എരുമേലിയില്‍നിന്ന് സന്നിധാനത്തേക്കുള്ള കാനനയാത്ര ഭക്തന്റെ മനസ്സും ശരീരവും ശുദ്ധമാക്കുന്നതാണ്. കല്ലും മുള്ളും കയറ്റവും ഇറക്കവും വന്യമൃഗങ്ങളും നിറഞ്ഞ കാനനയാത്ര. പ്രകൃതിയെ അറിഞ്ഞും അനുഭവിച്ചുമുള്ളയാത്രയാണ്.
എരുമേലിയില്‍നിന്ന് മുണ്ടക്കയത്തേക്കുള്ള വഴിയിലൂടെ മൂന്ന് കിലോമീറ്റര്‍ നടന്നുകഴിയുമ്പോള്‍ ഇരുമ്പൂന്നിക്കരയിലേക്ക് വഴിതിരിയണം. ഇത് രണ്ട് കിലോമീറ്റര്‍ പിന്നിടുമ്പോള്‍ വനാതിര്ത്തിയില്എത്തും. കോയിക്കകാവ് ഫോറസ്റ്റ് ചെക്ക്പോസ്റ്റ് കടന്നുവേണം കാട്ടിലേക്ക് കയറാന്‍. ആദ്യത്തെ ഇറക്കം എത്തുന്നത് ഒരു കൊച്ചരുവിയിലേക്കാണ്. അരയടി മാത്രം വെള്ളമുള്ള തോട്ടില്‍ കിടന്നൊന്നു കുളിക്കാം. അടുത്ത കയറ്റം കയറി ചെല്ലുന്നത് മലമുകളിലെ സമതല പ്രദേശത്തേക്കാണ്. അരമണിക്കൂര്‍ കൂടി യാത്ര ചെയ്താല്‍ കാളകെട്ടിയിിലെത്താം.
കാളകെട്ടി
മഹിഷീ നിഗ്രഹത്തിനു ശേഷം അയ്യപ്പന് ആനന്ദനൃത്തം ചെയ്യുന്നത് കാണാന്‍ എത്തിയ പരമശിവന് തന്റെ വാഹനമായ കാളയെ കെട്ടിയ സ്ഥലമാണ് കാളകെട്ടി. ഇവിടെ ശിവക്ഷേത്രവും ഉണ്ട്.
അഴുത
രണ്ട് കിലോമീറ്റര്‍ നടന്നാല്‍ അഴുതയായി. പമ്പയുടെ പോഷക നദിയായ അഴുതയില്‍ ഇറങ്ങിവേണം അപ്പുറം കടക്കാന്‍ അഴുതയില്‍ മുങ്ങി കല്ലെടുത്തുവേണം മേട് കേറാനെന്നാണ് ആചാരം. ജനവാസപ്രദേശങ്ങള്‍ ഇവിടെ തീരുകയാണ്. അഴുതാനദിയുടെ മറുകര പെരിയാര്‍ കടുവാ സങ്കേതത്തില്‍പ്പെട്ട വനമേഖലയാണ്. കുത്തുകയറ്റവും ദുര്‍ഘടമായ പാതയുമാണ്.
അഴുതമേട്
അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ കീഴ്ക്കാംതൂക്കായ കുത്തുകയറ്റമാണ്. ഒന്നരമണിക്കൂറോളം വേണ്ടിവരും മുകളിലെത്താന്‍ വനത്തിന് നടുവിലൂടെയുള്ള ഒറ്റയടിപ്പാത. മണ്ണിലുയര്‍ന്നുനില്‍ക്കുന്ന മരങ്ങളുടെ വേരുകളും വലിയ പാറക്കല്ലുകളുമാണ് ചവിട്ടിക്കയറാനുള്ള വഴി.
കല്ലിടാംകുന്ന്
അഴുതമേട് കേറിയെത്തുന്നത് കല്ലിടാംകുന്നിലേക്കാണ്. മഹിഷീനിഗ്രഹം കഴിഞ്ഞ് ജഡം എടുത്തെറിഞ്ഞപ്പോള് വന്ന് പതിച്ചത് കല്ലിടാംകുന്നില്‍. മഹിഷിയുടെ ജഡം ലോകോപദ്രവം ഉണ്ടാകാതിരിക്കാന്‍ ബ്രഹ്മാവിന്റെ ഉപദേശപ്രകാരം അയ്യപ്പന് പാഷണജാലങ്ങളിട്ട് മറച്ചതായിട്ടാണ് സങ്കല്‍പ്പം. ഇതിന്റെ സ്മരണ
പുതുക്കിയാണ് അഴുതാനദിയില്നിന്നും ശേഖരിച്ചുകൊണ്ടുവന്ന കല്ലിട്ടുവന്ദിക്കുന്നത്.
ഇഞ്ചിപ്പാറക്കോട്ട
കല്ലിടാംകുന്ന് കഴിഞ്ഞാല്‍ എത്തുന്നത് ഇഞ്ചിപ്പാറക്കോട്ടയിലാണ് കല്ലിടാംകുന്നില്നിന്ന് നിരപ്പായ വഴിയാണിവിടേക്ക്. കൊള്ളത്തലവന് ഉദയനന്റെ പ്രധാന കോട്ട ഇവിടെയായിരുന്നു. ഇവിടെയൊരു ചെറിയ ക്ഷേത്രമുണ്ട്.
മലയരയ സമുദായത്തിന്റെ മേല്‍നോട്ടത്തില്‍ മണ്ഡല മകരവിളക്ക് കാലത്ത് മാത്രം തുറക്കുന്ന ക്ഷേത്രം.
മുക്കുഴി
ഇഞ്ചിപ്പാറ കോട്ടയില്‍നിന്ന് അരമണിക്കൂര്‍ ഇറക്കം ഇറങ്ങിയാല്‍ മുക്കുഴിയിലെത്തും. ഇവിടെ ഒരു ദേവീക്ഷേത്രമുണ്ട്. ഇവിടെനിന്നും പമ്പയില്‍ എത്തിച്ചേരാന്‍ ഏഴ് മണിക്കൂറോളം വേണം.
പുതുശ്ശേരി
മുക്കുഴിയില്‍നിന്ന് മൂന്ന് മണിക്കൂര്‍ നടന്നാല്‍ പുതുശ്ശേരിയാറിന്റെ കരയിലാണെത്തുക. ഇത് ഒരു ഇടത്താവളമാണ്. രാവിലെ എരുമേലിയില്‍നിന്ന് തുടങ്ങുന്ന യാത്രയാണെങ്കില്‍ രാത്രിയില്‍ പുതുശ്ശേരിയില്‍ തങ്ങാതെ പോകാനാവില്ല.
കരിയിലാംതോട്
പുതുശേരിയില്‍നിന്ന് അരമണിക്കൂര്‍ യാത്ര ചെയ്താല്‍ കരിയിലാംതോടെത്തും. അവിടെനിന്നും കരിമല കയറ്റത്തിലേക്കാണ്.
കരിമല
ഏഴ് തട്ടുള്ള കരിമല. ഒന്നിന് ഒന്ന് കഠിനമാണ് ഓരോ തട്ടലെയും കയറ്റം. അതിനാല്‍
‘കരിമല കയറ്റം കഠിനമെന്റയ്യപ്പ ….’ എന്ന് ഭക്തര്‍ ശരണം വിളിച്ചുപോകും. രണ്ട് മണിക്കൂര്‍ നടന്നാല്‍ കരിമല മുകളിലെത്താം. ിവിടെ കരിമലനാഥന്റെ വിഗ്രഹമുണ്ട്. ഇവിടെയുള്ള തീര്‍ത്ഥക്കുളത്തില്‍ എന്നും ഒരേ അളവില്‍ വെള്ളം കാണുന്നത് ഒരു പ്രത്യേകതയാണ്.
കരിമല ഇറക്കം
ഏഴു തട്ടായിട്ടാണ് കയറിയതെങ്കില്‍ ഇറങ്ങേണ്ടത് ഒറ്റത്തട്ടിലൂടെയാണ്. ഒരു മണിക്കൂര്‍ നടന്നാല്‍ പമ്പാതീരത്തെത്തും.
വലിയാനവട്ടം
മലയിറങ്ങി എത്തുന്നത് വിശാലമായ വലിയാനവട്ടം താവളത്തിലേക്ക്. പമ്പപോലെ വിശാലമാണ് വലിയാനവട്ടം. മകരസംക്രമദിവസം പന്തളത്തുനിന്നുള്ള തിരുവാഭരണം ഉച്ചയോടെ ഇവിടെയെത്തുന്നു.
ഇവിടെ വിരിവച്ച് വിശ്രമിക്കാം. പിതൃതര്‍പ്പണം നടത്താന്‍ ബലിപ്പുരകള്‍ ഉണ്ട്. ചെറിയ കയറ്റവും ഇറക്കവും കഴിഞ്ഞ് നേരെയെത്തുന്നത് ചെറിയാനവട്ടത്തേക്കാണ്. നദിക്കരയിലൂടെ വീണ്ടും അല്‍പ്പം നടന്നാല്‍ പമ്പയിലെത്തും.
9447261963
പ്രതികരിക്കാൻ ഇവിടെ എഴുതുക: