എളിമയുടെ ആഴം തിരഞ്ഞുപോയൊരു ജന്മമാണ് ക്രിസ്തുവിന്റേത്. സഹനം ആ ജീവിതത്തിന്റെ അലങ്കാരമായി. ദൈവപുത്രന്റെ മനുഷ്യാവതാരത്തിനുപോലും ഒളിവില്‍ ഓടി നടക്കേണ്ടി വന്നു. പ്രവാചകന് സ്വന്തം നാട്ടില്‍ അന്യനാകുമെന്നു പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകള്‍ സ്വന്തം ജന്മത്താല് തന്നെ നിറവേറി. ഹെറോദേസിന്റെ വാളില്‍നിന്നും രക്ഷപെടാന്‍ നിറവയറോടെ അമ്മ ഓടിനടന്നപ്പോള്‍ പിറവികൊണ്ട പുത്രന് പ്രവാസിയായി. മനസില്‍ നക്ഷത്രം തെളിയുകയും ആത്മാവില്‍ ഉണ്ണിപിറക്കുകയും ചെയ്യുന്ന ക്രിസ്തുമസ് സന്തോഷത്തിന്റെ ആരവമാകുമ്പോഴും നമ്മില്‍ നിന്നും പ്രവാസിയായി കഴിയുകയാണോ ക്രിസ്തുവെന്ന് നെഞ്ചില്‍തൊട്ട് തെരയേണ്ട സന്ദര്‍ഭം കൂടിയാണിത്.
എളിമയുടെ ഉന്നതികാണിച്ച ഒരു മനുഷ്യനെ ആരാധിച്ചുതന്നെ ആഡംബരത്തിന്റെ അത്യാര്‍ത്തിയില്‍ മയങ്ങുകയാണോ നമ്മള്. ശത്രുവിനെ സ്നേഹിക്കയെന്ന് ക്രിസ്തു പറഞ്ഞു. നമുക്കു നാം തന്നെ ശത്രുവാകുമ്പോള്‍ ആദ്യം സ്വയം സ്നേഹിക്കാന്‍ പഠിക്കേണ്ടിവരുന്നു. പ്രശ്നമുണ്ടാകുമ്പോള്‍ തത്വജ്ഞാനം ഉണ്ടാകുമെന്നു പറയും പോലെ,നമുക്കു ദുരിത ദുഃഖമുണ്ടാകുമ്പോള്‍ അതിനു കാരണക്കാര്‍ മറ്റുള്ളവരാണെന്ന് നാം കണ്ടെത്തുന്നിടത്താണ് സ്നേഹവും കാരുണ്യവും അനുതാപവുമൊക്കെ തീര്‍ന്നുപോകുന്നത്. യേശു ശാന്തനും ധീരനുമായിരുന്നു. പക്ഷേ പള്ളിയില്‍ കള്ളക്കച്ചവടം നടന്നപ്പോള്‍ അദ്ദേഹം ക്രുദ്ധനായി അവരെ ചാട്ടവാറിന് അടിച്ചോടിച്ചു. ഇന്നും ദേവാലയങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണ്. അതിനെ എതിര്‍ക്കാന്‍ നമുക്കു കഴിയുന്നില്ല. അനീതിയോടും അന്യായത്തോടും എളുപ്പവഴിയില്‍ സമരസപ്പെടുന്നതാണ് നമ്മുടെ ശീലം. അങ്ങനെ ലഭിക്കുന്ന പ്രത്യക്ഷ നേട്ടങ്ങള്‍ക്കാണ് താല്‍പ്പര്യം. മദ്യവും മയക്കുമരുന്നും കൊലയും കൊള്ളയും സ്ത്രീപീഡനങ്ങളും നാട്ടില്‍ സുലഭമാകുന്നു. അപ്പോള്‍ ക്രിസ്തുവിന്റെ വഴി നമുക്കു തെറ്റുന്നു. പകരം വിഷവിചാരത്തിന്റെ അസൂയയും കുശുമ്പും പകയും വെറുപ്പും സ്വന്തമാകുന്നു. ആധുനിക സൗകര്യങ്ങളുടെപേരില് അഹങ്കരിക്കുന്ന മനുഷ്യന് അവനവനെ തിരിച്ചറിയാനാവുന്നില്ല. മറ്റുള്ളവരെ നേരെയാക്കാന്‍ ശ്രമിക്കുമ്പോള്‍ ആത്മപരിശോധന നടത്താന്‍ മറന്നുപോകുന്നു.
എങ്ങനെ മനുഷ്യന് ദൈവമാകാമെന്ന് സ്വന്തം ജീവിതത്തിലൂടെ കാട്ടിത്തരികയായിരുന്നു ക്രിസ്തു. ക്ഷമിക്കുന്ന സ്നേഹവും വലുതാകുന്നതിലെ ചെറുതും അതായിരുന്നു. പക്ഷികളോടും പറവകളോടും അദ്ദേഹം സംസാരിച്ചു. ചെടികളെ പ്രണയിച്ചു. അധ്വാനിക്കുന്നവരോടും ഭാരം ചുമക്കുന്നവരോടും അനുതപിച്ചു. അവരുടെ വിയര്‍പ്പിന്റെ അപ്പത്തെ സ്നേഹിച്ചു. ധര്‍മത്തിന്റെ വഴിയും അതിലൂടെ സഹനത്തിന്റെ കനലും. യേശു ഒരേകാലത്തുതന്നെ ദൈവവും മനുഷ്യനുമായി. ദൈവമായി അത്ഭുതംകാട്ടി. മനുഷ്യനായപ്പോള്‍ എല്ലാവരേയുംപോലെയായി. ജനനവും മരണവും ഒരുപോലെ പീഡനമായി യേശുവിന്. അതിനിടയിലെ ചെറിയ വേളയില്‍ സ്നേഹത്തിന്റെ വലയെറിഞ്ഞു മനുഷ്യനെക്കൂട്ടി വലിയവനായി. സമാധാനത്തിനുവേണ്ടിപ്പോലും യുദ്ധംചെയ്യുന്ന മനുഷ്യന് ശത്രുവില്ലാത്ത രാജ്യത്തെക്കുറിച്ചുപറഞ്ഞ യേശുവിനെ എങ്ങനെ മനസിലാകും. അതിനാലാണ് ക്രിസ്തുവിനു പകരം ബറാബസിനെ ആളുകള്‍ ആഗ്രഹിച്ചത്. കുറ്റവാളിയെ വിട്ടയച്ചു. നിരപരാധിയെ ക്രൂശിച്ചു. ഇന്നും ഇരയ്ക്കു നീതി കിട്ടാതെ വേട്ടക്കാര്‍ സുരക്ഷിതരായി നടക്കുന്ന ജനാധിപത്യ കാലം! പഠിച്ചിട്ടും പഠിക്കാത്ത മര്യാദ.
ക്രിസ്തുമസുമായി ബന്ധപ്പെട്ട പ്രധാന പദങ്ങളില്‍ ഒന്നാണ് ഇടം. പൂര്‍ണ്ണഗര്‍ഭിണിയായ മറിയത്തേയുംകൂട്ടി യൗസേപ്പ് ഒരിടം അന്വേഷിച്ചു നടന്നപ്പോള്‍ സത്രം സൂക്ഷിപ്പുകാരന്പോലും പറഞ്ഞു ഇവിടെ ഇടമില്ലെന്ന്. അങ്ങനെയാണ് ക്രിസ്തുവിനു പിറക്കാന്‍ കാലിത്തൊഴുത്തുകിട്ടിയത്. സ്ഥലം, ഭൂമി എന്നൊക്കെ അര്‍ഥം പറയുമ്പോള്‍ അതിനെക്കാള്‍ വലുതാണ് ഹൃദയത്തിലെ ഇടം. ഇത്തരമൊരിടമാണ് ആ സൂക്ഷിപ്പുകാരന് ഇല്ലാതെപോയത്. സമാധാനത്തിന്റേയും സ്നേഹത്തിന്റേയും ഒരിടം നമ്മള് മനസില്‍ സൂക്ഷിക്കണമെന്ന് ക്രിസ്തുമസ് ഓര്‍മിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: