രാഷ്ട്രീയം എപ്പോഴും ശത്രുക്കളെയും മിത്രങ്ങളെയും ഒരുപോലെ സൃഷ്ടിക്കുന്ന ഇടമാണ്. മിത്രങ്ങളും ശത്രുക്കളും മാറിമാറി വരും. ഒരിക്കല്‍ ശത്രുക്കളായിരുന്നവര്‍ പിന്നീട് മിത്രങ്ങളായും മറിച്ചും മാറും. എന്നാല്‍, ഇക്കാര്യത്തില്‍ വ്യത്യസ്തനായിരുന്നു അടല്‍ജി. അദ്ദേഹത്തിന്റെ രാഷ്ട്രീയമായ നയങ്ങളെ എതിര്‍ത്തിരുന്നവര്‍ പോലും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. എതിരാളികളെയും അടുത്ത സൃഹൃത്തുക്കളാക്കാന് കഴിയുന്ന, അസാധാരണ കഴിവുള്ളയാളായിരുന്നു മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയ്. എതിര് രാഷ്ട്രീയക്കാര്‍ അദ്ദേഹത്തെ കുറിച്ച് പ്രചരിപ്പിച്ചത് ‘എ റൈറ്റ് പേഴ്സണ്‍ ഇന്‍ എ റോങ് പാര്‍ട്ടി’എന്നാണ്. അങ്ങനെ പറഞ്ഞവര്‍ക്ക് അദ്ദേഹം വ്യക്തമായ മറുപടിയും നല്‍കിയിരുന്നു. എന്റെ പ്രസ്ഥാനത്തില്‍ നിന്ന് വേറിട്ട് ഒരു സ്വഭാവം എനിക്കില്ലെന്നായിരുന്നു വാജ്പേയിയുടെ മറുപടി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അജാതശത്രു എന്നു വിശേഷിപ്പിക്കാന്‍ കഴിയുന്ന ഒരേയൊരു രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം.
1964 ല്‍ നടന്ന ജനസംഘം ദേശീയ നിര്‍വാഹകസമിതി യോഗത്തിലാണ് ഞാന്‍ അടല്‍ജിയെ ആദ്യമായി കാണുന്നത്. ജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ഞാനും പി. പരമേശ്വര്‍ജിയുമാണ് കേരളത്തില്‍ നിന്ന് പങ്കെടുത്തത്. അന്ന് സംഘടനാ സെക്രട്ടറിയായിരുന്ന സുന്ദര്‍സിങ് ഭണ്ഡാരി രാജ്യസഭാ എംപി കൂടിയായിരുന്നു. എംപി എന്ന നിലയില്‍ ന്യൂദല്‍ഹിയിലെ ഡോ രാജേന്ദ്രപ്രസാദ് റോഡില്‍ അദ്ദേഹത്തിനു ലഭിച്ച 32-ാം നമ്പര്‍ വസതിയുടെ മുന്‍വശത്തുള്ള തളത്തിലായിരുന്നു യോഗം. ഇന്നത്തെ പോലെയുള്ള സൗകര്യങ്ങളും സംവിധാനങ്ങളുമൊന്നും അന്നുണ്ടായിരുന്നില്ല. നിലത്ത് വലിയ കാര്‍പ്പറ്റ് ഇട്ട് അതിനുമുകളില്‍ തുണിവിരിച്ച് തയ്യാറാക്കിയതായിരുന്നു ഇരിപ്പിടം.
മുന്‍നിരയില്‍ പ്രസിഡന്റിന്റെ വലതുവശത്തായി ദീന്‍ദയാല്‍ജി, തൊട്ടടുത്ത് അടല്‍ജി, പിന്നീട് ഉപരാഷ്ട്രപതിയായ ഭൈരോണ്‍ സിങ് ഷെഖാവത്ത്, കുശഭാവു താക്കറെ, നാനാജി ദേശ്മുഖ്, ജഗന്നാഥ് റാവു ജോഷി എന്നിവരാണ് ഇരുന്നിരുന്നത്. രണ്ടുദിവസത്തെ യോഗത്തിനിടെ ലഘുവായി പരിചയപ്പെട്ടു. തമിഴ്നാട്ടില്‍ നിന്നുള്ള ജന കൃഷ്ണമൂര്‍ത്തി, വാസുദേവ്, രാമസ്വാമി എന്നിവരെയും പരിചയപ്പെട്ടു. കൂടുതല്‍ പരിചയപ്പെട്ടതും അടുത്തതും പിന്നീടാണ്.
1967 ഡിസംബറിലാണ് കേരളത്തില്‍ കോഴിക്കോടുവച്ച് ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്മേളനം നടന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന എന്നെ ആ മഹാസമ്മേളനത്തിന്റെ സ്വാഗതസംഘം അധ്യക്ഷനായി തിരഞ്ഞെടുത്തു. ജനസംഘത്തിന് അന്ന് നാലോ അഞ്ചോ സംസ്ഥാനങ്ങളില്‍ ഭരണമുണ്ടായിരുന്നു. ബീഹാറില്‍ ജനസംഘം ഉള്‍പ്പെടുന്ന മുന്നണിയായിരുന്നു ഭരണത്തിലുണ്ടായിരുന്നത്. പ്രോട്ടോക്കോള്‍ അനുസരിച്ച് മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ കേരളത്തിന്റെ ഔദ്യോഗികാതിഥികളായാണ് എത്തിയത്.
ബല്‍രാജ് മഥോക്ക് ആയിരുന്നു അന്ന് അഖിലേന്ത്യാ അധ്യക്ഷന്‍. കോഴിക്കോട് സമ്മേളനത്തിലാണ് ദീന്‍ദയാല്‍ ഉപാധ്യായയെ അടുത്ത അഖിലേന്ത്യാ അധ്യക്ഷനായി തിരഞ്ഞെടുത്തത്. അടല്‍ജി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന മുന്‍നിര നേതാക്കള്‍ക്ക് താമസമൊരുക്കിയത് അളകാപു
രി ഹോട്ടലിലായിരുന്നു. അന്ന് ആ ഹോട്ടല്‍ ആരംഭിച്ചിട്ട് ആഴ്ചകള്‍ തികഞ്ഞിരുന്നില്ല. അധ്യക്ഷന്‍ നല്‍കിയത് പോലെ അടല്‍ജിക്കും പ്രത്യേക മുറി നല്‍കിയിരുന്നു. മുറിയിലെ കട്ടിലുകള്‍ മാറ്റി നിലത്ത് പായ് വിരിച്ച് ഒരു മുറിയില്‍ നാലും അഞ്ചുംപേര്‍ക്ക് താമസമൊരുക്കി. ആ കൂട്ടത്തില്‍ നിന്നാണ് അടല്‍ജിക്ക് പ്രത്യേക മുറി നല്‍കിയത്. കാരണം അന്നും സംഘടനയ്ക്കുള്ളില്‍ അംഗീകാരമുള്ള കാരണവരുടെ സ്ഥാനമായിരുന്നു അദ്ദേഹത്തിന്. അന്ന് നിര്‍വാഹകസമിതി പ്രമേയങ്ങള്‍ തയ്യാറാക്കി ചര്‍ച്ച ചെയ്തശേഷം സമാപനവേളയില്‍ ഉപസംഹാരപ്രസംഗം നടത്താന്‍ മികച്ച വാഗ്മിയായി സമ്മേളനത്തിലുടനീളം തിളങ്ങിയ അടല്‍ജിയോട് ദീന്‍ദയാല്‍ജി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഉപസംഹാര പ്രസംഗത്തിനുള്ള അവകാശം അധ്യക്ഷനാണെന്ന് ചൂണ്ടിക്കാട്ടി അടല്‍ജി ഒഴിഞ്ഞുമാറി.
അടല്‍ജി ഒരു ബഹുമുഖവ്യക്തിത്വമായിരുന്നു. ഭാരതീയ ജനതാപാര്‍ട്ടിയുടെ ഏറ്റവും ബഹുജന അംഗീകാരം നേടിയ നേതാവ് വാജ്പേയി ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അരനൂറ്റാണ്ടായി അദ്ദേഹത്തെ അടുത്തറിയാനുള്ള ഭാഗ്യം എനിക്കുണ്ടായി. കേരളത്തിനോട് അദ്ദേഹത്തിന് ഒരു പ്രതേ്യക മമതയും താല്പര്യവുമുണ്ടായിരുന്നു. കേരളത്തിലെ പാര്‍ട്ടിയുടെയും സംഘത്തിന്റെയും പ്രവര്‍ത്തനങ്ങളെപ്പറ്റി പലകുറി പ്രകീര്‍ത്തിച്ചു സംസാരിച്ചിട്ടുണ്ട്. കേരളത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തനം തികച്ചും പ്രതികൂലമായ സാഹചര്യങ്ങളിലാണ് നടന്നു പോരുന്നത്. ഒരു സ്ഥാനമാനങ്ങളും ലഭിക്കില്ല എന്ന സാഹചര്യത്തിലും ആദര്‍ശനത്തിനുവേണ്ടി അടരാടുന്ന പ്രവര്‍ത്തകരുടെ മനോഭാവത്തെ അദ്ദേഹം മാതൃകയായി ഉയര്‍ത്തിക്കാണിക്കുമായിരുന്നു. കേരളത്തിലെ പ്രവര്‍ത്തകരെ മാതൃകയാക്കണമെന്ന് അദ്ദേഹം മറ്റുസംസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് ചൂണ്ടിക്കാട്ടി. ആ ഉദ്ദേശ്യലക്ഷ്യം മാതൃകയാക്കേണ്ടതാണെന്ന് അടല്‍ജി സദാ പറഞ്ഞിരുന്നു.
എന്റെ ഓര്‍മ്മയിലെ അടല്‍ജിയുടെ ആദ്യ കേരള സന്ദര്‍ശനം പാഞ്ചജന്യ വാരികയുടെ പത്രാധിപരെന്ന നിലയ്ക്കാണ്. കോഴിക്കോട് കേസരിവാരികയുടെ ഓഫീസും പത്രാധിപര്‍ സാധുശീലന്‍ പരമേശ്വരന്‍പിള്ളയുടെ വാസസ്ഥലവുമായിരുന്ന തളിയിലെ ഒരു ചെറിയ മുറിയിലേക്കായിരുന്നു അത്. പിന്നീട് 1959ല്‍ വിമോചന സമരകാലഘട്ടത്തില്‍ കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം നഗരങ്ങള്‍ സന്ദര്‍ശിച്ചത് പൊതുയോഗങ്ങളില്‍ പങ്കെടുക്കാനായിരുന്നു. കോട്ടയത്തു നടന്ന പൊതുയോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചത് മനോരമയുടെ പത്രാധിപര്‍ കെ.സി. മാമ്മന്‍ മാപ്പിളയായിരുന്നു. ജനസംഘത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെട്ടതോടുകൂടി വാജ്പേയി മിക്ക സംസ്ഥാന സമ്മേളനങ്ങളിലും പങ്കെടുക്കാന്‍ വരുമായിരുന്നു.
ബിജെപിയുടെ രൂപീകരണത്തേ തുടര്‍ന്ന് 1981ല്‍ കൊച്ചിയില്‍ നടന്ന പാര്‍ട്ടിയുടെ ദേശീയ നിര്വാഹകസമിതിദേശീയ കൗണ്‍സില്‍ സമ്മേളനങ്ങളിലും അദ്ദേഹമെത്തി. 1982ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിച്ച യാത്ര അവസ്മരണീയമാണ്. യാത്രയില്‍ മലപ്പുറത്തുണ്ടായ സംഭവം ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ വാഹനവ്യൂഹം വരുന്ന വേളയില്‍ കുറച്ചുപേര്‍ വഴിയില്‍ മാലയുമായി കാത്തുനിന്നിരുന്നു. വാജ്പേയിക്ക് മാലയിടണമെന്നാണവരുടെ ആവശ്യം.
1947ലെ വിഭജനാനന്തരം മലപ്പുറത്തു നിന്ന് ഏതാനും കുടുംബങ്ങള്‍ പാകിസ്ഥാനിലേക്ക് കുടിയേറിയിരുന്നു. എന്നാല്‍, അവിടെ അവരെ ഗണിച്ചത് രണ്ടാംതരം പൗരന്മാരായിട്ടാണ്. അധികം വൈകാതെ പോയ ഭൂരിഭാഗവും, മടങ്ങിവരാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഭാരത സര്‍ക്കാരിനെ സമീപിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അവരുടെ നിവേദനങ്ങള്‍ക്ക് പുല്ലുവില പോലും കല്‍പ്പിച്ചില്ല. മൊറാര്‍ജി മന്ത്രിസഭയില്‍ വാജ്പേയി വിദേശകാര്യമന്ത്രിയായതോടെ ആ നിവേദനങ്ങളെല്ലാം പരിഗണിച്ചു. ജന്മനാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചവര്‍ക്കെല്ലാം വിസ നല്കി. അതോടെ സ്വന്തം മണ്ണില്‍ത്തന്നെ മരിക്കണമെന്ന അവരുടെ ആഗ്രഹം സഫലമായി. അതിന് നന്ദിപറയാന്‍ കാത്തുനിന്നവരുടെ കൂട്ടമായിരുന്നു അത്. അവരെല്ലാവരും വാജ്പേയിയെ നേരില്‍ കണ്ട് സന്തോഷം പങ്കുവച്ചു.
അന്ന് മലപ്പുറം മുന്‍സിപ്പാലിറ്റിയുടെ ചെയര്മാന് പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു. മലപ്പുറത്തെ ജനങ്ങള്‍ അടല്‍ജിക്ക് സ്വീകരണം സംഘടിപ്പിച്ചു. വളരെ സൗഹൃദപൂര്‍വം എല്ലാ വിഭാഗങ്ങളുമായി അദ്ദേഹം ഇടപഴകി. എല്ലാവര്ക്കും അദ്ദേഹം പ്രിയങ്കരനായി. തളിക്ഷേത്രനിര്‍മ്മാണത്തിനുവേണ്ടി പോരാടിയിരുന്ന കേരളഗാന്ധി കെ. കേളപ്പനുമായി അങ്ങാടിപ്പുറത്തുവച്ചു ചര്‍ച്ചകള്‍ നടത്തുകയുമുണ്ടായി.
പ്രധാനമന്ത്രിയായിരുന്നകാലത്ത് 1998ല്‍ ഉണ്ടായ അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനം പ്രതേ്യകം എടുത്തു പറയേണ്ടതാണ്. പൊഖ്റാനില്‍ അണുസ്ഫോടനം നടത്തി ഭാരതത്തെ ആണവശക്തിയാക്കി മാറ്റിക്കഴിഞ്ഞതിനുശേഷം ആദ്യമായി നടത്തിയ പൊതുപരിപാടി കേരളത്തിലായിരുന്നു. സദ്ഗുരു മാതാ അമൃതാനന്ദമയി ദേവിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ച് എറണാകുളത്തെ അമ്മയുടെ ആശുപത്രി ഉദ്ഘാടനം ചെയ്യാനും ഇന്ന് ‘കുടുംബശ്രീ’ എന്നു പരക്കെ അറിയപ്പെടുന്ന, സ്ത്രീകളില്‍ സ്വാശ്രയശീലം വളര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയുടെ ദേശീയതലത്തിലുള്ള ഉല്‍ഘാടനം നടത്താനുമാണ് വന്നത്. കേരള മുഖ്യമന്ത്രി നായനാരുടെ ആവശ്യപ്രകാരം മലപ്പുറം ജില്ലയിലായിരുന്നു കുടുംബശ്രീ ഉദ്ഘാടനം.
പൊവപ്പെട്ടവരോട് ഏറ്റവും കാരുണ്യം കാണിച്ച രാഷ്ട്രീയനേതാവായിരുന്നു അദ്ദേഹം. എല്ലാ അര്‍ഥത്തിലും സമ്പൂര്ണവ്യക്തിത്വമായിരുന്നു അടല്ജിയുടെത്. അദ്ദേഹത്തിന് പകരമാകാന്‍ മറ്റൊരാള്‍ക്കുമാകില്ല. രാഷ്ട്രീയത്തിലെ സത്യസന്ധതയും ആത്മാര്‍ത്ഥതയും രാജ്യസ്നേഹവുമെല്ലാം അടല്‍ജിയില്‍ നിന്നുവേണം വരും തലമുറ പഠിക്കാന്‍; അടല്‍ബിഹാരി വാജ്പേയി എന്ന വലിയ പാഠപുസ്തകത്തില്‍ നിന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: