തിരുവനന്തപുരത്ത് പുളിയറക്കോണത്തിനടുത്ത് കുന്നിന് ചെരിവില്‍ ഹരി ഒരിത്തിരി മണ്ണു വാങ്ങി. വീടുകെട്ടി പാര്‍ക്കാനല്ല. കാടുവളര്‍ത്താന്‍. കേട്ടാല്‍ അതൊരു കാടന്‍ ചിന്ത. പക്ഷേ മൂന്നു സെന്റിലെ ചതുരത്തിനുള്ളില്‍ ഒന്നര വര്‍ഷംകൊണ്ട് മത്സരക്കുതിപ്പോടെ ഹരിയുടെ കാടു വളര്‍ന്നു. മരവും വനവും വെട്ടിവെളുപ്പിക്കാനുള്ളതല്ലെന്ന പാഠം ഒരൊറ്റ പ്രളയംകൊണ്ട് നമ്മള് പഠിച്ചറിഞ്ഞതാണ്. ഹരിയുടെ കാടിന്റെ പ്രസക്തിയും അതാണ്.
പുളിയറക്കോണത്തെ മൊട്ടക്കുന്നുകളിലൊന്നാണ് ഹരിയെന്ന ‘ടെക്നോളജി എന്റര്‍പ്രൂണര്‍’ ഹരിതാഭമാക്കിയത്. 470 വൃക്ഷത്തൈകളുമായി വളര്‍ത്തിയെടുത്ത ഈ കാടൊരു പാഠമാണ്. വളരാന്‍ ഒരുപാട് ഇടം വേണ്ട. ഇത്തിരി മണ്ണു മതി. വളര്‍ത്തുമ്പോള്‍ ഭക്ഷ്യയോഗ്യമായതു മാത്രമെന്ന വേര്‍തിരിവു വേണ്ട. ‘വിദേശി’ വൃക്ഷങ്ങള്‍ മാറ്റിവെയ്ക്കാം. പ്രാദേശികമായി വളരുന്നവ മാത്രം മതി. കീടങ്ങളെയൊന്നും കളയേണ്ടതില്ല. അവയങ്ങനെ വളരട്ടെ. കോണ്‍ക്രീറ്റുകാടുകള്‍ കെട്ടുന്നിടത്തും ഒരു കൊച്ചു കാടു വളര്‍ത്താം. അതെങ്ങനെ വേണമെന്നറിയാന്‍ പുളിയറക്കോണത്തു പോയി ഈ കാടൊന്നു കാണുക.
കോട്ടയത്തെ ആ കുട്ടി
തിരുവനന്തപുരത്ത് ഇന്‍വിസ് മള്‍ട്ടിമീഡിയയുടെ മാനേജിങ് ഡയറക്ടറാണ് എം. ആര്. ഹരി. കോട്ടയം സ്വദേശി. നഗരത്തില്‍ തന്നെയായിരുന്നു വീട്. 52 കാരനായ ഹരിയുടെ കുട്ടിക്കാലത്ത് കോട്ടയത്തിന് അതിന്റെ ഗ്രാമമുഖം നഷ്ടമായിരുന്നില്ല. വീടിരുന്നിടം നിറയെ പച്ചപ്പായിരുന്നു. മരങ്ങളും പഴങ്ങളും അണ്ണാനും കിളിയും എല്ലാം നിറഞ്ഞ സമൃദ്ധി. അതിന്റെ നന്മയത്രയും ചോര്‍ന്നുപോകാതെ ഹരിയുടെ മനസ്സില്‍ നിറച്ചത് അമ്മയായിരുന്നു. മരങ്ങള്‍ മാനവരാശിക്ക് അനിവാര്യമാണെ വലിയ തത്വങ്ങളറിയും മുന്‍പ് കാടും കാവും നമ്മുടെ സംസ്കൃതിയുടെ ഭാഗമെന്ന തിരിച്ചറിവ് കുഞ്ഞിലേ മനസ്സില്‍ വേരൂന്നി. ബാക്കിയെല്ലാം ആ വഴിയേ വന്നവ. കിളികളെയും അണ്ണാറക്കണ്ണന്മാരെയും നാട്ടിലുപേക്ഷിച്ച് പഠനത്തിനായി തിരുവനന്തപുരത്തേക്കു പോന്നതോടെ കോട്ടയത്തേക്കുള്ള യാത്രകള്‍ വല്ലപ്പോഴുമായി. അപ്പോഴും കൃഷിയും കാടും മനസ്സില്‍ പച്ചപിടിച്ചു നിന്നു.
ഹരിയുടെ മൈക്രോ ഫോറസ്റ്റ്
പന്ത്രണ്ടു വര്‍ഷം മുന്‍പാണ് കോട്ടയത്തെ സ്ഥലം വിറ്റ് ഹരി പുളിയറക്കോണത്ത് കുന്നിന് ചെരിവിലായി ഭൂമി വാങ്ങിയത്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ കിഴക്കാണ് പുളിയറക്കോണം. തരിശായി കിടന്ന മൊട്ടക്കുന്നിന്റെ ചെരിവില്‍ ഭൂമി വാങ്ങുമ്പോള്‍ ഒരേയൊരു ലക്ഷ്യം മാത്രമായിരുന്നു; കാടു വളര്‍ത്തണം, ഒപ്പം കൃഷിയും. വെള്ളമുള്ളൊരു കുളം മാത്രമാണ് ആഗ്രഹത്തിന് തുണയായി അവിടെ ഉണ്ടായിരുന്നത്. കുന്നിനെ പച്ചപിടിപ്പിക്കാന്‍ അതുതന്നെ ധാരാളം. ആദ്യം കുളമൊന്നു വൃത്തിയാക്കി. അതോടെ ഉള്ള വെള്ളവും വറ്റി. അഴുക്കെല്ലാം നീങ്ങിയപ്പോള്‍ കുളത്തിലെ സുഷിരങ്ങള്‍ തുറന്നു. വെള്ളം വാര്‍ന്നു പോയി. വെള്ളം കിട്ടാന്‍ ഒരുപാടു കാര്യങ്ങള്‍ പിന്നെയും പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. കിണറുകള്‍ കുഴിച്ചു നോക്കിയിട്ടും നിരാശയായിരുന്നു ഫലം.
ഹരിയുടെ സ്ഥലത്തിന് ഏറെ അകലെയല്ലാതെയാണ് കരമനയാര്‍ ഒഴുകുന്നത്. കരമനയാറിന്റെ പ്രഭവസ്ഥാനവും ഏറെ ദൂരെയല്ല. ആറില്‍ നിന്ന് വെള്ളമെടുക്കാനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിച്ചു. ചെടികള്‍ക്ക് വളമിടാന്‍ ചാണകത്തിനായി 15 പശുക്കളെ വാങ്ങി. അങ്ങനെയെല്ലാം പരിചരിച്ചിട്ടും വേനലായാല്‍ ചെടികളെല്ലാം കരിഞ്ഞുണങ്ങും. കാട് മനസ്സിലൊതുക്കി നിരാശയോടെ ഇരിക്കുമ്പോഴാണ് ഒരു ബന്ധു ‘മിയാവാക്കി’ വനവത്ക്കരണത്തെക്കുറിച്ച് പറഞ്ഞത്.
മിയാവാക്കിയുടെ സ്വാധീനം
അതൊരു വഴിത്തിരിവായി. ജാപ്പനീസ് ബൊട്ടാണിസ്റ്റ് (സസ്യശാസ്ത്രജ്ഞന്) ഡോ. അകീറാ മിയാവാക്കി ഹരിയുടെ വനവത്ക്കരണത്തിന് മാതൃകയായി. സാധാരണ കാടുകളേക്കാള്‍ പത്തിരിട്ടി വേഗത്തിലാണ് മിയാവാക്കി കാടുകളുടെ വളര്‍ച്ച. അതിന്റെ നിബിഡതയാകട്ടെ മറ്റു വനങ്ങളെ അപേക്ഷിച്ച് 30 ഇരട്ടി കൂടുതല്‍. ഇതേക്കുറിച്ച് പഠിക്കാന്‍ ഒന്നരവര്‍ഷം ഹരിയും കൂട്ടരും ചെലവിട്ടു.
വളരെക്കുറച്ച് സ്ഥലത്ത് അധികം വെള്ളമുപയോഗിക്കാതെ വനം വളര്‍ത്തുന്ന രീതി. സുഹൃത്തുക്കളുടെ സഹായത്തോടെ ചെടികള്‍ സംഘടിപ്പിച്ചു. അവ നേരിട്ട് മണ്ണിലേക്ക് നടാറില്ല. ഗ്രോ ബാഗിലോ പ്ലാസ്റ്റിക് ചട്ടികളിലോ വളര്‍ത്തി വേരു വികസിച്ച ശേഷമേ മണ്ണിലേക്ക് ഇറക്കാറുള്ളൂ. അങ്ങനെയാകുമ്പോള്‍ വൃക്ഷങ്ങള്‍ കരുത്തോടെ വളരും.
രണ്ടേക്കറിലെ മൂന്ന് സെന്റ് അതിനായി മാറ്റി വെച്ചു. നിലം വളമിട്ട് പാകപ്പെടുത്തി. ഉമി, ചകിരിച്ചോറ്, ചാണകം, മണ്ണ് എന്നിവ തുല്യ അനുപാതത്തിലെടുത്താണ് നിലമൊരുക്കല്‍. ഒന്നര വര്‍ഷത്തിനകം 18 അടി ഉയരത്തില്‍ മരങ്ങള്‍ തലപൊക്കി. ഇന്വിസിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇതിനകം 15 മൈക്രോ ഫോറസ്റ്റുകള്‍ ഹരി യാഥാര്‍ഥ്യമാക്കി.
ഇന്‍ഫൊര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സൊല്യൂഷന്‍സ് ചെയ്യുന്ന കമ്പനിയാണ് ഹരിയുടെ ഇന്‍വിസ് മള്‍ട്ടിമീഡിയ. ജൈവവൈവിധ്യം സംരക്ഷിക്കാനുള്ള ഇന്‍വിസ് ദൗത്യങ്ങളില്‍ ആദ്യത്തേതാണ് പുളിയറക്കോണത്തുള്ള മൈക്രോഫോറസ്റ്റ്. പ്രകൃതിയെ കാക്കുന്നതിനൊപ്പം ജനങ്ങളെ കാടിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയെന്നതാണ് ലക്ഷ്യം. മരങ്ങളും ചെടികളും വള്ളിപ്പടര്‍പ്പുകളുമായി 178 ഇനങ്ങളില്‍പ്പെട്ട 470 ലേറെ സസ്യജാലങ്ങളുണ്ട് ഹരിയുടെ കാട്ടില്‍. കാടുനട്ടുവളര്ത്തിയ ശേഷം മിയാവാക്കിയെ നേരില്‍ കാണുകയെന്ന സ്വപ്നവും ഹരി യാഥാര്‍ഥ്യമാക്കി.
സൂര്യനെ തേടുന്ന മത്സരം
അടുത്തടുത്തായാണ് ചെടികള്‍ നടുന്നത്. അകലം വിടേണ്ട കാര്യമില്ല. വളരുമ്പോള്‍ ഒരു മത്സരമാണ് ചെടികള്‍ തമ്മില്‍. സൂര്യപ്രകാശം തേടി ഒന്ന് മറ്റൊന്നിനെ തോല്‍പ്പിച്ച് മാനം നോക്കിയുള്ള വളര്‍ച്ച.
പലതും ഔഷധസസ്യങ്ങളാണ്. കുന്നുകയറി കൂടെ നടക്കുന്നതിനിടയില്‍ ഓരോ കല്ലിടുക്കിലും കണ്ട ചെടികളെ ഹരി പരിചയപ്പെടുത്തി. എരുമണക്ക്, മരോട്ടി, പുന്ന, കടലാവണക്ക്, ചങ്ങലംപരണ്ട, ആടലോടകം, പാല്‍മുതുക്ക്, കാന്‍സറിനുള്ള വനവാസികളുടെ ഔഷധമായ നാക്ക്, മുടി നരയ്ക്കാതെ കാക്കാന്‍ പാടത്താളി, മുയല് ചെവിയന്‍, പൂവാംകുരുന്നില, ഗജതിപ്പലി, മലതാങ്ങി തുടങ്ങി എണ്ണമറ്റ ചെടികള്‍. അശോകവനികയില്‍ സീതയിരുന്ന ശിംശിംപാ വൃക്ഷത്തിന്റെ തൈ വരെയുണ്ട് കൂട്ടത്തില്‍.
ഗീതഗോവിന്ദവും ഫുഡ് ഫോറസ്റ്റും
ഗീതഗോവിന്ദത്തില്‍ പരാമര്‍ശിക്കുന്ന സസ്യങ്ങള്‍ വളര്‍ത്താനുള്ള ഒരുക്കത്തിലാണ് ഹരിയിപ്പോള്‍. തൊട്ടരികെ ഭക്ഷ്യയോഗ്യമായവയ്ക്കായി ഒരു ഫുഡ്ഫോറസ്റ്റും ഒരുങ്ങുന്നു. നെല്ലി, പേര, മാതളം, മാവ്, ചാമ്പ, പ്ലാവ്, അരിനെല്ലി, ലൂബിക്ക, കാര, തെങ്ങ് എല്ലാം ചേര്‍ന്നൊരു കായ്കനിക്കൂട്ടം. കരമനയില്‍ നിന്ന്് മരത്തില്‍ പണിതൊരു പഴയവീട് പൊളിച്ചു വാങ്ങി അത് അതേപടി പുനഃസൃഷ്ടിക്കുന്ന തിരക്കിലാണിപ്പോള്‍ ഹരി. അതിന്റെ മുറ്റത്ത് ചിട്ടവട്ടങ്ങളേതുമില്ലാതെ ഒരു പൂന്തോട്ടവുമൊരുങ്ങുന്നു. മന്ദാരം, രാജമല്ലി, ഗന്ധരാജന്‍, പവിഴമുല്ല, അരളി, നീര്‍മാതളം, കിങ്ങിണി, പാരിജാതം, തെച്ചി. എല്ലാം ഉദ്യാന ഭംഗിയോടെ ഒരുമിച്ച് പൂത്തുലയുന്നു.
പ്രളയം ഇനിയും വരും. അത് മുന്നില്‍ കണ്ട് ഉള്ള മണ്ണിലൊരു കാടു വളര്‍ത്താം. എങ്ങനെയെന്നറിയണോ? ഹരിയെ വിളിച്ചോളൂ; ഫോണ്‍: 9447019749
ഡോ. അകീറാ മിയാവാക്കി
ജാപ്പനീസ് സസ്യശാസ്ത്രജ്ഞന്. 92 വയസ്സുണ്ട്. മിയാവാക്കിയുടെ വനവത്ക്കരണ മാതൃക ഇന്ന് ലോകപ്രശസ്തമാണ്. അമ്പതു വര്‍ഷത്തോളമായി അദ്ദേഹം തന്റെ ആശയം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒട്ടേറെ സവിശേഷതകളുണ്ട്് മിയാവാക്കി വനങ്ങള്‍ക്ക്. ചെടികള്‍ ഒട്ടും അകലം പാലിക്കാതെ അടുപ്പിച്ചാണ് വളര്‍ത്തുന്നത്. സൂര്യപ്രകാശം തേടി ചെടികള്‍ മത്സരിച്ച് വളരാനാണിത്. അതിനാല്‍ സ്വാഭാവിക വനങ്ങളെ അപേക്ഷിച്ച് ദ്രുതഗതിയിലാണ് മിയാവാക്കി വനങ്ങളുടെ വളര്‍ച്ച. ഒരു പ്രദേശത്ത് സ്വാഭാവികമായി വളരുന്ന മരങ്ങള്‍ മാത്രം നടാനായി തെരഞ്ഞെടുക്കുക. തുടക്കത്തില്‍ അതിന് ധാരാളം വെള്ളവും വളവും നല്‍കുക. ചെടികള്‍ പെട്ടെന്ന് വളരും. മൂന്നുവര്‍ഷം കൊണ്ട്് ഒരു ചെറു വനം വളര്‍ത്തിയെടുക്കാം. 15 വര്‍ഷംകൊണ്ട് ഒരു നൂറുവര്‍ഷം പ്രായമായ കാട് രൂപപ്പെടും. വൃക്ഷങ്ങളുടെ വൈവിധ്യം ഏറെയുണ്ടാകില്ല. കാടുണ്ടാക്കാന്‍ നല്ല ചെലവു വേണ്ടിവരും. ഈ രണ്ടു ‘ഡ്രോ ബാക്കു’കളാണ് മിയാവാക്കി കാടുകള്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: