Categories: Samskriti

ആത്മമിത്രമായ വാവര്‍

യ്യപ്പന്റെ മറ്റേത് സഹായികളില്‍നിന്നും പ്രധാനമായ സ്ഥാനമാണ് വാവര്‍ക്കുള്ളത്. കൊള്ളക്കാരനായ ഉദയനനെപ്പോലെതന്നെയായിരുന്നു വാവരും.

അറേബ്യക്കാരനായ വാവര്‍ എന്നൊരു കടല്‍ക്കൊള്ളക്കാരന്‍ കരുനാഗപ്പള്ളിക്ക് സമീപം എത്താന്‍പോകുന്നതായി വിവരം ലഭിച്ച അയ്യപ്പന്‍ സൈന്യവുമായി അങ്ങോട്ടുതിരിച്ചു. ഉപ്പുകച്ചവടവും കടല്‍ക്കൊള്ളയുമായിരുന്നു വാവരുടെ തൊഴില്‍. വാവരുടെ കപ്പലിന്റെ പായ്മരം അയ്യപ്പന്‍ എയ്തുമുറിച്ചതോടെ വാവര്‍ അങ്കത്തിന് ചാടിയിറങ്ങി. അയ്യപ്പന്‍ നേരിട്ട് വാവരോടു യുദ്ധംചെയ്തു. അയ്യപ്പനായിരുന്നു വിജയം. തന്റെ ശത്രുവിന്റെ അമാനുഷികശക്തി ദൈവികമാണെന്ന് തിരിച്ചറിഞ്ഞ വാവര്‍ സന്ധിക്ക് അപേക്ഷിച്ചു. അയ്യപ്പന്‍ സമ്മതിക്കുകയും ചെയ്തു. അന്നുമുതല്‍ വാവര്‍ അയ്യപ്പന്റെ ഏറ്റവും അടുത്ത സഹായിയായിമാറി. എരുമേലിയില്‍ പോയി താമസിക്കാനും അവിടെയൊരു കോട്ടനിര്‍മിച്ച് താവളം ശക്തമാക്കാനും അയ്യപ്പന്‍ വാവരോട് നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് വാവര്‍ എരുമേലിയില്‍ കോട്ടയും ചെറിയൊരു പള്ളിയും നിര്‍മിച്ച് താവളമുറപ്പിച്ചു.

മറ്റൊരു വിശ്വാസമനുസരിച്ച് അയ്യപ്പന്‍ വാവരെ പരിചയപ്പെടുന്നത് പുലിപ്പാലിനായുള്ള യാത്രയിലാണ്. എരുമേലിയില്‍ വാവര്‍ അയ്യപ്പനോടൊപ്പം കൂടുകയും കാട്ടുമൃഗങ്ങളെക്കുറിച്ചുണ്ടായിരുന്ന അറിവുവച്ച് അയ്യപ്പനെ സഹായിക്കുകയും ചെയ്തു. എരുമേലിയില്‍ പള്ളിസ്ഥാപിച്ച് കഴിഞ്ഞിരുന്ന അറബി സിദ്ധനായിരുന്നു വാവര്‍ എന്നും കരുതുന്നവരുണ്ട്. എന്തായാലും തന്നെ തൊഴാനെത്തുന്നവര്‍ എരുമേലി ഇടത്താവളമാക്കണമെന്നും വാവരെ വണങ്ങണമെന്നും അയ്യപ്പന്‍ അരുളിച്ചെയ്തതായാണ് വിശ്വാസം. തന്റെ ദര്‍ശനംതേടി വരുന്നവര്‍ വാവര് സ്വാമിയെക്കൂടി കാണണമെന്ന് അയ്യപ്പന്‍ ആഗ്രഹിച്ചിരുന്നുവത്രെ. പതിനെട്ടാംപടിക്ക് കിഴക്കുവശത്താണ് വാവര്‍നട. ഇവിടെ കര്‍മങ്ങള്‍ നടത്തുന്നത് ഒരു മുഹമ്മദീയനാണ്. തീര്‍ത്ഥാടകര്‍ വാവരുസ്വാമിക്ക് കാണിക്ക ഇടുകയും കുരുമുളക് പനിനീര്‍, നെല്ല്, സാമ്പ്രാണി എന്നിവ വഴിപാടായി നല്‍കുകയും ചെയ്യുന്നു. മുസ്ലീം കുടുംബം കര്‍മങ്ങള്‍ ചെയ്യുന്ന വാവര് നട മതമൈത്രിയുടെ പ്രതീകംകൂടിയാണ്.

9447261963

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക