Categories: Samskriti

തൃക്കാര്‍ത്തികയില്‍ ത്രിപുര ദഹനം

ത്രിപുരന്മാര്‍ ശിവപൂജയും ഭസ്മധാരണവും രുദ്രാക്ഷവും ഉപേക്ഷിച്ചതാണ് പ്രധാനമായും അവരുടെ നാശത്തിന് കാരണമായെന്നത് അസുരശില്‍പിക്ക് വ്യക്തമായി.

ദേവേന്ദ്രനും മറ്റു ദേവന്മാരും പ്രത്യേകം ശ്രദ്ധയോടെ വീക്ഷിച്ചു നില്‍ക്കുകയായിരുന്നു, എപ്പോഴാണ് ത്രിപുരങ്ങളും ഒത്തു ചേരുന്നത് എന്ന്. 

ആ സന്ദര്‍ഭം വന്നു ചേര്‍ന്നപ്പോള്‍ അവര്‍ ശ്രീപരമേശ്വരനെ ഓര്‍മപ്പെടുത്തി. ശ്രീപരമേശ്വരന്‍ മേരുപര്‍വതത്തെ വില്ലാക്കി, വാസുകിയെ ഞാണാക്കി വലിച്ചു കെട്ടി. ശ്രീഗണേശനെ നോക്കിയതോടെ വിഘ്‌നങ്ങള്‍ എല്ലാം ഒഴിവായി. ശ്രീപാര്‍വതീ ദേവിയെ ഒരു നോട്ടത്തിലൂടെ സങ്കല്‍പ്പിച്ചു. അതിലൂടെ പരാശക്തിയില്‍ നിന്നും ശക്തിയെ ആവാഹിച്ചു. 

അര നിമിഷം, ഭഗവാന്‍ ശ്രീപരമേശ്വരന്‍ ദിവ്യാസ്ത്രം തൊടുത്തു. രുദ്രാക്ഷവും ഭസ്മവും വെടിഞ്ഞ് ശിവപൂജ ഉപേക്ഷിച്ച ത്രിപുരന്മാര്‍ ആ അസ്ത്രമേറ്റ് ഭസ്മമായി മാറി. പണ്ടു മന്മഥന്‍ രുദ്രദൃഷ്ടിയാല്‍ ഭസ്മമായതു പോലെ. 

വൃശ്ചികമാസത്തിലെ കാര്‍ത്തിക നക്ഷത്ര ദിവസമാണ് ത്രിപുരന്മാര്‍ സംഹരിക്കപ്പെട്ടത്. കാര്‍ത്തിക മാസത്തിലെ കാര്‍ത്തിക നക്ഷത്രം. കാര്‍ത്തിക നക്ഷത്രത്തെ അഗ്നിനക്ഷത്രമായും കണക്കാക്കുന്നു. ഈ ദിവസം തൃക്കാര്‍ത്തികയെന്ന് അറിയപ്പെടുന്നു. അമൃതകൂപങ്ങള്‍ വറ്റി വരണ്ടതായി കണ്ട അസുരശില്‍പി ആദ്യം ഒന്നു പകച്ചു നിന്നു. എന്നാല്‍ അതു ഭഗവാന്റെ ഇംഗിതമാണെന്നു തിരിച്ചറിയാന്‍ പ്രയാസമുണ്ടായില്ല. അമൃതകൂപമില്ലാത്തതിനാല്‍(അമൃത് ഇല്ലാത്തതിനാല്‍) ത്രിപുരന്മാരെ വീണ്ടും ജീവിപ്പിക്കാനും അസുരന്മാര്‍ക്കായില്ല. 

ത്രിപുരന്മാര്‍ ശിവപൂജയും ഭസ്മധാരണവും രുദ്രാക്ഷവും ഉപേക്ഷിച്ചതാണ് പ്രധാനമായും അവരുടെ നാശത്തിന് കാരണമായെന്നത് അസുരശില്‍പിക്ക് വ്യക്തമായി. എല്ലാ വിധത്തിലുള്ള ശിവാരാധനയും മുടക്കിയതോടെ ശ്രീപരമേശ്വരന്‍ നല്‍കിയിരുന്ന കവചരക്ഷ ഇല്ലാതായി. 

ഏതായാലും ത്രിപുരന്മാര്‍ ഭസ്മമായതോടെ ദേവന്മാര്‍ ഒരു പാഠം പഠിച്ചു. നിത്യവും ശിവാരാധനയും ഭസ്മധാരണവും എല്ലാം ഉണ്ടെങ്കില്‍ മാത്രമേ ഐശ്വര്യം നിലനില്‍ക്കൂ എന്ന്. 

(ഗണേശകഥകള്‍ അവസാനിച്ചു)

9447213643

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക