്റെ തീരുമാനം. കുറച്ചു പേര്‍ ഇതിനോടകം സമീപിച്ചു കഴിഞ്ഞു.
ഡാന്‍സും ഹോക്കിയും
ചിത്തരേഷിന് എന്നും താത്പര്യമുള്ള മേഖലയായിരുന്നു കായികവും ഡാന്‍സും. ദല്‍ഹിയില്‍ എത്തിപ്പെട്ട ആദ്യ കാലങ്ങളില്‍ ഡാന്‍സ് പഠിക്കാന്‍ പോയിട്ടുണ്ട്. അധികം ആര്‍ക്കും അറിയില്ല മിസ്റ്റര്‍ യൂണിവേഴ്‌സ് ഒരു ഡാന്‍സറും ആയിരുന്നെന്ന്. ലാറ്റിന്‍ ഡാന്‍സ് സ്റ്റെപ്പുകള്‍ ഇന്നും മനപ്പാഠം. ചെറുപ്പം മുതല്‍ ഹോക്കിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. മഹാരാജാസ് കോളജില്‍ ഹോക്കി ടീം ക്യാപ്റ്റനായി. സ്‌പോര്‍ട്‌സ് ക്വാട്ടയിലായിരുന്നു അന്നും പഠനം. ഹോക്കിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക എന്ന ലക്ഷ്യം പതിയെ ബോഡി ബില്‍ഡിങ്ങിലേക്ക് മാറ്റി. തിരുവനന്തപുരത്ത് ലക്ഷ്മി ഭായ് നാഷണല്‍ കോളജ് ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ പഠിച്ചതിന് ശേഷമാണ് ദല്‍ഹിയില്‍ ജോലി കിട്ടുന്നത്. ഇതോടെ പ്രതീക്ഷിച്ച ജീവിതം മാറിമറിഞ്ഞു. ഈ മാറ്റം ഉണ്ടായത് 2015ന് ശേഷം മാത്രം. ഇന്ന് തിരക്കുകളുടെ നടുവിലാണ് താരം. അറബ് രാജ്യങ്ങളിലടക്കം പല പരിപാടികള്‍ക്കായി യാത്രതന്നെ. സന്തോഷത്തോടെയെങ്കിലും ഉറങ്ങാന്‍ പോലും നേരമില്ലെന്ന് പറയുന്നു ചിത്തരേഷ്. ഈ വലിയ നേട്ടത്തിലെത്തി നില്‍ക്കുമ്പോഴും മുന്നോട്ട് എന്തെന്ന് ചിത്തരേഷിന് ഉറപ്പില്ല. ജോലിക്കൊപ്പം വീണ്ടും ഇന്ത്യയെ നയിക്കാന്‍ താത്പര്യമുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ സ്‌പോണ്‍സര്‍മാരുടെ ഭാഗത്തുനിന്നോ സഹായം ഉണ്ടാകണം.
സഹായം ഉണ്ടാകുമെന്നുതന്നെ വിശ്വസിക്കാം. ശരീര പേശികളുടെ അഴകും കണക്കും ഒരുപോലെ സമന്വയിപ്പിച്ച് രാജ്യത്തിന് അഭിമാനമായ ചിത്തരേഷ് ഇനിയും മുന്നോട്ട് പോകട്ടെ. മിസ്റ്റര്‍ ഇന്ത്യ, മിസ്റ്റര്‍ ഏഷ്യ, മിസ്റ്റര്‍ വേള്‍ഡ്, മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടങ്ങള്‍ അദ്ദേഹത്തിന്റെ കൈയില്‍ ഭദ്രമാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: