ശബരീശ പാദങ്ങളെ തഴുകിയൊഴുകുന്ന അമൃതവാഹിനിയാണ് പമ്പ. ഗംഗപോലെ പുണ്യനദിയായി കരുതപ്പെടുന്നു. മഹിഷീ നിഗ്രഹത്തിനായി പിറന്ന മണികണ്ഠനെ പന്തളം രാജാവ് രാജശേഖരന് ലഭിച്ചതും പമ്പയുടെ തീരത്തുനിന്നാണ്. അതിനാല്‍ ശബരിമല തീര്‍ത്ഥാടനത്തിന് പമ്പയുമായി അഭേദ്യമായ ബന്ധമാണുള്ളത്. കാനനവാസനായ ധര്‍മശാസ്താവിനെ കാണാന്‍ വ്രതാനുഷ്ഠാനത്തോടെയെത്തുന്ന അയ്യപ്പന്മാര്‍ പുണ്യസ്‌നാനം നടത്തുന്നത് പമ്പയിലാണ്. ദക്ഷിണ ഭഗീരഥിയായ പമ്പയിലെ സ്‌നാനം സ്വാമി ഭക്തര്‍ക്ക് മോക്ഷദായകമാണെന്നാണ് വിശ്വാസം. മലകയറ്റത്തിന് മുന്‍പ് ഭക്തന്റെ മുന്‍ജന്മപാപങ്ങള്‍ പമ്പാ സ്‌നാനത്തിലൂടെ മാറുമെന്നാണ് വിശ്വാസം. പമ്പ, കല്ലാര്‍, ഞുണങ്ങാര്‍ എന്നീ നദികളുടെ സംഗമമായ ത്രിവേണിയില്‍ അയ്യപ്പന്മാര്‍ പിതൃതര്‍പ്പണം നടത്തും. മറവപ്പടയുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച സംഘാംഗങ്ങള്‍ക്ക് അയ്യപ്പസ്വാമി തര്‍പ്പണം നടത്തിയതിന്റെ ഓര്‍മ പുതുക്കിയാണ് ബലിയിടല്‍.
പമ്പവിളക്ക്, പമ്പാസദ്യ, പിതൃതര്‍പ്പണം എന്നിവയൊക്കെ പമ്പയില്‍ നടക്കുന്ന പ്രധാന ചടങ്ങുകളാണ്. ശബരിമലയിലെ ദീപാരാധന സമയത്താണ് പമ്പവിളക്ക് നടക്കുന്നത്. പമ്പാസദ്യയില്‍ മണികണ്ഠസ്വാമി പങ്കെടുക്കുമെന്ന വിശ്വാസവും നിലവിലുണ്ട്. പ്ലാച്ചിമലയില്‍നിന്നാണ് പമ്പാനദിയുടെ ഉത്ഭവം.
റാന്നി, പത്തനംതിട്ട, തിരുവല്ല, ചങ്ങനാശേരി, കുട്ടനാട്, അമ്പലപ്പുഴ എന്നിവിടങ്ങളിലൂടെയാണ് പമ്പാനദി ഒഴുകുന്നത്. രാമായണ കഥയുമായും പമ്പയ്‌ക്ക് ബന്ധങ്ങള്‍ ഏറെയുണ്ട്. മാതംഗമഹര്‍ഷിയുടെ ആശ്രമപരിസരം അടിച്ചുവാരി വൃത്തിയാക്കിയിരുന്നത് നീലിയെന്ന പെണ്‍കുട്ടിയായിരുന്നു. സീതാന്വേഷണാര്‍ത്ഥം രാമലക്ഷ്മണന്‍മാര്‍ മാതംഗമഹര്‍ഷിയുടെ ആശ്രമത്തിലെത്തി. ആചാരവിധിപ്രകാരം ശ്രീരാമചന്ദ്രനെ സ്വീകരിച്ച് ആശ്രമത്തിലേക്ക് ആനയിച്ചതു നീലിയായിരുന്നത്രെ. ശ്രീരാമദേവന്റെ അനുഗ്രഹത്തല്‍ നീലിനാടിനുമുഴുവന്‍ അനുഗ്രഹദായകിയായ പമ്പയായി മാറിയെന്നാണ് കഥ.
ശ്രീരാമദേവന്റെ പാദസ്പര്‍ശത്താല്‍ പവിത്രമാണ് പമ്പാതീരം. പമ്പാത്രിവേണിക്കും ചക്കുപാലത്തിനും മധ്യേ പമ്പയുടെ തീരത്താണ് ശ്രീരാമപാദം. പാദം പതിഞ്ഞതായി കരുതുന്ന കല്ലുവച്ച് ഇപ്പോഴും വിളക്കുകൊളുത്തുന്നുണ്ട്.
പമ്പാസരസ്തടം ലോകമനോഹരം സംപ്രാപ്യ വിസ്മയം പൂണ്ടുകപീന്ദ്രനും”
എന്നാണ് രാമായണത്തില്‍ പറയുന്നത്. പാപനാശിനി കൂടിയാണ് പമ്പ. നീലക്കൊടുവേലിയില്‍തട്ടി ഒഴുകുന്ന വെള്ളമായതിനാല്‍ പമ്പയില്‍ കുളിച്ചാല്‍ രോഗങ്ങളെല്ലാം പമ്പകടക്കുമെന്നാണ് വിശ്വാസം. പമ്പാനദിയുടെ ദൂരം 176 കിലോമീറ്ററാണ്. താഴേയ്‌ക്കൊഴുകുമ്പോള്‍ നിരവധി കൈവഴികളുണ്ട്.നീളംകൊണ്ട് കേരളത്തില്‍ മൂന്നാംസ്ഥാനം. ശരാശരി നീരൊഴുക്ക് 3425 ദശലക്ഷം ഘനമീറ്ററുമാണെന്ന് കണക്കാക്കിയിരിക്കുന്നു.
ചെറുതും വലുതുമായ അണക്കെട്ടുകളാണ് പമ്പയിലുള്ളത്. കേരളത്തിലെതന്നെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരിയുടെ അണക്കെട്ടുകളാണ് ഇതില്‍പ്രധാനം. ഇതൊടൊപ്പം ശബരിമലയിലേക്ക് വെള്ളം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കുള്ളാര്‍, ഗവി, മീനാര്‍ 1, മീനാര്‍ 2, എന്നിങ്ങനെ ചെറുസംഭരണികള്‍ വനമേഖലയില്‍ത്തന്നെയുണ്ട്. ഇത്രയും സംഭരണികള്‍ക്ക് പമ്പ ത്രിവേണിയിലെ നീരൊഴുക്ക് പാതയുമായി ബന്ധമുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: