ന്യൂദല്‍ഹി: ഇറാന്-അമേരിക്ക സംഘര്‍ഷത്തില്‍ ഇന്ത്യ മധ്യസ്ഥത വഹിക്കണമെന്ന് ഇറാന് ആവശ്യപ്പെട്ടു. ദല്‍ഹിയിലെ ഇന്ത്യന്‍ സ്ഥാനപതി അലി ചെഗെനിയാണ് ഇന്ത്യന്‍ ഇടപെടല്‍ സ്വാഗതം ചെയ്ത് രംഗത്തെത്തിയത്. ഇറാനുമായും അമേരിക്കയുമായും ഇന്ത്യ ചര്‍ച്ച നടത്തിയതായി കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരന് അറിയിച്ചു. ഇരുരാജ്യങ്ങളിലേയും വിദേശകാര്യസെക്രട്ടറിമാരുമായാണ് കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഫോണില്‍ ചര്‍ച്ച നടത്തിയത്.
സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ഇന്ത്യ നടത്തുന്ന ഏതുതരം ഇടപെടലിനെയും സ്വാഗതം ചെയ്യുമെന്നാണ് ഇറാനിയന്‍ അംബാസിഡര്‍ അറിയിച്ചത്. ലോകത്തില്‍ സമാധാനം നിലനിര്‍ത്താന്‍ വലിയ പങ്കുവഹിക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ മേഖലയിലെ രാജ്യവും ഇറാന്റെ സൗഹൃദ രാജ്യവുമായ ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകള്‍ സഹായകരമാവും. യുദ്ധത്തിന് വേണ്ടി നിലകൊള്ളുന്ന രാജ്യമല്ല ഇറാന്. സമാധാനവും സഹവര്‍ത്തിത്വവുമാണ് ഇറാന് ആഗ്രഹിക്കുന്നത്. അമേരിക്കന്‍ സൈനികത്താവളങ്ങള്‍ അക്രമിച്ചത് ഇറാന്റെ പ്രതിരോധത്തിന്റെ ഭാഗമായാണെന്നും ഇറാന് അംബാസിഡര്‍ വ്യക്തമാക്കി.
ഇറാന് വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവദ് സരീഫുമായും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായും ജയശങ്കര്‍ വിശദമായ ചര്‍ച്ചയാണ് നടത്തിയത്.
ജോര്‍ദ്ദാന്‍, ഒമാന്‍, ഖത്തര്‍, യൂഎഇ വിദേശകാര്യമന്ത്രിമാരുമായും ഫ്രാന്‍സ് വിദേശകാര്യമന്ത്രിയുമായും ജയശങ്കര്‍ ചര്‍ച്ച നടത്തിയതായി വി. മുരളീധരന് അറിയിച്ചു. ഇറാഖിലേക്കുള്ള അടിയന്തിര സ്വഭാവമല്ലാത്ത യാത്രകള്‍ ഇന്ത്യന്‍ പൗരന്മാര് ഒഴിവാക്കണമെന്ന ട്രാവല്‍ അഡൈ്വസറി പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: