അഭിഷേകപ്രിയനാണ് അയ്യപ്പന്‍. അതിനാല്‍ ഭഗവാന് സമര്‍പ്പിക്കാന്‍ കഴിയുന്ന ഭക്തന്റെ മുഖ്യ വഴിപാടാണ് നെയ്യഭിഷേകം. പള്ളിക്കെട്ടിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് നെയ്‌ത്തേങ്ങ. തേങ്ങയ്‌ക്കുള്ളില്‍ നെയ്യ് നിറയ്‌ക്കുന്നത് കെട്ടു നിറയിലെ ഒരു പ്രധാന കര്‍മമാണ്. തേങ്ങയുടെ ഒരു കണ്ണ് കുഴിച്ച് അതിലൂടെ വെള്ളമൂറ്റിക്കളഞ്ഞ ശേഷം നെയ് നിറയ്‌ക്കുന്നു. ലൗകിക ചിന്തകളുടെ അംശം മനസ്സില്‍ നിന്ന് അകറ്റി, ആധ്യാത്മിക ചിന്തയുടെ അംശങ്ങളെ ഉള്‍ക്കൊള്ളുക എന്നതാണ് ഇതിന്റെ അര്‍ഥം. ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന നെയ്‌ത്തേങ്ങയിലെ നെയ്യാണ് അഭിഷേകത്തിന് എടുക്കുന്നത്.
അയ്യപ്പ മുദ്രയാണ് നെയ്‌ത്തേങ്ങ. നെയ്യ് ജീവാത്മാവാണ്. നെയ്യ് എടുത്തു കഴിഞ്ഞാല്‍ നെയ്‌ത്തേങ്ങാമുറി ജഡമാകുന്നു. ജീവാത്മാവിനെ ഭഗവാനില്‍ ലയിപ്പിക്കാനാണ് നെയ്യഭിഷേകം. ജഡമായതിനാല്‍ നെയ്‌ത്തേങ്ങാമുറി ഹോമകുണ്ഡത്തില്‍ അര്‍പ്പിക്കുന്നു. ഓരോ തീര്‍ഥാടകന്റെയും ആത്മാന്വേഷണത്തിന്റെ സാരവും ലക്ഷ്യവുമാണ് അയ്യപ്പന്‍. വ്രതത്തിന്റെ സായൂജ്യമാണ് നെയ്യഭിഷേകം . നെയ്യഭിഷേകം നടത്തുന്നതിന് ദേവസ്വത്തില്‍ നിന്ന് തുക അടച്ച് രസീതു വാങ്ങേണ്ടതാണ്. നേരിട്ട് അഭിഷേകം നടത്താന്‍ കഴിയാത്തവര്‍ മണ്ഡപത്തിനു സമീപം വച്ചിരിക്കുന്ന തോണിയില്‍ നെയ്യ് ഒഴിക്കാറുണ്ട്. അയ്യപ്പന് അഭിഷേകം ചെയ്ത നെയ്യ് ഒരു ദിവ്യ പ്രസാദായി ഭക്തര്‍ വീടുകളിലേക്ക് കൊണ്ടു പോകുന്നു. ആ നെയ്യ് നിരവധി രോഗങ്ങളുടെ ശാന്തിക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. ശബരിമലയില്‍ ക്ഷേത്രാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ഭക്തര്‍ നല്‍കുന്ന നെയ്യാണ്.
ഉഷഃപൂജയ്‌ക്ക് ശേഷമാണ് നെയ്യഭിഷേകം ആരംഭിക്കുന്നത്. ഉച്ചയ്‌ക്ക് പന്ത്രണ്ടു മണിവരെയാണ് അഭിഷേകം. ഭഗവാന് ചാര്‍ത്തിയ കളഭവും ഭസ്മവും ധരിക്കുന്നതും ആടിയ നെയ്യ് കഴിക്കുന്നതും മാറാരോഗങ്ങള്‍ പോലും അകറ്റുമെന്നാണ് തന്ത്രിമാര്‍ അഭിപ്രായപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക