രാഷ്ട്രപതി ഒപ്പിട്ട് പൗരത്വ ഭേദഗതി ബില്‍ നിയമമായി. നടക്കുന്നതും നടന്നതും ശരിയായി അറിയാതെ ബഹളം കൂട്ടുന്നവരോട് ഇതുകൂടി പറയാം. ഇപ്പോള്‍ നിലവില്‍വന്നുവെന്ന് ധരിക്കുന്ന ഈ ഭേദഗതി, 2015 മുതല്‍ തത്വത്തിലും ഫലത്തിലും പ്രാബല്യത്തിലുണ്ട്. പലരും അതൊന്നും അറിഞ്ഞിട്ട്പോലുമില്ലെന്ന് മാത്രം.
വിശദീകരിക്കാം. അതായത്, അനധികൃത കുടിയേറ്റക്കാരായി ഇന്ത്യയില്‍ കഴിയുന്ന വിദേശികളെ കണ്ടെത്തുന്ന മുറയ്ക്ക് തുറങ്കിലടയ്ക്കുകയോ തിരിച്ചയയ്ക്കുകയോ ചെയ്യുന്നത് രണ്ട് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. ഒന്ന്, ഫോറിനേഴ്സ് ആക്ട്, 1946. രണ്ട്, പാസ്പോര്‍ട്ട് (എന്‍ട്രി ഇന്റു ഇന്ത്യ) ആക്ട്, 1920. ഈ നിയമമാണ് വിദേശ പൗരന്മാരുടെ ഇന്ത്യയിലേക്കുള്ള വരവ്, താമസം, മടങ്ങിപ്പോക്ക് ഇവയെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ 2015ലും 2016ലും പുറപ്പെടുവിച്ച രണ്ട് പ്രത്യേക വിജ്ഞാപനങ്ങളിലൂടെ ഈ രണ്ട് നിയമങ്ങള്‍ക്കും കീഴിലുള്ള ചട്ടങ്ങള്‍ ഭേദഗതി ചെയ്തിരുന്നു.
പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുന്‍പ് കുടിയേറിയ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, ജൈന, പാഴ്സി മതവിഭാഗക്കാരായ ആളുകളെ ഈ രണ്ട് നിയമങ്ങളുടെയും പരിധിയില്‍ നിന്ന് ഒഴിവാക്കിയായിരുന്നു ആ വിജ്ഞാപനങ്ങള്‍.
അങ്ങനെ ഇളവ് കിട്ടിയ ഇപ്പറഞ്ഞ വിഭാഗത്തിലുള്ളവരെ അനധികൃത കുടിയേറ്റക്കാര്‍ ആണെന്നതു കൊണ്ടുമാത്രം തുറങ്കിലടയ്ക്കാനോ തിരിച്ചയയ്ക്കാനോ 2015 മുതല്‍തന്നെ സാധിക്കാതെയുമായി. അതിന്റെ തുടര്‍ച്ചതന്നെയാണല്ലോ ഇപ്പോള്‍ പൗരത്വ നിയമത്തില്‍ വന്ന ഭേദഗതിയും.
പൗരത്വ നിയമം ഒരു തത്വവും, മേല്‍പ്പറഞ്ഞ രണ്ട് നിയമങ്ങളും ആ തത്വം നടപ്പാക്കാനുള്ള മാര്‍ഗവുമാണ് മുന്നോട്ട്വയ്ക്കുന്നത്. ഈ രണ്ട് നിയമങ്ങളില്‍ പറയുന്ന നടപടികളുടെ അഭാവത്തില്‍ പൗരത്വ നിയമത്തിലെ തത്വം എന്തുതന്നെയായാലും അത് അര്‍ത്ഥരഹിതമാണ്. ഇവിടെ നടപടിക്രമം ആദ്യമേ ഭേദഗതി ചെയ്തു കഴിഞ്ഞതാണ്. ഇപ്പോള്‍ അതിനനുസരിച്ച് തത്വവും പരിഷ്കരിക്കുക മാത്രമേ ഉണ്ടായിട്ടുള്ളു. അതായത്, കഴിഞ്ഞ അഞ്ചു കൊല്ലമായി, പൗരത്വ ഭേദഗതി നിയമത്തിലെ ഇപ്പോള്‍ വിവാദമായതും വിവേചനപരം എന്നൊക്കെ ആരോപിക്കപ്പെടുന്നതുമായ അതേ വ്യവസ്ഥകള്‍ ഈ രാജ്യത്ത് അതേപോലെ നിലവിലുണ്ട്. ബഹളംവയ്ക്കുന്ന പ്രതിപക്ഷ കക്ഷികളും അതുകേട്ട് കൊള്ളിവയ്പ്പുവരെ നടത്തുന്നവരും അത് ശ്രദ്ധിച്ചിട്ടേ ഇല്ല. മുഖ്യധാരാ മാധ്യമങ്ങള്‍ ഒന്നും അത് വാര്‍ത്തയോ ചര്‍ച്ചയോ ആക്കിയിട്ടേയില്ല.
ഈ വ്യവസ്ഥ നിലനിന്നിട്ടിപ്പോള് അഞ്ചു വര്‍ഷമായി. അതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍നിന്ന് ഒറ്റ മുസ്ലിമും കുടിയിറക്കപ്പെട്ടിട്ടുമില്ല. അഞ്ചു കൊല്ലം ഉണ്ടാവാത്ത എന്ത് മാറ്റമാണ് ഈ ഭേദഗതി കൊണ്ട് ഇപ്പോള്‍ ഉണ്ടാവാന്‍ പോവുന്നത്? ഒന്നും ഉണ്ടാവാന്‍ പോവുന്നില്ല.
കാരണം, ഇന്ത്യന്‍ പൗരന്മാരെ സംബന്ധിക്കുന്ന നിയമമേ അല്ല ഇത്. അനധികൃത കുടിയേറ്റക്കാരെ മാത്രം സംബന്ധിക്കുന്ന നിയമമാണ്. നിങ്ങളോ നിങ്ങളുടെ മാതാപിതാക്കളോ അനധികൃത കുടിയേറ്റക്കാര്‍ അല്ലെങ്കില്‍ ഈ നിയമത്തിനു നിങ്ങളുമായി ഒരു ബന്ധവുമില്ല. പിന്നെ എന്തിന് ഈ അനാവശ്യ പ്രചാരണം നടത്തുന്നു, അടിസ്ഥാന രഹിതമായ ചര്‍ച്ചകള്‍ നടത്തുന്നുവെന്ന് ചോദിച്ചാല്‍ മറുപടി ഇത്രമാത്രം: ഭയവും അശാന്തിയും വിതച്ച്, രാഷ്ട്രീയ ലാഭം ഉണ്ടാക്കുക. ഇതൊന്നുമറിയാതെ ആയിരിക്കില്ല സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചത്. കാരണം, അത്ര്യ്ക്ക് ഏറെയുണ്ട് ഉപദേശകര്‍. അവര്‍ക്ക് പിഴച്ചതോ, മനഃപൂര്‍വം തെറ്റിദ്ധരിപ്പിച്ചതോ, അവരെ മറികടന്ന് പ്രസ്താവിച്ചതോ എന്നത് അറിയണം. മൂന്നായാലും അബദ്ധമാണ്. നിയമം അറിയാതെ പറഞ്ഞതാണെങ്കില്‍ പോലും മുഖ്യമന്ത്രി പദവിക്ക് ചേരുന്നതല്ല ആ പ്രസ്താവന.
അഥവാ നിയമം ഒക്കെ ശരിയായി മനസ്സിലാക്കിയിട്ടും അദ്ദേഹം അങ്ങനെ പ്രസ്താവിച്ചതാണെങ്കില്, അതിന്റെ അര്‍ത്ഥം ദേശീയ പൗരത്വ രജിസ്റ്റര്‍ വരുമ്പോള്‍ കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ എന്ന പേരില്‍ കഴിയുന്നവരില്‍ പാകിസ്ഥാനില്‍ നിന്നോ ബംഗ്ലാദേശില്‍ നിന്നോ അഫ്ഗാനിസ്ഥാനില്‍ നിന്നോ രാജ്യത്തേക്ക് നുഴഞ്ഞു കയറിയ അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്ന് തെളിഞ്ഞാലും അവരെ തിരിച്ചയയ്ക്കാന്‍ സംസ്ഥാനം അനുവദിക്കില്ല എന്നാണ്!
പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി, രാഷ്ട്രപതി ഒപ്പുവച്ച് പ്രാബല്യത്തില്‍ വന്ന നിയമത്തെ വെല്ലുവിളിച്ചു കൊണ്ട് നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്ന വൈദേശിക കുടിയേറ്റക്കാരെ കേരള സംസ്ഥാനം സംരക്ഷിക്കും എന്നാണ് അതിനര്‍ഥം. ഇന്ത്യന്‍ യൂണിയന്റെ പരമാധികാരത്തെ ധിക്കരിച്ചു കൊണ്ട് ഒരു സംസ്ഥാന സര്‍ക്കാര്‍ സ്വന്തം വിദേശ നയം നടപ്പാക്കും എന്ന പ്രഖ്യാപനമാണത്. അങ്ങനെ സംഭവിച്ചാല്‍ അതാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356 പറയുന്ന ‘ഭരണഘടനാ സംവിധാനത്തിന്റെ തകര്‍ച്ച’ എന്ന അവസ്ഥ. അത്തരം സാഹചര്യത്തില്‍ ആ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട്, ഭരണഘടനാ സംവിധാനം പുനഃസ്ഥാപിക്കപ്പെടുംവരെ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം നടപ്പാക്കുകയല്ലാതെ കേന്ദ്ര സര്‍ക്കാരിന് വേറേ നിവൃത്തി ഉണ്ടാവില്ല.
പക്ഷേ, അതിനൊക്കെയുള്ള നടപടിക്രമങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി നിയമം ഒക്കെ മനസ്സിലാക്കി കാര്യമായിത്തന്നെയാണ് ‘റിപ്പബ്ലിക് ഓഫ് കേരള’യില്‍ പൗരത്വ ഭേദഗതി നിയമം ബാധകമല്ല എന്ന് പറഞ്ഞതെങ്കില്‍ അതിങ്ങനെ പോരാ. ചാനല്‍ റിപ്പോര്‍ട്ടര്‍മാരോട് മാത്രം പറഞ്ഞാല്‍ പോരാ. ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിക്കണം. സംസ്ഥാന നിയമസഭയില്‍ പ്രസ്താവിക്കുകയോ ഗവര്‍ണറെ രേഖാമൂലം അറിയിക്കുകയോ വേണം. അതിന് ധൈര്യം കാട്ടി, ആരാധകരില്‍ ചിലര്‍ പറയും പോലെ ഇരട്ടച്ചങ്കുണ്ടെന്ന് തെളിയിച്ചാല്‍ ഉറപ്പ്, ആറ് മാസക്കാലം മലയാളികള്‍ക്ക് സംസ്ഥാനത്ത് നേരിട്ടുള്ള രാഷ്ട്രപതി ഭരണം കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: