കൊച്ചി: കള്ളക്കടത്തുകാരുടെ സിന്‍ഡിക്കേറ്റുണ്ടാക്കി ഇന്ത്യയിലേക്ക് കടത്തിയ 4500 കിലോ സ്വര്‍ണത്തിന്റെ മുക്കാല്‍പങ്കും എത്തിച്ചത് കേരളത്തില്‍. വിദേശത്തുനിന്ന് കപ്പല്‍വഴി പാഴ്വസ്തുക്കളെന്ന വ്യാജേന 1473 കിലോ സ്വര്‍ണം കടത്തിയെന്ന് ജന്മഭൂമി തിങ്കളാഴ്ച റിപ്പോര്‍ട്ടു ചെയ്തിരുന്നു.
സ്വതന്ത്ര വ്യാപാര കരാര്‍ പ്രകാരം പാഴ്വസ്തുക്കള് ഇറക്കുമതി ചെയ്യാന്‍ അധികാരമുള്ള ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി കണ്ടെയ്നറിലാണ് 4500 കിലോ സ്വര്‍ണം കടത്തിയത്. പെരുമ്പാവൂര്കാരായ മലയാളികള്‍ നേതൃത്വം കൊടുക്കുന്ന സംഘമാണ് കള്ളക്കടത്ത് നിയന്ത്രിച്ചത്. കടത്തിയ 4500 കിലോ സ്വര്‍ണത്തിന്റെ മുക്കാല്‍ പങ്കും എത്തിച്ചത് കേരളത്തിലേക്കായിരുന്നുവെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ അന്വേഷണത്തിലാണ് വ്യക്തമായത്.
2017 ഫെബ്രുവരി മുതല്‍ 2019 മാര്‍ച്ച് വരെയുള്ള രണ്ട് വര്‍ഷങ്ങളിലായാണ് ഇത്രയധികം സ്വര്‍ണം ഇന്ത്യയിലേക്കെത്തിയത്. പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ അലിയാറും സംഘവും ആണ് അന്താരാഷ്ട്ര ബന്ധമുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍. നിസാറിനെ കൂടാതെ പെരുമ്പാവൂര്‍ കണ്ടന്തറ കാരോത്തുകുടി കെ.എം. മുഹമ്മദ്, വല്ലം റയോണ്‍പുരം വെള്ളംവെളി വീട്ടില്‍ വി.എം. മുഹമ്മദ് ഫാസില്‍, തെക്കെവാഴക്കുളം അരിമ്പാശേരി വീട്ടില്‍ എ.എ. അജാസ്, അല്ലപ്ര ചെന്താരവീട്ടില്‍ അംജദ്. സി. സലിം എന്നിവരാണ് സ്വര്‍ണക്കടത്തില്‍ നിസാറിനൊപ്പമുള്ള പെരുമ്പാവൂര്‍ സ്വദേശികള്‍.
നിസാര്‍ ഒളിപ്പിച്ച് വച്ച പെന്‍ഡ്രൈവ് ലഭിച്ചതോടെയാണ് രണ്ട് വര്‍ഷംകൊണ്ട് സംഘം ഇന്ത്യയിലേക്ക് കടത്തിയ സ്വര്‍ണത്തിന്റെ കണക്കും എത്തിച്ച സ്ഥലങ്ങളുടെ വിവരങ്ങളും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് ലഭിച്ചത്. ഇതില്‍ കള്ളക്കടത്ത് സ്വര്‍ണത്തിന്റെ മുക്കാല്‍ പങ്കും കേരളത്തിലേക്കാണ് എത്തിച്ചതെന്ന കാര്യം വ്യക്തമായത്. 1473 കോടിരൂപയുടെ സ്വര്‍ണമാണ് ഇവര്‍ കടത്തിയത്. പിത്തള സ്ക്രാപ്പെന്ന പേരിലായിരുന്നു സ്വര്‍ണക്കടത്ത്.
നിസാറിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓഫീസും കെട്ടിടവും ഉണ്ട്. പിബിവിആര് ട്രേഡേഴ്സ്, അല്‍ റംസ,്ഡീപ് പി മെറ്റല്‍ സ്ക്രാപ്പ് എന്നീ സ്ഥാപനങ്ങളുടെ പേരിലായിരുന്നു സ്വര്‍ണം ഇറക്കുമതി. കണ്ടെയ്നര്‍ വഴി കടത്തിയ സ്വര്‍ണം ആര്‍ക്കാണ് വിതരണം ചെയ്തതെന്ന് കാര്യം ഡിആര്‍ഐയുടെ അന്വേഷത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: