ഒക്ടോബര്‍ 31 നിങ്ങള്‍ക്കേവര്‍ക്കും ഓര്‍മ്മയുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. അന്ന് ഈ രാജ്യത്തെ ഐക്യത്തിന്റെ ചരടില്‍ കോര്‍ത്ത, ഭാരതത്തിന്റെ ഉരുക്കുമനുഷ്യന് സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ജന്മജയന്തിയാണ്. സര്‍ദാര്‍പട്ടേലിന് ജനങ്ങളെ ഒരുമിപ്പിക്കാനുള്ള ആശ്ചര്യപ്പെടുത്തുന്ന കഴിവുണ്ടായിരുന്നു, അതോടൊപ്പം വൈകാരികമായി അഭിപ്രായവ്യത്യാസം ഉള്ളവരുമായിപ്പോലും പൊരുത്തപ്പെടുകയും ചെയ്തിരുന്നു. സര്‍ദാര്‍ പട്ടേല്‍ ഓരോ ചെറിയ കാര്യത്തെയും കൂലങ്കഷമായി ആഴത്തില്‍ കാണുകയും പഠിക്കുകയും ചെയ്തിരുന്നു. ശരിയായ അര്‍ഥത്തില്‍ വിശകലനത്തിന്റെ വ്യക്തിത്വമായിരുന്നു അദ്ദേഹം. ഇതോടൊപ്പം സംഘടനാശേഷിയിലും മികവുപുലര്‍ത്തിയിരുന്നു.
പദ്ധതികള്‍ തയ്യാറാക്കുന്നതിലും യുദ്ധതന്ത്രങ്ങള്‍ മെനയുന്നതിലും അദ്ദേഹം നൈപുണ്യം നേടിയിരുന്നു. സര്‍ദാര്‍ സാഹബിന്റെ പ്രവര്‍ത്തന ശൈലിയെക്കുറിച്ച് വായിക്കുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ തയ്യാറെടുപ്പ് എത്ര ആഴത്തിലുള്ളതായിരുന്നു എന്നു മനസ്സിലാകും. 1921ല്‍ അഹമ്മദാബാദില്‍ കോണ്‍ഗ്രസിന്റെ മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ രാജ്യമെങ്ങുംനിന്ന് ആയിരക്കണക്കിന് ആളുകള്‍ പ്രതിനിധികളായി എത്തിയിരുന്നു. മഹാസമ്മേളനവുമായി ബന്ധപ്പെട്ട എല്ലാ ഏര്‍പ്പാടുകളും ചെയ്യേണ്ട ഉത്തരവാദിത്തം പട്ടേല്‍ജിക്കായിരുന്നു. നഗരത്തിലെ ജലവിതരണ സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം ഈ അവസരം വിനിയോഗിച്ചു. ആര്‍ക്കും ജലത്തിന് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്ന് ഉറപ്പാക്കി. എന്നുമാത്രമല്ല, സമ്മേളനസ്ഥലത്ത് ഏതെങ്കിലും പ്രതിനിധിയുടെ എന്തെങ്കിലും സാധനസാമഗ്രി, ചെരുപ്പ് തുടങ്ങിയ മോഷണം പോകുമോ എന്ന കാര്യത്തില്‍ അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു. ഇത് മനസ്സില്‍ വച്ചുകൊണ്ട് സര്‍ദാര്‍ പട്ടേല്‍ ചെയ്തതെന്തെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നും. അദ്ദേഹം കര്‍ഷകരുമായി ബന്ധപ്പെട്ടു, ഖാദി ബാഗുകള്‍ ഉണ്ടാക്കുവാന്‍ പറഞ്ഞു. കര്‍ഷകര്‍ ബാഗുണ്ടാക്കി, പ്രതിനിധികള്‍ക്കു വിറ്റു. ഈ ബാഗുകളില്‍ ചെരുപ്പിട്ട് സൂക്ഷിച്ചതുകാരണം പ്രതിനിധികള്‍ക്ക് ചെരുപ്പ് മോഷണം പോകുമെന്ന ഭയം വേണ്ടാതായി. മറുവശത്ത് ഖാദി വില്പനയിലും വളരെ വര്‍ധനവുണ്ടായി.
ഭരണഘടനാ നിര്‍മ്മാണ സഭയില്‍ എടുത്തുപറയാവുന്ന പങ്കു നിര്‍വ്വഹിച്ചതില്‍ നമ്മുടെ രാജ്യം സര്‍ദാര്‍ പട്ടേലിനോട് എന്നും കൃതജ്ഞതപ്പെട്ടിരിക്കും. മൗലികാവകാശങ്ങള്‍ ഉറപ്പാക്കുകയെന്ന മഹത്തായ കാര്യം അദ്ദേഹം ചെയ്തു, അതിലൂടെ ജാതി-മതാടിസ്ഥാനത്തില്‍ ഒരു തരത്തിലുമുള്ള വ്യത്യാസം കാട്ടുന്നതിനുള്ള സാധ്യത ഇല്ലാതെയായി.
സുഹൃത്തുക്കളേ, നമുക്കറിയാം, ഭാരതത്തിന്റെ ആദ്യത്തെ ആഭ്യന്തരമന്ത്രി എന്ന നിലയില്‍ സര്‍ദ്ദാര്‍ വല്ലഭഭായി പട്ടേല്‍, നാട്ടുരാജ്യങ്ങളെ ഒരുമിപ്പിക്കുകയെന്ന ഭഗീരഥപ്രയത്നം, ചരിത്രം കുറിക്കുന്ന കൃത്യം നിര്‍വ്വഹിച്ചു. എല്ലാത്തിലും നോട്ടമെത്തിക്കുക എന്നത് സര്‍ദാര്‍ വല്ലഭഭായിയുടെ വൈശിഷ്ട്യമായിരുന്നു. ഒരു വശത്ത് അദ്ദേഹത്തിന്റെ നോട്ടം ഹൈദരബാദ്, ജൂനാഗഢ്, മറ്റു നാട്ടു രാജ്യങ്ങളിലുമൊക്കെ ആയിരുന്നുവെങ്കില്‍ മറുവശത്ത് ദൂരെ ലക്ഷദ്വീപിലും കണ്ണുപെടാതിരുന്നില്ല.
നാം സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ശ്രമങ്ങളുടെ കാര്യം പറയുമ്പോള്‍, രാജ്യത്തിന്റെ ഏകീകരണവുമായി ബന്ധപ്പെട്ട് ചില പ്രത്യേക നാട്ടുരാജ്യങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ചു മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്. ലക്ഷദ്വീപിനെപ്പോലെ വളരെ ചെറിയ ഒരിടത്തിന്റെ കാര്യത്തിലും അദ്ദേഹത്തിന്റെ പങ്ക് മഹത്തായിരുന്നു. ഇക്കാര്യം ആളുകള്‍ ഓര്‍ക്കാറില്ല. ലക്ഷദ്വീപ് ചില ദ്വീപുകളൂടെ സമൂഹമാണെന്ന് നിങ്ങള്‍ക്കെല്ലാമറിയാം. ഇത് ഭാരതത്തിലെ ഏറ്റവും സുന്ദരമായ പ്രദേശങ്ങളിലൊന്നാണ്. 1947ല്‍ ഭാരതവിഭജനം കഴിഞ്ഞയുടന്‍ നമ്മുടെ അയല്ക്കാരന്റെ കണ്ണ് ലക്ഷദ്വീപിന്റെമേല് പതിഞ്ഞു, അവര്‍ ആ രാജ്യത്തിന്റെ പതാകയുമായി അവിടേക്ക് കപ്പലയച്ചു. ഇക്കാര്യത്തില്‍ ശ്രദ്ധപതിഞ്ഞയുടന് സര്‍ദാര്‍ പട്ടേല്‍, അല്പവും സമയം കളയാതെ, ഉടന്‍ കടുത്ത നടപടി ആരംഭിച്ചു. അദ്ദേഹം ആര്‍ക്കോട്ട് രാമസ്വാമി മുതലിയാര്‍, ആര്‍ക്കോട്ട് ലക്ഷ്മണസ്വാമി മുതലിയാര്‍ എന്നീ സഹോദരന്മാര്ക്ക് തിരുവിതാംകുറില്‍ നിന്നുള്ളവരെയും കൂട്ടി ലക്ഷദ്വീപിലെത്താനും അവിടെ ത്രിവര്‍ണ്ണപതാക ഉയര്‍ത്താനും നിര്‍ദ്ദേശം നല്കി. ലക്ഷ
ദ്വീപില്‍ ആദ്യം ത്രിവര്‍ണ്ണപതാക പറക്കണം എന്നദ്ദേഹം ആഗ്രഹിച്ചു. ഒട്ടും വൈകാതെ അവിടെ ത്രിവര്‍ണ്ണ പതാക പറത്തപ്പെട്ടു, ലക്ഷ
ദ്വീപ് കൈയടക്കാനുള്ള അയല്‍വാസിയുടെ സ്വപ്നസൗധം നോക്കിനില്‍ക്കെ നിലംപരിശാക്കപ്പെട്ടു. ഈ സംഭവത്തിനുശേഷം ലക്ഷദ്വീപിന്റെ വികസനത്തിന് ആവശ്യമുള്ള എല്ലാ സഹായവും ലഭ്യമാകുന്നു എന്ന് ഉറപ്പാക്കാന്‍ സര്‍ദാര്‍ പട്ടേല്‍ മുതലിയാര്‍ സഹോദരന്മാര്ക്ക് നിര്‍ദ്ദേശം നല്കി.
ഇന്ന് ലക്ഷദ്വീപ് ഭാരതത്തിന്റെ വികസനത്തില്‍, മഹത്തായ പങ്കുവഹിക്കുന്നു. ഇത് വളരെ ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രമാണ്. നിങ്ങളേവരും ഈ സുന്ദരമായ ദ്വീപുകളും സമുദ്രതീരങ്ങളും സന്ദര്‍ശിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
2018 ഒക്ടോബര്‍ 31ന് സര്‍ദാര്‍ പട്ടേലിന്റെ ഓര്‍മ്മയ്ക്കായി ഞാന്‍ സ്റ്റാച്യൂ ഓഫ് യുണിറ്റി രാജ്യത്തിനും ലോകത്തിനുമായി സമര്‍പ്പിക്കയുണ്ടായി. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയാണത്. അമേരിക്കയിലുള്ള സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ ഇരട്ടി ഉയരമുണ്ടിതിന്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ എല്ലാ ഭാരതീയനും അഭിമാനമേകുന്നു. എല്ലാ ഭാരതീയന്റെയും ശിരസ്സ് അഭിമാനത്തോടെ ഉയരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 26 ലക്ഷത്തിലധികം സന്ദര്‍ശകര്‍ സ്റ്റാച്യൂ ഓഫ് യൂണിറ്റി കാണാനെത്തിയെന്നതില്‍ നിങ്ങള്‍ക്കു സന്തോഷമുണ്ടാകും. ഇതിന്റെയര്‍ത്ഥം ദിവസേന ശരാശരി എണ്ണായിരത്തിയഞ്ഞൂറു പേര് സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ ഭവ്യത ദര്‍ശിച്ചു എന്നാണ്. സര്‍ദാര്‍ വല്ലഭഭായി പട്ടേലിനോട് അവരുടെ മനസ്സിലുള്ള കൂറും, ആദരവും പ്രകടമാക്കി. ഇപ്പോഴവിടെ കള്ളിമുള്‍ച്ചെടിത്തോട്ടം, ചിത്രശലഭോദ്യാനം, കാട്ടിലൂടെയാത്ര, കുട്ടികളുടെ പോഷകാഹാര പാര്‍ക്ക്, ഏകതാ നേഴ്സറി തുടങ്ങിയ അനേക ആകര്ഷണകേന്ദ്രങ്ങള് കൂടിച്ചേര്‍ന്ന് നിരന്തരം വികസിച്ചുവരുന്നു. ഇതിലൂടെ ആ പ്രദേശത്തെ സാമ്പത്തിക വ്യവസ്ഥയില്‍ വികസനമുണ്ടാകുന്നുണ്ട്, ആളുകള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ലഭിക്കുന്നുണ്ട്. വരുന്ന വിനോദസഞ്ചാരികളുടെ സൗകര്യങ്ങള്‍ കണക്കാക്കി പല ഗ്രാമീണരും തങ്ങളുടെ വീടുകളില്‍ ഹോംസ്റ്റേ സൗകര്യം ഏര്‍പ്പെടുത്തിവരുന്നു. ഹോംസ്റ്റേ സൗകര്യം ലഭ്യമാക്കുന്ന ആളുകള്‍ക്ക്
പ്രൊഫഷണല്‍ പരിശീലനവും ലഭ്യമാക്കപ്പെടുന്നു. അവിടുത്തെ ആളുകള്‍ ഇപ്പോള്‍ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ കൃഷിയും ആരംഭിച്ചിരിക്കുന്നു. ഇത് അവിടുത്തെ ആളുകളുടെ ഉപജീവനത്തിനുള്ള പ്രധാന സ്രോതസ്സായും മാറുമെന്ന് എനിക്കു വിശ്വാസമുണ്ട്.
നിങ്ങള്‍ക്കറിയാവുന്നതുപോലെ 2014 മുതല്‍ എല്ലാവര്‍ഷവും ഒക്ടോബര്‍ 31ന് നാം രാഷ്ട്രീയ ഏകതാദിനം ആഘോഷിക്കുന്നു. ഈ ദിവസം നമുക്ക് നമ്മുടെ രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷ എന്നിവ എന്തുവിലകൊടുത്തും രക്ഷിക്കണമെന്ന സന്ദേശം നല്കുന്നു. ഒക്ടോബര്‍ 31ന് എല്ലാ പ്രാവശ്യത്തെയുംപോലെ റണ്‍ ഫോര്‍ യൂണിറ്റിയും സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ സമൂഹത്തിലെ എല്ലാവിഭാഗത്തിലും പെട്ട, എല്ലാ തലങ്ങളിലും പെട്ട ആളുകള്‍ പങ്കെടുക്കും. ഈ രാജ്യം ഒന്നാണ് എന്നതിന്റെ പ്രതീകമാണ് റണ്‍ ഫോര്‍ യൂണിറ്റി എന്നത്. ഒരേ ദിശയിലേക്കു പോകുന്നു, ഒരേ ലക്ഷ്യം നേടാനാഗ്രഹിക്കുന്നു. ഒരു ലക്ഷ്യം.. ഏക ഭാരതം, ശ്രേഷ്ഠ ഭാരതം.
(പ്രധാനമന്ത്രി നരേന്ദ്രമോദി മന് കി ബാത്തില്‍ നടത്തിയ പ്രസംഗത്തില്‍നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: