തൃശൂര്‍: രാമവര്‍മ്മപുരം കേരള പോലീസ് അക്കാദമി എസ്ഐ ഇടുക്കി സ്വദേശി അനില്‍കുമാറിന്റെ (44) ആത്മഹത്യ വിവാദത്തിലേക്ക്. അനില്‍കുമാര്‍ എഴുതിയ ആത്മഹത്യാകുറിപ്പ് പോലീസ്അക്കാദമിയെ പ്രതിക്കൂട്ടിലാക്കും. മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിജിപിയെ സമീപിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.
ഇടുക്കി വാഴവരയില്‍ വീടിനടുത്തുള്ള പറമ്പിലാണ് അനില്‍കുമാറിനെ കഴിഞ്ഞ ദിവസം വിഷംകഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഎസ്ഐ അടക്കമുള്ളവര്‍ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും കാന്റീന് നടത്തിപ്പുമായി ബന്ധപ്പെട്ട് വന്‍ നഷ്ടമുണ്ടായെന്നും ആത്മഹത്യാക്കുറിപ്പിലുണ്ടെന്നാണ് സൂചന. എഎസ്ഐ നടത്തിയ സാമ്പത്തിക തിരിമറികള്‍ അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അനില്‍കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് സഹോദരന് അടക്കമുള്ള ബന്ധുക്കളുടെ ആരോപണങ്ങളും പോലീസ് അക്കാദമിയെ പ്രതിക്കൂട്ടിലാക്കുന്നതാണ്. പോലീസ് അക്കാദമിയില്‍ തന്റെ സഹോദരന് കടുത്ത ജോലി സമ്മര്‍ദ്ദമായിരുന്നുവെന്നും ആവശ്യത്തിന് അവധി നല്‍കിയിരുന്നില്ലെന്നുമാണ് അനില്‍കുമാറിന്റെ സഹോദരന്റെ ആരോപണം.
അമ്മയ്ക്ക് അസുഖമായപ്പോള്‍ പോലും ലീവ് നല്‍കിയില്ല. കാന്റീന് നടത്തിപ്പില്‍ സഹപ്രവര്‍ത്തകര്‍ കാരണമാണ് കനത്ത നഷ്ടം സംഭവിച്ചതെന്ന് അനില്‍കുമാര്‍ അറിയിച്ചിരുന്നതായി സഹോദരന് പറയുന്നു. വര്‍ഷങ്ങളായി പോലീസ് അക്കാദമിയിലെ കാന്റിന് നടത്തിപ്പ് അനില്‍കുമാറിന്റെ മേല്‍നോട്ടത്തിലാണ്. കാന്റീന് നടത്തിപ്പിന്റെ ചുമതല തനിക്ക് ഭാരമായി മാറിയെന്നും അക്കാദമിയിലെ ഒരു എഎസ്ഐയും മൂന്ന് പോലീസുകാരും തന്നെ പീഡിപ്പിക്കുന്നതായും ആത്മഹത്യാക്കുറിപ്പിലുണ്ടെന്നു സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: