കശ്മീരിലെ ആദ്യ മുസ്ലിം രാജവംശം ഷാ-മീര്‍ സ്ഥാപിച്ചത് ഷംസ്-ഉദ്-ദിന് എന്ന പേര് സ്വീകരിച്ച് ഇസ്ലാംമതത്തില്‍ ചേര്‍ന്ന ഹിന്ദു ക്ഷത്രിയനാണ്. പഞ്ചഗവര രാജ്യത്തിലെ രജൗറിക്കും ബുദ്ധാലിനും മദ്ധ്യേയുള്ള പഞ്ച്ഗാബര്‍ താഴ്വാരത്തില്‍ നിന്നാണ് അദ്ദേഹം 1313-ല്‍ കുടുംബസമേതം കശ്മീരില്‍ എത്തിയതെന്ന് കശ്മീരീ ചരിത്രകാരനായ ജോന രാജായുടെ ദ്വിതീയ രാജതരംഗിണിയില്‍ പറയുന്നു. കശ്മീര്‍ രാജാവായ സുഹദേവന്റെ (1301-1320) കാലത്ത് രാജഭൃത്യനായി സേവനം അനുഷ്ഠിച്ചു. തന്റെ പ്രാഗത്ഭ്യം കൊണ്ട് ഷംസ് ശ്രദ്ധേയനായി ഉന്നതപദവിയില്‍ എത്തി. സുഹദേവ രാജാവിന്റെ കാലശേഷം കശ്മീര്‍ ഭരിച്ച ഉദയനദേവന്‍ രാജാവിന്റെ (1320-1338) മരണത്തോടെ ഷംസ് രാജപദവി കയ്യടക്കി. അങ്ങനെ ഷാ-മീര്‍ മുസ്ലീം രാജവംശത്തിന് തുടക്കമായി.
ഹിന്ദു രാജവംശത്തിലെ അന്തഃഛിദ്രങ്ങളും വിദേശാക്രമണങ്ങളുമാണ് ഒരു മുസ്ലീം രാജവംശം കശ്മീരില്‍ ഉടലെടുക്കാന്‍ കാരണം. ഇതിനിടെ ലഡാക്കില്‍ നിന്നെത്തിയ റിഞ്ചന്‍, ഗില്‍ഗിദിനു സമീപമുള്ള ദര്‍ദ് അതിര്‍ത്തിയില്‍ നിന്നെത്തിയ ലങ്കാര്‍ചാക്ക് എന്നിവരും കശ്മീര്‍ രാജാവിന്റെ ഔദാര്യത്തില്‍ വലിയ ഭൂപ്രമുഖന്മാര്‍ ആയിരുന്നു. ഇതില്‍ റിഞ്ചന്‍ കശ്മീര്‍ രാജാവായെങ്കിലും വെറും മൂന്നു വര്‍ഷക്കാലത്തേയ്ക്കു മാത്രമേ നിലനിന്നുള്ളു. ഷംസ്-ഉദ്-ദിന് രാജാവായപ്പോള്‍ മദ്ധ്യേഷ്യയില്‍ നിന്നെത്തിയ മുസ്ലീം ഉലാമയായ മീര്‍ സയിദ് അലി ഹമദാനി കശ്മീരില്‍ ഇസ്ലാംമതം പ്രചരിപ്പിച്ചു. ആയിരക്കണക്കിന് ഹൈന്ദവ കശ്മീരികളെ ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തു.
പേര്‍ഷ്യന്‍ ഭാഷ
ഹമദാനിയുടെ പുത്രന് സിക്കന്ദര്‍ ബുത്ഷിഖാന്‍ ഇസ്ലാമിക നിയമങ്ങള്‍ കശ്മീരില്‍ അടിച്ചേല്‍പ്പിച്ചു. എ.ഡി.1400-ഓടെ കശ്മീരികളില്‍ ഭൂരിഭാഗവും മുസ്ലീമുകളായി തീര്‍ന്നു. കശ്മീരി, ദര്‍ദ് തുടങ്ങിയ നാട്ടുഭാഷകളെ നിരോധിച്ച് പേര്‍ഷ്യന്‍ ഭാഷ കശ്മീരില്‍ പ്രാബല്യത്തിലാക്കി. സുല്‍ത്താന്‍ സൈന്‍-അല്‍-അബേദിന്റെ ഭരണകാലത്ത് (1420-1470) ഷാമീര്‍ രാജവംശത്തിന്റെ പ്രതാപം ഉച്ചകോടിയില്‍ എത്തി.
മുഗള്‍ ഭരണം
മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ ആണ് ആക്രമണത്തിലൂടെ കശ്മീരിനെ തന്റെ മുഗള്‍ സാമ്രാജ്യത്തിന്റെ ഭാഗമാക്കിയത് (1585-86). അതോടെ തനതു കശ്മീരി മുസ്ലീം രാജഭരണം അവസാനിപ്പിച്ച് കശ്മീരികളെ ഷിയാ-സുന്നി വിഭാഗങ്ങളാക്കി. കശ്മീരിനേയും ഇന്നത്തെ പാകിസ്ഥാന്റെ വടക്കുഭാഗവും വടക്കു കിഴക്കന്‍ അഫ്ഘാനിസ്ഥാന് പ്രദേശവും ഒന്നിച്ചാക്കി കാബൂള്‍ പ്രവിശ്യ രൂപീകരിച്ചു. ഷാജഹാന് ചക്രവര്‍ത്തിയുടെ കാലത്ത് ഈ കാബൂള്‍ പ്രവിശ്യയില്‍ നിന്ന് കശ്മീരിനെ വേര്‍പ്പെടുത്തി ശ്രീനഗറിനെ കേന്ദ്രമാക്കി. മുഗള്‍ സാമ്രാജ്യത്തിന്റെ ഏറ്റവും വടക്കേ അറ്റമായ കശ്മീര്‍, മുഗളന്മാരുടെ ഉല്ലാസകേന്ദ്രവുമായി. ശ്രീനഗറില്‍ പേര്‍ഷ്യന്‍ മാതൃകയില്‍ ദാല്‍ തടാകത്തിനു ചുറ്റുമായി ജലധാരകളോടു കൂടിയ മനോഹരമായ പൂങ്കാവനം നിര്‍മ്മിച്ചു.
അഫ്ഘാന്‍ ഭരണം
15-ാം മുഗള്‍ ചക്രവര്‍ത്തി അഹമ്മദ് ഷാ ബഹാദൂറിന്റെ കാലത്ത് മുഗള്‍ ഭരണം ക്ഷയിച്ചുതുടങ്ങി. അക്കാലത്ത് അഫ്ഘാന്‍ ദുറാനി രാജവംശത്തിലെ അഹമദ് ഷാ ദുറാനി മുഗള്‍ സാമ്രാജ്യത്തിലെ ഇപ്പോഴത്തെ അഫ്ഗാനിസ്ഥാന്-പാകിസ്ഥാന് പ്രദേശങ്ങളും മറ്റു നാട്ടുരാജ്യങ്ങളും ആക്രമിച്ചു കീഴടക്കി. അതോടെ 1751-ല്‍ കശ്മീര്‍, അഫ്ഘാന്‍ ദുറാനി രാജവംശത്തിനു കീഴിലായി. കശ്മീര്‍ ചരിത്രകാരന്മാര് പറയുന്നത് തനതായ വിശ്വാസ ആചാരങ്ങള്‍ പിന്തുടര്‍ന്ന കശ്മീരികളെ അഫ്ഘാന്‍ ഭരണ കര്‍ത്താക്കള്‍ ക്രൂരമായി പീഡിപ്പിച്ചു എന്നാണ്. പഞ്ചാബി-സിക്ക് രാജവാഴ്ചയുടെ ഉദയം വരെ, 1820 വരെ ഇത് തുടര്‍ന്നു.
സിക്ക് ഭരണം
പഞ്ചാബിലെ സിക്കു രാജാവ് രഞ്ജിത് സിംഗിന്റെ ആക്രമണത്തോടെ കശ്മീരിലെ അഫ്ഘാന്‍-ദുറാനി ഭരണം 1819-ല്‍ അവസാനിച്ചു. അങ്ങനെ നാല് നൂറ്റാണ്ടുകാലം നീണ്ടുനിന്ന മുസ്ലീം ഭരണവും അവസാനിച്ചു. അഫ്ഘാന്‍ ദുറാനി ഭരണത്തിന്റെ ക്രൂരതകള്‍ ഏറ്റുവാങ്ങിയ കശ്മീരി ജനത പഞ്ചാബി-സിക്ക് രാജവാഴ്ചയെ സ്വീകരിക്കാന്‍ തയ്യാറായിരുന്നു. എങ്കിലും സിക്ക് ഭരണം ലാഹോറിനെ കേന്ദ്രമാക്കിയായിരുന്നു. അതിനാല്‍ വിദൂരമായ കശ്മീരിലേക്ക് നിയോഗിതരായ സിക്ക് ഗവര്‍ണര്‍മാരുടെ നടപടികള്‍ ജനക്ഷേമകരമായിരുന്നില്ല. കശ്മീരികളുടെ തനതു ജീവിത സ്വാതന്ത്ര്യം പരിമിതപ്പെടുത്തി. നാലു നൂറ്റാണ്ടുകാലത്തോളം ശീലിച്ചുപോന്ന നിരവധി ഇസ്ലാമിക നിയമങ്ങള്‍ അസാധുവാക്കി. ഗോവധത്തിന് വധശിക്ഷ ഏര്‍പ്പെടുത്തി. ശ്രീനഗറിലെ ജാമിയ മസ്ജിദ് അടച്ചു പൂട്ടി. അദാന്‍ പോലുള്ള വാങ്കുവിളികള്‍ നിര്‍ത്തലാക്കി. ഇക്കാലത്ത് ധാരാളം വിദേശ ടൂറിസ്റ്റുകള്‍ കശ്മീര്‍ സന്ദര്‍ശിക്കാന്‍ തുടങ്ങിയിരുന്നു. വിദേശികള്‍ കശ്മീരിലെ മുസ്ലീം കര്‍ഷകരുടെ ദാരിദ്ര്യവും കടുത്ത നികുതികളും പുറംലോകത്തെത്തിച്ചു. വളരെ കുറച്ച് ഭൂമി മാത്രമേ കൃഷിക്കായി അനുവദിച്ചിരുന്നുള്ളൂ. നിരവധി കശ്മീരി കര്‍ഷകര്‍ പഞ്ചാബിലെ നദീതടങ്ങളിലേയ്ക്ക് പലായനം ചെയ്തു. എന്തായാലും 1832-ലെ വലിയ ക്ഷാമത്തെ തുടര്‍ന്ന് സിക്ക് ഭരണകൂടം കാര്‍ഷിക നികുതി പകുതിയാക്കി. പലിശയില്ലാത്ത വായ്പകള്‍ കര്‍ഷകര്‍ക്ക് അനുവദിച്ചു. അങ്ങനെ സിക്ക് സാമ്രാജ്യത്തിലെ ഏറ്റവും സമ്പന്നമായ ഭൂപ്രദേശമായി കശ്മീര്‍ മാറി. കശ്മീരി ഷാളുകള്‍ ലോകപ്രസിദ്ധമായി. അവ യൂറോപ്പില്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെട്ടു.
ഗുലാബ് സിംഗ്
മുഗള്‍ ഭരണക്ഷയത്തിനു ശേഷം ജമ്മു മേഖല 1770 മുതല്ക്കേ സിക്ക് ഭരണത്തിന് കീഴിലേയ്ക്ക് ചായാന്‍ തുടങ്ങിയിരുന്നു. ആ മേഖല ഒന്നാകെ 1808-ല്‍ സിക്ക് മഹാരാജാവ് രഞ്ജിത് സിംഗ് പിടിച്ചെടുത്തു. ജമ്മുവില്‍ നിന്നുള്ള ഗുലാബ് സിംഗ് എന്ന യുവാവ് സിക്ക് സൈന്യത്തില്‍ ചേര്‍ന്ന് തന്റെ പ്രാഗത്ഭ്യം തെളിയിച്ച് ഉന്നതസ്ഥാനീയനായി. 1882-ല്‍ ജമ്മുവിലെ രാജാവായി അഭിഷിക്തനായി. ഗുലാബ് സിംഗ് തന്റെ ജനറല്‍ സൊറാവര്‍ സിംഗിന്റെ സഹായത്തോടെ രജൗറി (1821), കിഷ്ത്വാര്‍ (1821), ശുരുവാലി-കാര്‍ഗില്‍ (1835), ലഡാക്ക് (1834-40), ബാല്ട്ടിസ്ഥാന് (1840), മറ്റു കശ്മീര്‍ താഴ്വര ഭാഗങ്ങള്‍ എന്നിവയൊക്കെയും പിടിച്ചെടുത്ത് സിക്ക് സാമ്രാജ്യത്തിലെ താരത്തിളക്കമായി.
കശ്മീര്‍ – ബ്രിട്ടന്റെ സാമന്തരാജ്യം
1845-ലാണ് ബ്രിട്ടീഷ്-സിക്ക് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. 1846-ല്‍ സൊബ്രാവോണ്‍ യുദ്ധകാലത്ത് ഗുലാബ് സിംഗിന്റെ നയതന്ത്ര ചാതുര്യം ഒരു മധ്യസ്ഥന്റേതു പോലെയായിരുന്നു. ബ്രിട്ടീഷ് ബ്രിഗേഡിയര്‍ ജനറല്‍ സര് ഹെന്‍ട്രി മോണ്ട്ഗോമറി ലോറന്‍സിന്റെ വിശ്വസ്ത ഉപദേഷ്ടാവുമായി. പുതിയ ഉടമ്പടികള്‍ ഉണ്ടായി. പടിഞ്ഞാറന്‍ പഞ്ചാബ് ഭാഗമായ ലാഹോര്‍ പ്രവിശ്യ, ബിയാസ്-സിന്ധു നദീതടങ്ങള്‍ക്ക് മദ്ധ്യേയുള്ള മലനാട്ടു രാജ്യങ്ങള്‍ ഉള്‍പ്പെടെ ബ്രിട്ടന്റെ കീഴിലായി. സിന്ധു നദിയുടെ കിഴക്കന്‍ ഭാഗവും രവി നദിയുടെ പടിഞ്ഞാറന്‍ ഭാഗവും കശ്മീര്‍ താഴ്വരയും 75 ലക്ഷം രൂപ കപ്പം നല്‍കിക്കൊണ്ട് ഗുലാബ് സിംഗ് രാജാവിന്റെ കീഴിലുമായി. 1858-ഓടുകൂടി പൂര്‍ത്തിയാകുന്ന ഉടമ്പടിയും വില്‍പനക്കരാറും പ്രകാരം കശ്മീര്‍-ജമ്മു സാമന്ത രാജ്യം നിലവില്‍ വന്നു. അപ്പോള്‍ അവിടെ ഭൂപ്രകൃതികൊണ്ടും വംശങ്ങള്‍ കൊണ്ടും മതങ്ങള്‍ കൊണ്ടും നാനാത്വമുണ്ടായിരുന്നുവെങ്കിലും കശ്മീര്‍-ജമ്മു ഏകീകരണവുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: