അക്കിത്തം അച്യുതന്‍ നമ്പൂതിരി എന്ന കവി മലയാള സാഹിത്യത്തില്‍ അടയാളപ്പെടുത്തിയത് കവിതകളിലൂടെ മാത്രമല്ല. സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തില്‍ വി.ടി. ഭട്ടതിരിപ്പാടിനും എംആര്‍ബിക്കുമൊപ്പം നിന്ന് അദ്ദേഹം പ്രവര്‍ത്തിച്ചു. ജാതിയുടെ മേല്‍ക്കോയ്മ നിലനിന്നിരുന്ന കാലത്ത് സ്വസമുദായത്തിലെ തന്നെ അനാചാരങ്ങള്‍ക്കെതിരെ രംഗത്തിറങ്ങിയ യുവത്വത്തിന് നേതൃത്വം കൊടുത്ത് വിപ്ലവം നടത്തിയ ആളായിരുന്നു അക്കിത്തം. സമുദായത്തിലെ അനാചാരങ്ങളെയും സമൂഹത്തെ പൊതുവില്‍ ബാധിക്കുന്ന തിന്മകളെയും എതിര്‍ക്കാന്‍ അക്കിത്തം കവിതയെ ആയുധമാക്കി. എന്നാല്‍, ധര്‍മ്മം വിട്ടുള്ള എഴുത്തിനോ, ധര്‍മ്മം മറന്നുള്ള പ്രവര്‍ത്തിക്കോ അദ്ദേഹം തയാറായതുമില്ല.
അക്കിത്തത്തിന്റെ ആദ്യകാല കവിതകളും പ്രതിഷേധത്തില്‍ നിന്നുണ്ടായതാണ്. കുമരനല്ലൂരിലെ ക്ഷേത്രമതിലുകള്‍ വികൃതിക്കുട്ടികള്‍ കരിക്കട്ടകൊണ്ട് വരച്ച് വൃത്തികേടാക്കിയപ്പോള്‍ മനസ്സിലുയര്‍ന്ന പ്രതിഷേധം കവിതകളുടെ രൂപത്തിലാണ് പുറത്തുവന്നത്.
”അമ്പലങ്ങളിലീവണ്ണം തുമ്പില്ലാതെ വരയ്‌ക്കുകില്‍
വമ്പനാമീശന്‍ വന്നിട്ടെമ്പാടും നാശമാക്കീടും..”
എന്ന് കവിതയുടെ ആദ്യവരികളില്‍ കുറിച്ചിട്ട അദ്ദേഹം കവിതകളിലെല്ലാം അനാചാരങ്ങള്‍ക്കും തിന്മകള്‍ക്കുമെതിരായ പ്രതിഷേധാഗ്നി കെടാതെ കാത്തു സൂക്ഷിച്ചു. മനുഷ്യത്വമാണ് അക്കിത്തം കവിതകളുടെ സൂക്ഷ്മഭാവം. അത് മനുഷ്യനോടുള്ള സ്‌നേഹം മാത്രമല്ല. എല്ലാ ജീവജാലങ്ങളോടുമുള്ള സ്‌നേഹവും ആദരവും. എല്ലാത്തിനെയും ഒരുപോലെ ദര്‍ശിക്കാനും സ്‌നേഹിക്കാനുമുള്ള ശേഷി നേടുമ്പോഴാണ് നല്ല മനുഷ്യനാകുന്നതെന്നാണ് അക്കിത്തത്തിന്റെ പക്ഷം. കവിതകളില്‍ മനുഷ്യത്വം മുഴച്ചു നിന്നപ്പോള്‍ അദ്ദേഹത്തെ കമ്യൂണിസ്റ്റാക്കാന്‍ ആളുകളുണ്ടായി. പരിഷ്‌കരണ വാദിയായി സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ അക്കിത്തം കവിതകള്‍ കീറിമുറിച്ചു പരിശോധിച്ചവര്‍ അദ്ദേഹത്തെ കമ്യൂണിസ്റ്റാക്കി. പിന്നീട് ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ രചിച്ചപ്പോള്‍ ആദ്യം കമ്യൂണിസ്റ്റാക്കിയവര്‍ കമ്യൂണിസ്റ്റ് വിരുദ്ധനുമാക്കി. ആദ്യകാല അക്കിത്തം കവിതകളില്‍ കമ്യൂണിസമായിരുന്നു മുഴച്ചു നിന്നതെന്നു വാദിച്ച നിരൂപകര്‍ പിന്നീട് അക്കിത്തം കമ്യൂണിസത്തെ തള്ളിപ്പറഞ്ഞു എന്നു പ്രചരിപ്പിച്ചു.
എന്നും സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും പക്ഷത്തു നിന്ന കവിയാണ് അക്കിത്തം. താന്‍ അന്നും ഇന്നും കമ്യൂണിസ്റ്റാണെന്ന് വിമര്‍ശകരുടെ മുഖത്തു നോക്കി അദ്ദേഹം മറുപടി നല്‍കി. കമ്യൂണിസ്റ്റായതുകൊണ്ടാണ് തനിക്ക് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം രചിക്കാനായത്. പക്ഷേ, താന്‍ പഠിച്ച കമ്യൂണിസം വിദേശികളില്‍ നിന്നായിരുന്നില്ല. ഭാരതത്തില്‍ നിന്നു തന്നെയായിരുന്നു. വേദത്തില്‍ നിന്നാണ് താന്‍ കമ്യൂണിസം പഠിച്ചത്. മറ്റുള്ള ജീവി വംശങ്ങളെയും അവശരെയും വിശക്കുന്നവരെയും സ്‌നേഹിക്കാനും അവരുടെ കണ്ണീരൊപ്പാനും പഠിപ്പിച്ചത് വേദമാണ്. ഭാരതീയ സംസ്‌കാരത്തിലധിഷ്ഠിതമാണ് തന്റെ കമ്യൂണിസം. ഭാരതത്തില്‍ നിന്നു വേറിട്ട ഒന്നിനെയും താന്‍ സ്‌നേഹിക്കുന്നില്ല. നമ്മുടേതായ സംസ്‌കാരവും വേദങ്ങളും പറയുന്നതില്‍ നിന്ന് വലുതായി മറ്റൊന്നുമില്ല.
ജീവിതയാത്രയില്‍ ദൈവം കൈപിടിക്കുന്നുണ്ടെന്ന വിശ്വാസിയാണ് അക്കിത്തം. ഓരോ ശ്വാസത്തിലും അക്കിത്തം ഈശ്വരനെ ദര്‍ശിക്കുന്നു. വിശപ്പാണ് തന്നെക്കൊണ്ട് കവിതയെഴുതിച്ചതെന്ന് അക്കിത്തം എപ്പോഴും പറയാറുണ്ട്. കുട്ടിക്കാലം ദുരിതമയമായിരുന്നു. യാതനകള്‍ നിഴലായി കൂടെ നടന്നു. വേദപഠനവും അമ്പലവും ഭാഗവതവുമൊക്കെയായി നടക്കുമ്പോഴും വിശപ്പിനൊപ്പം കവിതയും കൈവിടാതെ കൂട്ടുകാരനായി. നിരൂപകര്‍ അക്കിത്തം കവിതയില്‍ വേദാന്തം ദര്‍ശിക്കുമ്പോഴും അദ്ദേഹം സാധാരണക്കാരന്റെ കവിയാകുന്നത് അതിനാലാണ്. കര്‍ഷകനും തൊഴിലാളിയും അടിയാളവര്‍ഗവും ചേര്‍ന്ന സാധാരണ മനുഷ്യന്റെ വിയര്‍പ്പും വികാരവുമാണ് അക്കിത്തം കവിത.
‘ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായി ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം
ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായി ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു നിത്യനിര്‍മല പൗര്‍ണമി’
എന്ന വരികളിലൂടെ അദ്ദേഹം തന്റെ മനുഷ്യസ്‌നേഹത്തിന്റെ തീവ്രപക്ഷം അടയാളപ്പെടുത്തുന്നു. ഓരോ കവിത പിറക്കുമ്പോഴും അക്കിത്തത്തിലെ കവി കൂടുതല്‍ അസ്വസ്ഥനാകുന്നു. കവിതയുടെ അവസാന വരി എഴുതിത്തീര്‍ന്ന് വിരാമമിടുമ്പോള്‍ അനുഭവിക്കുന്ന പ്രശാന്ത സുന്ദരമായ അവസ്ഥ, ഉള്ളിലുടക്കിക്കിടക്കുന്ന മുള്ളിനെ പുറത്തെടുക്കുമ്പോഴുണ്ടാകുന്ന നിര്‍വൃതിയാണതനുഭവിപ്പിക്കുന്നതെന്ന് അക്കിത്തം പറയും. എഴുതിത്തീര്‍ത്ത കവിതകളെല്ലാം തീവ്രവേദനയും പിന്നീട് നിര്‍വൃതിയും സമ്മാനിച്ചു.
”വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം”
എന്ന രണ്ടുവരികള്‍ കൊണ്ട് മാത്രം മലയാളികളുടെ മനസ്സില്‍ അക്കിത്തത്തിന് സ്ഥിരമായ ഇരിപ്പിടം ലഭിച്ചു. മറ്റൊരാള്‍ക്കും ലഭിക്കാത്ത സ്ഥാനം. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിതയാണ് അക്കിത്തത്തിലെ കവിയെ മഹാകവിയാക്കിയത്. മലയാള കവിതയില്‍ ആധുനികത ഉദയം ചെയ്തത് ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ പുറത്തു വന്നതിനു ശേഷമാണെന്നാണ് നിരൂപക മതം.
ബഹുമതികള്‍ പണം കൊടുത്തും സേവപിടിച്ചും വാങ്ങുന്ന ഇക്കാലത്ത് അക്കിത്തം അധാര്‍മ്മികമായ പ്രവര്‍ത്തികളുടെ പിറകേ പോയിട്ടില്ല. ഭാരതീയ സാംസ്‌കാരിക മൂല്യങ്ങളെയും ഭാരതീയ പാരമ്പര്യത്തെയും കുറിച്ചാണ് അക്കിത്തം എപ്പോഴും സംസാരിക്കുന്നത് എന്നതും കവിയുടെ ന്യൂനതയായി. അദ്ദേഹം ഇടതോ വലതോ കക്ഷിചേര്‍ന്ന് നടന്നിരുന്നെങ്കില്‍ പുരസ്‌കാരങ്ങള്‍ കൊണ്ട് കുമരനല്ലൂരിലെ ദേവായനം നിറയുമായിരുന്നു.
സപ്തതിയും ശതാഭിഷേകവും നവതിയുമൊക്കെ കൊട്ടിഘോഷിക്കപ്പെടുന്ന ഇക്കാലത്ത് അക്കിത്തം അതില്‍ നിന്നെല്ലാം ഒഴിവാക്കപ്പെട്ടു. സര്‍ക്കാരിന്റെ സാംസ്‌കാരിക വിഭാഗവും അക്കിത്തത്തെ അകറ്റി നിര്‍ത്തി. മഹാകവിക്ക് അതിലൊന്നും പരിഭവമില്ല. തനിക്കര്‍ഹിക്കുന്നത് തന്നെ തേടിവരുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ”എങ്കിലും, മലയാളി സമൂഹത്തിന് അക്കിത്തത്തെ കണ്ടില്ലെന്ന് നടിക്കാനാകില്ല. ഇടയ്‌ക്കിടെ അവരുടെ ഓര്‍മ്മകളിലേക്ക് ആ വാക്കുകള്‍ കടന്നു വരും,
”വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം”
പ്രതികരിക്കാൻ ഇവിടെ എഴുതുക