ശബരിമല സന്നിധാനത്ത് തെളിനീര് എത്തുന്നത് കുന്നാര്‍ തടയണയില്‍ നിന്നാണ്. ലക്ഷക്കണക്കിന് തീര്‍ഥാടകരെത്തുന്ന ശബരിമല സന്നിധാനത്തെ ജലലഭ്യതയെക്കുറിച്ച് പലര്‍ക്കും സംശയം ഉണ്ടാകാം. സന്നിധാനത്തു നിന്ന് ഏഴു കിലോമീറ്റര്‍ മുകളിലാണ് കുന്നാര്‍ തടയണ. തടയണയ്ക്കുള്ളിലെ പതിമൂന്നടി താഴ്ചയുള്ള കിണറ്റില്‍ നിന്ന് പൈപ്പുകള്‍ സ്ഥാപിച്ച് സ്വാഭാവിക ഒഴുക്കിലൂടെയാണ് ജലം കൊണ്ടു വരുന്നത്. നാലു മീറ്റര്‍ ഉയരമാണ് തടയണയ്ക്ക് ഉള്ളത്.
കിഴക്കാം തൂക്കായ ശബരിഗിരിമലയില് നിന്നാണ് ഇതിന്റെ ഉത്ഭവം. മലയുടെ പ്രകൃതിദത്തമായ ചരിവ്, വന്യജീവികള്‍ വിഹരിക്കുന്ന പ്രദേശം. ദിവസം 70 ലിറ്റര്‍ വെള്ളം വേണ്ടിടത്ത് കുന്നാറില്‍ നിന്ന് ലഭ്യമാകുന്നത് 20 ലക്ഷം മാത്രമാണ്. കുമ്പളം തോട്ടില്‍ നിന്നും പമ്പയില്‍ നിന്നും വെള്ളം പമ്പു ചെയ്താണ് ഇപ്പോഴത്തെ കുറവ് പരിഹരിക്കുന്നത്. കുമ്പളം തോടുകൂടി വറ്റിയാല്‍ ദേവസ്വം ബോര്‍ഡിന് മറ്റു വഴികള്‍ കണ്ടെത്തേണ്ടി വരും.
പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഉള്‍പ്രദേശത്തുള്ള തടയണയ്ക്ക് തീര്‍ഥാടന കാലം തുടങ്ങുമ്പോള്‍ പോലീസ് കാവലുമുണ്ട്. കഴിഞ്ഞ പ്രളയത്തില്‍ തടയണയും കിണറും പൂര്‍ണമായും മണ്ണു മൂടിയിരുന്നു. 20 ദിവസത്തെ പ്രയത്നത്തിലൂടെ കിണര്‍ വൃത്തിയാക്കിയെങ്കിലും വീണ്ടും ഉരുള്‍ പൊട്ടി. ദിവസങ്ങളെടുത്താണ് പിന്നീട് കിണര്‍ ശുദ്ധീകരിച്ച് പൂര്‍ണസംഭരണശേഷി വീണ്ടെടുത്തത്. കിണറ്റില്‍ നിന്ന് ജലമെടുക്കാന്‍ സ്ഥാപിച്ചിരിക്കുന്ന പൈപ്പ്ലൈനുകള്‍ക്ക് പരമാവധി 20 ലക്ഷം ലിറ്റര്‍ ജലമെടുക്കാനുള്ള വ്യാസമേയുള്ളൂ.
തടയണയ്ക്കും സന്നിധാനത്തിനും ഇടയ്ക്ക് രണ്ട് സംഭരണ കേന്ദ്രങ്ങളും ഉണ്ട്. ആവശ്യത്തിലധികം വെള്ളം കുന്നാറില്‍ തന്നെ ലഭ്യമാകണമെങ്കിലും വ്യാസമേറിയ പൈപ്പുലൈനുകള്‍ സ്ഥാപിക്കാതെ നിവൃത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: