പുലര്‍കാല സ്വപ്നങ്ങള്‍ ഫലിക്കുമെന്നാണ് വിശ്വാസം. പക്ഷേ ബാബയുടെ സ്വപ്ന ദര്‍ശനങ്ങള്‍ക്ക് പ്രത്യേകിച്ച് സമയ കാലങ്ങളില്ല. ആരുടെ നിദ്രയിലും, കനവായി എപ്പോള്‍ വേണമെങ്കിലും പ്രത്യക്ഷപ്പെടും. അവരുടെ പ്രാര്‍ഥനകളും ഫലിക്കും. ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലാത്തവര്‍ക്കു പോലും ബാബ സ്വപ്നദര്‍ശനം നല്‍കാറുണ്ട്. ആ ദിവ്യപുരുഷനാരെന്നോ എവിടെയെന്നോ അറിയാതെ സ്വപ്നത്തെ പിന്‍പറ്റി എത്രയോ പേര് ഷിര്ദിയിലെത്തിയിട്ടുമുണ്ട്.
മുംബൈയില്‍ താമസിച്ചിരുന്ന പഞ്ചാബി ബ്രാഹ്മണനായിരുന്നു രാംലാല്‍. അദ്ദേഹത്തിന് ബാബയെക്കുറിച്ച് കേട്ടറിവുപോലും ഇല്ലായിരുന്നു. രാംലാല്‍ ഒരിക്കല്‍ ബാബയെ സ്വപ്നം കണ്ടു. ഷിര്‍ദിയിലേക്ക് വരാനായിരുന്നു ബാബയുടെ നിര്‍ദേശം. ഉണര്‍ന്നപ്പോള്‍ വല്ലാത്തൊരു അങ്കലാപ്പിലായിരുന്നു രാംലാല്‍. നീളന്‍ കുപ്പായം ധരിച്ച് വലിയൊരു ഭാണ്ഡവും തൂക്കി സൂഫിവര്യനെപ്പൊരു ദിവ്യരൂപം തന്റെ സ്വപ്നത്തില്‍ വന്നതെങ്ങനെ? എവിടെയാണ് അദ്ദേഹം പറഞ്ഞ ഷിര്‍ദി? ചോദ്യങ്ങളെല്ലാം മനസ്സിലിട്ടു നടന്നെങ്കിലും രാംലാല്‍ അതേപ്പറ്റി, ആരോടും പറഞ്ഞില്ല, അന്വേഷിച്ചില്ല.
അന്ന് വൈകീട്ട് അദ്ദേഹം തെരുവിലൂടെ നടക്കുമ്പോള്‍ വഴിയോരത്തൊരു കടയില്‍ കണ്ട ചിത്രത്തില്‍ കണ്ണുകളുടക്കി. ബാബയുടെ ചിത്രമായിരുന്നു അത്. സ്വപ്നത്തില്‍ കണ്ട അതേ രൂപം. ആരുടെ ചിത്രമാണെന്നും എവിടെയാണ് ഷിര്ദിയെന്നും അദ്ദേഹം കടക്കാരനോട് അന്വേഷിച്ചറിഞ്ഞു. വൈകാതെ തന്നെ ഷിര്‍ദിക്ക് യാത്രയായി. പിന്നീടൊരിക്കലും ആ പുണ്യഭൂമിയില്‍ നിന്ന് അദ്ദേഹം മടങ്ങിയില്ല.
ഷിര്ദിയ്ക്കടുത്ത് രാഹത്തയില് ബാബയുടെ ഒരു ഭക്തനുണ്ടായിരുന്നു. കുശാല്ചന്ദ്. ഒരു ദിവസം കുശാല്ചന്ദിനെ കൂട്ടിക്കൊണ്ടു വരാനായി ബാബ, ശിഷ്യനായ കാക്കാസാഹെബ് ദീക്ഷിതിനെ പറഞ്ഞു വിട്ടു. കുതിരവണ്ടിയില്‍ പൊയ്ക്കൊള്ളാനാണ് ബാബ പറഞ്ഞത്.
കാക്കാസാഹെബ് വരുന്നതു കണ്ടപ്പോള്‍ കുശാലിന് അത്ഭുതമായി. വന്നതിന്റെ ഉദ്ദേശ്യമറിയിച്ചപ്പോള് അത്ഭുതമിരട്ടിച്ചു. കാരണം തലേന്നു രാത്രി സ്വപ്നത്തിലെത്തി കുശാലിനോട് ബാബ പറഞ്ഞതും ഇതേ കാര്യമായിരുന്നു. ‘എനിക്കു നിന്നെ കാണണം; പെട്ടെന്ന് വരിക.’ ശാരീരികാസ്വാസ്ഥ്യത്താല് വാഹനമില്ലാതെ യാത്രചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു കുശാല്‍. അടുത്തെങ്ങും കുതിരവണ്ടിയും കിട്ടാനില്ല. . ഇക്കാര്യമെല്ലാം ബാബയെ അറിയിക്കാനായി മകനെ ഷിര്‍ദിയിലേക്ക് പറഞ്ഞു വിട്ടിട്ട് ഏറെ നേരമായില്ല , അപ്പോഴേക്കും കുശാലിനെ കൊണ്ടു പോകാനായി കാക്കാസാഹെബ് എത്തിയിരുന്നു. പിന്നെ ഒട്ടും വൈകിയില്ല, ബാബയെകാണാന് ധൃതിയായി കുശാലിന.് ആനന്ദാശ്രുക്കള്‍ പൊഴിച്ച് കാക്കാ സാഹെബിനൊപ്പം അദ്ദേഹം യാത്രയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: