പുതിയ വ്യവസായ സാധ്യതകള്‍ സൃഷ്ടിക്കുക, കൃഷിയും മറ്റ് ഉത്പാദന പ്രക്രിയയും പരിപോഷിപ്പിച്ച് തൊഴില്‍സാധ്യതകള്‍ ഒരുക്കുക, തുടങ്ങിയ സുസ്ഥിര ക്ഷേമകാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്ത സംസ്ഥാനസര്‍ക്കാര്‍ സഹകരണ മേഖലയിലെ നിക്ഷേപത്തില്‍ കണ്ണുവച്ചിട്ട് കുറച്ചുകാലങ്ങളായി. കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍കുടിശ്ശിക കാര്യത്തിലും, പ്രളയവേളയിലും സഹകരണ ബാങ്കുകളിലെ ധനം സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വം വാങ്ങിയത് ഇതിന് ഉദാഹരണമാണ്. ഈ ധനകാര്യ ഗതികേടിനെയാണ് സാമൂഹ്യപ്രതിബദ്ധതയെന്ന് മുഖ്യമന്ത്രി വ്യാഖ്യാനിച്ചത്. നിലനില്‍ക്കുന്ന പലിശയെക്കാള്‍ ഒരുശതമാനത്തിലധികം നഷ്ടമാകുകയും ഇന്‍കംടാക്സിന്റെ ചില ആനുകൂല്യളില് കീഴ്വഴക്കങ്ങള് നഷ്ടപ്പെടുന്നതുംമൂലം കേരളബാങ്ക് സഹകാരികള്‍ക്ക് അത്ര ഗുണപരമല്ല. ഇത്തരം വാദങ്ങള്‍ നോട്ടുനിരോധന കാലഘട്ടത്തില്‍ ഇടതുപക്ഷം വ്യാപകമായി ഉയര്‍ത്തിയതുമാണ്.
റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ സഹകരണമേഖലയെ നശിപ്പിക്കുമെന്നും അതിനാല്‍ ആര്‍ബിഐയുടെ നിയമപരിധിക്ക് പുറത്തുതന്നെ പിഎസിഎസ് നില്‍ക്കണമെന്നും ആവശ്യപ്പെട്ട് ഒരു പതിറ്റാണ്ടായി പ്രകാശ് ബക്ഷി കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ സമരം ചെയ്തവരാണ് സിപിഎം. എന്നാല്‍ കേരളബാങ്കിലൂടെ പ്രാഥമിക സഹകരണസംഘങ്ങളെ റിസര്‍വ്ബാങ്കിന്റെ കൈകളിലേക്ക് എത്തിക്കുകയാണ് ഇക്കൂട്ടര്‍. സഹകരണ സംഘങ്ങളിലെ നിക്ഷേപകര്‍ക്ക് കെവൈസി നിര്‍ബന്ധമാക്കണമെന്ന ആവശ്യം സിപിഎം എതിര്‍ത്തിരുന്നു. എന്നാല്‍ ഇന്ന് പ്രാഥമിക സഹകരണസംഘങ്ങള്‍ കേരളബാങ്കിന്റെ ബിസിനസ് കറസ്പോണ്ടന്റായി മാറുമെന്നാണ് സര്‍ക്കാര്‍ പ്രചരണം. ഇത്തരത്തില്‍ ബിസിനസ് കറസ്പോണ്ടന്റ് ആയാല്‍ നൂറുശതമാനവും റിസര്‍വ് ബാങ്കിന്റെ അധികാരപരിധിയിലാകും. സംസ്ഥാന സഹകരണബാങ്ക്, ജില്ലാബാങ്ക് അതിന് താഴെ പ്രൈമറി ക്രെഡിറ്റ്സൊസൈറ്റി എന്നീ മൂന്ന് നിലകള്‍ മാറ്റി രണ്ടുനില സംവിധാനത്തിലേക്ക് വരികയും മദ്ധ്യത്തിലുള്ള ജില്ലാബാങ്ക് സംവിധാനം എടുത്തുകളയുകയും വേണമെന്നായിരുന്നു കമ്മീഷന് നിര്‍ദേശിച്ചത്. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ സഹകരണ നയത്തില്‍ ഈ രണ്ട് റിപ്പോര്‍ട്ടുകളും തള്ളിക്കളയുന്നു. കേരളബാങ്ക് ബിസിനസ് കറസ്പോണ്ടന്റായി പ്രൈമറി സൊസൈറ്റികളെ നിയമിച്ചാല്‍ ഓണ്‍ലൈന്‍ബാങ്കിങ് സേവനം സംഘങ്ങള്‍ക്ക് നല്കുകയില്ല. ഓഫ്ലൈന് സംവിധാനം മാത്രമേ പിഎസിഎസുകള്‍ക്ക് അനുവദിക്കാന്‍ സാധിക്കൂ. എടിഎം അടക്കമുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രൈമറിസംഘത്തിന് ലഭ്യമാക്കാനായി മിററിങ്ങ് സംവിധാനം ഉപയോഗിക്കുമെന്നാണ് സര്‍ക്കാര്‍വാദം. മിററിങ് പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് ബാങ്കിങ്ലോകം ഉപേക്ഷിച്ചതാണ്. ഇത്തരത്തിലുള്ള അവസാന ബാങ്കും ഇന്ത്യയില്‍ അപ്രത്യക്ഷമായിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു.
പ്രാഥമിക സഹകരണ സംഘത്തിലെ ഒരു വ്യക്തിക്ക് മിറര്‍ അക്കൗണ്ടില്‍കൂടി കേരളബാങ്കിന്റെ എടിഎം സംവിധാനം ലഭ്യമായാല്‍, ആ ഇടപാട് പ്രൈമറിബാങ്കില് രജിസ്റ്റര്‍ ചെയ്യുകയില്ല. കേരള ബാങ്കിലെ മിറര്‍ അക്കൗണ്ടില്‍നിന്നും ഓപ്പറേറ്റ് ചെയ്ത് ഇടപാട് പൂര്ത്തിയക്കിയശേഷം പിന്നീട് കേരളബാങ്കും പ്രൈമറി ക്രെഡിറ്റ് സൊസൈറ്റിയും തമ്മില്‍ ഏതെങ്കിലും കമ്മ്യൂണിക്കേഷന്മുഖേന നടന്ന ഇടപാട് വ്യക്തിയുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് അല്ലങ്കില്‍ ഡെബിറ്റ് ചെയ്യും. അതായത് അത് കേരളബാങ്കിങും പ്രാഥമിക സഹകരണ സംഘങ്ങളിലേക്കുള്ള നെറ്റ്വര്‍ക്ക് കണക്ഷന്, പ്രാഥമികസംഘത്തിലെ കമ്പ്യൂട്ടര്‍ ശൃംഖലകള്‍ തകരാറിലായാല്‍ യഥാര്‍ഥ അക്കൗണ്ടില്‍ ബാങ്കില്‍നിന്ന് തത്സമയം നടക്കുന്ന ഇടപാടുകള്‍ കേരളബാങ്ക് അറിയുകയില്ല. ആയതിനാല്‍ ഇടപാടുകളില്‍ സാമ്പത്തികതട്ടിപ്പുകള്ക്ക് കളമൊരുക്കും. മാത്രമല്ല നിരന്തരവ്യവഹാരങ്ങളിലേക്കും അതുവഴി ആര്‍ബിഐ ഇടപെടലുകളിലേക്കും നയിക്കുമെന്ന് നിസ്സംശയം പറയാം. ഇത്തരത്തിലുള്ള മിറര്‍ ഇടപാടുകള്‍ ഇന്ത്യയില്‍ എന്നല്ല അവികസിത രാജ്യങ്ങള്‍പോലും ഇന്ന് സ്വീകരിക്കാറില്ല. കേരളബാങ്ക് ഷെഡ്യൂള്‍ഡ് ബാങ്കായി റിസര്‍വ്ബാങ്ക് നിയമപ്രകാരമാണ് പ്രവര്‍ത്തിക്കുക. അതിനാല്‍ ഇന്ത്യന്‍ബാങ്ക് അസോസിയേഷന്റെയും മറ്റ് ബാങ്കുകളുടെ രീതിയിലുള്ള യൂസര്‍ ചാര്‍ജുകളും വ്യവസ്ഥകളും ഉണ്ടായേ പറ്റൂ. അല്ലാതെ ഒരു ബാങ്കിന് മാത്രമായി ഇന്ത്യയില്‍ വ്യവസ്ഥകള്‍ സാധ്യമല്ല. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുത്ത 13 ജില്ലാബാങ്കുകളുടെ ജനാധിപത്യം അട്ടിമറിച്ച് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന് കീഴിലാക്കി നിയമം മാറ്റിയെഴുതി മൂന്നില്‍രണ്ട് ഭൂരിപക്ഷം എന്നത് ‘കേവലഭൂരിപക്ഷം’ എന്നാക്കി ജനാധിപത്യത്തെ കശാപ്പുചെയ്താണ് കേരളബാങ്കിന്റെ പിറവി. അതിനാല്‍ പാര്‍ട്ടിഭരണമാണ് നടക്കുക.
ഒരുകാലത്ത് സംസ്ഥാനത്തെ അറിയപ്പെടുന്ന ബാങ്കായിരുന്നു ഭൂപണയബാങ്കെന്ന ”സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്കും’ അതിന്റെകൂടെയുള്ള 75 പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കും. ടു ടയര്‍ സിസ്റ്റത്തില്‍ പോയതിനുശേഷം ഭൂപണയബാങ്ക് ഇപ്പോള്‍ എവിടെനില്ക്കുന്നുവെന്ന് പരിശോധിച്ചാല്‍ കേരളത്തിന്റെ ഭൂമികയില്‍ രണ്ടുനില സഹകരണ സ്ഥാപനത്തിന്റെ പൊള്ളത്തരം മനസ്സിലാകും. സര്‍ക്കാരിന്റെ സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമായാല്‍ തകര്‍ന്നടിയുന്നത് യുവാക്കളുടെ തൊഴില്‍ സ്വപ്നങ്ങളാണ്. ജില്ലാ സഹകരണ ബാങ്കിലേക്ക് ക്ലര്‍ക്ക്, ക്യാഷ്യര്‍ തസ്ഥികകള്ക്കായി 2015 ഡിസംബര്‍ 19ന് നടത്തിയ പരീക്ഷയില്‍ റാങ്ക്ലിസ്റ്റില് ഇടംനേടിയ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷകളാണ് 20/2014, 21/2014 വിജ്ഞാപനപ്രകാരം ഇല്ലാതാവുന്നത്. വായ്പകളുടെ പലിശനിരക്ക് കുറയുമെന്നതാണ് മറ്റൊരു പ്രചാരണതട്ടിപ്പ്. ‘നബാര്‍ഡില്‍നിന്നും ലഭിക്കുന്ന പുനര്‍വായ്പ ജില്ലാബാങ്കെന്ന ഒരു തലം ഒഴിവായാല്‍ കര്‍ഷകര്‍ക്ക് നിലവിലെ 7 ശതമാനം പലിശനിരക്കില്‍നിന്നും കുറച്ചുനല്‍കാനാകും, കാര്‍ഷികേതര വായ്പകളുടെ പലിശനിരക്ക് കുറയ്ക്കാനാകും, ഇതാണ് സര്‍ക്കാര്‍ അവകാശവാദം. എന്നാല്‍ വസ്തുത പരിശോധിച്ചാല്‍ കള്ളി വെളിച്ചത്താകും. 14 ജില്ലാബാങ്കുകളും അവയുടെ ബ്രാഞ്ചുകളും ഉള്‍പ്പെടുന്ന സംവിധാനം ഒന്നുപോലും പൂട്ടുകയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
പുനര്‍വായ്പയില്‍ 2 ശതമാനം കമ്മീഷന് എടുക്കുന്ന ജില്ലാബാങ്കുകള്‍ വാടകയിനത്തിലും ശമ്പളത്തിനും പെന്‍ഷനുമായി ചെലവാക്കുന്ന പണം രണ്ടുശതമാനത്തിന് അടുത്തുവരും. നിലവിലുള്ള എല്ലാ ബ്രാഞ്ചുകളും സംവിധാനങ്ങളും തൊഴിലാളികളെയും നിലനിര്‍ത്തി കേരളബാങ്ക് തുടങ്ങിയാല്‍ ചെലവുതുക എവിടെനിന്ന് കണ്ടെത്തുമെന്ന ചോദ്യത്തിന് സര്‍ക്കാരിന് ഉത്തരമില്ല. സഹകരണനിയമത്തില്‍ കൊണ്ടുവന്നിട്ടുള്ള വകുപ്പ് പതിനാലുമായി ബന്ധപ്പെട്ട കേസുകളില്‍ കേരള ഹൈക്കോടതിയുടെ തീര്‍പ്പുകള്‍ക്ക് വിധേയമായാണ് ലയനം നടപ്പാക്കേണ്ടത്. രണ്ട് ഡസനോളം കേസുകള്‍ നവംബര്‍ ആദ്യവാരം ഹൈക്കോടതി പരിഗണിക്കാന്‍ ഇരിക്കവെയാണ് നവംബര്‍ 1ന് കേരളബാങ്കെന്ന പ്രഖ്യാപനംവന്നത്. 2018 മാര്‍ച്ച് 31ന് നബാര്‍ഡിന്റെ കണക്കുപ്രകാരം രൂപീകരിക്കുന്ന ബാങ്കിന് 9 ശതമാനം മൂലധനപര്യാപ്തത ആര്ജ്ജിക്കണമെങ്കില് 100 കോടി രൂപയുടെ കുറവുണ്ട്. ലയനത്തിന് മുന്‍പ് ഈ തുക സംസ്ഥാനസര്‍ക്കാര്‍ നല്‍കണം. മാത്രമല്ല, 9% മൂലധനപര്യാപ്തത തുടര്‍ന്നും സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ഇതിനായി സര്‍ക്കാര്‍ പണം കണ്ടെത്തിയിട്ടില്ല. ഏകീകൃത സോഫ്റ്റ്വെയറില് പ്രാഥമികസംഘങ്ങള്‍ വരുന്നില്ല, പക്ഷേ ബിസിനസ് കിയോസ്കുകളായിമാറും, അപ്പോള്‍ ഒരോ പ്രാഥമിക സഹകരണ സംഘവും അവരുടെ സോഫ്റ്റ്വെയറില് ചില സമ്പര്‍ക്കമുഖം വികസിപ്പിക്കേണ്ടതുണ്ട്. സാങ്കേതിക ക്രമീകരണങ്ങള്‍ വേറെയും ആവശ്യമാണ്. വ്യത്യസ്ത കമ്പനികളുടെ വ്യത്യസ്ത പ്ലാറ്റ്ഫോമില്‍ വര്‍ക്ക് ചെയ്യുന്ന ജില്ലാബാങ്കുകള്‍ ഒരൊറ്റ സോഫ്റ്റ്വെയറിലേക്ക് മാറുമ്പോള്‍ ഡാറ്റ മൈഗ്രേഷന്‍ കൂടുതല്‍ സമയം ആവശ്യമാണ്. കേരള ബാങ്കിനുള്ള സോഫ്റ്റ്വെയര് കമ്പനി ഏതെന്ന് ഇനിയും തീരുമാനിച്ചിട്ടുമില്ല.
റിസര്‍വ്ബാങ്ക് ചൂണ്ടിക്കാണിച്ചത്
ലയനശേഷം സംസ്ഥാന സഹകരണ ബാങ്കിന്റെ നിലവിലുള്ള ലൈസന്‍സ് തുടരും. ജില്ലാബാങ്കുകളുടെ ബ്രാഞ്ചുകള്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ ബ്രാഞ്ചുകളായി മാറും. തുടര്‍ന്ന് സംസ്ഥാന ബാങ്ക് ഈ ബ്രാഞ്ചുകളുടെ ലൈസന്‍സിനായി ആര്‍ബിഐക്ക് അപേക്ഷ നല്‍കണം. ജില്ലാ ബാങ്കുകള്‍ അവരുടെ ലൈസന്‍സ് ആര്‍ബിഐക്ക് സറണ്ടര്‍ ചെയ്യണം. ഇവയെല്ലാം നവംബര്‍ മാസത്തോടെ പൂര്‍ത്തിയാകില്ല. മലപ്പുറം ജില്ലാ സഹകരണബാങ്ക് ഒഴികെയുള്ള 13 ജില്ലാസഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരളബാങ്ക് രൂപീകരിക്കുന്നതിനാണ് റിസര്‍വ് ബാങ്കില്‍നിന്നും അന്തിമ അനുമതി ലഭിച്ചത്.
സംസ്ഥാന സര്‍ക്കാരിന് നല്കിയ അന്തിമ അനുമതിക്ക് 2020 മാര്‍ച്ച് 31വരെ മാത്രമാണ് പ്രാബല്യം. ജമ്മുകശ്മീര്‍ ബാങ്കിന്റെ ചെയര്‍മാനായ ഹസീബ് ഡ്രാബുമാവു കേരള ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ സഹപാഠിയാണ്. ഏതൊരു കശ്മീരിയുടെയും അഭിമാനമാണ് ജമ്മുകശ്മീര്‍ ബാങ്കെന്ന് തോമസ് ഐസക് അവകാശപ്പെടുന്നു. കേരളബാങ്കിന് ജമ്മുകശ്മീര്‍ ബാങ്കിന് സമാനമായൊരു ധര്‍മ്മം കേരളത്തില്‍ നിര്‍വഹിക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. കശ്മീരിലേക്കാണ് കേരളത്തിന്റെ യാത്രയെന്ന് പറയാതെ പറയുകയാണ് ഐസക്. ഠലൃൃീൃ ളൗിറശിഴ ഉം പല നിയമലംഘനവും നടത്തിയതിന് നടപടി നേരിടുന്ന ഒരു ബാങ്കിനെ മാതൃകയാക്കാന്‍ മന്ത്രിക്ക് ആഹ്വാനം ചെയ്യാന്‍പറ്റുന്ന ഏക സംസ്ഥാനം കേരളമായിരിക്കും. കേരളബാങ്ക് രൂപീകരണ തടസ്സംനീങ്ങാന് ജില്ലാ സംസ്ഥാന ബാങ്കുകള്‍ക്ക് ക്ലീന്‍ ബാലന്‍സ്ഷീറ്റ് ഉണ്ടാക്കി എന്നുപറയുന്നതോടെ റബ്കോയ്ക്കടക്കം നല്കിയ കോടികളുടെ ഉത്തരവാദിത്വവും മുഖ്യമന്ത്രിയുടെ തലയില്‍വച്ച് ധനമന്ത്രി കൈകഴുകി. നവംബറില്‍ ബാങ്ക് യാഥാര്‍ഥ്യമായില്ലെങ്കില്‍ അതിന്റെ നാണക്കേട് പിണറായി വിജയനുമാത്രം മതിയെന്ന ബുദ്ധിയാണ് മുഴുവന്‍ ക്രെഡിറ്റും മുഖ്യമന്ത്രിക്ക് കൊടുക്കാന്‍ കാരണം.
പ്രവാസി ഡെപ്പോസിറ്റുകള്‍ വാങ്ങാന്‍ സഹകരണ ബാങ്കുകള്‍ക്ക് അനുവാദമില്ല. എന്നാല്‍ പുതിയ ബാങ്കിന്റെ രൂപീകരണത്തോടെ ഈ സ്ഥിതിവിശേഷം മാറുമെന്നാണ് സര്‍ക്കാര്‍വാദം. പ്രവാസികളെ ആശ്രയിച്ചാണ് കെഎസ്എഫ്ഇ പ്രവാസിചിട്ടി, കിഫ്ബിബോണ്ട് എന്നിവ ആരംഭിച്ചത്. അതിനിടയില്‍ ഹലാല്ബാങ്കിങും ആരംഭിച്ചു. മൂന്നിന്റെയും ഗതി എന്തായെന്നും അന്വേഷിക്കുന്നത് നല്ലതാണ്. പ്രവാസി നിക്ഷേപത്തെക്കുറിച്ച് പ്രസംഗിക്കുന്ന ധനകാര്യമന്ത്രിയും സഹകരണമന്ത്രിയും പ്രവാസിനിക്ഷേപം സ്വീകരിക്കാന്‍ വേണ്ട അടിസ്ഥാന യോഗ്യതയെക്കുറിച്ച് ഒന്നും പറയുന്നില്ല. റിസര്‍ബാങ്കിന്റെ എഡിലൈസന്സ് അഥവാ ഓതറൈസ്ഡ് ഡീലര്‍ ലൈസന്‍സ് കേരളബാങ്കിന് ലഭ്യമായാല്‍മാത്രമേ നിക്ഷേപം സ്വീകരിക്കാനാകൂ. ഓതറൈസ്ഡ് ഡീലര്‍ ആവാനുള്ള നടപടികളും കേരളബാങ്ക് പൂര്‍ത്തിയാക്കിയിട്ടില്ല. അതായത് കേരളബാങ്ക് പിറവിയെടുക്കുമ്പോള്‍ പ്രവാസിനിക്ഷേപം സാധ്യമല്ലെന്ന് ചുരുക്കം. തോമസ്ഐസക് പറയുംപ്രകാരമെങ്കില് ഉയര്‍ന്ന റിട്ടേണുള്ളകേരളവികസനത്തിന് സഹായകമായ നിക്ഷേപപദ്ധതികള്‍ പലതും നിലനില്‍ക്കെ എന്തിനാണ് ഒരു പുതിയ ബാങ്ക്? സഹകരണമേഖലയിലെ നിക്ഷേപം ഊറ്റിയെടുത്ത് പെന്‍ഷനും, ഭരണചെലവിനും, നഷ്ടത്തിലോടുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ശമ്പളത്തിനും കൊടുക്കും. സഹകരണമേഖലയില്‍ റബ്കോയ്ക്ക് സമാനമായി പാര്‍ട്ടി ഭരിച്ചുമുടിച്ച സംഘങ്ങളുടെ കടം ഏറ്റെടുക്കുക, മാനദണ്ഡങ്ങള്‍ ലംഘിച്ച് ഊരാളുങ്കല്‍ ലേബര്‍ സൊസയിറ്റിയെ സഹായിക്കുക, തുടങ്ങി ധാരാളം പണം പാര്‍ട്ടിയുടെ വിവിധ സംവിധാനത്തിലെത്തിച്ച് തെരഞ്ഞെടുപ്പിനായി ചെലവാക്കുക. മൂന്നോ നാലോ വര്‍ഷംകഴിയുമ്പോള്‍ കുത്തുപാള എടുത്തിരിക്കുന്ന ഒരു കേരളബാങ്ക് ആയിത്തീരും. ആ സമയത്ത് കേന്ദ്രഭരണത്തെയും റിസര്‍വ്വ് ബാങ്കിനെയും കുറ്റംപറഞ്ഞ് വോട്ട് നേടുക. അതായത് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് സമാനമായ ക്ലൈമാക്സ് ആയിരിക്കും കേരള ബാങ്കിനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: