അയ്യപ്പന്റെ പൂങ്കാവനത്തിലെ പതിനെട്ടു മലകളില്‍ ഒന്നാണ് തലപ്പാറ മല. ശബരിമല ആചാരാനുഷ്ഠാനങ്ങളുമായി തലപ്പാറ മലയ്‌ക്ക് വലിയ ബന്ധമാണുള്ളത്. പന്തളം കൊട്ടാരത്തില്‍ നിന്നും ശബരിമലയ്‌ക്ക് പുറപ്പെട്ട മണികണ്ഠനെ തലപ്പാറ മൂപ്പനായ വില്ലാളിവീരനൊപ്പമാണ് മഹാരാജാവ് കാനനത്തിലേക്ക് അയച്ചത്. കൊച്ചുവേലന്‍ എന്ന സ്ഥാനപ്പേരിലറിയപ്പെടുന്ന വില്ലാളിവീരനെ വളര്‍ത്തച്ഛനായാണ് മണിക്ഠണന്‍ കണ്ടിരുന്നത്.
അവതാര ലക്ഷ്യം പൂര്‍ത്തിയാക്കിയ മണികണ്ഠന്‍ കാട്ടിലെ ധര്‍മശാസ്താ വിഗ്രഹത്തില്‍ വിലയം പ്രാപിക്കാനെടുത്ത തീരുമാനം രാജാവിനെ സങ്കടത്തിലാക്കുന്നു. രാജാവ് 99 മലമൂപ്പന്മാരെ കൊട്ടാരത്തില്‍ വിളിച്ചുവരുത്തി. മണികണ്ഠന്റെ കാനനത്തിലെ സംരക്ഷണം ആദ്യ മലയായ തലപ്പാറയിലെ മൂപ്പനെ ഏല്‍പ്പിക്കുവാന്‍ തീരുമാനിച്ചു. കൊച്ചുവേലന്‍ എന്ന സ്ഥാനവും രാജമുദ്രയുള്ള ശംഖ്, അരമണി, വാള്‍, വടി തലപ്പാവ്, എന്നിവയും നല്‍കി. ശബരിമലയ്‌ക്കുള്ള യാത്രയ്‌ക്കിടയില്‍ മണികണ്ഠന് പള്ളിയുറങ്ങാനും പൂജചെയ്യാനുമായി ഒരുക്കിയതാണ് തലപ്പാറക്കോട്ട. കൊച്ചു വേലന്റെ പരമ്പരയില്‍ പെട്ടവര്‍ ഇന്നും ആചാരം നിലനിര്‍ത്തി വരുന്നു. മകരസംക്രമസന്ധ്യയില്‍ ശബരിഗിരീശ്വരന് ചാര്‍ത്തുന്നതിനായി കൊണ്ടുവരുന്ന തിരുവാഭരണങ്ങളില്‍ പൂജ നടത്താനുള്ള അവകാശവും കൊച്ചുവേലന്റെ പരമ്പരയില്‍ പെട്ടവര്‍ക്കുണ്ട്. പ്ലാപ്പള്ളിക്കടുത്താണ് തലപ്പാറക്കോട്ട. തിരുവാഭരണ ഘോഷയാത്ര പന്തളത്തു നിന്നും പുറപ്പെടുമ്പോള്‍ കൊച്ചുവേലന്‍, കോട്ടയില്‍ ഉറഞ്ഞുതുള്ളും. രാജമുദ്രയുള്ള അരമണി ശംഖ്, വാള്‍, വടി, തലപ്പാവ് എന്നിവയണിഞ്ഞാണ് കൊച്ചുവേലന്‍ പൂജകള്‍ നടത്തുന്നത്.
എരുമേലിക്ക് സമീപം കുരുമ്പന്‍ മൂഴി തേക്കും മൂട്ടില്‍ ഓമനക്കുട്ടനാണ് ഇപ്പോള്‍ കൊച്ചുവേലന്‍. മണ്ഡലമകരവിളക്ക് കാലത്തും എല്ലാ മലയാളമാസം ഒന്നാം തീയതിയിലും കൊച്ചു വേലന്‍ കോട്ടയിലെത്തി പൂജകള്‍ നടത്തും.
പൂജ നടത്തിക്കഴിയുമ്പോള്‍ പന്തളം രാജപ്രതിനിധി പണക്കിഴി നല്‍കും. ‘പന്തളം താര’ എന്നറിയപ്പെട്ടിരുന്ന കാനനപാതയിലായിരുന്ന കോട്ട വനംവകുപ്പിന്റെ ഇടപെടല്‍ കാരണം പ്ലാപ്പള്ളിയില്‍ റോഡരികിലേക്ക് മാറ്റി. കോട്ട ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും ഹൈക്കോടതി ഇടപെട്ട് പൂജ നടത്താനുള്ള അവകാശം ലഭിച്ചു. തീര്‍ഥാടകര്‍ തലപ്പാറക്കോട്ട വണങ്ങിയാണ് കാനനവാസനെ കാണാന്‍ പോകുന്നത്. കൊച്ചുവേലന്‍ പിതൃസ്ഥാനീയനായതിനാല്‍ പതിനെട്ടാംപടി ചവിട്ടാനോ ശ്രീകോവിലിന് നേരെ നിന്ന് ദര്‍ശനം നടത്താനോ പാടില്ല.
9447261963
പ്രതികരിക്കാൻ ഇവിടെ എഴുതുക