Categories: Samskriti

സ്വാമി അയ്യപ്പന്‍ റോഡ്

1975 ആഗസ്റ്റ് 16ന് മലയാളത്തില്‍ പുറത്തിറങ്ങിയ സ്വാമി അയ്യപ്പന്‍ എന്ന ചലച്ചിത്രം ശബരിമല ക്ഷേത്രവുമായി പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യത്തിന്റെയും അനുഭവകഥകളുടെയും ആവിഷ്‌കാരമായിരുന്നു. ശബരിമലയുടെ പശ്ചാത്തലത്തിലാണ് ഷൂട്ടിംഗ് നടന്നത്. ശ്രീകുമാരന്‍ തമ്പിയായിരുന്നു തിരക്കഥ രചിച്ചത്. വയലാര്‍ രാമവര്‍മ, ശ്രീകുമാരന്‍ തമ്പി, ദേവരാജന്‍ കൂട്ടുകെട്ട് ഗാനങ്ങള്‍ ചിട്ടപ്പെടുത്തി.

ശബരിമലയുടെ പ്രാധാന്യം തെക്കന്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ പ്രചരിപ്പിക്കാനും സ്വാമി അയ്യപ്പന്‍ എന്ന ചലച്ചിത്രം ഉപകരിച്ചുവെന്നാണ് വിലയിരുത്തല്‍. ജെമിനി ഗണേശന്‍ കെ.ബാലാജി, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, ശ്രീവിദ്യ എന്നിവരായിരുന്നു അഭിനേതാക്കള്‍. മെരിലാന്റ് സുബ്രഹ്മണ്യനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ഏഴുലക്ഷം രൂപയായിരുന്നു അന്ന് സിനിമയെടുക്കാന്‍ ചെലവായത്. ഒരു സീസണ്‍കാലത്ത് പമ്പയില്‍ താല്‍ക്കാലിക തിയേറ്റര്‍ പണിത് അവിടെ സ്വാമി അയ്യപ്പന്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ശബരിമലയില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കാന്‍ മെരിലാന്റിന്റെ സഹകരണം വേണമെന്ന അന്നത്തെ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ബി.മാധവന്‍ നായരുടെ അഭ്യര്‍ത്ഥന പി.സുബ്രഹ്മണ്യം അംഗീകരിച്ചു. ഈ ചിത്രത്തിന്റെ ലാഭംമുഴുവന്‍ ശബരിമലയിലേക്ക് നല്‍കാന്‍ ട്രസ്റ്റ് രൂപീകരിച്ചു. മാളികപ്പുറത്തേക്കും ഉരക്കുഴിയിലേക്കുമുള്ള വഴിയിലും പമ്പയിലും അയ്യപ്പന്മാര്‍ക്ക് വിശ്രമിക്കുന്നതിനുള്ള ഷെഡ്ഡുകള്‍ പണിതായിരുന്നു ട്രസ്റ്റിന്റെ ശബരിമല സേവനം തുടങ്ങിയത്. പിന്നീട് ശരംകുത്തിയിലും ഉരക്കുഴിയിലും ജലസംഭരണികള്‍ പണിതുനല്‍കി. പമ്പയില്‍നിന്ന് ശബരിമലയിലേക്ക് പുതിയൊരു പാത ശരിയാക്കിക്കൊടുത്തത് ഈ ട്രസ്റ്റ്ആയിരുന്നു. മൂന്ന് കിലോമീറ്റര്‍ നീളംവരുന്ന സ്വാമി അയ്യപ്പന്‍ റോഡിന്റെ സംരക്ഷണം ഇപ്പോഴും സുബ്രഹ്മണ്യം ട്രസ്റ്റിന്റെ കൈകളിലാണ്. 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക