മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്റെ ഒരുവര്‍ഷം നീണ്ടു നില്ക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. ഇന്ത്യയുടെ പരമോന്നത പദവിയായ രാഷ്ട്രപതി സ്ഥാനത്തെ ഏറ്റവും സാര്‍ത്ഥകമാക്കിയ വ്യക്തികളില്‍ ഒരാള്‍ കെ.ആര്. നാരായണനാണെന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ പറയാനാകും. ദളിത് സമുദായത്തില്‍ പിറന്ന നാരായണന് ഈ പരമോന്നത പദവിയില്‍ അവരോധിക്കപ്പെട്ടപ്പോള്‍ അത് ഒരു ഗാന്ധിയന്‍ സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമായി വാഴ്ത്തപ്പെട്ടത് സ്വഭാവികം മാത്രം.
സംഭവബഹുലമായിരുന്നു നാരായണന്റെ പ്രസിഡന്റ് പദവിയിലെ അഞ്ച് വര്‍ഷക്കാലം. രാജ്യം ഒരുപാട് പ്രതിസന്ധികളെ നേരിട്ടു. കഷ്ടനഷ്ടങ്ങള്‍ ഏറെയുണ്ടായി. അടിപതറാന്‍ കൈവന്ന അവസരങ്ങള്‍ പലതാണ്. അവയില്‍ ചിലതൊക്കെ നമ്മുടെ ജനാധിപത്യ പാരമ്പര്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാന്‍ പോന്നതും ആയിരുന്നു. പക്ഷേ, രാഷ്ട്രപതിയായിരുന്ന അദ്ദേഹം പതറിയില്ല. പലപ്പോഴും അസാമാന്യമായ ധൈര്യം പ്രകടിപ്പിച്ചു. രാഷ്ട്രപതിസ്ഥാനം റബ്ബര്‍സ്റ്റാമ്പ് പോലെയുള്ള ഒന്നല്ലെന്നു അദ്ദേഹം തെളിയിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ തലയുയര്ത്തിപ്പിടിച്ചുകൊണ്ടാണ് നാരായണന് രാഷ്ട്രപതിഭവന്റെ പടിയിറങ്ങിയത്.
പ്രതികൂല സാഹചര്യങ്ങളോട് പൊരുതി സമൂഹത്തിന്റെ അടിത്തട്ടില്‍നിന്നും ഉയര്‍ന്നുവന്ന വ്യക്തിത്വം. ഒന്നാം റാങ്കില്‍ ബിഎ (ഓണേഴ്സ്) പാസായിട്ടും അര്‍ഹമായ ലക്ചറര്പദവി നല്‍കാതെ ഗുമസ്തപണി വെച്ചുനീട്ടിയ ദിവാന് ഭരണത്തോടുള്ള പ്രതിഷേധവുമായി ട്യൂട്ടോറിയല്‍ കോളജില്‍ അധ്യാപകനായ നാരായണന് പില്ക്കാലത്ത് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയുടെ (ജെഎന്‍യു) വൈസ്ചാന്‍സിലറായി ഉയര്‍ന്നത് പരീക്ഷണഘട്ടങ്ങളെ മനക്കരുത്തോടെ നേരിടാനുള്ള കഴിവുകൊണ്ട് മാത്രമാണ്.
പഠിക്കാനുള്ള മിടുക്കിലൂടെ നേടിയ സ്കോളര്‍ഷിപ്പുകളാണ് അദ്ദേഹത്തെ ലണ്ടനിലെ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ എത്തിച്ചത്. അവിടെ ഗുരുവായിരുന്ന ലോകപ്രശസ്ത രാജ്യതന്ത്രജ്ഞന് ഹാരോള്‍ഡ് ലാസ്കിയുടെ താത്പര്യമാണ് നാരായണന് അന്നത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവുമായി പരിചയപ്പെടാനും നയതന്ത്രരംഗത്തേയ്ക്ക് കടക്കാനും വഴിയൊരുക്കിയത്.
കറപുരളാത്ത പൊതുജീവിതവും നട്ടെല്ലുവളയ്ക്കാത്ത വ്യക്തിത്വവുമായിരുന്നു നാരായണന്റെ വലിയ നേട്ടങ്ങള്‍. പ്രത്യേകിച്ച് രാഷ്ട്രത്തിന്റെ മന:സാക്ഷിയും തന്റെ മന:സാക്ഷിയും രണ്ടല്ലെന്ന് തെളിയിക്കേണ്ട ഘട്ടങ്ങളില്‍ തലയുയര്‍ത്തിപ്പിടിച്ച്, ധീരമായി ഇടപെടാനുള്ള ചങ്കൂറ്റം പ്രകടിപ്പിച്ച രാഷ്ട്രപതികൂടിയായിരുന്നു നാരായണന്. എന്നാല്‍, പരിമിതമായ അധികാരത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ഭരണകൂടത്തിന്റെ തെറ്റുകളെയും തെറ്റിലേയ്ക്കുള്ള നീക്കങ്ങളെയും തിരുത്താന്കഴിയുമെന്ന് കെ.ആര്. നാരായണന് അസന്നിഗ്ധമായി തെളിയിച്ചിട്ടുണ്ട്. ഭരണഘടനയുടെ നാലതിരുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രപതിയായാണ് എന്നും നാരായണന്റെ സങ്കല്പ്പത്തിലുണ്ടായിരുന്നത്. ‘നമ്മുടെ എല്ലാ പ്രതീക്ഷകളുടെയും മൂര്‍ത്തരൂപമാണത്. അത് സൃഷ്ടിക്കാന്‍ നമുക്ക് കഴിഞ്ഞതുതന്നെ അത്ഭുതമാണ്’ ഒരവസരത്തില്‍ അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ രാഷ്ട്രപതിമാര്‍ നാരായണന്റെ കാലംവരെ പൊതുതെരഞ്ഞെടുപ്പുകളില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാറില്ലായിരുന്നു. എന്നാല്‍ കീഴ്വഴക്കങ്ങള് ലംഘിച്ചുകൊണ്ട് ആദ്യമായി വോട്ടുചെയ്ത രാഷ്ട്രപതിയും കെ.ആര്. നാരായണന് ആയിരുന്നു. രാജ്യത്തെ പരമോന്നത പദവിയിലിരിക്കുന്ന ഒരാളെന്ന നിലയില്‍ ഇവിടുത്തെ മറ്റേതൊരു പൗരനെയുംപോലെ വോട്ടവകാശം പ്രയോഗിക്കാനുള്ള ബാധ്യതയുണ്ടെന്നു അദ്ദേഹം വിശ്വസിച്ചിരുന്നു. അത് നിറവേറ്റാതിരിക്കുന്നത് രാഷ്ട്രപതി പദവിയെതന്നെ നിരാകരിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം കരുതിയിരുന്നു.
കോട്ടയം ജില്ലയിലെ ഉഴവൂര്‍ ഗ്രാമത്തിലെ പെരുന്താനത്ത് നാട്ടുവൈദ്യനായ കോച്ചേരില്‍ രാമന് വൈദ്യന്റെയും പാപ്പിയമ്മയുടെയും എഴുമക്കളില്‍ നാലാമനായിട്ടായിരുന്നു ജനനം. 1921 ഫെബ്രുവരി നാലിനാണ് നാരായണന് ജനിച്ചതെങ്കിലും ഔദ്യോഗിക രേഖകളിലെല്ലാം ജനനം 1920 ഒക്ടോബര്‍ 27 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കുറിച്ചിത്താനം ഗവണ്മെന്റ് എല്‍പി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് ഉഴവൂര്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ്സ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍, കൂത്താട്ടുകുളത്തിനു സമീപമുള്ള വടകര സെന്റ് ജോണ്‍സ് സിറിയന്‍ ഇംഗ്ലീഷ് സ്കൂള്‍, കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്കൂള്‍, കോട്ടയം സിഎംഎസ് കോളേജ്, തിരുവിതാംകൂര്‍ സര്‍വ്വകലാശാല എന്നിവിടങ്ങളില്‍നിന്നും വിദ്യ നേടി.
1943ല്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാലയില്‍നിന്നും ബി എ ഓണേഴ്സ് ഫസ്റ്റ്ക്ലാസില്‍ ഒന്നാംറാങ്കോടെ പാസ്സായി സ്വര്‍ണ്ണ മെഡലിന് അര്‍ഹനായി. അര്‍ഹതപ്പെട്ട ഉദ്യോഗം ലഭിക്കാതെവന്നപ്പോള്‍ വച്ചുനീട്ടിയ ഗുമസ്തപ്പണി ഉപേക്ഷിച്ചു ആ വര്‍ഷംതന്നെ ഇരുപത്തിമൂന്നാം വയസില്‍ ഡല്‍ഹിക്ക് വണ്ടികയറി. അവിടെ ഇന്ത്യന്‍ ഓവര്‍സീസ് വകുപ്പില്‍ അസിസ്റ്റന്റ് ജോലി കിട്ടിയെങ്കിലും ഒരു മാസത്തിനുശേഷം അതുപേക്ഷിച്ചു. തുടര്‍ന്ന് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ പ്രവേശനത്തിന് ടാറ്റയുടെ സ്കോളര്‍ഷിപ്പ് ലഭിച്ചെങ്കിലും രണ്ടാം ലോകമഹായുദ്ധം രൂക്ഷമായത് ഇംഗ്ലണ്ടിലേയ്ക്കുള്ള യാത്ര മുടക്കി. തുടര്‍ന്ന് ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായി. ഇക്കാലത്ത് മഹാത്മാഗാന്ധിജിയെ ഇന്റര്‍വ്യൂ ചെയ്യാനുള്ള അവസരവും നാരായണന് ലഭിച്ചു.
1945ല്‍ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോള്‍ നാരായണന് ഉപരിപഠനത്തിനായി ലണ്ടനില്‍ എത്തി. 1948ല്‍ പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് തിരിച്ചു. അധ്യാപകനായ ഹരോള്‍ഡ് ലാസ്കിയുടെ കത്തുമായി നെഹ്റുവിനെ കണ്ടു. തുടര്‍ന്ന് ആ വര്‍ഷം തന്നെ ബര്‍മ്മയില്‍ ആരംഭിച്ച തന്റെ വിദേശകാര്യ സര്‍വ്വീസിലെ ഔദ്യോഗികജീവിതം 1978ല്‍ ചൈനയില്‍ വിരമിക്കുന്നതുവരെ തുടര്‍ന്നു. ബര്മ്മയില്വച്ചു പരിചയപ്പെട്ട മാ ടിന്റ് ടിന്റിനെ ജീവിതസഖിയാക്കി. തുടര്‍ന്ന് ഉഷ നാരായണന് എന്ന പേര് അവര്‍ സ്വീകരിച്ചു.
ഇവര്‍ക്ക് ചിത്ര, അമൃത എന്നിങ്ങനെ രണ്ടു പുത്രിമാരാണുള്ളത്. ചിത്ര വിദേശകാര്യസര്വ്വീസിലും അമൃത അമേരിക്കയിലുമാണ് ജോലിനോക്കുന്നത്. ജപ്പാന്, തായ്ലാന്റ്, ടര്‍ക്കി, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വിയറ്റ്നാം, അമേരിക്ക എന്നിവിടങ്ങളിലാണ് അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്.
വിരമിച്ചശേഷം ജെഎന്‍യുവില്‍ വൈസ്ചാന്‍സിലറായ നാരായണന് 1980 വരെ പദവിയില്‍ തുടര്‍ന്നു. പിന്നീട് 1984ല്‍ ഒറ്റപ്പാലത്ത് രാജീവ്ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം ജനവിധി തേടി. 1985 ജനുവരി ഒന്നിന് സത്യപ്രതിജ്ഞ ചെയ്ത രാജീവ് മന്ത്രിസഭയില്‍ ആസൂത്രണവകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1989ലും 1991ലും ഒറ്റപ്പാലത്തുനിന്നും വിജയം ആവര്‍ത്തിച്ചു. പിന്നീട് 1992ല്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1997 ജൂലൈ 25ന് ഇന്ത്യയുടെ രാഷ്ട്രപതിയായി നാരായണന് സ്ഥാനമേറ്റു.
ഭരണഘടനയുടെ 356-ാം വകുപ്പ്, കേന്ദ്ര മന്ത്രിസഭാരൂപവല്ക്കരണം, ഭരണഘടനാപരിഷ്ക്കരണം, വര്ഗ്ഗീയസ്പര്ധകള് എന്നീ കാര്യങ്ങളിലെല്ലാം ശക്തമായ നിലപാടുകള്‍ സ്വീകരിച്ച് മുന്‍ഗാമികളില്‍നിന്നും അദ്ദേഹം വ്യത്യസ്തനായി. 2002 ജൂലൈ 24ന് രാഷ്ട്രപതി സ്ഥാനത്തുനിന്നും വിരമിച്ചു. വിശ്രമജീവിതം നയിക്കുന്നതിനിടെ 2005 നവംബര്‍ ഒന്പതിനു ഈ നൂറ്റാണ്ടുകണ്ട ബഹുമുഖപ്രതിഭകളില്‍ ഒരാളായിരുന്ന കെ.അര്. നാരായണന് ജീവിതത്തില്‍നിന്നും വിടവാങ്ങി. അധികാരത്തിന്റെ പുറമ്പോക്കുകളില്‍ പോലും സ്ഥാനമില്ലാതിരുന്ന അധസ്ഥിതന്റെ പ്രതിനിധി പ്രഥമ പൗരനായി മാറിയ കഥ കൂടിയാണ് ഇത്. രാഷ്ട്രപതിമാരിലെ ഏക മലയാളിയുടെയും.
(കെ.ആര്. നാരായണന് ഫൗണ്ടേഷന്
ചെയര്‍മാനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: