വാളയാര്‍ പീഢനക്കേസ്സിലെ പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതേവിട്ടു. സാംസ്കാരിക കേരളം ലജ്ജിച്ച് തലതാഴ്ത്തേണ്ട സംഭവമാണിത്. എന്നാല്‍ ഒരു ബുദ്ധിജീവികളും, മനുഷ്യാവകാശ പ്രവര്‍ത്തകരും, സ്ത്രീസംരക്ഷകരും, സാംസ്കാരിക നായകന്മാരും നാവനക്കുന്നില്ല. ഫെയ്സ്ബുക്കടക്കമുള്ള നവമാദ്ധ്യമങ്ങളില്‍ ആരും ഇത് പ്രൊഫൈല്‍ ചിത്രം ആക്കുന്നതുമില്ല.
ആരും ചിത്രങ്ങള്‍ വരയ്ക്കുന്നില്ല. ആരും മെഴുകുതിരി തെളിയിക്കുന്നതുമില്ല. കാരണം വാളയാര്‍, കശ്മീരിലെ കത്വയല്ല കേരളത്തിന് പുറത്തുമല്ല. വാളയാര്‍, അട്ടപ്പള്ളം ശെല്‍വപുരത്തെ ഒറ്റമുറിവീട്ടില്‍ ദളിത് ദമ്പതികളായ ഷാജു, ഭാഗ്യവതി എന്നിവരുടെ മൂത്തമകള്‍ 13 വയസ്സുണ്ടായിരുന്ന ഹൃത്തിക ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത് 2017 മാര്‍ച്ച് 12ന് ആയിരുന്നു. ഈ സംഭവം നടന്ന് 52 ദിവസം കഴിഞ്ഞപ്പോള്‍, മാര്‍ച്ച് 14ന് ഇളയമകള്‍ 9 വയസ്സുകാരി ശരണ്യയെ അതേ സാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന മുഖ്യന്റെ പാര്‍ട്ടിയില്‍പ്പെട്ട പ്രതികളെ രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ പരിണിതഫലമാണ് ഇവര്‍ക്ക് നീതിനിഷേധിക്കപ്പെട്ടത്. കാപട്യത്തിന്റെയും, ക്രൂരതയുടെയും പര്യായമാണ് കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെന്നത് ഈ സംഭവത്തിലൂടെ ഒരിക്കല്‍ക്കൂടി വെളിവായിരിക്കുകയാണ്.
കേരളത്തില്‍ ഏറ്റവുമധികം ദളിത് വിഭാഗക്കാര്‍ താമസിച്ചുവരുന്ന പ്രദേശമാണ് വാളയാര്‍. കഴിഞ്ഞ ഒന്നരവര്‍ഷത്തെ കണക്കനുസ്സരിച്ച് സമാനതരത്തിലുള്ള 27 പോക്സോ കേസുകള്‍ വാളയാറില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിലുള്‍പ്പെട്ട പ്രതികളെല്ലാംതന്നെ ഒരു പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ്.
പാര്‍ട്ടിക്ക് ഇവര്‍ചെയ്യുന്ന സേവനത്തിന് കുറ്റകൃത്യങ്ങളില്‍നിന്ന് രക്ഷിക്കുകയെന്നതാണ് പാര്‍ട്ടിനല്‍കുന്ന പ്രതിഫലവും, പാരിതോഷികവും. മൂത്തമകളുടെ മൃതശരീരം കണ്ടെത്തിയ മുറിയില്‍നിന്നും രണ്ടുപേര്‍ മുഖംമറച്ചുകൊണ്ട് ഇറങ്ങിപ്പോകുന്നതും, പ്രധാനപ്രതി മകളെ പീഢിപ്പിക്കുന്നതും താന്‍ നേരിട്ടുകണ്ടത് എങ്ങനെ കളവാകുമെന്ന് വിതുമ്പിക്കരഞ്ഞു കൊണ്ട് ഒരമ്മ പറയുന്നു. ഇത് കാണുമ്പോള്‍ മനുഷ്വത്വം മരവിച്ചിട്ടില്ലാത്തവര്ക്കും, സാംസ്കാരിക കേരളത്തിനും ലജ്ജിച്ച് തലതാഴ്ത്തുവാനേ കഴിയുകയുള്ളു.
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും, യുവജന സംഘടനയുടെയും പ്രമുഖ പ്രവര്‍ത്തകര്‍ ആയിരുന്നു പ്രധാന പ്രതികള്‍. സംഭവത്തിനുശേഷം ചോദ്യംചെയ്യാനായി കൊണ്ടുവന്ന പ്രതിയെ സിപിഎമ്മിന്റെ ജില്ലാ നേതാക്കളടക്കമുള്ളവര്‍
പോലീസ് സ്റ്റേഷനില്‍നിന്ന് ഇറക്കിക്കൊണ്ടുപോയസംഭവം എല്ലാവിധ കാടത്തരങ്ങള്ക്കും മുഖ്യന്റെ പാര്‍ട്ടി കൂട്ടുനില്‍ക്കുന്നു എന്നുള്ളതിന് ഉദാഹരണമാണ്. അഞ്ചുപേരെ പ്രതികളാക്കി രജിസ്റ്റര്‍ചെയ്ത കേസില്‍ ബലാല്‍സംഗം, പ്രകൃതിവിരുദ്ധ
പീഢനം, ആത്മഹത്യാ പ്രേരണ, സത്രീത്വത്തെ അപമാനിക്കല്‍, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ ചുമുത്തിയിരുന്നെങ്കിലും ഇതൊന്നും തെളിയിക്കാന്‍ കഴിയാത്ത രീതിയിലുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് പ്രതികളെ രക്ഷിക്കാന്‍വേണ്ടി മാത്രമായിരുന്നു. മുഖ്യന്റെ പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായ പ്രതി തന്റെ മകളെ പീഢിപ്പിക്കുന്നത് നേരിട്ട് കണ്ടുവെന്ന് അമ്മ പോലീസില്‍ മൊഴിനല്‍കിയിരുന്നു. ഇതുതന്നെ ഇളയകുട്ടിയും പറഞ്ഞിരുന്നു. ഇളയകുട്ടിയുടെ മൊഴി പ്രതികള്‍ക്ക് എതിരാകുമെന്നകാരണത്താല് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നെന്നും 9 വയസ്സുള്ള കുട്ടി എങ്ങനെ ഇത്ര വലിയ ഉയരത്തില്‍ കുരിക്കിട്ട് ആത്മഹത്യചെയ്യുമെന്നും ചോദ്യങ്ങളുയര്‍ന്നെങ്കിലും അന്വേഷണം ഉണ്ടായില്ല. പലതും കണ്ടില്ലെന്ന് നടിക്കാനായിരുന്നു പോലീസിന്റെ ശ്രമം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടികള്‍ പ്രകൃതിവിരുദ്ധപീഢനങ്ങള്ക്ക് വിധേയരായിരുന്നെന്ന് പരാമര്‍ശം ഉണ്ടായിരുന്നുവെങ്കിലും, കോടതിയില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നമ്പറുപോലും തെറ്റിച്ചാണ് അന്വേഷണ സംഘം ഹാജരാക്കിയിരുന്നത്. അഞ്ചുപേര്‍ പ്രതിപട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്കെതിരെ കേസ് നടന്നുവരുന്നതിനാല്‍, ബാക്കിയുള്ള നാലുപ്രതികളും അന്വേഷണ സംഘത്തിന്റെ ഔദാര്യത്തില്‍ രക്ഷപെടുകയായിരുന്നു. പാര്ട്ടിപ്രവര്ത്തകരായതിനുള്ള ഉപകാരസ്മരണയാണ് ഈ രക്ഷപെടലിന് പിന്നില്‍.
നിയമത്തേയും, നീതിന്യായ വ്യവസ്ഥയേയും, അന്വേഷണത്തേയും കുറ്റക്കാരായവര്ക്കുവേണ്ടി സ്വാധീനമുപയോഗിച്ച് അട്ടിമറിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിയും എന്നതാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നത്. രാഷ്ട്രീയ ക്രിമിനലുകളെ സൃഷ്ടിക്കുകയും, സംരക്ഷിക്കുകയും ചെയ്യുകയെന്ന അടിസ്ഥാന തത്വത്തില്‍നിന്ന് തങ്ങള്‍ക്ക് വ്യതിചലിക്കാന്‍ ആവില്ലായെന്ന് പാര്‍ട്ടി ഒരിക്കല്‍ക്കൂടി ഈ സംഭവത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നു. സിപിഎം പ്രവര്‍ത്തകനായിരുന്ന മൂന്നാം പ്രതിക്കുവേണ്ടി കോടതിയില്‍ ഹാജരായ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍കൂടിയായ സിപിഎം നേതാവായ അഭിഭാഷകനെ പാലക്കാട് ശിശുക്ഷേമ സമിതി ചെയര്‍മാനായി നിയോഗിച്ചതിലൂടെ തങ്ങളുടെ നയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരിക്കല്‍ക്കൂടി വിളിച്ചുപറയുകയാണ്. കാസര്‍കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടുപേരെ സിപിഎം കൊലപ്പെടുത്തിയ സംഭവത്തെത്തുടര്‍ന്ന് സമര്‍പ്പിക്കപ്പെട്ട കുറ്റപത്രം, പ്രതികള്‍ രക്ഷപെടുന്നതിന് മാത്രമേ സഹായമാകൂ എന്നുള്ള കേരളാ ഹൈക്കോടതിയുടെ പരാമര്‍ശം മുഖ്യന്റെ പാര്‍ട്ടിയുടെ ഇടപെടലുകളെ വ്യക്തമാക്കുന്നതാണ്.
ഒരു കുടുംബത്തിന്റെ ജീവിക്കാനുളള അവകാശംപോലും തട്ടിയെടുത്ത്, അധികാര ദുര്‍വിനിയോഗത്തിന്റെയും, കൈക്കരുത്തിന്റെയും, ധാര്‍ഷ്ട്യത്തിന്റെയും, ധിക്കാരത്തിന്റെയും പ്രതിരൂപമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളുടെ വിജയത്തില്‍ ആര്ത്തുല്ലസിക്കുന്നുണ്ടാകാം. പക്ഷേ ഇത് എത്രനാള്‍ തുടരാനാകും? പാര്‍ട്ടിക്ക് അടിമകളായി പ്രവര്‍ത്തിക്കുന്ന കാക്കിയും, തൊപ്പിയും, നക്ഷത്രങ്ങളും, ഇന്നോവാ കാറുകളുമൊക്കെ നമുക്ക് ഇനിയും വേണമോ? സാംസ്കാരിക കേരളം ഇത് ചിന്തിക്കുകയും, ഇത്തരത്തിലുള്ള കൈകടത്തലുകള്‍ക്കെതിരെ പ്രതിഷേധിക്കുകയും, പരാജയപ്പെടുത്തുകയും ചെയ്യുന്ന കാലം അതിവിദൂരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: