ഇന്ത്യന്‍ കമ്മ്യുണിസ്റ്റുകാര്‍ തീവ്ര ഇസ്ലാമിക ആശയങ്ങള്‍ക്ക് വഴിമാറുന്ന കാഴ്ച്ചകള്‍ക്കാണ് നാം സാക്ഷികളാകുന്നത്. തൊഴിലാളി വര്‍ഗാധിപത്യത്തിന്റെ ഇന്ത്യന്‍ പതിപ്പ് മാര്‍ക്സില്‍ നിന്നും മൗദുദിയിലേക്ക് വഴിമാറ്റപ്പെടുന്ന പുത്തന്‍ സാഹചര്യം നാം വിശദമായി മനസ്സിലാക്കണം. ലോകത്ത് അസ്വസ്ഥതയുടെ വിഷബീജങ്ങള്‍ വിതച്ച് മുന്നേറുന്ന ജിഹാദിന്റെ ഇന്ത്യയിലെ മൊത്തവിതരണക്കാരായ ജമാ അത്തെ ഇസ്ലാമി തീരുമാനിക്കുന്ന അജണ്ട പ്രയോഗതലത്തില്‍ കൊണ്ടുവരാന്‍ നിയോഗിക്കപ്പെട്ട ജിഹാദി സഖാക്കളായി മാറുന്നു മാര്‍ക്സിസ്റ്റ് ചിന്തകരും അവരെ പിന്തുടരുന്ന അണികളും. തൊഴിലാളി വര്‍ഗസര്‍വ്വാധിപത്യം മടക്കിവെച്ച് മൗദൂദിയുടെ ചിന്തകള്‍ കടംകൊണ്ട പുത്തന്‍ ജിഹാദി സഖാക്കള്‍ നടത്തുന്ന ഓരോ പ്രവര്‍ത്തനവും ജമാ അത്തെ ഇസ്ലാമി ചിന്തിക്കുന്നപോലെ തന്നെയാണ് ഇപ്പോള്‍ നടക്കുന്നത്.
അടുത്തകാലത്ത് ഉയര്‍ന്നുവന്ന ചില സാമൂഹികവിഷയങ്ങളില്‍ കമ്യുണിസ്റ്റുകാരും വഹാബികളും എടുത്ത നിലപാടുകള്‍ ഒന്നായിരിന്നു. ഇന്ത്യന്‍ അഖണ്ഡതയെ തകര്‍ക്കാനുള്ള ഇസ്ലാമിക ഗ്രൂപ്പുകള്‍ക്ക് വഴികാട്ടാനുള്ള ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ വ്യഗ്രത പൊതുസമൂഹം തിരിച്ചറിയാന്‍ തുടങ്ങി. ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടിയും ജമാ അത്തെ ഇസ്ലാമിയും ഒന്നിച്ചുപോരാടുന്നു, മാധ്യമവും ദേശാഭിമാനിയും ഒരേ വാര്‍ത്തകള്‍ നിരത്തുന്നു, ഡിവൈഎഫ്ഐയും സോളിഡാരിറ്റിയും ഒരേ നിലപാടില്‍ പോരാട്ടം നടത്തി മുന്നോട്ടുപോകുന്നു.
ഇഎംഎസ് ശരിയ്യത്തിനെതിരെ ലേഖനം എഴുതിയ കാലഘട്ടത്തില്‍ പാര്‍ട്ടിയെടുത്ത നിലപാടുകളല്ല ഇന്ന് മദനിക്കൊപ്പം വേദി പങ്കിട്ട പിണറായിയുടെ പാര്‍ട്ടിയായ സിപിഎം എടുക്കുന്നത്. ഏക സിവില്‍ നിയമം എന്ന സോഷ്യലിസ്റ്റ് ആശയം സീതാറാം യെച്ചൂരിയുടെ പാര്‍ട്ടി ജിഹാദികള്‍ക്കായി തള്ളുന്നു. ശബരിമലയില്‍ പോയതിനു സഖാക്കളെ പാര്‍ട്ടില്‍ നിന്നും പുറത്താക്കിയിരുന്ന പഴയ കാലത്തുനിന്നും മാറിയ പാര്‍ട്ടി ഇന്ന് പാര്‍ട്ടി കോണ്‍ഗ്രസ്സിലും ജാഥകളിലും നിസ്കരിക്കാനുള്ള സൗകര്യം ഒരുക്കുന്നു. പതിരോധ വാക്സിന് കുത്തിവെയ്പ്പ് നടത്തുമ്പോള്‍ മലപ്പുറം ഒഴികെയുള്ള സ്ഥലങ്ങളില്‍ ആ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന പാര്‍ട്ടി നേതാക്കള്‍ മലപ്പുറത്ത് ഇസ്ലാമിക നേതൃത്വത്തെ ഭയന്ന് പ്രതിരോധകുത്തിവെയ്പ്പിനെ എതിര്‍ക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക തീവ്രവാദികളാല്‍ കൊലചെയ്യപ്പെട്ടു എന്നു കരുതുന്ന മുസ്ലിം പണ്ഡിതന് ചേകന്നൂര്‍ മൗലവിയുടെ കുടുംബത്തിന് നീതി നല്കാന് കേരളം ഭരിച്ച ഇടതുപക്ഷം തയ്യാറായില്ല. കാരണം തീവ്ര ഇസ്ലാമിക സംഘടനകളുടെ ചങ്ങാത്തം പാര്‍ട്ടിയെ അതിനു അനുവദിച്ചില്ല എന്നതുതന്നെ.
എന്നാല്‍ നൂറുകണക്കിന് ആളുകളെ കൊന്നതിനു കുറ്റവിചാരണ നേരിടുന്ന മദനി എന്ന കൊടുംഭീകരന് നീതികിട്ടിയില്ല എന്നു വിലപിക്കുന്ന ഇസ്ലാമിക ഭീകരവാദികളുടെ കണ്ണുനീരൊപ്പാന്‍ അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ പാര്‍ട്ടിയും ഇടതുപക്ഷചിന്തകരും അവരുടെ അച്ചാരം പറ്റുന്ന കൂലിയെഴുത്തുകാരും കാണിക്കുന്ന ആവേശം ഭീതിയോടെയാണ് കേരളം കണ്ടത്. ചേകന്നൂര്‍ മൗലവിക്ക് കിട്ടാത്ത നീതി മദനിക്ക് വാങ്ങി നല്കാന് പിണറായി വിജയന് നേരിട്ടെത്തിയതും നാം കണ്ടതാണ്. കശ്മീര്‍ മോചനത്തിനായി പടനയിച്ച കണ്ണൂര്‍ സ്വദേശികള്‍ക്ക് നീതി ലഭിക്കാന്‍ പാര്‍ട്ടി മുന്‍കയ്യെടുത്തു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയെ തകര്‍ക്കാനുള്ള ഇസ്ലാമിസ്റ്റുകളുടെ ശ്രമങ്ങള്‍ക്ക് പിന്തുണയായി പാര്ട്ടിയെത്തി. ശബരിമല സ്ത്രീപ്രവേശന വിഷയം സുപ്രീകോടതിയില്‍ എത്തിച്ച ജമാഅത്തെ ഇസ്ലാമിയുടെ സംഘടനക്കും പാര്‍ട്ടി സെക്രട്ടറിക്കും ഒരേ അഭിപ്രായമാണ് എന്നത് വിഷമത്തോടെയാണ് കേരള ജനത ഉള്‍ക്കൊണ്ടത്.
ശിവഗിരിയില്‍ പിഡിപി നടത്തിയ ഇടപെടലിന് സമാനമായിരുന്നു അമൃതാന്ദമയി ആശ്രമത്തോട് സിപി എം ചെയ്തത്. കേരളത്തില്‍ ഇവ തമ്മിലുള്ള ബന്ധം ദേശീയതലത്തിലും നമുക്കു കാണാം. മോചനം ഇസ്ലാമിലൂടെ എന്നു ചുവരെഴുത്ത് നടത്തിയ നിരോധിത സംഘടനയായ സിമിയുടെ മുന്‍ മുന്നണി പോരാളി ഇന്ന് ഇടതുപക്ഷ മന്ത്രിസഭയിലെ അംഗമാണ്. ജമാ അത്തെ ഇസ്ലാമിയുടെ ബുദ്ധി കടം കൊണ്ട മുസ്ലിം ചിന്തകനാണ് സാംസ്കാരിക സംഘടനയായ പുകാസയുടെ നേതാവ്. ഇന്ത്യാവിഭജനത്തിനു വഴിയൊരുക്കിയ മുസ്ലിം ലീഗിന്റെ മുന്‍ നേതാവാണ് ഇന്ന് മലപ്പുറത്ത് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് .
വാളയാറിലെ പെണ്‍കുട്ടികളുടെ കൊലപാതകത്തില്‍ മതം കാണാത്ത ഇടതുപക്ഷവും മൗദൂദികളും ഉന്നാവിലെ പെണ്‍കുട്ടിയുടെ മതം ആയുധമാക്കി. ഹിന്ദുവര്‍ഗീയതയുടെ നേര്‍സാക്ഷ്യമായി പ്രചാരണം നടത്താന്‍ ഇടതുപക്ഷവും ജമാ അത്തെ ഇസ്ലാമിയും കൈകോര്‍ത്തു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മൗദൂദി ശിഷ്യന്മാര് പൊക്കി നടന്ന ദാദ്രി വിഷയം ഇന്ത്യമുഴുവന്‍ എത്തിച്ച് കമ്യുണിസ്റ്റ് ബുദ്ധിജീവികള്‍ അവരുടെ ജിഹാദി നിര്‍വ്വഹിച്ചു. ബോംബെ ആക്രമണ കേസിലെ പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയതിനെ എതിര്‍ക്കാനും അജ്മല്‍ കസബിനു വേണ്ടി വാദിക്കാനും പാക്കിസ്ഥാനെക്കാള്‍ മുന്‍പേ ഓടിയെത്തിയത് സി പിഎം ആയിരുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് ആക്രമിച്ച അഫ്സല് ഗുരുവിന്റെ വധശിക്ഷ നടപ്പിലാക്കിയപ്പോഴും ജിഹാദികളുടെ കൂടെച്ചേര്‍ന്ന് ഇന്ത്യന്‍ ഭരണഘടനയെ തള്ളിപ്പറയാന്‍ കമ്യൂണിസ്റ്റുകാര്‍ ഒപ്പമുണ്ടായിരിന്നു. യാക്കൂബ് മേമനെ തൂക്കിലേറ്റിയപ്പോള്‍ വിഘടനവാദി നേതാക്കളെക്കാള്‍ ആദ്യം പ്രതികരിച്ചത് സഖാവ് പ്രകാശ് കാരാട്ടായിരുന്നു. ഇന്ത്യയില്‍ മുസ്ലിങ്ങളെ മാത്രമേ തൂക്കിലേറ്റുന്നുള്ളു എന്ന പ്രഖ്യാപനം നടത്തി ജിഹാദികള്‍ക്ക് പിന്തുണ നല്കി പ്രകാശ് കാരാട്ടും പാര്‍ട്ടിയും. കശ്മീരില്‍ പാക്കിസ്ഥാന് അനുകൂലികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന പട്ടാളക്കാരുടെ മനുഷ്യാവകാശങ്ങളെക്കാള്‍ വലുതാണ് ഇന്ത്യയെ ആക്രമിക്കുന്ന തീവ്രവാദികളുടേതെന്ന് വിലപിക്കുന്ന ഒവൈസിക്കും, അരുന്ധതിക്കും, ചിന്താ ജെറോമിനും ഒരേസ്വരമാണ്. ഇന്ത്യന്‍ പട്ടാളക്കാരന്റെ രക്തത്തിനു മറുപടി പരിഹാസമാണ് ഇവര്‍ക്കുള്ളത്.
ലോക രാഷ്ട്രങ്ങളിലെ മുഴുവന്‍ വിഷയങ്ങളില്‍ പ്രതികരിക്കുന്ന ഇടതുപക്ഷത്തിന്റെ പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും മനുഷ്യാവകാശ വിരുദ്ധ വിഷയങ്ങളോടുള്ള പ്രതികരണം നാം പരിശോധിക്കണം. ജമാ അത്തെ ഇസ്ലാമി നേതൃത്വം കൊടുക്കുന്ന, ലാഹോര്‍- ധാക്ക രാഷ്ട്രീയത്തില്‍ നടക്കുന്ന ഇത്തരം വിഷയങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന പ്രതികരണങ്ങള്‍ നാം പരിശോധിക്കണം .
ഗുലാം അലിയെ പിന്തുണയ്ക്കുന്ന ഫാസിസ്റ്റ് വിരുദ്ധര്‍ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രിന്റെ വിഷയത്തില്‍ സ്വീകരിച്ച നിലപാട് നാം ചര്‍ച്ച ചെയ്യേണ്ടതാണ്. സ്വന്തം മതത്തിന്റെ സ്ത്രീവിരുദ്ധ, പുരോഗമന വിരുദ്ധ നിലപാടുകള്‍ക്കെതിരെ ശബ്ദിച്ചതിന്റെ പേരില്‍ പിറന്ന മണ്ണില്‍ നിന്നും പുറത്താക്കപ്പെട്ട തസ്ലീമ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് തൊട്ടുകൂടാത്തവളാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: