ശബരിമലയില്‍ പതിനെട്ടാം പടിക്കുതാഴെ ഉത്സവകാലത്ത് നായാട്ടുവിളി നടത്തുക പതിവാണ്. ധര്‍മശാസ്താവിന്റെ വന്ദനം മുതല്‍ പ്രതിഷ്ഠവരെയുള്ള കഥകള്‍ 576 ശീലുകളായിട്ടാണ് നായാട്ടു വിളിക്ക് ഉപയോഗിക്കുന്നത്. അയ്യപ്പന്റെ അപദാനകഥകളാണ് ഇതില്‍ പറയുന്നത്.
ദുഷ്ടശക്തികളെ ആട്ടിപ്പായിക്കുന്നതിനാണ് വനാന്തര്‍ഭാഗത്തുള്ള ശാസ്താക്ഷേത്രങ്ങളില്‍ നായാട്ടുവിളി നടത്തുന്നത്. കേരളത്തിലെ ശാസ്താക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടവ മലകളുടെ മുകളില്‍ കാടുകളില്‍ സ്ഥിതി ചെയ്യുന്നതിനാലാവാം ശാസ്താവിനെ നായാട്ടിന്റെ അധിദേവനായി അംഗീകരിച്ചു കാണുന്നു.
‘ അഴകിനൊരു ഗണപതിയും
വാണിമാരും തുണക്കെനിക്ക്
ചരിചൊടു നിലവയ്യന്റെ കഥകളില്‍
കുറെ ചൊല്‍വാന്‍’
ഇതാണ് നായാട്ടുവിളിയുടെ തുടക്കം. ഓരോ വരിയും പ്രധാനി ചൊല്ലിക്കഴിയുമ്പോള്‍ കൂടെയുള്ളവര്‍ ‘ ഇ…. കു’ എന്ന് നീട്ടി വിളിക്കുകയും ചെയ്യുന്നു.
ശബരിമലയിലും മറ്റ് അയ്യപ്പക്ഷേത്രങ്ങളിലും നായാട്ടു വിളിക്കാനുള്ള സുകൃതം പെരുനാട് പുന്നമൂട്ടില്‍ പെരുമാള്‍ പിള്ളയുടെ കുടുംബത്തിന് അവകാശപ്പെട്ടതാണ്. പുന്നമൂട്ടില്‍ കുടുംബത്തിന് പന്തളം രാജാവ് കല്‍പ്പിച്ചു നല്‍കിയതാണ് ഈ അവകാശം. പാണ്ടിനാട്ടില്‍ നിന്ന് പന്തളം രാജാവ് കൊണ്ടു വന്നതാണത്രേ ഈ കുടുംബക്കാരെ.
രാജാവിന്റെ മേല്‍നോട്ടത്തില്‍ ശബരിമല ക്ഷേത്രനിര്‍മാണം നടന്നപ്പോള്‍ കണക്കുകള്‍ പരിശോധിക്കാനുള്ള അധികാരം രായസം പിള്ള(കണക്കപ്പിള്ള) മാര്‍ക്കാണ് നല്‍കിയത്. അവര്‍ പുന്നമൂട്ടില്‍ കുടുംബത്തിലെ മുന്‍തലമുറക്കാരായിരുന്നു. മേലേ കോയിക്കല്‍, താഴേ കോയിക്കല്‍, എന്നീ കൊട്ടാരങ്ങളിലാണ് പന്തളത്തു രാജാവ് താമസിച്ചിരുന്നത്. ശബരിമലയില്‍ പ്രതിഷ്ഠ കഴിഞ്ഞു മടങ്ങിയ രാജാവ് ഈ കൊട്ടാരങ്ങള്‍ രായസം പിള്ളമാര്‍ക്ക് കരമൊഴിവാക്കി നല്‍കി. കരം പിരിച്ച് പന്തളത്ത് ഏല്‍പ്പിക്കാനുള്ള ചുമതലയും ഒപ്പം നായാട്ടു വിളിക്കാനുള്ള അവകാശവും കല്‍പിച്ചു കൊടുത്തു. വേലുപിള്ളയായിരുന്നു ഈ കര്‍മം അനുഷ്ഠിച്ചിരുന്നത്. തുടര്‍ന്ന് ശബരിമലയിലെ പുനഃപ്രതിഷ്ഠ മുതലാണ് പെരുമാള്‍ പിള്ള സ്ഥാനമേറ്റത്. ഇപ്പോള്‍ പെരുമാള്‍ പിള്ളയുടെ മക്കളാണ് ഈ കര്‍മം അനുഷ്ഠിക്കുന്നത്.
ശബരിമല കഴിഞ്ഞാല്‍ നായാട്ടു വിളിക്കുന്നത് പെരുനാട് കക്കാട്ടു കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തിലും കുംഭത്തിലെ ഉത്രത്തിന് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലും കുംഭത്തിലെ ഉത്രത്തിന് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലും മീനത്തിലെ പൂയത്തിലും പന്തളം പുലിക്കുന്ന് ക്ഷേത്രത്തിലും മാത്രമാണുള്ളത്.
9447261963
പ്രതികരിക്കാൻ ഇവിടെ എഴുതുക