നന്മകളാല് സമൃദ്ധമാണ് നാട്ടിന്‍പുറങ്ങള്‍. കേട്ടാലും കേട്ടാലും മതിവരാത്ത നാട്ടറിവുകളുടെ കലവറ ആരോരുമറിയാതെ കൈമോശം വന്നുകൊണ്ടിരിക്കുന്ന നാട്ടുവിശേഷങ്ങളുടെ വിളനിലം. ആ നാട്ടുനന്മകള്‍ക്കു നേരെ തുറന്നുവച്ച കണ്ണുകളുമായി ഒരാള്‍ നമുക്കിടയിലുണ്ട്. ഡോ. സി.വി. ആനന്ദബോസ്. മുന്‍ സീനിയര്‍ ഐഎഎസ് ഓഫീസര്‍. ‘നാട്ടുനന്മകള് കേട്ടു തീരുമോ’ എന്ന അദ്ദേഹത്തിന്റെ പുതുഗ്രന്ഥം പോയകാല ഗ്രാമഗരിമകളുടെ ഉണര്‍ത്തുപാട്ടാണ്; ഒപ്പം കടന്നുവന്ന ആറര പതിറ്റാണ്ടിന്റെ ഓര്‍മകളും.
ലോകത്തിന്റെ സമസ്ത ഭാഗത്തുമുള്ള നാട്ടുനന്മകളുടെ പച്ചത്തുരുത്താണീ പുസ്തകം. കൈപ്പുഴയിലെ യോഗിനിയമ്മയും കുട്ടനാട്ടിലെ നിരണം ബേബിയും മുതല്‍ സ്വന്തം മുലപ്പാല്‍കൊണ്ട് രാജവെമ്പാല വിഷം നിര്‍വീര്യമാക്കിയ നീഗ്രോ പെണ്‍കുട്ടിവരെ ഇതില്‍ കഥാപാത്രങ്ങളാണ്. സാഹിത്യവും സംഗീതവും സര്‍ക്കസും ഈ കഥക്കൂട്ടിലുണ്ട്. ‘കോച്ച’ എന്ന ജൂതനും മാപ്പിളലഹളക്കാരായ നരാധമന്മാര് നിരങ്ങിയ മീമ്പാട്ട് വീടും ഈ പുസ്തകത്തില്‍ പുനര്‍ജനിക്കുന്നു.
ആത്മകഥാപരമായ ഗ്രന്ഥമായതിനാല്‍ ലേഖകന്റെ വ്യക്തിത്വത്തിന്റെ മിന്നാട്ടം പ്രതിപാദനത്തിലുടനീളം ദൃശ്യമാണ്. ഏത് സാഹചര്യങ്ങളെയും നേരിടാനുള്ള കഴിവും പ്രത്യുല്‍പ്പന്നമതിത്വവും മുതല്‍ രുചിപ്രിയം വരെ വിവിധതരം ഭക്ഷ്യവിഭവങ്ങളുടെ പ്രത്യേകതയും കറിക്കൂട്ടുകളും വിളമ്പുന്ന വിധവും ഗ്രന്ഥകാരന് ഓര്‍മയില്‍നിന്ന് പറഞ്ഞുതരുന്നു.
അതിര്‍ത്തിയില്ലാതെ പടര്‍ന്നുകയറുന്ന അറിവിന്റെ വൈപുല്യമാണ് ഈ പുസ്തകത്തിന്റെ മറ്റൊരാകര്‍ഷണം. അടുക്കളക്കാരിയുടെ കൈപ്പുണ്യവിശേഷം പറയുന്നതിനിടയിലാവും അഷ്ടാംഗഹൃദയം തൈരിന്റെ ഗുണദോഷങ്ങള്‍ പറയുന്നത് ഉപന്യസിക്കുക. തൈരും മോരും കഴിക്കുന്നതിന്റെ പ്രത്യേകതയാവും തൊട്ടടുത്ത ഖണ്ഡികയില്‍. ഇലയില്‍ വിഭവങ്ങള്‍ വിളമ്പുന്ന ക്രമവും അതിന് ഉപോദ്ബലകമായ ഒരു നാടന്‍ കഥയും തീര്‍ച്ചയായും ഉണ്ടായിരിക്കും. സദ്യയുടെ കഥയവസാനിക്കണമെങ്കില്‍ നാലും കൂട്ടി നടത്തുന്ന വെറ്റിലമുറുക്കും കൂടി വിശദീകരിക്കണമെന്ന കാര്യത്തില്‍ ഗ്രന്ഥകര്‍ത്താവിന് നിര്‍ബന്ധമുണ്ട്. നളപാചകത്തിന്റെ മഹാറാണിമാരായ അന്നമ്മ, പത്മിനി വക്കീല്‍, മിസ്സിസ്സ് കെ.എം.മാത്യു എന്നിവരുമായുള്ള സൗഹൃദത്തിന്റെ സുഗന്ധവും സദ്യക്കാര്യത്തിന് കൂട്ടായുണ്ടാകും.
വിഷയ വൈവിധ്യവും വൈചിത്ര്യവും ശ്രീ ആനന്ദബോസിന്റെ ഗ്രന്ഥത്തിന്റെ പ്രത്യേകതയാണ്. മിക്ക വിഷയങ്ങളിലും അറിഞ്ഞോ അറിയാതെയോ അദ്ദേഹവും പങ്കാളിയാകുന്നു. കോച്ചാ എന്ന ജൂതന്, മാന്നാനത്തെ കളരി. സര്‍ക്കസ് ചരിത്രം, നാട്ടിന്‍പുറത്തെ കൂട്ടുകാര്‍ തുടങ്ങിയ എത്രയോ വിഷയങ്ങള്‍. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നടത്തിയ നൂറുകണക്കിന് യാത്രകള്‍. അവയൊക്കെ ചേര്‍ത്താണ് അദ്ദേഹം തന്റെ കഥക്കൂടിന്റെ സ്ഫടിക ഭരണി നിറയ്ക്കുന്നത്. പക്ഷേ വെറും ഓര്‍മക്കുറിപ്പുകളല്ലാ അവ. മറിച്ച്, മുക്കാല്‍ നൂറ്റാണ്ടിനപ്പുറത്തെ തല്ലിക്കൂട്ട് നാടക കൊട്ടകയിലെ വണ്‍സ് മോര് വിളികളും സൈക്കിള്‍ യജ്ഞക്കാരന്റെ ഗ്രാമഫോണ്‍ പാട്ടും നാട്ടിന്‍പുറത്തിന്റെ രാവെളിച്ചമായ 14-ാം നമ്പര്‍ റാന്തലുമൊക്കെ ആ തപ്പുമേളത്തിന് പകിട്ട് പകരുന്നു. അകാലത്തില്‍ വിടപറഞ്ഞ അടുപ്പക്കാരെക്കുറിച്ചുള്ള അശ്രുപൂജയും അതിന്റെ ഭാഗം തന്നെ.
ഉലയില്‍ ഊതുന്ന നല്ലവനായ കൊല്ലപ്പണിക്കനും കിണറിന് സ്ഥാനമുറപ്പിക്കാന്‍ ചരടും കട്ടിയുമായെത്തുന്ന വൃദ്ധനും മൂത്താശാരിയുമൊക്കെ ഇതില്‍ നമ്മോട് സംവദിക്കുന്നുണ്ട്. തകഴിയും പ്രൊഫ. എം. കൃഷ്ണന് നായരും സല്ലപിക്കുന്നുണ്ട്. കൃഷ്ണന് നായരെ ഓര്‍ക്കുന്നതിനിടെ വിമര്‍ശകരെ ഗ്രന്ഥകര്‍ത്താവ് വിശേഷിപ്പിക്കുന്നത് ഈറ്റില്ലത്തിലെ പേറ്റുനോവറിയിക്കുന്നവരായാണ്. ”നോവില്ലാതെ പേറുണ്ടായാല്‍ കിട്ടുന്നത് ചാപിള്ളയായിരിക്കും. സാഹിത്യത്തിലെ പല നവജാത ശിശുക്കളും ചാപിള്ളകള്‍ ആകാതിരുന്നെങ്കില്‍, അവര്‍ സൃഷ്ടിയുടെ സ്പന്ദനങ്ങളും അനിവാര്യമായ വേദനകളും അനുഭവിച്ചതുകൊണ്ടാണ്. പ്യൂപ്പയുടെ സ്പന്ദനങ്ങള്‍ കണ്ട് അലിവ് തോന്നി തോട് പൊട്ടിച്ച് സഹായിക്കുന്നവര്‍ ശലഭത്തിന്റെ ചിറകുകള് മുളയ്ക്കും മുന്‍പ് പിഴുത് കളയുന്നവരാണ്. നിരൂപകന് ഒരു ആരാച്ചാരല്ല. സൂത കര്‍മിണിയാണ്” ശ്രീ ആനന്ദബോസ് നിരീക്ഷിക്കുന്നു.
ശ്രീ ആനന്ദബോസ് പേരെടുത്ത ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ്. എന്നാല്‍ ശരാശരി ‘ഐഎഎസ് സാഹിത്യകാര’ന്റെ അധികാരത്തിന്റെ ഭാഷയല്ല ശ്രീ ബോസിന്റെത്. അത് എഴുത്തിന്റെ മര്‍മ്മമറിഞ്ഞ സാഹിത്യകാരന്റെ ഭാഷയാണ്. എളിമയുടെയും നന്മയുടെയും ഭാഷയാണ്. ശരിയായി പറഞ്ഞാല്‍ ഈ പുസ്തകം ഒരു ആത്മകഥയാണ്, ഗ്രാമഭംഗിയുടെ കഥക്കൂട്ടാണ്; നാട്ടുനന്മകളുടെ പഴക്കൂടയാണ്. ലളിതമായ ഭാഷയും മധുരമായ പ്രതിപാദനവും എളിമയുറ്റ അറിവും നാട്ടുനന്മകളുടെ ഈ പുസ്തകത്തെ ശ്രേഷ്ഠമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: