Categories: Vicharam

കമ്യൂണിസവും കപട ദേശീയവാദവും

സ്‌ബെക്കിസ്ഥാനിലെ താഷ്‌കന്റില്‍ 1920 ഒക്ടോബര്‍ 17ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചെന്നാണ് ഔദ്യോഗികഭാഷ്യം. അന്നത്തെ യോഗത്തില്‍ എം.എന്‍. റോയ്, ഭാര്യ എവ്‌ലിന്‍ ട്രെന്റ് റോയ്, അബനി മുഖര്‍ജി, ഭാര്യ റോസ ഫിറ്റിങോഫ്, അഹമ്മദ് ഹസന്‍, മുഹമ്മദ് ഷഫീക് സിദ്ദിഖി, റഫീക് അഹമ്മദ്, മാണ്ഡ്യം പാര്‍ത്ഥസാരഥി അയ്യങ്കാര്‍ എന്നിവര്‍ പങ്കെടുത്തു. ഇന്ത്യയില്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ചെറുപ്പക്കാരെ ആകര്‍ഷിക്കാനായി ആദ്യ കൂടിച്ചേരലിനുശേഷം അവര്‍ പല പദ്ധതികളും നടത്തി. അങ്ങനെ ഇന്ത്യയിലും പലയിടങ്ങളിലും ചെറുകമ്യൂണിസ്റ്റ് സംഘങ്ങള്‍ ഒത്തുചേര്‍ന്നു.

കമ്യൂണിസമെന്ന മണ്ടത്തരം തിരിച്ചറിഞ്ഞപ്പോള്‍

ലെനിനുമായി വലിയ അടുപ്പമുണ്ടായിരുന്ന എം.എന്‍. റോയ് ഇന്ത്യയില്‍ നിന്നുള്ള കമ്യൂണിസ്റ്റുകള്‍ക്കായി അന്ന് താഷ്‌കന്റില്‍ സൈനിക പരിശീലനം വരെ നടത്തി. പിന്നീട് സ്റ്റാലിന്റെ കണ്ണില്‍ താന്‍ കരടാണെന്ന് തിരിച്ചറിഞ്ഞ റോയ് ഒരുവിധത്തില്‍ രക്ഷപെട്ടോടി ഭാരതത്തില്‍ തിരിച്ചെത്തി. കമ്യൂണിസം ശുദ്ധമണ്ടത്തരമാണെന്ന് ഈ യാത്രയില്‍ അദ്ദേഹം തിരിച്ചറിഞ്ഞു. പിന്നീട് കുറച്ചുകാലം അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചു. അതീവ ബുദ്ധിശാലിയും സൈദ്ധാന്തികനുമായിരുന്ന റോയിയെ ഇന്ത്യയിലെത്തിയശേഷം ബ്രിട്ടീഷ് സര്‍ക്കാര്‍ ജയിലിലാക്കി. ആറു കൊല്ലം ജയില്‍വാസം. പുറത്തിറങ്ങിയ റോയ് കമ്യൂണിസം പരാജയപ്പെട്ട ദിവാസ്വപ്‌നമാണെന്ന് തുറന്നുപറഞ്ഞു. 

1920കളില്‍ തന്നെ മാണ്ഡ്യം പാര്‍ത്ഥസാരഥിയും കമ്യൂണിസം വ്യര്‍ത്ഥമെന്ന് തിരിച്ചറിഞ്ഞു. വീരസവര്‍ക്കറുടെ അടുത്ത അനുയായിയും ലണ്ടനിലെ ഇന്ത്യാഹൗസില്‍ താമസിച്ച വിപ്ലവസംഘത്തിലെ അംഗവുമായിരുന്ന പാര്‍ത്ഥസാരഥി കടുത്ത ദേശാഭിമാനിയുമായിരുന്നു. വീരസവര്‍ക്കറുടെ അറസ്റ്റിനു ശേഷം സംഘാംഗങ്ങള്‍ യൂറോപ്പിലും റഷ്യയിലുമായി ചിതറിപ്പോയപ്പോഴാണ് ഇദ്ദേഹം കമ്യൂണിസത്തില്‍ ആകൃഷ്ടനായത്. പിന്നീട് കമ്യൂണിസം, കപട മാനവികവാദികളുടെ സങ്കേതമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ യൂറോപ്പിലേക്ക് കുടിയേറി. കമ്യൂണിസത്തിനും മുതലാളിത്തത്തിനുമെതിരെ പ്രവര്‍ത്തിച്ചു. 1930ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയ പാര്‍ത്ഥസാരഥി എഴുത്തും പഠനവുമായി ജീവിച്ചു. 

സോവിയറ്റ് യൂണിയനിലായിരുന്നു അബനി മുഖര്‍ജിയുടെ ജീവിതം. ഇഷ്ടമില്ലാത്തവരെയെല്ലാം കൊന്നുകളയുന്ന ശീലം വിനോദമാക്കിയ സ്റ്റാലിന്‍ 1937ല്‍ അബനി മുഖര്‍ജിയെ വെടിവച്ചുകൊന്നു. ഇരുപത് കൊല്ലത്തിനു ശേഷമാണ് തങ്ങളുടെ സ്ഥാപകനേതാവിനെ കൊന്ന് കുഴിച്ചിട്ട വിവരം ഇന്ത്യന്‍ സഖാക്കള്‍ അറിയുന്നതുതന്നെ! 

ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം മുന്നോട്ടുവച്ച ഹസന്‍ മൊഹാനിയാകട്ടെ ശുദ്ധ മതമൗലികവാദിയുമായിരുന്നു. മുസ്ലിം ലീഗിന് തുടക്കമിട്ട നേതാക്കളില്‍ ഒരാള്‍. സ്വാതന്ത്ര്യാനന്തരം പാക്കിസ്ഥാനിലേക്കു പോകാതെ ഇന്ത്യയില്‍ പിടിച്ചുനിന്ന അദ്ദേഹം, ബാബാസാഹിബ് അംബേദ്കര്‍ നേതൃത്വം നല്‍കിയ ഭരണഘടനാ കമ്മിറ്റിയിലും അംഗമായി. എന്നാല്‍, ഭരണഘടനയില്‍ മുസ്ലീങ്ങള്‍ക്കായി പ്രത്യേകമൊന്നും അംബേദ്ക്കര്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ഇസ്ലാമാണോ കമ്യൂണിസമാണോ മുതലാളിത്തത്തിനെതിരെ സമരം നയിക്കുന്നതെന്ന മുസ്ലിം ബ്രദര്‍ഹുഡ് ആഖ്യാനത്തിനു വ്യാഖ്യാനങ്ങള്‍ ചമയ്‌ക്കുന്ന തിരക്കിലായിരുന്നു മൊഹാനി. 

ആദ്യകാല മുസ്ലിം കമ്യൂണിസ്റ്റുകള്‍ക്ക് മതത്തേക്കാളുപരി ഒന്നുമില്ലായിരുന്നു. കാഫിറുകളായ ബ്രിട്ടീഷുകാര്‍ ഭരിക്കുന്ന ഇന്ത്യയില്‍നിന്ന് ഹിജ്ര (മത പ്രവാസം) ചെയ്ത് ദാരുള്‍ ഇസ്ലാമായ തുര്‍ക്കിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് പലരും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്നത്. ഇന്ന് ഭാരതത്തില്‍നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്കും അഫ്ഗാനിസ്ഥാനിലേക്കും കൂട്ടക്കൊലകള്‍ക്കായി ‘ഹിജ്ര’ ചെയ്ത് പോകുന്നവരെ കമ്യൂണിസ്റ്റുപാര്‍ട്ടി എങ്ങനെ ന്യായീകരിക്കാതിരിക്കും? പ്രത്യേക മുസ്ലിം രാഷ്‌ട്രമെന്ന ആശയം മുന്നോട്ടുവയ്‌ക്കാന്‍ ഓള്‍ ഇന്ത്യാ മുസ്ലിം ലീഗിന് പിന്തുണ നല്‍കിയതും ആദ്യകാല കമ്യൂണിസ്റ്റുകാരായിരുന്നു. 

കമ്യൂണിസ്റ്റുകളുടെ വിഭജനം

നാല്‍പ്പതുകളുടെ തുടക്കത്തില്‍ ഇന്നത്തെ പാക്കിസ്ഥാനിലെ പഞ്ചാബില്‍ താമസിച്ചിരുന്ന ഭൂരിഭാഗം ജനങ്ങളും കോണ്‍ഗ്രസ് അനുഭാവികളോ യൂണിയനിസ്റ്റ് പാര്‍ട്ടി എന്ന ബ്രിട്ടീഷ് അനുഭാവമുള്ള പാര്‍ട്ടിയുടെ അനുയായികളോ ആയിരുന്നു. ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാന്റെ ഖുദായി ഖിത്മത്ഗാര്‍ എന്ന ദേശീയവാദികളായ മുസ്ലിം സംഘടനയ്‌ക്കായിരുന്നു അഫ്ഗാനിസ്ഥാനോട് ചേര്‍ന്നുള്ള ഖൈബര്‍ പഖ്തൂണ്‍ഖ്വായില്‍ പ്രാധാന്യം. മുസ്ലിം ലീഗിന്റെ ദ്വിരാഷ്‌ട്രവാദത്തെ ഈ പാര്‍ട്ടികളെല്ലാം ശക്തമായി എതിര്‍ത്തു. ജനങ്ങള്‍ക്കിടയില്‍ ലീഗിന് വേരോട്ടമുണ്ടാക്കാന്‍ പറ്റില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ നിരാശനായ ജിന്നയെ സഹായിച്ചത് കമ്യൂണിസ്റ്റുകളാണ്. ലീഗ് വിപ്ലവപാര്‍ട്ടിയും സാമ്രാജ്യത്വ വിരുദ്ധ പാര്‍ട്ടിയുമാണെന്ന് പറഞ്ഞ് അവര്‍ക്ക് സകല സഹായവും നല്‍കിയത് സിപിഐ ആയിരുന്നു. സിപിഐയുടെ നിര്‍വചനത്തില്‍ ഗാന്ധിജി പ്രതിവിപ്ലവകാരിയും ബൂര്‍ഷ്വയും കോണ്‍ഗ്രസ് പ്രതിവിപ്ലവ സംഘടനയുമായിരുന്നു. ഇതൊരു കമ്യൂണിസ്റ്റ് അടവാണ്. തങ്ങള്‍ക്കെതിരെ നില്‍ക്കുന്ന പ്രധാനകക്ഷിയെ ഉപയോഗിക്കാവുന്ന പരമാവധി പദങ്ങള്‍കൊണ്ട് ആദ്യം താറടിക്കും. ഇതിനായി ബൂര്‍ഷ്വ, ഫാസിസം, പ്രതിവിപ്ലവം എന്നൊക്കെ ആവശ്യത്തിന് ഉപയോഗിക്കും. എന്നിട്ട് വരുതിയില്‍ നില്‍ക്കുന്ന കക്ഷികളെ വിപ്ലവ പാര്‍ട്ടികളായി പ്രഖ്യാപിച്ച് അവരോട് ചേര്‍ന്ന് അധികാരം പിടിക്കും.

ഇതാണ് റഷ്യയിലും ചൈനയിലും സംഭവിച്ചത്. ഇന്ത്യയില്‍ ഇന്ന് സംഭവിക്കുന്നതും ഇതുതന്നെ. മുസ്ലിം ലീഗ് വിപ്ലവ പാര്‍ട്ടിയാണെന്ന് സിപിഐ പ്രഖ്യാപിച്ചതിനു പിറകിലും ഈ തന്ത്രമുണ്ടായിരുന്നു. പക്ഷെ കമ്യൂണിസ്റ്റുകളേക്കാള്‍ തന്ത്രശാലിയായ ജിന്നയും മുസ്ലിം ലീഗും ഇതേ തന്ത്രം തിരിച്ച് പ്രയോഗിച്ചു. കമ്യൂണിസ്റ്റുകള്‍ തന്റെ പാര്‍ട്ടിയെ വിപ്ലവ പാര്‍ട്ടിയായി പ്രഖ്യാപിച്ചയുടനെ ജിന്ന അവരിലെ മിടുക്കന്മാരെ കണ്ടെത്തി ലീഗില്‍ അംഗത്വം നല്‍കി നേതൃനിരയിലേക്കുയര്‍ത്തി. ദാനിയല്‍ ലതീഫി എന്ന യുവ അഭിഭാഷകന്‍ അങ്ങനെയാണ് ലീഗിലെത്തുന്നത്. ലീഗിന്റെ നയപരിപാടികള്‍ 

പൊതുജനങ്ങളെ ആകര്‍ഷിക്കുന്ന രീതിയില്‍ ലതീഫി മാറ്റിയെഴുതി. ഓക്‌സ്‌ഫോര്‍ഡില്‍നിന്ന് നിയമബിരുദം നേടിയ ഇദ്ദേഹം ഒരു നിയമജ്ഞന്റെ സകല കഴിവും ഉപയോഗിച്ച് ലീഗിനെ പുനരവതരിപ്പിച്ചു. മുസ്ലിം ലീഗിന്റെ സിദ്ധാന്തപത്രിക എഴുതിയുണ്ടാക്കിയതും ലതീഫിയാണ്. ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യം ഹിന്ദു ഭൂരിപക്ഷ ഇന്ത്യയില്‍നിന്ന് വേറിട്ടുവരുന്നതോടെ ഇന്ത്യയില്‍ ന്യൂനപക്ഷമായിരുന്ന മുസ്ലീങ്ങള്‍ പാക്കിസ്ഥാനില്‍ ഭൂരിപക്ഷമാകും. അതോടെ അവിടത്തെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് പണ്ട് ലഭിച്ചിരുന്നതിനേക്കാള്‍ അവകാശങ്ങള്‍ ലഭിക്കും എന്നൊക്കെയുള്ള വന്‍ ന്യായവാദങ്ങളാണ് ലതീഫി നടത്തിയത്. അന്നത്തെയും ഇന്നത്തെയും പാക്കിസ്ഥാനിലെ ഹിന്ദു ജനസംഖ്യയും ജനങ്ങളുടെ അവസ്ഥയും എടുത്തുനോക്കിയാല്‍ അതിന്റെ സത്യം വ്യക്തമാകും. പ്രത്യക്ഷമായി പച്ചക്കള്ളമെന്ന് ഏത് കൊച്ചുകുട്ടിക്കും മനസിലാകുന്ന കാര്യങ്ങള്‍ എന്നാല്‍ കമ്യൂണിസ്റ്റുകള്‍ അനായാസം നമ്മെ വിശ്വസിപ്പിക്കും. 

പാക്കിസ്ഥാനില്‍ ഹിന്ദുക്കളെ മാത്രമല്ല, ദേശീയവാദികളായ മുസ്ലീങ്ങളുടെ ഖുദായി ഖിത്മത്ഗാര്‍ ഉള്‍പ്പെടെയുള്ള സംഘടനയിലെ പ്രവര്‍ത്തകരെ പോലും തെരഞ്ഞുപിടിച്ച് ജയിലിലടച്ചു. ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാന്‍ എന്ന ബാച്ചാഖാനൊക്കെ ജീവിതകാലം മുഴുവന്‍ പ്രവാസത്തിലോ പാക്കിസ്ഥാന്റെ തടവിലോ കഴിയേണ്ടിവന്നു. പാക്കിസ്ഥാന്‍ ഭീകരരാഷ്‌ട്രമായി മാറി. ഇതാണ് ഇത്തരം കപടവിപ്ലവങ്ങളുടെയെല്ലാം ബാക്കിപത്രം. നിങ്ങള്‍ ഞങ്ങളെ ചെന്നായ്‌ക്കള്‍ക്ക് ഇട്ടുകൊടുത്തു എന്നാണ് ദേശീയ മുസ്ലീങ്ങളുടെ ശബ്ദമായിരുന്ന ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാന്‍ അന്ന് വിഭജനത്തിന് സമ്മതിച്ച കോണ്‍ഗ്രസ്സിനോട് വിലപിച്ചത്. ആ വിഭജനത്തിന് പിന്നില്‍ ബ്രിട്ടീഷുകാര്‍ക്കും മുസ്ലിം ലീഗിനുമൊപ്പം കമ്യൂണിസ്റ്റ് ഗൂഢാലോചനയുമുണ്ടെന്ന് ചരിത്രരേഖകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാകും.

                                                                                   (നാളെ – രാജ്യദ്രോഹത്തിന്റെ പിന്നാമ്പുറങ്ങള്‍)

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക