മഴയെ സ്നേഹിച്ചും, ലാളിച്ചും, പ്രണയിച്ചും വളര്‍ന്നവര്‍…
കുട്ടിക്കാലത്ത് കാലവര്‍ഷത്തെ ആഘോഷമാക്കിയവര്‍…..
മഴയുടെ ആര്‍ദ്ര സംഗീതം ആസ്വദിച്ച മലയാളി ഇന്ന് മഴയെ ഭയക്കുന്നുവോ?
മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങള്‍ പറഞ്ഞും, വിലപിടിപ്പുള്ളതെല്ലാം പ്ലാസ്റ്റിക് കവറുകളിലാക്കി രക്ഷപ്പെടാന്‍ തയ്യാറായിരിക്കുവാനുള്ള ആകാശവാണിയുടെ മുന്നറിയിപ്പും മലയാളിയെ വല്ലാതെ ആശങ്കയിലാഴ്‌ത്തുന്നുവോ? ഉണ്ടെന്നതാണ് വാസ്തവം.
പുഴകളെ ഭൂമിക്ക് കിട്ടിയ സ്ത്രീധനമായും, അഴകുള്ള പെണ്ണിനോടും ഉപമിച്ച കവികള്‍ക്ക് ഇന്നു പുഴയെ ഇങ്ങനെ സങ്കല്‍പ്പിക്കാന്‍ കഴിയുമോ? സംഹാര താണ്ഡവമാടി എല്ലാത്തിനേയും വിഴുങ്ങി വരുന്ന പുഴയെ സാന്ത്വനിപ്പിക്കാന്‍ നമുക്ക് കഴിയുമോ?
വീട്ടുമുറ്റത്തെ മഴ വെള്ളത്തില്‍ കടലാസ് തോണി ഒഴുക്കിയപ്പോഴും, പള്ളിക്കൂടത്തില്‍ പോകുമ്പോള്‍ വെള്ളത്തില്‍ പടക്കം പൊട്ടിച്ചപ്പോഴും, പരല്‍ മീനുകളെ കൈയില്‍ കോരിയെടുത്തപ്പോഴും പനി ഭയം ഒട്ടും ഇല്ലായിരുന്നു. പുഴകളും, നദികളും കുട്ടികളുടെ സുഹൃത്തുക്കളായിരുന്നു. ഇന്നത്തെപ്പോലെ ഭയപ്പെടുത്തുന്ന രീതിയില്‍ അവരെ നിത്യതയിലേക്ക് കൊണ്ടുപോകില്ലായിരുന്നു. എല്ലാത്തിനും പുഴകള്‍ മിതത്വം പാലിച്ചിരുന്നു.
മഴക്കാലത്തെ വരവേല്‍ക്കാന്‍ മലയാളി പണ്ട് ഉത്സാഹത്തോടെയാണ് ഒരുക്കങ്ങള്‍ നടത്തിയിരുന്നത്. വീടുകള്‍ ഓലമേഞ്ഞും, പറമ്പുകളില്‍ മണ്‍കൂന പിടിച്ചും, തടമെടുത്തും കുളവും, തോടും വെട്ടിയും മഴയ്‌ക്കായി അവര്‍ കാത്തിരുന്നു. ഒരിക്കല്‍പോലും മഴയും സമയം തെറ്റിച്ചിട്ടില്ല. കൃത്യസമയത്ത് പെയ്തൊഴിഞ്ഞു മടങ്ങുമായിരുന്നു.
പുഴയും, മരവും, മലകളും അവരുടെ ആരാധനാമൂര്‍ത്തികള്‍. മലദൈവങ്ങളെ അവര്‍ രക്ഷകരായി കണ്ടു. മരം മുറിക്കുന്നതിനുമുമ്പ് മരത്തിനോട് അനുവാദം ചോദിച്ചിരുന്നു. ഒരിക്കല്‍ പോലും അവര്‍ കാവും, കുളവും തീണ്ടിയിട്ടില്ല. ഇന്നു ശാസ്ത്രം പറയുന്നു പരിസ്ഥിതി സംരക്ഷണത്തിന് ഇതെല്ലാം ആവശ്യമെന്ന്. ഇതില്‍ നിന്നെല്ലാം പുതുതലമുറ പിന്മാറിയതോടെയാണ് പ്രകൃതി കാലവും കണക്കും തെറ്റിക്കാന്‍ തുടങ്ങിയത്. മഴയും, പച്ചപ്പും ഭൂമിയുടെ ഊര്‍ജമാണെന്ന് വിശ്വസിച്ച ജനതയും കാലവുമായിരുന്നു അന്ന്.
മഴയ്‌ക്കുശേഷം നേട്ടങ്ങളുടെ കണക്കെടുത്ത സ്ഥാനത്ത് ഇന്ന് വേദനകളുടേയും, നാശനഷ്ടങ്ങളുടെയും, നഷ്ടപ്പെടുന്ന ജീവനുകളുടെയും കണക്കെടുപ്പിലാണ് ഇന്ന് മലയാളി.
മഴക്കാലത്തെ ഉത്സവമാക്കി മാറ്റിയവരില്‍ കുട്ടനാട്ടുകാരുമുണ്ട്. രണ്ടാംകൃഷിയുടെ വിളവെടുപ്പ് കാലംകൂടിയായ തുലാം മാസത്തിലെ മഴയെ ശരിക്കും ആസ്വദിച്ചവരാണ് കര്‍ഷകര്‍. പ്രായഭേദമന്യെ കൊതുമ്പു വള്ളത്തിലുള്ള കുട്ടനാട്ടുകാരുടെ മഴയാത്ര ഇന്ന് അന്യമാണ്. മഴക്കാലത്ത് മെതിക്കളത്തില്‍ ദിവസങ്ങളോളം കാത്തിരുന്നാലും കുട്ടനാട്ടുകാര്‍ക്ക് മുഷിപ്പില്ലായിരുന്നു. അവര്‍ മഴയെ അത്രമാത്രം സ്നേഹിച്ചിരുന്നു.
കൈത്തോടുകളും, കുളങ്ങളും നികത്തിയും ജലനിര്‍ഗമന വഴികള്‍ കെട്ടിയടച്ചും റോഡുകള്‍ പണിതപ്പോള്‍ നാം തിരിച്ചറിഞ്ഞില്ല നദികള്‍ സ്വന്തം വഴികള്‍ തിരിച്ചുപിടിക്കുമെന്ന്. വികസനത്തിന്റെ പേരില്‍ നമ്മള്‍ കെട്ടിപൊക്കിയവയെല്ലാം നിമിഷനേരംകൊണ്ട് പുഴകള്‍ വിസ്മൃതിയിലാക്കുമെന്ന്. ഓര്‍മപ്പെടുത്തലുകള്‍ ഒന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് മേനി നടിച്ച മെട്രോ നഗരവാസികളെയും മഴ പാഠം പഠിപ്പിച്ചു.
മഴയുടെ അടിസ്ഥാനത്തില്‍ നടന്ന നമ്മുടെ സുഗന്ധവ്യഞ്ജന കൃഷിയാണ് കേരളത്തിലേക്ക് വിദേശികളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കാരണം. അതുകൊണ്ട് നമ്മുടെ പൂര്‍വികര്‍ മഴയെ സന്തോഷത്തോടെ വരവേറ്റു. ഭരണകര്‍ത്താക്കള്‍ കാലാവസ്ഥാ വ്യതിയാനത്തെ ഗൗരവമായി എടുക്കാത്തതാണ് ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് പ്രധാനകാരണമെന്ന് കായല്‍ക്കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.കെ.ജി. പത്മകുമാര്‍ ഓര്‍മിപ്പിക്കുന്നു.
ഭാരതത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കാന്‍ പോകുന്നത് കേരളമാണ്. പശ്ചിമഘട്ടത്തിന്റെ പകുതിയും കേരളത്തിലാണ്. ഇതില്‍ ഏറ്റവും വലിയ ദുരന്തം ഏറ്റുവാങ്ങാന്‍ പോകുന്നത് സമുദ്രനിരപ്പില്‍ നിന്ന് താഴ്ന്നപ്രദേശമായ കുട്ടനാടും, തുടര്‍ന്ന് ആലപ്പുഴയുമായിരിക്കും.
മാലി ദ്വീപിനെക്കാള്‍ ഗുരുതര പ്രതിസന്ധിയാണ് ഇനി കേരളം നേരിടാന്‍ പോകുന്നത്. വേമ്പനാട് കായല്‍ നൂറു വര്‍ഷത്തിനിടെ ദൈര്‍ഘ്യം മുപ്പത്തിയഞ്ചു ശതമാനമായി കുറഞ്ഞു. എക്കലും, പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലന്യങ്ങള്‍ നിറഞ്ഞും ആഴം അഞ്ചില്‍ ഒന്നായി ചുരുങ്ങിയതും വെള്ളപ്പൊക്കത്തിനിടയാക്കി.
കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ കേരളത്തിന്റെ നട്ടെല്ലു തകര്‍ക്കും. മഞ്ഞ, ഓറഞ്ച്, ചുവപ്പ് മുന്നറിയിപ്പുകള്‍ വിദേശികളെ കേരളത്തില്‍നിന്ന് അകറ്റി. വിനോദ സഞ്ചാരമേഖല തകര്‍ന്നു. മത്സ്യത്തൊഴിലാളികളും പട്ടിണിയിലായി. മുന്നറിയിപ്പിനെ തുടര്‍ന്ന് കടലില്‍ പോകാന്‍ പോലും കഴിയാത്ത അവസ്ഥ പരിതാപകരമാണ്. ആദ്യപ്രളയത്തിന് മുന്നറിയിപ്പ് നല്‍കാന്‍ കഴിയാത്തതിന്റെ കേടുതീര്‍ക്കലാണ് ആഴ്ചയില്‍ നാലുദിവസമുള്ള മുന്നറിയിപ്പുകള്‍.
പ്രകൃതിയില്‍നിന്ന് ആവശ്യത്തിന് മാത്രം എടുക്കുക എന്ന പഴമക്കാരുടെ വിശ്വാസത്തെ പുതുതലമുറ ലംഘിച്ചതോടെയാണ് പ്രകൃതിയുടേയും താളം തെറ്റിയതെന്ന് കുസാറ്റിലെ ശാസ്ത്രഞ്ജന്‍ ഡോ.എം.ജി. മനോജ് മുന്നറിയിപ്പു നല്‍കുന്നു. അവരുടെ കരുതലിന്റേയും മിതത്വത്തിന്റേയും ഗുണഫലമാണ് ഇന്നത്തെ തലമുറ അനുഭവിക്കുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ സംരക്ഷിച്ചില്ലെങ്കില്‍ ദുരിതങ്ങള്‍ തുടര്‍ക്കഥയാകും.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഈവര്‍ഷമാണ്. അതിതീവ്ര മഴയ്‌ക്ക് തൊട്ടടുത്ത്, 21.5 സെന്റിമീറ്റര്‍ മഴ പെയ്താല്‍ അതിതീവ്രമഴയായി കണക്കാക്കും. ഈ വര്‍ഷം പതിനൊന്ന് മുതല്‍ ഇരുപത്തിയൊന്ന് സെ.മീ. മഴയാണ് കേരളത്തില്‍ പലസ്ഥലത്തും പെയ്തിറങ്ങിയത്. ഇത് താങ്ങാനുള്ള കെല്‍പ്പ് ഇന്ന് കേരളത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.
മലയും, കുന്നും നികത്തിയും, പാറ പൊട്ടിച്ചും വീട്ടുമുറ്റം ടൈല്‍സ് പാകിയും മോടിപിടിപ്പിച്ച് മുന്നോട്ടു പോയപ്പോഴും നാം ചിന്തിച്ചില്ല ഇത്രപെട്ടന്ന് തിരിച്ചടിയുണ്ടാകുമെന്ന്. മുന്‍ തലമുറകള്‍ നൂറ്റാണ്ടുകളായി നമ്മള്‍ക്ക് കൈമാറിയ മഴക്കാലത്തെ വരുംതലമുറയ്‌ക്ക് കൈമാറാന്‍ പരാജയപ്പെട്ട നമ്മള്‍ എന്ത് പ്രായശ്ചിത്തമാണ് ഇനി ചെയ്യേണ്ടത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക