ഭക്തി
ശ്ലോകം -31
മോക്ഷകാരണസാമഗ്ര്യാം
ഭക്തിരേവ ഗരീയസി
സ്വസ്വരൂപാനുസന്ധാനം
ഭക്തിരിത്യഭിധീയതേ
സ്വാത്മതത്വാനു സന്ധാനം
ഭക്തിരിത്യപരേ ജഗുഃ
മോക്ഷത്തിന് കാരണമായവയില്‍ ഭക്തിയാണ് ഏറ്റവും പ്രധാനമായത്. സ്വന്തം സ്വരൂപത്തെ അനുസന്ധാനം ചെയ്യുന്നതിനെയാണ് ഭക്തി എന്ന് വിളിക്കുന്നത്. ആത്മതത്വത്തെ നിരന്തരം അനുസന്ധാനം ചെയ്യലാണ് ഭക്തിയെന്ന് ചിലര്‍ പറയുന്നു. ഞാന്‍ ജീവനല്ല പരമാത്മാവാണെന്ന് തുടര്‍ച്ചയായി വിചാരം ചെയ്യലാണിത്.
മോക്ഷത്തിന് വേണ്ട സാധനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഭക്തിയാണെന്ന് ആചാര്യ സ്വാമികള്‍ ഇവിടെ പ്രഖ്യാപിക്കുന്നു. തന്റെ യഥാര്‍ത്ഥ സ്വരൂപത്തെ അനുസന്ധാനം ചെയ്യലാണ് ഭക്തി. നിത്യവും നിരന്തരവുമായ ആത്മവിചാരത്തിലൂടെ സ്വസ്വരൂപത്തില്‍ പ്രതിഷ്ഠ നേടാന്‍ പ്രയത്‌നിക്കലാണിത്. മോക്ഷത്തിനുള്ള സാമഗ്രികള്‍ വിവേകം മുതല്‍ നിദിധ്യാസനം വരെയുള്ളവയാണ്.
നിദിദ്ധ്യാസനത്തെയാണ് ഇവിടെ ഭക്തി എന്ന് പറഞ്ഞിരിക്കുന്നത്. ഭക്തിയുടെ സാധാരണ നിര്‍വചനങ്ങളില്‍ വളരെ വ്യത്യസ്തവും വളരെ ഉയര്‍ന്ന തലത്തിലുമുള്ള നിര്‍വചനമാണിത്.ശ്രുതിയില്‍ നിന്നും ഗുരുവില്‍ നിന്നും ആത്മസ്വരൂപത്തെ അറിഞ്ഞ് അത് തന്നെയാണ് ഞാന്‍ എന്ന് നിരന്തരമായി ധ്യാനിച്ച് ഉറപ്പിക്കുന്നതാണിത്. ഇതാണ് മോക്ഷത്തിനുള്ള സാക്ഷാത് സാധനം.
ആത്മസാക്ഷാത്കാരത്തിനുള്ള ഉത്തമയായ സാധനമെന്ന് ഭക്തിയെ വിളിക്കുന്നത് ജ്ഞാനത്തിന്റെയും ധ്യാനത്തിന്റെയും തലത്തിലാണ്. ഇത് ഭക്തിയുടെ ഉന്നതമായ തലമാണ്. ഭക്തിയെ പരാഭക്തിയെന്നും അപരാഭക്തിയെന്നും രണ്ടായി തിരിക്കാറുണ്ട്. ആത്മാനുസന്ധാനത്തെ ഭക്തി എന്ന് വിളിച്ചത് തീര്‍ച്ചയായും ഉയര്‍ന്ന തലത്തിലുള്ള പരാഭക്തിയെന്ന നിലയിലാണ്. ഇത് തന്നെത്തന്നെ അറിയലാണ്.
ആത്മസാക്ഷാത്കാരത്തിനുള്ള ഉപായമായി ആത്മവിചാരമാണ് ജ്ഞാനമാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്നവര്‍ പിന്തുടരേണ്ടത്. ഇത് പരമാത്മാ സ്വരൂപത്തെക്കുറിച്ചുള്ള നിരന്തര ചിന്തനമാണ്. വളരെ സൂക്ഷ്മമായ ധ്യാന അഭ്യാസം ഭക്തിയുടെ ഉന്നതതലമെന്ന് ഇതിലൂടെ ബോധ്യമാകുന്നു.
ഭക്തിയുടെ യഥാര്‍ത്ഥ തലം എന്താണെന്ന് ഇവിടെ വ്യക്തമാക്കുന്നു. ഭക്തന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റാനുള്ള യാചനയല്ല ഭക്തി. തന്റെ യഥാര്‍ത്ഥ സ്വരൂപത്തെ അറിഞ്ഞ് ഈശ്വരീയതയിലേക്ക് ഉയരാനുള്ള ജീവന്റെ പ്രയത്‌നമാണിത്.
ചോദിക്കുന്നതെന്തും അനുവദിച്ചു തരുന്നവനും തെറ്റുകള്‍ക്ക് ശിക്ഷ നല്‍കുന്നവനുമാണ് ഈശ്വരനെന്നും അദ്ദേഹത്തെ ഭജിക്കുന്നതാണ് ഭക്തിയെന്നും ഭക്തിയുടെ ആദ്യ ഘട്ടത്തിലോ തുടക്കത്തിലോ മിക്കവരും കരുതാറുണ്ട്. എന്നാല്‍ ഭക്തിയിലൂടെ മുന്നേറുമ്പോള്‍ ഇങ്ങനെ കരുതുന്നതില്‍ വലിയ കഴമ്പില്ലെന്ന് കാണാം.
പലപ്പോഴും ഭയത്തോടെയും വേറെ ഗതിയില്ലാതെയും ജീവിതത്തില്‍ നൈരാശ്യ വന്നും തന്റെ തീരാത്ത ആഗ്രഹങ്ങള്‍ സാധിക്കാനുമൊക്കെയാകും മിക്കവരും ഭക്തരാകുന്നത്. ഇവര്‍ ഭക്തിവേഷം കെട്ടുകയാണെന്ന് പറയാം. ഇവരെ ചൂഷണം ചെയ്യാനായി കാത്തിരിക്കുന്നവര്‍ ആരാധനാലയങ്ങളെ കച്ചവട കേന്ദ്രങ്ങളാക്കുകയും ചെയ്യും. ആചാര അനുഷ്ഠാനങ്ങളില്‍ ചെറിയ തെറ്റ് പറ്റിയാല്‍ പോലും വലിയ ശിക്ഷ കൊടുക്കുന്നയാളാണ് ദൈവം എന്ന് പറഞ്ഞ് പട്ടാപകല്‍ തട്ടിപ്പ് നടത്തുകയും ചെയ്യും.
എന്നാല്‍ ഏത് തലത്തില്‍ നില്‍ക്കുന്ന ഭക്തനെയും ഭക്തിയുടെ ഉന്നത തലത്തിലേക്ക് ഉയര്‍ത്താന്‍ കഴിയുന്നതാകണം ആരാധനാലയങ്ങളും അതിന് നേതൃത്വം നല്‍കുന്നവരും. ഈശ്വരനോടുള്ള പരമ പ്രേമമായി ഭക്തിയെ നിര്‍വചിച്ചിട്ടുണ്ട്. ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ ഭഗവാനെ അനന്യമായി ഭജിക്കുന്നതാണ് ഭക്തി.
തന്നില്‍ നിന്ന് വേറെയാണ് ഈശ്വരന്‍ എന്ന് കരുതി ദ്വൈത ഭാവത്തില്‍ വളരെ ഭക്തിയോടും ശ്രദ്ധയോടും ഭജിക്കുന്നവരുണ്ട്. അവര്‍ ഭക്തിയുടെ തലത്തില്‍ ഉയര്‍ന്നവര്‍ തന്നെയാണ്. എന്നാല്‍ അദ്വൈത വേദാന്തം തന്നില്‍ നിന്ന് അന്യമല്ലാത്ത പരമാത്മസ്വരൂപനെ ഭജിക്കാനാണ് നിര്‍ദേശിക്കുന്നത്.അങ്ങനെയാണ് സ്വസ്വരൂപത്തെ അനുസന്ധാനം ചെയ്യല്‍ നടക്കുന്നത്.
തന്റെ യഥാര്‍ത്ഥ സ്വരൂപം ഞാന്‍ ജീവനല്ല പരമാത്മാവാണ് എന്ന നിരന്തര ജ്ഞാനത്തോടെ ഇരിക്കലാണ്.ഇതിനെയാണ് ഭക്തിയെന്ന് ചില ആചാര്യന്മാര്‍ വിവക്ഷിക്കുന്നത്.
സ്വസ്വരൂപ അനുസന്ധാനവും സ്വാത്മ തത്വാനുസന്ധാനവും തമ്മില്‍ ചെറിയ വ്യത്യാസമുണ്ട്. ആദ്യത്തേതില്‍ ലക്ഷ്യപ്രാപ്തിയെ നേടാന്‍ സഹായകമായ മാര്‍ഗത്തെ സാധനാഭക്തിയെ പറയുന്നു. രണ്ടാമത്തേതില്‍ ഭക്തിയുണ്ടായാലുള്ള അവസ്ഥയെ സാധ്യഭക്തിയെ പറയുന്നു. രണ്ടും തന്റെ ആത്മനിഷ്ഠയില്‍ ഉറച്ചിരിക്കലാണ്. ഇതില്‍ സദാ മുഴുകുക; ഒട്ടും വ്യതിചലിക്കാതെ. അങ്ങനെ ഭക്തിയുടെ പാരമ്യതയില്‍ ഇരിപ്പുറപ്പിക്കാം. അത് മോക്ഷത്തിലേക്ക് നയിക്കും.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: