Categories: Varadyam

ദേശത്തിന്റെ മറുജന്മം മനുഷ്യരുടെയും

ദേശം അവിടെ ജീവിക്കുന്ന മനുഷ്യരിലൂടെ നിരന്തരം ജനിച്ചുകൊണ്ടിരിക്കുന്നു എന്ന വിവക്ഷയാണ് സേവ്യര്‍ ജെ.യുടെ മറുജന്മം എന്ന നോവല്‍ നല്‍കുന്നത്. മുണ്ടംവേലി, തോപ്പുംപടി, ചിറയ്‌ക്കല്‍, പെരുമ്പടപ്പ്, ഇടക്കൊച്ചി തുടങ്ങി പള്ളുരുത്തിയുമായി ബന്ധപ്പെട്ട പ്രദേശങ്ങളും പുതു തലമുറയ്‌ക്കു അറിയാത്തതും പഴയവര്‍ക്ക് പരിചിതവുമായ അവിടത്തെ ചരിത്ര പശ്ചാത്തലങ്ങളും ഭൂതവര്‍ത്തമാനങ്ങളും അതുമായി ഇഴപാകിയ പള്ളുരുത്തി മൈതാനം, ക്ഷേത്രങ്ങള്‍, പള്ളികള്‍, പാലങ്ങള്‍, കവലകള്‍, സ്‌ക്കൂളുകള്‍, നിരത്തുകള്‍, ഇടവഴികള്‍, തിയറ്ററുകള്‍, പഴയ കമ്പനികള്‍, റേഡിയോ നിലയം തുടങ്ങി ഈ ദേശത്തെ അടയാളപ്പെടുത്തുന്നതെല്ലാം മറുജന്മത്തിലുണ്ട്. കഥാപാത്രങ്ങളുടെ ഇടപഴകലിലും ഓര്‍മകളിലുമൊക്കെയാണ് പള്ളുരുത്തി ദേശം ഇതള്‍വിടരുന്നത്.  എന്നാല്‍ ഇത് പള്ളുരുത്തിയുടെ മാത്രം ചരിത്രമല്ല. ഒരു നോവലായിത്തീരാനുള്ള ചേരുവ എന്നപോലെ എഴുത്തുകാരന്‍ ഭാവനയില്‍ തീര്‍ത്ത സ്ഥലകാലങ്ങളും കഥാപാത്രങ്ങളുമുണ്ട് മറുജന്മത്തില്‍. അങ്ങനെ യാഥാര്‍ഥ്യവും സങ്കല്‍പ്പവും കൂടിക്കുഴഞ്ഞാണ് നോവലിന്റെ ആഖ്യാനഘടന. എന്നാല്‍ എല്ലാ കഥാപാത്രങ്ങളും ഒരുപോലെ ജീവിക്കുന്നവരെന്ന തോന്നലും വായനക്കാരിലുണ്ടാകുന്നു.

ഗീവര്‍ഗീസ് എന്ന പത്രപ്രവര്‍ത്തകന്‍ എഴുതുന്ന നോവലായും തനിക്കുപകരം സൃഷ്ടിച്ചെടുത്ത ശ്രീരാമകൃഷ്ണനും കുടുംബവും പറയുന്ന കഥയായുമായൊക്കെ ആയിത്തീരുന്നതാണ് മറുജന്മം. ബുദ്ധ എന്ന കഥാപാത്രം ആധുനിക മലയാള സാഹിത്യത്തിലെ പ്രധാന നോവലുകളിലെ കഥാപാത്രങ്ങളെ വച്ചുകൊണ്ട് മറ്റൊരു നോവലും ഇതിലെഴുതുന്നുണ്ട്. ആദ്യമധ്യാന്ത കഥയെ നിരാകരിച്ച്് കഥാപാത്രങ്ങളായ വ്യക്തികളുടെ ചില ജീവിത സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുകയാണ് നോവല്‍. ജീവിച്ചിരിക്കുന്നവരുടെ ഭാവി നിര്‍ണയിക്കാനാവാത്തതുകൊണ്ട് അവരുടെ നാളെകളെ നോവലിസ്റ്റിനു സ്വാഭാവികമായും പറയാനാവാതെ വരുന്നുമുണ്ട്. എഴുത്തുകാരനെ കൂടുതല്‍ സ്പര്‍ശിച്ചവര്‍തന്നെയാണ് നോവലിലെ പ്രധാന കഥാപാത്രങ്ങള്‍. അവരെ കേവലം വ്യക്തികള്‍ക്കുപരി കഥാപാത്രങ്ങളായി ഉരുവാക്കുന്നതിലെ കഠിനശ്രമങ്ങളുടെ കൗശലവും കൗതുകവും ശ്രദ്ധേയമാണ്. ദേവദാസ്, എം.വി. ബെന്നി, ജോസ് ക്രിസ്റ്റഫര്‍ സേവ്യര്‍, പി.ബി. ശിവപ്രസാദ്, ഡോ. കിഷോര്‍ രാജ്, സി.ടി. തങ്കച്ചന്‍, പ്രദീപ്, ഷണ്‍മുഖന്‍, കെ.കെ. റോഷന്‍കുമാര്‍, മറിയം, ഐസക്, ശിവാനി, ബിയാട്രീസ്, പപ്പ, സേവിച്ചന്‍, ഫസലുദ്ധീന്‍ തങ്ങള്‍, രാജീവ്, രാജേഷ് തുടങ്ങി നിരവധി കഥാപാത്രങ്ങളുള്ള മറുജന്മം ആഖ്യാനത്തിലും ഘടനയിലും ഭാഷയിലും അജ്ഞാത സുഗന്ധം പരത്തുന്നു. 

പത്രപ്രവര്‍ത്തകനായ സേവ്യര്‍ ജെ. തന്റെ മേഖലയുമായി ബന്ധപ്പെട്ട് കേരളഭൂമി എന്ന പത്ര സൃഷ്ടിയിലൂടെ സാന്ദര്‍ഭികമായി പറഞ്ഞുപോകുന്നത് സ്വന്തം സഹപ്രവര്‍ത്തകരുമായുള്ള ബന്ധങ്ങള്‍ തന്നെയാണ്. അതിനോടുള്ള തന്റേതായ വീക്ഷണവും എഴുത്തുകാരന്‍ പങ്കു വെയ്‌ക്കുന്നുണ്ട്. ജീവിതത്തോടുള്ള കാഴ്ചപ്പാടുകളും വ്യക്തി-സമൂഹ നിരീക്ഷണങ്ങളും നോവലില്‍ ഇഴപാകുന്നുണ്ട്. പ്രാദേശികവും സാധാരണവും നോവല്‍ ആവശ്യപ്പെടുന്നതുമായി ഭാഷാശൈലി നോവലിന്റെ പ്രത്യേകതയാണ്. ആര്‍ക്കും എളുപ്പം വായിക്കാവുംവിധം ദുര്‍ഗ്രഹതയില്ലാതെ ഓജസ്സുള്ള സാധാരണ ഭാഷയാണ് നോവലിന്റെ മറ്റൊരു സവിശേഷത. രചയിതാവ് പ്രത്യക്ഷമാകാതെ തന്നെ സേവ്യര്‍ ജെ. എന്ന വ്യക്തിയുടെ ദേശത്തെക്കുറിച്ചുള്ള അനുഭവങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിക്കാനും കൂടിയാണ് തനിക്കു സുപരിചിതരായ കഥാപാത്രങ്ങള്‍ നോവലില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതെന്ന് സൂക്ഷ്മ വായനയില്‍ ബോധ്യപ്പെടും. 

പള്ളുരുത്തിയുടെ ചരിത്രം എന്നതുപോലെ ഒരുദേശം എങ്ങനെ നോവലിന് പാകപ്പെടാം എന്നതിന്റെ അന്വേഷണംകൂടിയാണ് മറുജന്മം. ചരിത്രം പറയുമ്പോള്‍ സാധാരണ സംഭവിക്കുന്ന തട്ടും തടവുംകൂടാതെ നിര്‍ബാധം വായിച്ചുപോകാമെന്നതിന്റെ ഉത്തരമാകുന്നുണ്ട് ഈ അന്വേഷണം. ജീവിച്ചുകൊണ്ട്  മനുഷ്യന്റെ കൂടെ തുടര്‍ന്നുപോകുന്നതാണ് അവന്റെ ദേശമുണര്‍ത്തുന്ന ഭൂതരതി. സ്വന്തം ദേശത്തിന്റെ ഭൂതകാലം മനുഷ്യനെ സൗഖ്യമായി വേട്ടയാടുന്ന ഒരുതരം ആനന്ദവേദനയായി ഇവിടെ രൂപപ്പെടുന്നു. പള്ളുരുത്തിക്കാരനായ സേവ്യര്‍ പതിറ്റാണ്ടുകളായി തന്റെ ദേശത്തുകൂടെ നടന്നുതീര്‍ത്ത ദൂരത്തിന്റെ കാലടിപ്പാടുകള്‍ കയറിക്കിടക്കുന്നുണ്ട് നോവലില്‍. വായനക്കാരന്റെ അലമാരകളില്‍ കയറിയിരിക്കാന്‍ അര്‍ഹമാകുന്നതോടൊപ്പം ജിജ്ഞാസയുടെ പൊറുതികേടായി ദേശചരിത്രത്തിലേക്കു തുറക്കുന്ന വാതിലായി നിരന്തരം വായിക്കാനുള്ള യോഗ്യതയും മറുജന്മത്തിനുണ്ടെന്ന് ഉറപ്പിക്കാം. കടല്‍ മലയോട് പറഞ്ഞത്, സീബ്രാവരകള്‍, രാത്രിയുടെ പകലുറക്കം, വെയിലിലേക്ക് മഴ ചാഞ്ഞു, മഞ്ഞനാരകം തുടങ്ങി എഴുത്തുകാരന്റെ മറ്റു നോവലുകളില്‍നിന്നും തികച്ചും വ്യത്യസ്തമാണ് മറുജന്മം. മറ്റുനോവലുകളില്‍ എഴുത്തുകാരന്‍ തീരെ മറഞ്ഞിരിക്കുന്നുവെങ്കില്‍ മറുജന്മത്തില്‍ അയാളുടെ ആത്മഛായ തുടര്‍ച്ചയായി വാതില്‍ തുറന്നുവരുന്നതായി മനസ്സിലാക്കാം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക