Categories: Varadyam

കശ്മീര്‍-ലഡാക്-ചൈന

ബ്രിട്ടീഷ് സാമന്ത രാജ്യമായിരുന്ന കശ്മീരിന്റെ കിഴക്കന്‍ ഭാഗങ്ങളുടെ അതിര്‍ത്തി സംബന്ധിച്ച തര്‍ക്കം 19-ാം നൂറ്റാണ്ടു മുതല്‍ക്കേ ഉള്ളതാണ്. ഇത് സംബന്ധിച്ച് ഗ്രേറ്റ് ബ്രിട്ടനും അഫ്ഘാനിസ്ഥാനും റഷ്യയും തമ്മില്‍ ഒരു കരാര്‍ തയ്യാറാക്കിയിരുന്നു. പക്ഷേ ചൈന ഈ കരാറൊന്നും അംഗീകരിച്ചില്ല. മാത്രമല്ല 1949-ലെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിലൂടെ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായെങ്കിലും 1950-കളില്‍ ലഡാക്കിന്റെ വടക്കുകിഴക്കന്‍ ഭാഗം ആക്രമിച്ച് കൈവശപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് 1956-57 കാലഘട്ടത്തില്‍ ചൈന ‘അക്‌സായ് ചിന്‍’ മേഖലയിലൂടെ സൈനികാവശ്യത്തിന് ഒരു റോഡ് നിര്‍മ്മിച്ചു; സിങ്ങ്ജിയാങ്ങ്, പടിഞ്ഞാറന്‍ ടിബറ്റ് എന്നീ ഭൂമേഖലകളുമായി ബന്ധിപ്പിക്കുന്നതിന്. ഈ റോഡു നിര്‍മ്മാണം തര്‍ക്കത്തിലും ഏറ്റുമുട്ടലിലും എത്തിയതോടെ ഇന്ത്യ-ചൈന യുദ്ധം 1962 ഒക്‌ടോബറില്‍ പൊട്ടിപ്പുറപ്പെട്ടു. ഇപ്പോള്‍ ഇന്ത്യ, പാകിസ്ഥാന്‍, ചൈന എന്നീ മൂന്നു രാജ്യങ്ങള്‍ ജമ്മു-കശ്മീരിന്റെ മൂന്ന് മേഖലകളില്‍ നിയന്ത്രണം ഉറപ്പിച്ചിരിക്കുന്നു. ഇന്ത്യക്ക്, മധ്യ-ദക്ഷിണ ഭാഗവും (ജമ്മു-കശ്മീര്‍) ലഡാക്കും. പാകിസ്ഥാന് വടക്കുപടിഞ്ഞാറന്‍ കശ്മീര്‍ ഭാഗം. ചൈനയ്‌ക്ക് വടക്കുകിഴക്കന്‍ ഭാഗമായ ‘അക്‌സായ് ചിന്‍’-ട്രാന്‍സ് കാരക്കോറം ഭാഗം. കശ്മീര്‍ താഴ്‌വര, ജമ്മു, ലഡാക്ക്, ആസാദ് കശ്മീര്‍, ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍ എന്നിങ്ങനെ 4 ഭൂമേഖലകളില്‍ വച്ച് ജമ്മുവില്‍ 66% ഹിന്ദുവിഭാഗവും ലഡാക്കില്‍ 50% ബുദ്ധവിഭാഗവുമാണ്. ഹിന്ദുവിഭാഗത്തില്‍ ബ്രാഹ്മണ-രജപുത്ര-ഖത്രി- തക്കാര്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. മറ്റു മേഖലകളില്‍ എല്ലാം തന്നെ മുസ്ലീം വിഭാഗവുമാണ്. ചൈന കൈവശപ്പെടുത്തിയ ‘അക്‌സായ് ചിന്‍’ – ട്രാന്‍സ് കാരക്കോറം മേഖലകളിലെ കൃത്യമായ ജനസംഖ്യ ലഭ്യമല്ല. 

പാക് അധിനിവേശം

1947-48-ല്‍ നടന്ന ഇന്ത്യ-പാക് യുദ്ധത്തെ ഒന്നാം കശ്മീര്‍ യുദ്ധമെന്നും വിളിക്കുന്നു. കശ്മീരി മഹാരാജാവ് ഹരി സിംഗ് സ്വതന്ത്രമായി നില്‍ക്കാന്‍ കഴിയുമോ എന്ന ചിന്തയില്‍ കടിച്ചു തൂങ്ങിക്കിടന്നപ്പോള്‍ പാക്കിസ്ഥാന്റെ ആത്മസംയമനം നഷ്ടമായി. ഹരിസിംഗ് ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാനുള്ള സാദ്ധ്യത അവര്‍ മുന്‍കൂട്ടി അറിഞ്ഞു. സ്വാതന്ത്ര്യാനന്തരം പൂഞ്ച് മേഖലയിലെ മുസ്ലീം വിഭാഗം കലാപം തുടങ്ങിയതോടെ ഹരി സിംഗിന് പടിഞ്ഞാറന്‍ ജില്ലകളിലെ നിയന്ത്രണം കൈവിട്ടു. അങ്ങനെ 1947 ഒക്‌ടോബര്‍ 22-ന് പാകിസ്ഥാന്റെ പഷ്തൂണ്‍ ഗോത്ര സേനാനികള്‍ അതിര്‍ത്തി ലംഘിച്ച് കടന്നു കയറി. ശ്രീനഗര്‍ പിടിച്ചടക്കുകയായിരുന്നു പാക് സൈന്യത്തിന്റെ ലക്ഷ്യം. ബാരമുള്ളയില്‍ എത്തിയപ്പോള്‍ അവിടെയുള്ള ക്രിസ്ത്യന്‍ മഠം ആക്രമിച്ച് തങ്ങി. വിദേശ മിഷണറിമാരായ കന്യാസ്ത്രീകളെ ബലാല്‍സംഗം ചെയ്തും കൊന്നും രാത്രി ആഘോഷിച്ചു. ഈ സമയം ഹരി സിംഗ് മഹാരാജാവ് ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ചു. ഇന്ത്യാരാജ്യത്തിന്റെ ഭാഗമായി ചേര്‍ന്നുകൊണ്ടുളള ഉടമ്പടിയ്‌ക്ക് തയ്യാറായി. 

ഇന്‍സ്ട്രമെന്റ് ഓഫ് അക്‌സെഷന്‍

1935-ലെ ബ്രിട്ടീഷ് ഇന്ത്യാ ഗവണ്‍മെന്റ് ആക്ട് പ്രകാരമുള്ള ഇന്‍സ്ട്രമെന്റ് ഓഫ് അക്‌സെഷന്‍ പറയുന്നത് സാമന്തരാജ്യങ്ങള്‍ക്ക്/നാട്ടുരാജ്യങ്ങള്‍ക്ക് ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരാം എന്ന വ്യവസ്ഥയാണ്. അക്കാലത്ത് 565 നാട്ടുരാജ്യങ്ങള്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ഉണ്ടായിരുന്നു. നാട്ടു രാജ്യങ്ങള്‍ക്ക് ആദ്യം എതിര്‍പ്പുണ്ടായിരുന്നെങ്കിലും രണ്ടാം ലോക മഹായുദ്ധ പശ്ചാത്തലത്തില്‍ അനുകൂല നിലപാടുണ്ടായി. 1947 ഒക്‌ടോബര്‍ 26-ന് ഹരി സിംഗ് മഹാരാജാവ് ഒപ്പുവച്ച ഉടമ്പടി ഇത്തരത്തിലുള്ളതാണ്. ഇത് ഇന്ത്യാ ഗവണ്‍മെന്റിന് ജമ്മു-കശ്മീരിനുമേലുള്ള നിയന്ത്രണ അധികാരം നല്‍കി. പിറ്റേദിവസം തന്നെ ഗവര്‍ണര്‍ ജനറല്‍ മൗണ്ട്ബാറ്റന്‍ ഇത് അംഗീകരിക്കുകയും ചെയ്തു. ശ്രീമാന്‍ ഇന്ദ്രര്‍ മഹേന്ദ്രര്‍ രാജരാജേശ്വര്‍ മഹാരാജാധിരാജ് ശ്രീ ഹരി സിംഗ് ജി ഒപ്പുവച്ച ഈ ഉടമ്പടിയില്‍ തന്റേതായ അവകാശങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും 6-ാം ഖണ്ഡികയില്‍ ആവശ്യമായ സാഹചര്യത്തില്‍ ഇന്ത്യയ്‌ക്ക് കശ്മീരില്‍ ഇടപെടാനുള്ള അധികാരത്തേയും ഭൂമേഖല കൈവശപ്പെടുത്താനുള്ള നിയമത്തേയും അംഗീകരിക്കുന്നുണ്ട്. 

1948 ഡിസംബര്‍ അവസാനിക്കുമ്പോള്‍ യു. എന്‍. നിര്‍ദ്ദേശപ്രകാരം വെടിനിര്‍ത്തലിനു ഇന്ത്യ തയ്യാറായപ്പോള്‍ ജമ്മു-കശ്മീരില്‍ ജനഹിത പരിശോധന വേണമെന്ന് നിര്‍ദ്ദേശവുമുണ്ടായിരുന്നു. പക്ഷേ ഇന്ത്യയുടെ നിര്‍ദ്ദേശം ഇങ്ങനെയായിരുന്നു. കശ്മീരിലെ സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും പാക് വിമുക്ത-അതായത് ഗറില്ലാ യുദ്ധരഹിത സ്വതന്ത്ര-സ്വാഭാവിക രീതിയിലാകുമ്പോള്‍ മാത്രമേ ജനഹിത പരിശോധന നടത്താനാകൂ. ഇതുപ്രകാരം ഇതുവരെ ജനഹിത പരിശോധനയ്‌ക്ക് തയ്യാറായിട്ടുമില്ല. അതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള ബന്ധം വഷളാവുകയും അത് 1965, 1999 വര്‍ഷങ്ങളില്‍  യുദ്ധത്തിലെത്തുകയും ചെയ്തു. (1971-ലെ യുദ്ധം കശ്മീരുമായി ബന്ധപ്പെട്ടതല്ല). പാക് അധിനിവേശ കശ്മീരിന്റെ ഒരു ഭാഗം, ടിബറ്റിന്റെ തെക്കുകിഴക്ക്,  അക്‌സായ് ചിന്‍ ഭാഗം പാകിസ്ഥാന്‍ ചൈനയ്‌ക്ക് വിട്ടുകൊടുത്ത് ചൈനയുമായി സാമ്പത്തിക-സൈനിക സൗഹൃദം ഉണ്ടാക്കുകയും ചെയ്തു. 

സാമന്ത രാജ്യമായിരുന്ന ജമ്മു-കശ്മീര്‍ ഇന്ത്യന്‍ യൂണിയനിലാണെങ്കിലും പാക് അധിനിവേശ കശ്മീര്‍ ഭാഗത്തെ രണ്ടായി തിരിച്ചിരിക്കുന്നു. ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍ എന്നും ആസാദ് കശ്മീര്‍ എന്നും.

ലൈന്‍ ഓഫ് കണ്‍ട്രോള്‍

ഹരി സിംഗുമായുള്ള ഉടമ്പടിപ്രകാരം ശ്രീനഗറില്‍ വിമാനമാര്‍ഗ്ഗം ഇന്ത്യന്‍ സൈന്യം ഇറങ്ങി യുദ്ധം ആരംഭിച്ചു. 1948 ഡിസംബര്‍ 31-ന് പാതിരാത്രി 11.59-ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇന്ത്യയും പാകിസ്ഥാനും നിലകൊണ്ട ഭൂമേഖലയ്‌ക്ക് (ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍-ആസാദ് കശ്മീര്‍ ഭാഗം പാകിസ്ഥാന്‍ സൈന്യത്തിനു കീഴിലും. ജമ്മു കശ്മീര്‍ ഭാഗം ഇന്ത്യന്‍ സൈന്യത്തിനു കീഴിലും) മധ്യേയുള്ള വെടിനിര്‍ത്തല്‍ രേഖയാണ്. (സീസ് ഫയര്‍ ലൈന്‍) എല്‍.ഒ.സി. എന്നറിയപ്പെടുന്ന ലൈന്‍ ഓഫ് കണ്‍ട്രോള്‍. 

പി.ഒ.കെ. 

മഹാരാജാ ഹരി സിംഗ് ഒപ്പുവച്ച ഉടമ്പടിയില്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചത് പാകിസ്ഥാന്‍ അധിനിവേശം നടത്തി കയ്യടക്കിയ ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍ അതിര്‍ത്തി ഭാഗവും ആസാദ് കാശ്മീര്‍ ഭാഗവും ഉള്‍പ്പെടെയുള്ള ജമ്മു-കശ്മീര്‍ നാട്ടുരാജ്യമാണ്. പി.ഒ.കെ. എന്നറിയപ്പെടുന്ന പാക് ഒക്യുപൈഡ് കശ്മീര്‍ അഥവാ പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് പറയുന്നതില്‍ ചരിത്രപരമായും സാങ്കേതികമായും നിയമപരമായും തെറ്റൊന്നുമില്ല. 

(അവസാനിച്ചു)

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക