അമ്മയുടെ ആഗ്രഹപൂര്‍ത്തികരണത്തിനായി മകന് അമ്മയേയും കൂട്ടി ബൈക്കില്‍ ഭാരതപര്യടനം നടത്തി. പര്യടനം പൂര്‍ത്തിയാക്കി രണ്ടു മാസത്തിനുശേഷം ഇരുവരും വിജയകരമായി മടങ്ങിയെത്തി. ഭാരതം കൂടാതെ നേപ്പാളും ഭൂട്ടാനുമുള്പ്പെടെ പതിനെഴായിരത്തി അഞ്ഞുറു കിലോമീറ്ററാണ് ഇരുപത്തിമൂന്നുകാരനായ മകനോടൊപ്പം നാല്പത്തി ഒമ്പതുകാരി ഭാരതം ചുറ്റിയത്. ഒരുപക്ഷേ ബൈക്കില്‍ ഭാരതപര്യടനം നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ അമ്മയും മകനുമായിരിക്കും ഇവര്‍. അന്പത്തിയെട്ടു ദിവസത്തെ യാത്രയ്ക്കുശേഷം നാട്ടിലെത്തിയപ്പോള്‍ ഇവരെ കാത്തിരുന്നത് വന്‍ സ്വീകരണം.
കായംകുളം പുതിയിടം വൃന്ദാവനത്തില്‍ പവന് ഹാന്‍സ് ഹെലികോപ്ടര്‍ സര്‍വീസിലെ എന്‍ജിനീയറായ മഹേഷിന്റെ ഭാര്യ വൃന്ദ, ഇളയമകന് ശബരീശന് എന്നിവരാണ് സാഹസിക യാത്രയ്ക്ക് തയ്യാറായത്.
സപ്തംബര്‍ ഒന്നിന്റെ ചിത്രം
സപ്തംബര്‍ ഒന്നിനു പുലര്‍ച്ചെ അഞ്ചു മണി കഴിഞ്ഞതോടെ വൃന്ദാവനം വീടിന്റെ ഗേറ്റിനു മുന്പില് പത്തുപതിനഞ്ച് അയല്‍വാസികള്‍ കൂടിനില്ക്കുന്നു. അവര്‍ പരസ്പരം അടക്കം പറഞ്ഞു ചിരിക്കുന്നു. മറ്റു ചിലര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നു. ‘മകന്റെ താളത്തിനൊപ്പം തുള്ളുന്ന അമ്മയെ പറഞ്ഞാല്‍ മതിയല്ലോ’ എന്നു ചിലര്‍ പറഞ്ഞപ്പോള്‍, ഭാര്യയെയും മകനെയും അവരുടെ ഇഷ്ടത്തിനു വിടുന്ന ഭര്‍ത്താവിന്റെ ധൈര്യത്തെ കുറിച്ചായിരുന്നു മറ്റു ചിലര്‍ സംസാരിച്ചത്. കന്യാകുമാരിവരെ പോയി മടങ്ങുമെന്നു ചിലര്‍. വെറെ ചിലര്‍ മൂക്കത്തു വിരല്‍വച്ചു. എന്തായാലും രണ്ടുമാസത്തെ സാഹസിക യാത്രയ്ക്കുശേഷം ഒക്ടോബര്‍ 28നു മടങ്ങിയെത്തിയവരെ സ്വീകരിക്കാന്‍ ഇവരെല്ലാം മുന്‍പന്തിയിലുണ്ടായിരുന്നതു ഗ്രാമമനസ്സിന്റെ നന്മ.
കന്യാകുമാരി, പോണ്ടിച്ചേരി, ചെന്നൈ, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര വഴി ഗുജറാത്ത്, രാജസ്ഥാന്, ജയ്പ്പൂര്‍, ആഗ്ര, ദല്‍ഹി, ഹിമാചല്‍ പ്രദേശ്, ചിറ്റ്ഗല് (ഭാരതത്തിന്റെ അവസാന വില്ലേജ്), മണാലി, ലഡാക്, ശ്രീനഗര്‍, ജമ്മു, പഞ്ചാബ്, വാഗാബോര്‍ഡര്‍, സുവര്‍ണക്ഷേത്രം, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് വഴി നേപ്പാളില്‍ എത്തി. അവിടെ അഞ്ചുദിവസം യാത്ര ചെയ്തു.
പിന്നീട് പശ്ചിമ ബംഗാള്‍ വഴി സിക്കിമിലൂടെ ഭൂട്ടാനിലെത്തി. ബിഹാര്‍, ഝാര്‍ഖണ്ഡ്, കൊല്‍ക്കത്ത, ഒഡീഷ, പുരി, ഭുവനേശ്വര്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, നാഗ്പൂര്‍, ഹൈദരാബാദ്, ഹമ്പി, ഹൂബ്ലി, ഗോവ, മുരുഡേശ്, ഷിമോഗ, ബെംഗളൂരു, വയനാട്, കോഴിക്കോട് വഴി മടങ്ങിയെത്തി.
തമാശ പിന്നീട് കാര്യമായി മകന് ശബരീശന്റെ യാത്രാ വിവരണത്തിനിടെ വൃന്ദ ഏപ്പോഴോ തമാശയ്ക്കു പറഞ്ഞതാണ് ഭാരതപര്യടനം നടത്തിയാല്‍ നിന്റെ ഒപ്പം ഞാനും വരാമെന്ന്. പക്ഷേ അതു യാഥാര്‍ത്ഥ്യമാകുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ മകന് ശബരീശന് യാത്രാപ്രിയനാണ്. ഇടയ്ക്കിടയ്ക്കു ചെന്നൈ, ബംഗളൂരു തുടങ്ങി പലസ്ഥലത്തും ബൈക്കില്‍ യാത്ര പോകാറുണ്ട്. യാത്രയ്ക്കുശേഷം വിശേഷം പറയുമ്പോള്‍ അന്യസംസ്ഥാനങ്ങളുടെ സംസ്കാരവും ഭക്ഷണരീതികളും എല്ലാം ചര്‍ച്ചയാകാറുണ്ട്. യാത്രയെക്കുറിച്ച് ആവേശത്തോടെ പറയുന്ന കാര്യങ്ങളാണു തന്നില്‍ യാത്രാപ്രേമം അങ്കുരിപ്പിച്ചതെന്ന് വൃന്ദ.
യാത്രാനുമതിക്ക് ആറുമാസം
ഒരിക്കല്‍ ശബരി നമുക്ക് ഭാരതം മുഴുവന്‍ ഒന്നു കറങ്ങിയാലോ എന്നു ചോദിച്ചപ്പോള്‍, പിന്നെന്താ നമുക്ക് പൊക്കളയാമെന്നു വൃന്ദ പറഞ്ഞു. അവന് അതു ഗൗരവത്തില്‍ എടുത്തു. സ്ഥലങ്ങളെക്കുറിച്ച് ഗൂഗിളില്‍ പരതി ഓരോരോ വിവരങ്ങള്‍ തന്നോടു പറയാന്‍ തുടങ്ങി. അവസാനം ഞാന്‍ സമ്മതം മൂളി. സമ്മതം മൂളിക്കഴിഞ്ഞപ്പോഴാണു അതിന്റെ ഗൗരവം തനിക്കു ബോധ്യപ്പെട്ടതെന്നു വൃന്ദ പറഞ്ഞു.
രണ്ടുമാസം വീട്ടില്‍നിന്നു മാറി നില്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ഭര്‍ത്താവിന്റേയും മകന്റെയും കാര്യങ്ങള്‍ അവതാളത്തിലാകും. കൂടാതെ താന്‍ നടത്തുന്ന സ്ലിം ആന്റ് ഫിറ്റ് ലേഡിസ് ഫിറ്റ്നസ് സെന്ററിന്റെ കാര്യങ്ങളും അവതാളത്തിലാകും. മനസ്സ് വല്ലാതെ കലുഷിതമായ നിമിഷമായിരുന്നു. തീരുമാനമെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥ. ഇതിനെല്ലാം പരിഹാരമുണ്ടാക്കിയാലും ഭര്‍ത്താവിന്റെയും മൂത്ത മകന്റെയും, ബന്ധുക്കളുടെയും യാത്രാനുമതി ലഭിക്കണം. അവര്‍ അനുമതി നല്‍കില്ലെന്ന് ശബരീശനോട് പറഞ്ഞെങ്കിലും അവന് യാത്രയ്ക്ക് പോകണമെന്ന നിലപാടില്‍ ഉറച്ചുനിന്നു.
അനുമതിക്കായുള്ള ശ്രമം
ആറുമാസത്തെ നിരന്തര പ്രയത്നത്തിനൊടുവിലാണ് യാത്രാനുമതി ലഭിച്ചത്. മകനും ഞാനുംകൂടി അനുമതിക്കായി നാടകം കളിച്ചു. എല്ലാ ദിവസവും അത്താഴം കഴിക്കുമ്പോള്‍ യാത്രയെക്കുറിച്ച് ശബരി സംസാരിക്കണം. എന്നും ഞാന്‍ വരാമെന്ന് പറയും. ഈ നാടകം കളി ആറുമാസം തുടര്‍ന്നു. ഒരിക്കല്‍ ഭര്‍ത്താവ് ചോദിച്ചു എന്താ നിങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നതല്ലാതെ പോകുന്നില്ലല്ലോ? വെറുതെ സംസാരിക്കാതെ രണ്ടുപേരും കൂടി പോയിട്ടുവരൂ.
”രാത്രി കിടക്കാന്‍ നേരം ഭര്‍ത്താവിനോട് ഞാന്‍ ചോദിച്ചു. നിങ്ങള്‍ ശരിക്കും പറഞ്ഞതാണോ? അപ്പോള്‍ ഭര്‍ത്താവ് പറഞ്ഞു, അല്ല. അവന് എത്ര നാളായി ഇത് പറയുന്നു, ഇയാള്‍ വരാമെന്നും പറയുന്നു. ഒന്നും നടക്കുന്നില്ല. അതുകൊണ്ട് പറഞ്ഞതാ. ഞാന്‍ അവന്റെ കൂടെ പോകാന്‍ ചേട്ടന് അനുവദിക്കുമോ?. തീര്‍ച്ചയായും. നിനക്ക് ഇത്രയും ദൂരം പോകാന്‍ ധൈര്യമുണ്ടെങ്കില്‍ പോകാം. ഉത്തരംകേട്ട ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല.” അങ്ങനെയാണ് ഇളയ മകന് ശബരീശ് അമ്മയോടൊപ്പം പോകുമ്പോള്‍ മൂത്തമകന് വിഘ്നേശ് അച്ഛന് കൂട്ടിരിക്കട്ടേയെന്ന് തീരുമാനിച്ചത്.
യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍
വിവരം മകനെ അറിയിച്ചതോടെ പോകാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. തന്റെ ബജാജ് ഡോമിനര്‍ ബൈക്കില്‍ തന്നെ പോകാന്‍ തീരുമാനിച്ചു. അതിന് വേണ്ടി ബൈക്കില്‍ ചില പരിഷ്ക്കാരങ്ങള്‍ വരുത്തണം. ഇതിനായി ഷോറൂമില്‍ നല്കി. സീറ്റില്‍ എയര്‍ കുഷ്യന് ഘടിപ്പിച്ചു. പ്രത്യേക ക്ലച്ചും മറ്റ് പരിഷ്ക്കാരങ്ങളും വരുത്തി. ഇനി അമ്മയുടെയും ബന്ധുക്കളുടെയും അനുമതി വാങ്ങണം. അതാണ് ബുദ്ധിമുട്ടുള്ള കാര്യം. പ്രതീക്ഷിച്ചതുപോലെ അമ്മ ശാന്തകുമാരി യാത്രയെ എതിര്‍ത്തു. മകന് പറയുന്നതിനനുസരിച്ച് തുള്ളാന്‍ നില്‍ക്കരുതെന്ന് അമ്മ പറഞ്ഞു. തങ്ങളുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അവസാനം മനസ്സില്ലാമനസ്സോടെ എഴുപത്തിയെട്ടുകാരിയായ അമ്മ സമ്മതം മൂളി. അമ്മയുടെ പിണക്കം ഇന്നും മാറിയിട്ടില്ല. ഞങ്ങള്‍ മടങ്ങിയെത്തുന്നതുവരെ അമ്മയുടെ മനസ്സില്‍ തീയായിരുന്നു. അമ്മയുടെ വിഷമം നേരിട്ട് കണ്ട എന്റെ ഭര്‍ത്താവ് ആകെ ധര്‍മസങ്കടത്തിലായി. യാത്രക്കിടയില്‍ വീട്ടിലേക്ക് പത്ത് ദിവസം വിളിക്കാന്‍ പറ്റിയില്ല. മോബൈല്‍ ഫോണിന് റേഞ്ച് കിട്ടാത്തതായിരുന്നു കാരണം. ഇതോടെ വീട്ടിലെ അവസ്ഥ പറഞ്ഞറിയിക്കാന്‍ പറ്റില്ലെന്ന് മഹേഷ് പറഞ്ഞതും വൃന്ദ ഓര്‍ക്കുന്നു.
യാത്രാവിവരം പറഞ്ഞത് തലേന്ന്
ബന്ധുക്കളോടും അയല്പക്കക്കാരോടും യാത്രാവിവരം പറഞ്ഞത് പോകുന്നതിന് മണിക്കൂറുകള്‍ മുമ്പ്. നേരത്തേ പറഞ്ഞാല്‍ പലരുടെയും സ്നേഹ നിര്‍ബന്ധത്തിന് വഴങ്ങി യാത്ര മാറ്റിവയ്ക്കേണ്ടി വരുമോ എന്ന് ഭയന്നു. അതിനാലാണ് തങ്ങള്‍ അങ്ങനെ ഒരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. യാത്രയുടെ തലേദിവസമായ ആഗസ്റ്റ് 31ന് രാത്രി എട്ട് മണിക്ക് ശേഷമാണ് യാത്രാവിവരം ബന്ധുക്കളോടും അയല്‍ക്കാരോടും പറഞ്ഞത്. ”കുറച്ച് ദിവസത്തേക്ക് ഞാനും ശബരിയും ഒരു യാത്ര പോകുകയാണ്, പ്രാര്‍ത്ഥന വേണം.” എവിടേക്ക് എന്ന ചോദ്യത്തിന് ഭാരതം ചുറ്റാനാണ് ഉദ്ദേശ്യമെന്ന് പറഞ്ഞു. ചിലര്‍ അന്തംവിട്ടു. ചിലര്‍ സംശയം ഒളിച്ചുവെച്ചില്ല. മറ്റ് ചിലര്‍ ഒരു കള്ളചിരിയില്‍ പറയാതെ പറഞ്ഞു. എന്നാല്‍ അമ്മയും, മകനും ആത്മവിശ്വാസത്തിന്റെ ചിരി മടക്കി നല്കി മടങ്ങി.
ദിവസം അഞ്ഞൂറ് കിലോമീറ്റര്‍
യാത്രയോട് പൊരുത്തപ്പെടാന്‍ രണ്ട് ദിവസം വേണ്ടിവന്നു. ആദ്യത്തെ രണ്ട് ദിവസം മനസ്സിന് ചെറിയ പിരിമുറുക്കം ഉണ്ടായിരുന്നെങ്കിലും പിന്നീട് അതെല്ലാം മാറി. ഓരോ ദിവസം കഴിയുംതോറും യാത്ര ആവേശമായി. രാവിലെ ആറിന് തുടങ്ങുന്ന യാത്ര രാത്രി വളരെ വൈകിയാണ് പലപ്പോഴും അവസാനിച്ചിരുന്നത്. വിശ്രമം ഇല്ലാത്ത യാത്രയായിരുന്നു. ശബരി പോകുന്ന വഴിയിലെ നല്ല ഹോട്ടലുകള്‍ ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്തു. താന്‍ എല്ലാ ദിവസവും വ്യായാമം ചെയ്തതിനാല്‍ നടുവേദനയോ, മറ്റ് ശാരീരികാസ്വാസ്ഥ്യങ്ങളോ ബുദ്ധിമുട്ടിച്ചില്ല. ചെല്ലുന്നിടത്തെ ഭക്ഷണമാണ് തങ്ങള്‍ കഴിച്ചത്. ഓരോ സംസ്ഥാനത്തിന്റെയും ഭക്ഷണവും വ്യത്യസ്തമാണ്. അതിന്റെ രുചി അറിയണം. അതിനാല്‍ മലയാളി ഭക്ഷണം തേടിപ്പോയില്ല. ബിഹാറില്‍ മാത്രമാണ് ആഹാരത്തിന് ബുദ്ധിമുട്ടുണ്ടായത്. അവരുടെ ഭക്ഷണം കഴിക്കാന്‍ മലയാളികള്‍ക്ക് വലിയ പാടാണ്.
സ്ത്രീകളോടുള്ള ബഹുമാനം
പറഞ്ഞു കേട്ടതിലും മനോഹരമാണ് നമ്മുടെ നാട്. ഓരോ സംസ്ഥാനങ്ങളിലേക്കു കടക്കുമ്പോഴും അതാണു മനോഹരമെന്ന് തോന്നും. നാനാത്വത്തിലെ ഏകത്വം എവിടെയും കാണാന്‍ കഴിയും. ഭാഷയും സംസ്കാരവും വ്യത്യസ്തങ്ങളെങ്കിലും സ്ത്രീകളോടുള്ള അവരുടെ ബഹുമാനം വളരെ വലുതാണ്. യാത്രയിലുടനീളം അതിന്റെ പ്രയോജനവും പരിഗണനയും തങ്ങള്‍ക്ക് ലഭിച്ചു. അമ്മയും മകനുമാണെന്ന് അറിയുന്നതോടെ വല്ലാത്തോരു ബഹുമാനമായിരുന്നു അവരില്‍. എവിടെ ചെന്നാലും എഴുന്നേറ്റുനിന്ന് സ്ത്രീകളെ ആദരിക്കുന്നവരെയാണ് കണ്ടത്. ഭാരത പര്യടനത്തിനിറങ്ങിയതാണെന്നു പറഞ്ഞപ്പോള്‍ അവര്‍ക്ക് തങ്ങളോടുള്ള ബഹുമാനം വര്‍ധിച്ചു. പലരും ഞങ്ങളുടെ ഫോണ്‍ നമ്പര്‍ വാങ്ങി. എല്ലാ ദിവസവും ക്ഷേമങ്ങള്‍ അന്വേഷിച്ചു. എവിടെ വരെ എത്തി, യാത്രയ്ക്ക് ബുദ്ധിമുട്ടൊന്നുമില്ലല്ലോ? വീട്ടില്‍ എത്തുന്നവരെ എല്ലാ ദിവസവും ഇത് തുടര്‍ന്നു. ഒരു പരിചയവും ഇല്ലാത്തവര്‍ സുരക്ഷയെക്കുറിച്ചുള്ള അവരുടെ കരുതല്‍ സഹോദര സ്നേഹത്തിന്റെ തെളിവായി. നന്മയുള്ള മനുഷ്യരെയാണ് എവിടെയും കണ്ടത്.
ഭയമുളവാക്കിയ നിമിഷങ്ങള്‍
ഛത്തീസ്ഗഡിലെ കാട്ടിലൂടെയുള്ള യാത്ര ഭയമുളവാക്കുന്നതായിരുന്നു. ഘോരവനത്തിലൂടെ, സൂര്യപ്രകാശം അരിച്ചിറങ്ങാത്ത വനാന്തരം ആരെയും മോഹിപ്പിക്കുന്നതും അതുപോലെതന്നെ ഭയപ്പെടുത്തുന്നതുമാണ്. തനിക്ക് മകനും അവനും ഞാനും തുണയെന്ന അവസ്ഥ. അതുവരെ കാടിന്റെ ശബ്ദത്തെ അസ്വദിച്ചിരുന്ന ഞങ്ങളില്‍ ഭയം വല്ലാതെ വര്‍ദ്ധിച്ചു. എവിടെയും കൂരിരുട്ട്, ബൈക്കിന്റെ ഹെഡ്ലൈറ്റിന്റെ പ്രകാശത്തിലൂടെ മുന്നോട്ട്. ആ ഒരു മണിക്കൂര്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. വനത്തിന്റെ ഇടുങ്ങിയ വഴികളും കുഴികളും ശബ്ദങ്ങളും മനസ്സില്‍ ഇന്നും മായാതെ നില്ക്കുന്നു. എന്നാല്‍ ഹിമാലയന്‍ കാടുകളുടെ മാസ്മരികത പറഞ്ഞറിയിക്കാന്‍ പറ്റില്ല. അത്ര മനോഹരമാണ്. വീണ്ടും വീണ്ടും നമ്മളെ അങ്ങോട്ട് ആകര്‍ഷിക്കുന്നു. അത് വല്ലാത്തൊരു അനുഭവമാണ്. പറഞ്ഞറിയിക്കാന്‍ പറ്റില്ല. അവിടെ പോയി നേരിട്ട് അനുഭവിക്കണം. മനുഷ്യ ജന്മത്തില് ഒരിക്കലെങ്കിലും അവിടെ പോകണം.
റോത്താന്ഗ്പാസ്സിന്റെ മുകളിലെത്തിയപ്പോള്‍ അമ്മ ഒന്ന് ഭയന്നെന്ന് മകന് ശബരി പറയുന്നു. അവിടെ എത്തിയപ്പോള്‍ ഓക്സിജന്‍ കിട്ടാതെ വന്നു. തുടര്‍ന്ന് അമ്മയ്ക്ക് ക്ഷീണമുണ്ടയി. പതിമൂവായിരം അടി ഉയരത്തിലാണ്. 17,590 അടി ഉയരമുള്ള ലേ ലഡാക്കിലെ കര്ത്തുഗല പാസില്‍ വരെ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം ഉണ്ട്. മലയുടെ മുകളിലൂടെയുള്ള യാത്രയ്ക്ക് നാല് ദിവസം വേണ്ടി വന്നു. ഘാസയില്നിന്ന് റൊത്താന്ഗപാസ് വരെ 120 കി.മീ യാത്രയ്ക്ക് പത്ത് മണിക്കൂര്‍ വേണ്ടി വന്നു.
റോഡ് സുരക്ഷയുടെ ഭൂട്ടാന് മാതൃക
റോഡ് സുരക്ഷയുടെ കാര്യത്തില്‍ ചെറുരാജ്യമായ ഭൂട്ടാനെ നമുക്ക് മാതൃകയാക്കാം. അവിടെ ബൈക്കില്‍ ഒട്ടും ലഗേജ് അനുവദിക്കില്ല. പിന്നെ ഞങ്ങളുടെ വണ്ടിക്ക് എസ്കോര്‍ട്ട് കാര്‍ വേണ്ടിവന്നു. അവിടെ അതാണ് നിയമം. ലഗേജ് മുഴുവന്‍ പൈലറ്റ് കാറില്‍ കയറ്റി. തങ്ങള്‍ ബൈക്കില്‍ പിന്നാലെയാണ് യാത്ര തുടര്‍ന്നത്. നാലായിരം രൂപയാണ് ദിവസേന കൂടുതലായി ചെലവായത്. ടൗണില്‍ ഓവര്‍ടേക്ക് പാടില്ല. ഹോണ്‍ പാടില്ല. നിയമം തെറ്റിച്ചാല്‍ കടുത്ത പിഴയാണ്. ടൗണില്‍ ഒരിടത്തും ആരും നിയമം ലംഘിച്ചതായി കാണാന്‍ കഴിഞ്ഞില്ല.
ഹമ്പിയില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച ഒരു നീറ്റലായി മനസ്സില്‍ അവശേഷിക്കുന്നതായി വൃന്ദ പറഞ്ഞു. വിജയനഗര സാമ്രാജ്യത്തിന്റെ അധഃപതനം ആരുടെയും കരളലിയിക്കുന്നതാണ്. യുദ്ധത്തില്‍ സാമ്രാജ്യത്തിന്റെ എണ്‍പത് ശതമാനവും തകര്‍ന്ന് കിടക്കുന്നതിന്റെ അവശിഷ്ടം ഇന്നും അതുപോലെ അവശേഷിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ തച്ചുശാസ്ത്രം ലോകത്തിന് തന്നെ അത്ഭുതമായി നില്‍ക്കുന്നത് നേരില്‍ കണ്ടപ്പോള്‍ അത്ഭുതവും, അഭിമാനവും തോന്നി.
സൈന്യത്തോട് ബഹുമാനവും അഭിമാനവും
കശ്മീര്‍ യാത്രയ്ക്കിടയിലാണ് നമ്മുടെ സൈന്യത്തിനോടുള്ള ബഹുമാനവും, ഭാരതീയനായതിലുള്ള അഭിമാനവും ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത്. 370-ാം വകുപ്പ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് തങ്ങള്‍ കശ്മീരില്‍ എത്തിയത്. കടകള്‍ എല്ലാം അടഞ്ഞുകിടന്നു. എന്നാല്‍ ഇവിടെ നമ്മള് വായിക്കുന്നതും കേള്‍ക്കുന്നതും പോലെയല്ല അവിടുത്തെ സ്ഥിതി. അവിടെ ജനങ്ങളില്‍ ഭയപ്പാടുകളൊന്നും കണ്ടില്ല. കടകള്‍ അടഞ്ഞുകിടന്നതിന്റെ ബുദ്ധിമുട്ടുകള്‍ മാത്രമാണ് പൊതുവെ ജനങ്ങള്‍ പറഞ്ഞത്. പ്രധാന വരുമാന മാര്‍ഗമായ ടൂറിസത്തെ ബാധിക്കുമോ എന്ന സംശയമായിരുന്നു ഭൂരിഭാഗം പേര്‍ക്കും. സൈന്യം ഞങ്ങള്‍ക്ക് നല്കിയ പിന്തുണയും സഹായവും ഒരിക്കലും മറക്കാന്‍ കഴിയില്ല.
യാത്ര പഠിപ്പിച്ച പാഠം
”അന്‍പത്തി എട്ട് ദിവസത്തെ യാത്രയിലുടനീളം തങ്ങള്‍ക്ക് മോശമായ ഒരു അനുഭവവും ഉണ്ടായില്ലെന്ന് പറയുമ്പോള്‍ നമ്മുടെ രാജ്യത്തെക്കുറിച്ച് അഭിമാനം തോന്നുന്നു. എല്ലായിടത്തും നല്ല അനുഭവം മാത്രമാണ് ഞങ്ങള്‍ക്കുണ്ടായത്. ബെംഗളൂരുവില്‍ എത്തിയപ്പോള്‍ മലയാളി റൈഡേഴ്സ് ക്ലബിന്റെ സ്വീകരണം നവ്യാനുഭവമായി. ഇനി കിഴക്കന്‍ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യണമെന്ന ആഗ്രഹമുണ്ട്.” യാത്ര പൂര്‍ത്തിയായപ്പോള്‍ രണ്ടുലക്ഷം രൂപ ചെലവായതായി വൃന്ദ പറഞ്ഞു.
വൃന്ദ: രാജ്യത്തിന്റെ മഹത്വം മനസ്സിലാക്കാന്‍ കഴിഞ്ഞു. കൃഷിയെ സ്നേഹിക്കുന്ന കോടിക്കണക്കിന് യുവാക്കള്‍ ഇന്നും ഉണ്ടെന്ന പാഠം.
ശബരീശ്: അമ്മയുമായി യാത്ര ചെയ്തപ്പോള്‍ കൂടുതല്‍ പക്വത കൈവന്നു. ആരെയും മോഹിപ്പിക്കുന്ന കാന്തികവലയം നമ്മുടെ രാജ്യത്തിനുണ്ടെന്ന തിരിച്ചറിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: