കാല്‍തുടയില്‍ മുന്നിലുംപിന്നിലും വശങ്ങളിലുമായുള്ള ഞരമ്പുകളിലും മറ്റ് ചെറുഞരമ്പു(മാന്യ)കളിലും വായു നിറഞ്ഞ് രക്തസഞ്ചാരത്തേയും രക്തുശുദ്ധിയേയും തടസ്സപ്പെടുത്തി കാല് തുടകള്‍ക്ക് ഭാരവും വേദനയും പടികള്‍ കയറാത്തവിധം സ്തംഭനവും ഉണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഊരുസ്തംഭം. കാല്തുടയിലെ അസ്ഥികളില്‍ നിന്ന് മാംസം വിട്ടു പോകുന്നതു പോലെ വേദന അനുഭവപ്പെടും. സ്ത്രീകളിലാണ് ഇത് അധികവും കണ്ടുവരുന്നത്.
ഊരുഭംഗത്തിനുള്ള ലേപനം:ഉങ്ങിന് തൊലി, എരുക്കിന്വേലിന്മേല് തൊലി, അമുക്കുരം,കാര്‍ത്തോട്ടി വേര്, കടുക്, ചുക്ക്, മുരിങ്ങവേരിന്മേല്‍ തൊലി, ദേവതാരം, അരത്ത, കുറുന്തോട്ടി വേര് ഇവ ഓരോന്നും 10 ഗ്രാം വീതം വെട്ടി നുറുക്കി നന്നായി ചതച്ച് ഗോമൂത്രത്തില്‍ ചാലിച്ച് തേയ്ക്കുക. രണ്ടുമണിക്കൂര്‍ ഇടവിട്ട് ചൂടാക്കി തുടച്ച് കളഞ്ഞ് വീണ്ടും ലേപനം ചെയ്യുക. ഇങ്ങനെ 15 ദിവസം ആവര്‍ത്തിച്ചാല്‍ ഊരുസ്തംഭം ഭേദമാകും.
കഷായത്തിന്: അരത്ത, വെളുത്തകീഴാര് നെല്ലിവേര്, ആടലോടകവേര്, അകില്, കച്ചോലക്കിഴങ്ങ്, വെളുത്ത ആവണക്കിന് വേര്, മുത്തങ്ങാക്കിഴങ്ങ്, കാട്ടുകൊടിവേര്, കല്ലൂര്‍വഞ്ചി, നെല്ലിക്കാത്തൊണ്ട്, കാട്ടുപടവലം, ചെറുതേക്കിന്‍വേര്, പുഷ്ക്കരമൂലം, വരട്ടുമഞ്ഞള്‍, കരിങ്കുറിഞ്ഞിവേര്,ചുക്ക്, കൊടുവേലിക്കിഴങ്ങ് ശുദ്ധി ചെയ്തത്, കുമ്പിള് വേര്, കൂവളത്തിന് വേര്, പാതിരിവേര്, പലകപ്പയ്യാനിവേര്, മൂഞ്ഞവേര്, ഓരിലവേര്, മൂവിലവേര്, ചെറുവഴുതനവേര്, വന്വഴുതനവേര്, ഞെരിഞ്ഞില്‍, ദേവതാരം ഇവ ഓരോന്നും അഞ്ചുഗ്രാം വീതം മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം ഒരു നുള്ള് ഇന്തുപ്പും ഒരു നുള്ള് തിപ്പലിപ്പൊടിയും മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും സേവിക്കുക. മുപ്പതു ദിവസം ഇതു സേവിച്ചാല്‍ ഊരുസ്തംഭം ഭേദമാകും. ഈ കഷായം ഊരുസ്തംഭത്തിനു മാത്രമല്ല മറ്റ് പലവാതരോഗങ്ങള്ക്കും ശമനൗഷധമാണ്. ഊരുസ്തംഭത്തില് സാധാരണ രീതിയില്‍ തൈലം തേയ്ക്കാന്‍ പാടില്ല. എന്നാല്‍ മാന്യാസ്തംഭത്തിന് ഈ പംക്തിയില്‍ കുറിച്ച തൈലമുണ്ടാക്കി തേച്ച് ഉഴിഞ്ഞാല്‍ നാല് ദിവസം കൊണ്ട് പൂര്‍ണമായും ഭേദമാകും. ലേഖകന്‍ ഇത് രോഗികളില്‍ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: