Categories: Samskriti

അനന്യമായ ഹൈന്ദവ സംസ്‌കൃതി

'ദൈവത്താലോ മനുഷ്യനാലോ ചെയ്യാവുന്നതായ എന്തെല്ലാമുണ്ടോ, അതെല്ലാം ഈ മണ്ണില്‍ ചെയ്തിട്ടുണ്ട്.' - മാര്‍ക്ക്‌ടൈ്വന്‍

ജീവിതത്തില്‍ ലൗകിക ആവശ്യങ്ങളെല്ലാം പൂര്‍ത്തികരിക്കുമ്പോഴാണ് ആത്മീയതയിലേക്കുള്ള മനുഷ്യന്റെ ഗതിമാറ്റം. സംസ്‌ക്കാരങ്ങള്‍ രൂപപ്പെടുന്നതിന്റെ ആധാരശിലപോലും അതാണ്.

ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, മറ്റ്  ആഡംബര വസ്തുക്കള്‍ എല്ലാം സ്വായത്തമാക്കിക്കഴിഞ്ഞാല്‍  ജീവിതത്തിന്  വേണ്ടതെല്ലാം  പൂര്‍ണമായെന്നു വിശ്വസിക്കുന്നവനാണ് മനുഷ്യന്‍.  ഇതെല്ലാം തിട്ടപ്പെടുത്തിയശേഷവും എന്തോ അപൂര്‍ണത ശേഷിക്കുന്നതായി അനുഭപ്പെടുമ്പോള്‍ മാത്രമാണ് നമ്മള്‍ ആത്മ പരിശോധന നടത്തുന്നത്.   എന്നാല്‍ സാമൂഹികമായും, സാംസ്‌കാരികമായും ശാന്തിയുള്ളൊരു അന്തരീക്ഷത്തിലേ  ഇത്തരം ചിന്തകള്‍  വേരോടുകയുള്ളൂ.  പൗരാണിക കാലം മുതല്‍ ഭാരതസംസ്‌കാരത്തിന് മാത്രം അവകാശപ്പെടാവുന്നതാണ് ഇത്തരമൊരു സാഹചര്യം.  

മറ്റ് സംസ്‌കാരങ്ങളെല്ലാം യുദ്ധത്തിലും കീഴടക്കുന്നതിലു സമയം പാഴാക്കി. എന്നാല്‍ ഭാരതീയ സംസ്‌കൃതിയില്‍ ലൗകിക സുഖങ്ങള്‍ക്കതീതമായി ആന്തരികസൗഖ്യത്തിലേയ്‌ക്കുള്ള മാര്‍ഗ്ഗങ്ങളുണ്ടായിരുന്നു.  ശക്തമായ ആത്മീയ പ്രവര്‍ത്തികള്‍  രൂപപ്പെട്ടത് അങ്ങനെയാണ്. പരമമായആത്മീയതയുടെ കൊടുമുടിയിലെത്താന്‍ കോടിക്കണക്കിന് വ്യത്യസ്തമായ വഴികളുണ്ട് നമ്മുടെ സംസ്‌കൃതിയില്‍.

സരളമായി ശ്വാസമെടുക്കുന്നത്, ഭക്ഷിക്കുന്നത്, ഇരിയ്‌ക്കുന്നത്, നില്‍ക്കുന്നത് തുടങ്ങി ജീവന്റെ സൂക്ഷ്മമായ ഓരോ പ്രക്രിയകളേയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് അത് വികസിപ്പിച്ചെടുത്തത്.

നിര്‍ഭാഗ്യവശാല്‍ അവയില്‍ പലതുമിന്ന്  നഷ്ടമായിക്കഴിഞ്ഞു.  നമുക്കതിനെ വേണ്ടവിധം  സംരക്ഷിക്കാനായില്ല.  എന്നിരുന്നാലും സചേതനമാണ് നമ്മുടെ  സംസ്‌കാരം. എന്നാല്‍ അതെല്ലാം   സാധാരണക്കാരുടെ ജീവിതങ്ങളില്‍ പ്രതിധ്വനിക്കുന്നുണ്ടോ എന്നത് അതിന്റെ മറുവശം.

സരളമായ ഭാഷയില്‍ ഭാരതസംസ്‌ക്കാരത്തെ  വിവരിച്ചത് മാര്‍ക്ക്‌ടൈ്വന്‍ ആണ്. ഭാരതത്തിന്റെ  അധ്യാത്മദര്‍ശനങ്ങളാല്‍ ആകര്‍ഷിക്കപ്പെട്ട്,  അദ്ദേഹം ഇന്ത്യലെത്തി. മൂന്നു മാസത്തോളം ഇവിടെ ചെലവഴിച്ച്   മടങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞത് ഇതാണ്; ‘ദൈവത്താലോ മനുഷ്യനാലോ ചെയ്യാവുന്നതായ എന്തെല്ലാമുണ്ടോ, അതെല്ലാം ഈ മണ്ണില്‍ ചെയ്തിട്ടുണ്ട്.’  ആ വിലയിരുത്തലില്‍ എല്ലാം അടങ്ങിയിരിക്കുന്നു. നിങ്ങള്‍ കണ്ണുതുറന്നൊന്നു നോക്കുക. മനുഷ്യ നന്മയ്‌ക്കായി ചെയ്തിട്ടുള്ള വൈവിധ്യമാര്‍ന്ന പ്രക്രിയകള്‍, ഈ ഗ്രഹത്തില്‍  ഇവിടെയല്ലാതെ വേറെയെങ്ങും കാണാനാകില്ല.

മതമെന്ന് പ്രത്യേകമായി എടുത്തു കാട്ടാന്‍ ഒന്നില്ലാത്ത  ഒരേയൊരു സംസ്‌കാരം ഇതാണ്. അവിടെയിവിടെയായി മതം പൊങ്ങിവന്നത് ബാഹ്യസമ്പര്‍ക്കം കാരണം മാത്രമാണ്. ഈ സംസ്‌കാരത്തില്‍, ഈ മണ്ണില്‍ മതങ്ങളില്ല. നമുക്കുള്ളത്  സനാതനധര്‍മ്മമാണ്, അതായത് സര്‍വവ്യാപിയായ മതം. സര്‍വവ്യാപിയായ മതമെന്നാല്‍ ഒരേ മതം എല്ലാവര്‍ക്കുമെന്നല്ല.  എല്ലാവര്‍ക്കും അവരുടേതായ മതങ്ങളുണ്ടേന്നാണ്.

ഹിന്ദു എന്നത് ഭൂശാസ്ത്രപരമായ വ്യക്തിത്വമാണ്, ഇന്‍ഡസിന്റെ ( സിന്ധുനദി)  മണ്ണില്‍ ജനിച്ച അല്ലെങ്കില്‍ ഇന്‍ഡസ് നദിതീരത്തു ഉത്ഭവിച്ച സംസ്‌കാരത്തിലുള്ള എല്ലാവരും  ഹിന്ദുക്കളാണ്. അപ്പോള്‍ നിങ്ങക്കൊരു പുരുഷനെ ആരാധിച്ചുകൊണ്ട് ഹിന്ദുവാകാം, നിങ്ങക്കൊരു സ്ത്രീയെ ആരാധിച്ചുകൊണ്ട് ഹിന്ദുവാകാം, നിങ്ങള്‍ക്കൊരു നാഗത്തിനെയോ, പശുവിനെയോ, കുരങ്ങിനെയോ, കല്ലിനെയോ, ആരാധിച്ചുകൊണ്ട് ഹിന്ദുവാകാം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ജീവിതത്തിലൊരിക്കലും ആരാധനയൊന്നും നടത്താതെ തന്നെ ഹിന്ദുവായിരിക്കാം.

ഇതൊരു മതമല്ല,  സാധ്യത മാത്രമാണ്. തങ്ങളുടെ ജനതയ്‌ക്ക് ഇങ്ങനെയൊരു സ്വാതന്ത്യം ഒരു സംസ്‌കാരത്തിലും നല്‍കിയിട്ടില്ല.  എല്ലാ സംസ്‌കാരങ്ങളും നിര്‍ബന്ധിച്ചിരുന്നത്, അവരുടെ ജനത പ്രബലമായ എന്തിനെയെങ്കിലും വിശ്വസിക്കണമെന്നായിരുന്നു.അത് അനുസരിച്ചില്ലെങ്കില്‍ സ്വാഭാവികമായും  ശിക്ഷയ്‌ക്കര്‍ഹനാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യും. ക്രൂശിച്ചോ, കെട്ടിയിട്ട് കത്തിച്ചോ, ഓടിച്ചുവിട്ടോ ശിക്ഷ നടപ്പാക്കും. ഈ മണ്ണില്‍  അത്തരം  ശിക്ഷാവിധികള്‍ ഇല്ലാത്തതിനാല്‍ കൃത്യമായ വിശ്വാസ സമ്പ്രദായങ്ങളില്ലായിരുന്നു. ഓരോരുത്തര്‍ക്കും അവരുടെതായ രീതിയില്‍ ദൈവത്തെ അന്വേഷിക്കാം. എന്നിരുന്നാലും മുക്തിക്കായുള്ള ശ്രമങ്ങളായിരുന്നു ഇവിടെയെന്നും  പരമപ്രധാനം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക