കാലവര്‍ഷം ചതിച്ചപ്പോള്‍ കൃഷി പിഴച്ചു. കൃഷി പിഴച്ചപ്പോള്‍ കടം പെരുത്തു. കടം പെരുത്തപ്പോള്‍ പട്ടിണി കനത്തു. അപ്പോഴാണ് സൈമണ്‍ ഒറാവോണ്‍ എന്ന ആദിവാസി പഠിപ്പ് നിറുത്തിയത്. ക്ലാസ്സില്‍ പോയാല്‍ പട്ടിണി ഉറപ്പാണ്. കൃഷിക്കാരായ അച്ഛനും അമ്മാവനുമൊക്കെ കൂലിപ്പണി തേടി റാഞ്ചിയിലേക്ക് പോയിക്കഴിഞ്ഞു.
അപ്പോഴാണ് സൈമണ്‍ ഒറാവോണ്‍ തന്റെ ജാംതോലി ഗ്രാമത്തിന്റെ ചുറ്റും കണ്ണുമിഴിച്ച് നോക്കിയത്. ഗ്രാമത്തിന് ചുറ്റുമുള്ള കാട് മുഴുവന്‍ വെട്ടി വെളുപ്പിച്ചിരിക്കുന്നു. മണ്ണൊലിപ്പില്‍ മലകളെല്ലാം നഗ്നരായി നാണിച്ച് നില്ക്കുന്നു. കാലവര്‍ഷം പിഴച്ചതിനാല് തുള്ളി വെള്ളമില്ല. കുടിക്കാനുമില്ല; കൃഷി ചെയ്യാനുമില്ല. നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങിനില്‍ക്കുന്നു. ഒറാവോണിന് അന്നൊരിക്കല്‍ ഒരു വീണ്ടുവിചാരമുണ്ടായി. ഇങ്ങനെ പോയാല്‍ പണി പാളും. കൃഷിഭൂമി മരുഭൂമിയാകും. എന്തെങ്കിലും ചെയ്യണം.
മഴക്കാലത്ത് മലയില്‍ നിന്ന് കുത്തിയൊലിച്ചെത്തുന്ന വെള്ളം തടഞ്ഞുനിര്‍ത്തിയാല്‍ നെല്‍കൃഷി ഉറപ്പാക്കാം. കൃഷി നടന്നാല്‍ പട്ടിണി പമ്പ കടക്കും. കൂലിപ്പണി തേടി റാഞ്ചിയില്‍ പോകേണ്ട. ഒറാവോണ്‍ നാട്ടുകാരെ വിളിച്ച് കാര്യം പറഞ്ഞു. പക്ഷേ വിവരമില്ലാത്ത പയ്യന്റെ ഭ്രാന്തന് ചിന്തകളായാണ് അവര്‍ അതിനെ കണ്ടത്. പക്ഷേ നിര്‍ബന്ധം മൂത്തപ്പോള്‍ ഒപ്പം ചേര്‍ന്നു മലയടിവാരത്തില്‍ ചെറിയൊരു തടയണ കെട്ടി. അടുത്ത മഴയില്‍ അത് ഒലിച്ചുപോവുകയും ചെയ്തു.
തൊട്ടടുത്ത വര്‍ഷം വീണ്ടും പണി തുടങ്ങി. ഏതാനും വര്‍ഷം കൊണ്ടാണത് പൂര്‍ത്തിയായത്. സിമന്റും കോണ്‍ക്രീറ്റുമൊക്കെ മണ്ണിനൊപ്പം ഉപയോഗിച്ചു. കാലവര്ഷവെള്ളം അക്കുറി തടയണയില്‍ കുരുങ്ങി. മൊത്തം 12 ഹെക്ടര്‍ വയലില്‍ വെള്ളം നിറഞ്ഞു. അതില്‍ ഭൂരിഭാഗം സ്ഥലവും ഒറാവോണ്‍ നല്‍കിയത്. നെല്‍കൃഷി ചെയ്യാന്‍ ആവശ്യത്തിലേറെ വെള്ളം. വാര്‍ത്ത കേട്ട് അയല്‍ ഗ്രാമക്കാരുമെത്തി. ഹരിഹര്‍പൂര്‍, ബൈതോലി, കട്തോലി, ഖക്സിതോലി എന്നീ അയല്ഗ്രാമങ്ങള്ക്കെല്ലാം വേണ്ടത് തടയണ. ജാര്‍ഖണ്ഡ് സംസ്ഥാനത്തെ പിന്നാക്ക ബ്ലോക്കായ ‘ബെറോ’യിലെ 51 ഗ്രാമങ്ങള്‍ക്കും വേണ്ടത് കൃഷി വെള്ളം. ഒറാമോണ് കൂട്ടുകാര്‍ക്കൊപ്പം ഒരുമ്പെട്ടിറങ്ങി. പുതിയ തടയണകള്‍ ജനിച്ചു. കുളങ്ങള്‍ കുത്തി. ചാലുകള്‍ കീറി. ഏതാനും വര്‍ഷംകൊണ്ട് ബെറോയിലെ 51 ഗ്രാമങ്ങളിലും വെള്ളം കടന്നുചെന്നു.
കൃഷി തകര്‍ത്തു. ഏതാണ്ട് 2000 ഏക്കറില്‍. വര്‍ഷത്തില്‍ മൂന്നുതവണ കൃഷി. കൃഷി ചെയ്തു നശിച്ച ബെറോയിലെ 51 ഗ്രാമങ്ങളും ചേര്‍ന്ന് ഇന്നുല്പ്പാദിപ്പിക്കുന്നത് 25000 ടണ്‍ പച്ചക്കറി. അത് ബീഹാറിലേക്കും പശ്ചിമബംഗാളിലേക്കും കയറ്റി അയയ്ക്കുന്നു. ജാര്‍ഖണ്ഡില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി ഉല്‍പ്പാദിപ്പിക്കുന്ന ബ്ലോക്കുകളിലൊന്നാണ് ഇന്ന് ‘ബെറോ.’ ബ്ലോക്കിലെ 51 ഗ്രാമങ്ങളിലെ ജനങ്ങളും ചേര്‍ന്ന് തങ്ങളുടെ മഹാഗ്രാമമുഖ്യനായി, (പര്ഹരാജ) ഒറാവോണിനെ തെരഞ്ഞെടുത്തു. അവരവനെ ‘സൈമണ്‍ ബാബ’യെന്നു വിളിച്ചു. ബ്ലോക്കിലെ സുസ്ഥിര വികസനത്തിന്റെ ചുമതല 25 അംഗ കമ്മിറ്റിക്ക് നല്കി. വിറക് ഒടിച്ചെടുക്കുന്ന കാര്യത്തില്‍പോലും അവര്‍ ശ്രദ്ധവയ്ക്കുന്നു.
ജലരക്ഷ, വനരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന കാര്യത്തില്‍ ഒറാവോണിന് ഒരു സംശയവും ഉണ്ടായിരുന്നില്ല. തന്റെ ഗ്രാമത്തിനു പിന്നിലുള്ള 250 ഹെക്ടറോളം വരുന്ന സാല്‍മരക്കാടുകളെ പുനരുജ്ജീവിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ അടുത്ത ശ്രമം. വര്‍ഷത്തില്‍ 1000 മരം നട്ടുവളര്ത്തിയെടുക്കാനും അദ്ദേഹം തീരുമാനിച്ചു. അതോടെ മലകളില്‍ ഹരിതാഭനിറഞ്ഞു. പുല്ലുകള്‍ കിളിര്‍ത്തു. കാട്ടുചോലകള്‍ ഉറവപൊട്ടി. കാട്ടുമരങ്ങള്‍ വെട്ടിയെടുക്കാന്‍ വരുന്ന കാട്ടുകള്ളന്മാര്ക്കെതിരെ ഒറാവോണും കൂട്ടരും കാവലിരുന്നു. പലപ്പോഴും കള്ളക്കേസില്‍ കുടുക്കി. ജയില്‍ ശിക്ഷ അനുഭവിച്ചു. പക്ഷേ ഒറാവോണിനെ അതൊന്നും പിന്തിരിപ്പിച്ചില്ല. അദ്ദേഹം പറഞ്ഞു, ”എല്ലാം കാട്ടു ദൈവങ്ങളുടെ തുണ!”
ഒറാവോണിന്റെ ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തിലും ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹം ‘പ്രധാനമന്ത്രിയുടെ ഗ്രാമവികസന ഫെലോ’ ആയി നിയമിക്കപ്പെട്ടു. ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ ‘നീര്‍മറി വികസന പദ്ധതി’യുടെ ബ്രാന്‍ഡ് അംബാസിഡറായി. 2016-ല്‍ തടയണകളുടെ ഈ തമ്പുരാനെ ‘പത്മശ്രീ’ നല്കി രാഷ്ട്രം ആദരിച്ചു. പത്മശ്രീ വാങ്ങാന്‍ ദല്‍ഹിയിലേക്കു പോയ ഈ കര്ഷകന് തന്റെ നാട്ടിലെ ഒരുപിടി വിത്തുകള്‍ തലസ്ഥാനത്ത് കുഴിച്ചിട്ടു. അവിടെ നിന്ന് കിട്ടിയ മരവിത്തുകള്‍ റാഞ്ചി റെയില്‍വേ സ്റ്റേഷന്റെ പരിസരത്ത് പാകി കിളിര്പ്പിക്കാനും അദ്ദേഹം മറന്നില്ല.
‘കുട്ടിക്കാലത്ത് വന്‍ മരങ്ങള്‍ കോടാലിപ്രയോഗത്തില് വീഴുന്നതും അവയെ നഗരത്തിലേക്ക് കൂറ്റന്‍ ലോറികളില്‍ കൊണ്ടുപോകുന്നതും കൗതുകത്തോടെ കണ്ടു നിന്ന് ഈ 86 കാരന് ഇപ്പോള്‍ പറയുന്നു-മരമാണ് വരം. പറ്റിയ സ്ഥലത്തൊക്കെ കിണറ് കുത്തണം. കുളം കുഴിക്കണം; തടയണ കെട്ടി ഒഴുക്ക് വെള്ളത്തെ പിടിക്കണം. ഗ്രാമങ്ങളില്‍ കുഴല്‍ക്കിണറുകള്‍ നിരോധിക്കണം… വെള്ളം വെറുതെ കളയുന്നവരാണ് ആഴങ്ങളിലെ വെള്ളത്തെ വലിച്ചൂറ്റിയെടുക്കുമ്പോഴും ഒരു തുള്ളി വെള്ളം റീചാര്‍ജ് ചെയ്യാന്‍ മിനക്കെടുന്നില്ല.
‘സന്തോഷം’ കൈവരിക്കാനുള്ള ഏകമാര്‍ഗം ഇതാണ്. ഭൂമി, വെള്ളം, വനം എന്നിവ സംരക്ഷിക്കുക. പ്രകൃതി വിഭവങ്ങളെ കരുതലോടെ മാത്രം ഉപയോഗിക്കുക-ഒറാവോണ്‍ പറയുന്നു. വരും തലമുറയ്ക്കായി ഒരു മുന്നറിയിപ്പ് നല്‍കാനും ക്രാന്തദര്‍ശിയായ ഈ കാരണവര്‍ മറക്കുന്നില്ല. ”ആപത്തില്‍നിന്ന് രക്ഷപ്പെടാനുള്ള അവസാനത്തെ അവസരമാണിത്. തെറ്റായ ജീവിതശൈലികള്‍ മാറ്റിയാല്‍ തീര്‍ച്ചയായും നാം രക്ഷപ്പെടും. അല്ലെങ്കില്‍ സര്‍വനാശമായിരിക്കും ഫലം.” ഒറാവോണിന്റെ ഈ മുന്നറിയിപ്പ് സുസ്ഥിര വികസനത്തിന്റെ രാജപാതയിലേക്ക് നമ്മെ നയിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: