Categories: Varadyam

ഋഷിതുല്യന്‍ ദത്തോപന്ത്

 

‘വിദ്യാ ദദാതി വിനയം’ എന്ന വാക്യത്തിന്റെ പ്രകടരൂപമായിരുന്നു ദത്തോപന്ത് ഠേംഗ്ഡിജിയുടെ ജീവിതം. കിടയറ്റ ചിന്തകന്‍, എഴുത്തുകാരന്‍, വാഗ്മി, സംഘാടകന്‍, തൊഴിലാളി സംഘടനയുടെ സ്ഥാപകന്‍ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം തന്റെ സഹപ്രവര്‍ത്തകര്‍ക്കും അനുയായികള്‍ക്കും എന്നുവേണ്ട,  സമീപിക്കുന്ന ആര്‍ക്കും, എപ്പോഴും പ്രാപ്യനായിരുന്നു.  തങ്ങളില്‍ ഒരാള്‍ മാത്രമാണെന്ന പ്രതീതിയാണ് അദ്ദേഹം അവരില്‍ ഉണര്‍ത്തിയത്. ജീവിതാന്ത്യം വരെ സംഘപ്രചാരകനായിരുന്ന അദ്ദേഹം സംഘസ്ഥാപകനായ പൂജനീയ ഡോക്ടര്‍ജിയെപ്പോലെ, താന്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനല്ല, അവരോടൊപ്പം ഒരു ചുവട് മുന്‍പില്‍ സഞ്ചരിക്കുന്ന സഹയാത്രികന്‍ മാത്രമാണ് എന്ന വിശ്വാസമാണ്  ജനിപ്പിച്ചത്. വാസ്തവത്തില്‍ ഏതൊരു സംഘാടകനും അനിവാര്യമായും ഉണ്ടാകേണ്ട ഈ ഗുണം അദ്ദേഹം തന്റെ ജീവിതത്തില്‍ സാര്‍ത്ഥകമാക്കുകയും ജീവിതാന്ത്യംവരെ നിലനിര്‍ത്തുകയും ചെയ്തിരുന്നു.

1942-ല്‍ സംഘപ്രചാരകനായിത്തീര്‍ന്ന ഠേംഗ്ഡിജി ഭാരതത്തില്‍ പലയിടത്തും സംഘപ്രവര്‍ത്തനത്തിനായി നിയോഗിതനായി. സംഘത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെ സരളവും തര്‍ക്കശുദ്ധവും പ്രഭാവശാലിയുമായ വിശ്ലേഷത്തിലൂടെ സമര്‍ത്ഥിക്കാനുള്ള സവിശേഷ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും എഴുത്തുകളും ആറ്റിക്കുറുക്കിപ്പറഞ്ഞാല്‍ ഇങ്ങനെ ചുരുക്കാം: ഭാരതം ഹിന്ദു രാഷ്‌ട്രമായിരുന്നു, ഹിന്ദു രാഷ്‌ട്രമാണ്, എക്കാലവും ഹിന്ദു രാഷ്‌ട്രമായിരിക്കുകയും ചെയ്യും. അതുകൊണ്ട്, ഹിന്ദു രാഷ്‌ട്രം പുതുതായി സൃഷ്ടിക്കപ്പെടേണ്ടതല്ല. ഭൂമിയുടെ ഗുരുത്വാകര്‍ഷണവും ആപേക്ഷികതയും ശാസ്ത്രലോകം കണ്ടെത്തുന്നതിന് മുന്‍പ് എപ്രകാരം നിലനിന്നുവോ, അപ്രകാരം ഭാരതവും സനാതനമായി ഹിന്ദുരാഷ്‌ട്രമാണ്. ഈ ത്രികാലസത്യം വീണ്ടും ലോകശ്രദ്ധയില്‍ കൊണ്ടുവന്ന ജ്ഞാപക കാരണമാണ് ഡോക്ടര്‍ജി. എത്രപേര്‍ ഇത് അംഗീകരിക്കുന്നു എന്നതിനെ ആശ്രയിച്ചല്ല നിലകൊള്ളുന്നത്. അത് ആര്‍ക്കും ~ഒരിക്കലും നിഷേധിക്കാനാകാത്ത സത്യമാണ്; ഇതായിരുന്നു ഠേംഗ്ഡിയുടെ നിലപാട്.

മൂന്നാംവഴി

രാജനൈതിക യൂണിയനിസ (ുീഹശശേരമഹ ൗിശീിശാെ) വും സാമ്പത്തിക നയത്തിന്റെ അടിസ്ഥാനത്തിലുള്ള യൂണിയനിസ (ൗിശീിശാെ യമലെറ ീി ലരീിീാശര ുീഹശരശല)െവും എന്നിങ്ങനെ തൊഴിലാളികള്‍ക്ക് രണ്ടു തരത്തിലുള്ള സംഘടന മാത്രമേ സാധ്യമാകൂ എന്ന ധാരണ നിലനിന്നിരുന്ന സാഹചര്യത്തിലാണ് നിഷ്പക്ഷവും  ദേശീയതയില്‍ അടിയുറച്ചതുമായ ട്രേഡ് യൂണിയന്‍ സങ്കല്‍പ്പവുമായി ഠേംഗ്ഡി ഭാരതീയ മസ്ദൂര്‍ സംഘത്തിന് ബീജാവാപം ചെയ്തത്. തൊഴിലാളികള്‍ക്കായി, തൊഴിലാളികളുടെ, തൊഴിലാളികള്‍ നടത്തുന്ന, ദേശഹിതം തൊഴിലാളി ക്ഷേമത്തിന്റെ താക്കോലായി കാണുന്ന, മുതലാളിമാര്‍, ഭരണകൂടം, രാജനൈതിക കക്ഷികള്‍, വ്യക്തിഗത നേതാക്കള്‍ എന്നിങ്ങനെ എല്ലാ ബാഹ്യ സ്വാധീനങ്ങളില്‍ നിന്നും മുക്തമായ വിശുദ്ധമായ ട്രേഡ് യൂണിയനാണ് തൊഴിലാളികളുടെയും ദേശത്തിന്റെയും ഹിതത്തിന് വഴിതെളിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

തൊഴിലാളികള്‍ അന്നന്നത്തെ ജീവിതത്തെക്കുറിച്ച് മാത്രം ചിന്തിക്കുകയും മറ്റൊന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന കേവലം സാമ്പത്തിക ജീവികളായി സ്വയം ചുരുങ്ങുന്നതിനു പകരം, തങ്ങള്‍ അംഗങ്ങളായ  രാഷ്‌ട്രത്തിന്റെയും തൊഴിലാളികളുടെയും ഹിതങ്ങള്‍ അഭിന്നമാണെന്നും രാഷ്‌ട്രനീതിയില്‍നിന്ന് തൊഴിലാളികള്‍ക്ക് വിട്ടുനില്‍ക്കാനാവില്ലെന്നും ചിന്തിക്കണമെന്നും അദ്ദേഹം കരുതി. ഭാരതീയ മസ്ദൂര്‍ സംഘത്തെ തന്റെ ജീവിതകാലത്തുതന്നെ ഭാരതത്തിലെ ഏറ്റവുമധികം അംഗബലമുള്ള ട്രേഡ് യൂണിയനായി വളര്‍ത്തിയെടുക്കാനും അദ്ദേഹത്തിനായി.

തൊഴിലാളി വിമോചന സിദ്ധാന്തമായി കാള്‍ മാര്‍ക്‌സ് അവതരിപ്പിച്ച ഇസവും കാഴ്ചപ്പാടുമാണ് ലോകോത്തരമായി പലരും പുകഴ്‌ത്തുന്നത്. എന്നാല്‍ മാര്‍ക്‌സ്-ലെനിനിസത്തിനപ്പുറം മാനവക്ഷേമ ദര്‍ശനം അവതരിപ്പിക്കാന്‍ കഴിഞ്ഞ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ഏകാത്മ മാനവദര്‍ശന പദ്ധതി രൂപപ്പെടുത്തുന്ന ചിന്തകളില്‍ ദത്തോപന്ത് പങ്കാളിയായിരുന്നു. അതുകൊണ്ടാണ് കമ്യൂണിസം മരിക്കുവാന്‍ പോകുന്നുവെന്ന് മുന്‍കൂട്ടി കണ്ടത്.തൊഴിലാളി വര്‍ഗമോചനത്തിന് കമ്യൂണിസ്റ്റ് തൊഴിലാളി ശാസ്ത്രത്തിനപ്പുറം ചിന്തിച്ച് പദ്ധതി അവതരിപ്പിച്ചതും ആ ചിന്താശേഷിയുടെ ഫലമായിരുന്നുവല്ലോ?. മുതലാളിത്തത്തിനും കമ്യൂണിസ്റ്റ് സോഷ്യലിസത്തിനും ബദലായ മൂന്നാംപാത തുറന്നുതന്നത് അങ്ങനെയായിരുന്നുവല്ലോ.  

പരിസ്ഥിതി സംരക്ഷിച്ച്

തൊഴിലാളി സംഘടനാ പ്രവര്‍ത്തന രംഗത്ത് പ്രഗത്ഭനായ ഠേംഗ്ഡി പരിസ്ഥിതി സംരക്ഷകനുമായിരുന്നു. വൈദിക കാലം തൊട്ട് ഭാരതം പരിസ്ഥിതി ബോധം പുലര്‍ത്തിപ്പോരുന്നു. പാശ്ചാത്യ സാങ്കേതികവിദ്യ പരിസ്ഥിതി വിനാശം വരുത്തിവെയ്‌ക്കുന്നതോടൊപ്പം സാമൂഹ്യ വിഘടനത്തിനും കാരണമാകുന്നു. കാരണം അതിന്റെ ഏക ലക്ഷ്യം വ്യവസായവല്‍ക്കരണമാണ്. കാര്‍ട്ടീഷ്യന്‍ റിഡക്ഷനിസ്റ്റ് തത്ത്വശാസ്ത്രവും മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമല്ലെന്ന മട്ടില്‍ മനുഷ്യനെ പ്രകൃതിക്ക് എതിരായി തിരിച്ചുവിട്ടിരിക്കയാണ്. മനുഷ്യന്റെ നിരന്തരം വര്‍ധിച്ചുവരുന്ന ഭോഗേച്ഛയെ തൃപ്തിപ്പെടുത്താന്‍ പ്രകൃതിയെ നിഷ്‌ക്കരുണം നശിപ്പിക്കുവാന്‍ അതനുവദിക്കുന്നു. അതിന്റെ ഫലമായി പ്രകൃതിവിഭവങ്ങള്‍ ഗണ്യമായ തോതില്‍ കുറയുന്നു. ജൈവസമൂഹം ഉള്‍പ്പെടെ പരിസ്ഥിതിയെ ഗുരുതരമായി അത് ബാധിക്കുകയും  മലിനീകരണത്തിന്റെ തോത് മാനവരാശിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുംവിധം വര്‍ധിക്കുകയും ചെയ്യുന്നു എന്ന് അദ്ദേഹം ചിന്തിച്ചു. ഇതിനുപരിഹാരമായി നാം നമ്മുടെ പൂര്‍വികമായ കാഴ്ചപ്പാടിലേക്ക് തിരിച്ചുവരുകയും, ഭൂമി, ജലം, വായു, ജീവജാലങ്ങള്‍, സസ്യസമ്പത്ത് എന്നിവയെ പവിത്രമായി കണക്കാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. പ്രകൃതിയെ പരിപോഷിപ്പിക്കുന്ന-നശിപ്പിക്കുന്നതല്ല-സാങ്കേതിക വിദ്യ നമുക്ക് വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു. ലോകത്തിന് 21-ാം നൂറ്റാണ്ടില്‍ അത്തരമൊരു തത്ത്വശാസ്ത്രവും അതിനനുഗുണമായ സാങ്കേതിക വിദ്യയും അനുപേക്ഷണീയമായി വരും എന്ന് അദ്ദേഹം ചിന്തിച്ചു.

ആധുനിക വ്യവസായ സംവിധാനം നവീകരിക്കാനാകാത്ത അസംസ്‌കൃത വസ്തുക്കള്‍, ഊര്‍ജ്ജം എന്നിവയെ വലിയ തോതില്‍ ഉപയോഗിക്കുന്നു. വായു, വെള്ളം എന്നിവയെ മലിനീകരിക്കുകയും ചെയ്യുന്നു. വ്യാവസായിക സമൂഹത്തിന്റെ സാങ്കേതിക വിദ്യാ മേഖലക്ക്, സാമാന്യമായ ജൈവ മണ്ഡലത്തെക്കാള്‍ പതിനഞ്ചു ഇരട്ടി ഓക്‌സിജന്‍ ആവശ്യമുണ്ട്. ഈ സംവിധാനം ഓരോ പ്രദേശത്തിനും അനുസൃതമായ, പ്രാദേശിക വിഭവങ്ങള്‍ ഉപയോഗിക്കാന്‍ പാകത്തിലുള്ള, പ്രാദേശിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോന്ന സാങ്കേതികവിദ്യയുടെ വികാസത്തെ നിരുത്സാഹപ്പെടുത്തുന്നു. ഇങ്ങനെ അദ്ദേഹം ഒരു മൂന്ന് പതിറ്റാണ്ട് മുമ്പ് നല്‍കിയ മുന്നറിയിപ്പ് എത്ര സംഗതമാണെന്ന് ഇപ്പോഴത്തെ നമ്മുടെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നു.

ഭരണഘടനയും അംബേദ്കറും

ഭാരത ഭരണഘടന, നിയമവ്യവസ്ഥ, പാര്‍ലമെന്റ്, ഉദ്യോഗസ്ഥാധിപത്യം എന്നിവയിലൊന്നും നമുക്ക് ഭാരതീയത കാണാനില്ലെന്ന് തന്നെ പറയാം. ഇംഗ്ലണ്ടിലെ വെസ്റ്റ് മിനിസ്റ്റര്‍ മാതൃകയോടൊപ്പം മറ്റ് ചില രാജ്യങ്ങളില്‍ നിന്ന് സ്വീകരിച്ച അംശങ്ങള്‍ കൂടി ചേര്‍ത്തുണ്ടാക്കിയതാണ് നമ്മുടെ ഭരണഘടന. വാസ്തവത്തില്‍ നിലവിലുണ്ടായിരുന്ന വ്യവസ്ഥയില്‍ പറയത്തക്ക മാറ്റങ്ങള്‍ വരുത്താനൊന്നും നമ്മുടെ നേതാക്കന്മാര്‍ക്ക് ഉത്സാഹമുണ്ടായിരുന്നില്ല. സ്വതന്ത്ര ഭാരതത്തിലെ പ്രഥമ ഭരണകൂടം പൂര്‍വ്വവര്‍ത്തിയായ ഭരണസമ്പ്രദായം, ഭരണപരമായ സ്വഭാവങ്ങള്‍, നടപടിക്രമങ്ങള്‍ നിലനിര്‍ത്തുകയാണ് ചെയ്തത്. ഇതിന്റെ കാരണം സ്വതന്ത്ര ഭാരതത്തിന്റെ ഭാഗധേയം നിര്‍ണയിക്കുവാന്‍ നിശ്ചയിക്കപ്പെട്ടവര്‍ തങ്ങളുടെ സാമ്രാജ്യത്വ യജമാനന്മാരേയും അവരുടെ സമ്പ്രദായത്തേയും അന്ധമായി അനുകരിക്കുന്നവരായിരുന്നു എന്നതാണ്. ഭാരതത്തിന്റെ ചരിത്രപരമായ വികാസം ഗ്രേറ്റ് ബ്രിട്ടന്റേതില്‍നിന്നും തികച്ചും ഭിന്നമാണെന്നും വെസ്റ്റ് മിനിസ്റ്റര്‍ മാതൃക ബഹുസ്വരവും നിരക്ഷരതയും ദാരിദ്ര്യവും ഉയര്‍ന്ന തോതില്‍ നിലനില്‍ക്കുന്നതുമായ ഒരു സമൂഹത്തിന് അനുയോജ്യമല്ലെന്നും അവര്‍ വിസ്മരിച്ചതാണിതിനു കാരണമെന്നും ഠേംഗ്ഡി വിലയിരുത്തി. ഭാരതീയമായ ആചാരവിചാരങ്ങളെക്കുറിച്ചും അവയുടെ അടിസ്ഥാനത്തില്‍ വികസിച്ച സമ്പ്രദായങ്ങളെക്കുറിച്ചും അവര്‍ അജ്ഞരായിരുന്നുവെന്നും അദ്ദേഹം കണ്ടെത്തി.

ദുര്‍ബല വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഭരണഘടനക്ക് ആവില്ലെന്ന് ആദ്യകാലം തൊട്ടുതന്നെ വ്യക്തമായിരുന്നു. ഡോ. അംബേദ്കറാണ് ഭാരത ഭരണഘടനയുടെ മുഖ്യ സൂത്രധാരന്‍ എന്ന് പറയുന്നത് ശരി തന്നെ. എന്നാല്‍, ഭരണഘടന അദ്ദേഹത്തിന്റെ ആശയങ്ങള്‍ പൂര്‍ണമായോ വ്യക്തമായോ പ്രതിഫലിപ്പിക്കുന്നില്ല എന്നതും സത്യമാണ്. കാരണം, ഭരണഘടനാ നിര്‍മാണ സഭയില്‍ അദ്ദേഹത്തിന് വ്യത്യസ്ത വിഭാഗങ്ങളുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളിക്കേണ്ടിവന്നു. പലപ്പോഴും അദ്ദേഹത്തിന് ഒത്തുതീര്‍പ്പിന്റെ സമവാക്യങ്ങള്‍ സ്വീകരിക്കേണ്ടി വന്നുവെന്ന പക്ഷക്കാരനായിരുന്നു ഠേംഗ്ഡി. .

കമ്യൂണിസം അശാസ്ത്രീയം

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അപചയത്തെക്കറിച്ചും അശാസ്ത്രീയതയെക്കുറിച്ചും സോവിയറ്റ് യൂണിയന്റെ പതനത്തിന് വളരെ മുമ്പ് തന്നെ യുക്തിഭദ്രതയോടെ വ്യക്തമാക്കിയ ദാര്‍ശനികനായിരുന്നു ഠേംഗ്ഡി. കമ്യൂണിസ്റ്റുകാര്‍ സ്വയം നല്‍കിയ മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ കമ്യൂണിസത്തെ വിലയിരുത്തിക്കൊണ്ടാണ് അദ്ദേഹം ആ പ്രത്യയശാസ്ത്രത്തിന്റെ പരാജയത്തെക്കുറിച്ച് പ്രവചിച്ചത്. അദ്ദേഹത്തിന്റെ നിഗമനം ശരിയാണെന്ന് കാലം അസന്ദിഗ്ധമായി തെളിയിക്കുകയും ചെയ്തു. അന്തര്‍ദേശീയതാവാദികളായ കമ്യൂണിസ്റ്റുകള്‍ക്ക് ആകെ ഉള്ള അതിര്‍ത്തി ഉത്തരധ്രുവവും ദക്ഷിണധ്രുവവുമായിരിക്കണം. എന്നാല്‍, രണ്ടാം ലോകമഹായുദ്ധ സമയത്ത് ഹിറ്റ്‌ലറുടെ സൈന്യം റഷ്യയിലേക്കു കടന്നപ്പോള്‍, കമ്യൂണിസ്റ്റ് മുദ്രാവാക്യം ഉയര്‍ത്തിയല്ല, മറിച്ച് തങ്ങളുടെ പാവനമായ പിതൃഭൂമിയുടെ  അതിര്‍ത്തി സംരക്ഷിക്കാന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് റഷ്യന്‍ ജനതയെ പ്രതിരോധത്തിന് വേണ്ടി തയ്യാറാക്കാനായത്. ഫ്യൂഡല്‍ പ്രഭുക്കളെന്ന് മുദ്രകുത്തി അവഹേളിക്കപ്പെട്ട ദേശീയ പുരുഷന്മാരുടെയും വീരപുരുഷന്മാരുടെയും സ്മരണ ഉണര്‍ത്തിക്കൊണ്ടാണ് അവര്‍ക്കത് ചെയ്യേണ്ടി വന്നത്. അതായത് ദേശീയബോധം ഇല്ലായ്മ ചെയ്യാന്‍ കമ്യൂണിസത്തിന് ആയില്ല. ഠേംഗ്ഡിയുടെ ഈ നിരീക്ഷണവും വാദവും എത്ര കൃത്യമാണ്. 

മുതലാളിത്ത പരാജയം

ഉപഭോഗ വാദത്തിലധിഷ്ഠിതമായ മുതലാളിത്തത്തിന് അധികകാലം നിലനില്‍പ്പില്ലെന്ന് ഠേംഗ്ഡിജി അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. പ്രവചനാത്മകമായിരുന്നു ആ നിഗമനം. ‘നിരങ്കുശമായ ആവശ്യങ്ങള്‍,’ ‘സാപേക്ഷികമായ ദൗര്‍ലഭ്യം’ എന്നിവയിലൂന്നിക്കൊണ്ടുള്ള റോബിന്‍സിന്റെ അര്‍ത്ഥശാസ്ത്ര ചിന്തയില്‍ അധിഷ്ഠിതമായ 20-ാം നൂറ്റാണ്ടിലെ ക്യാപ്പിറ്റലിസത്തിന്റെ വിനാശം സുനിശ്ചിതമാണ്. ഈ സാഹചര്യത്തില്‍, ലോകത്തിന് മുമ്പില്‍ ഭാരതത്തിന് അതിന്റെ സവിശേഷമായ സംസ്‌കാരത്തിന്റേയും ധര്‍മത്തിന്റെയും അടിസ്ഥാനത്തിലുള്ള ഏക പോംവഴി നിര്‍ദ്ദേശിക്കുക എന്ന ചരിത്രപരമായ കര്‍ത്തവ്യം നിര്‍വഹിക്കാനുള്ള അവസരം സമാഗതമായിരിക്കുന്നു, സനാതന ധര്‍മ്മത്തിനു മാത്രമേ അതിനു കഴിയൂ എന്നും ഠേംഗ്ഡി  ഓര്‍മിപ്പിച്ചു. 

ഇപ്രകാരം കല, സാഹിത്യം, ഉപഭോക്താവ് എന്നുവേണ്ട, രാഷ്‌ട്ര ജീവിതത്തിന്റെ വ്യത്യസ്ത മണ്ഡലങ്ങളെക്കുറിച്ച് സമഗ്രവും ശാസ്ത്രീയവുമായ അപഗ്രഥനം നടത്തി യുക്തിഭദ്രമായ നിഗമനങ്ങളും നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിപുലമായ വാങ്മയം ഭാരതത്തിന് എക്കാലത്തും ഒരു വഴികാട്ടിയായിരിക്കും. നൂറ് വര്‍ഷമായി ആ ഋഷിതുല്യന്‍ ജനിച്ചിട്ട്.  നൂറാം ജന്മവാര്‍ഷികാഘോഷത്തില്‍ ആ ചിന്തകള്‍, ദര്‍ശനങ്ങള്‍ ലോകം  ചര്‍ച്ച ചെയ്യുമെന്ന് ഉറപ്പ്. 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക