യഥാര്‍ത്ഥ ജാതിവ്യവസ്ഥ എന്താണെന്നറിയാന്‍ മിനക്കെടാതെ കേരളത്തിലെ ഗോത്രങ്ങളെയെല്ലാം ജാതിയായി പരിഗണിച്ച് ഒരു പട്ടിക വരച്ച് ഇനംതിരിച്ചെഴുതിയപ്പോള് പറ്റിയ പിശകുകള്‍ ധാരാളമാണ്. ഇവരെ ശരിക്കും അടിസ്ഥാന ഗോത്രങ്ങള്‍ എന്നാണ് അഭിസംബോധന ചെയ്യേണ്ടിയിരുന്നത്. അടിസ്ഥാന ഗോത്രങ്ങളുമായി യാതൊരുബന്ധവുമില്ലാത്തവരാണ് മേല്‍ത്തട്ട് ജാതിക്കാര്‍ എന്ന് വരുത്തിത്തീര്‍ക്കേണ്ടത് വേറെ ചില തല്‍പ്പര കക്ഷികളുടെ ആവശ്യംകൂടിയായിരുന്നു.
ചാതുര്‍വര്‍ണ്യ വ്യവസ്ഥ അനുസരിച്ചുള്ള വളര്‍ച്ച നിലച്ചുപോയതും;
‘ബ്രാഹ്മണ്യം കൊണ്ടു
കുന്തിച്ചു കുന്തിച്ചു
ബ്രഹ്മനും തനിക്കെളുതല്ല
എന്നു ചിലര്‍’ എന്ന് ഭക്തകവി
പൂന്താനം പാടിയ പോലെ മേല്‍ത്തട്ട് ജാതിക്കാര്‍ തങ്ങളുടെ സ്ഥാനങ്ങളില്‍ അഹങ്കാരികളും അജ്ഞാനികളും ആയിമാറിയതും ഒരു പ്രത്യേക കാലഘട്ടത്തിലെ സാമൂഹിക ഘടനയെ ശാപഗ്രസ്ഥമാക്കി. ഇതിനെല്ലാം പിറകില്‍ സാമ്പത്തികവും അധികാര സ്ഥാപനപരവുമായ കാരണങ്ങളുണ്ടായിരുന്നു എന്നുകൂടി തിരിച്ചറിയേണ്ടതുണ്ട്. ഭാതീയ ഋഷികളെല്ലാം സമൂഹത്തിന്റെ തെറ്റായ പോക്കിനെ തിരുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ രാജഭരണകാലം പൂര്‍ണമായി അവസാനിച്ച് പുതിയ ഒരു സാമൂഹിക, ഔദ്യോഗിക ക്രമത്തിലേക്ക് രാജ്യം മാറുകയാണെന്ന് തിരിച്ചറിഞ്ഞ ശ്രീനാരായണ ഗുരുസ്വാമികള്‍ ജാതിവിഭജനം തുടച്ചുമാറ്റാനും ജാതിമത ചിന്തകള്‍ക്കതീതമായി മാനവികത പുലര്‍ത്തുവാനും സമൂഹത്തെ ഉദ്ബോധനം ചെയ്തു. ഗുരുവചനങ്ങള്‍ തന്നെയാണ് വര്‍ത്തമാനകാലത്ത് നമ്മള് അനുസരിക്കേണ്ടതും നടപ്പാക്കേണ്ടതും. എന്നാല്‍ ജാതിയെക്കുറിച്ചുള്ള അടിസ്ഥാനമില്ലാത്ത ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നതുകൊണ്ടാണ് ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ യഥാര്‍ത്ഥസത്യം എന്താണെന്നിവിടെ പറയേണ്ടിവന്നത്.
ഭാരതത്തില്‍ നിലനിന്നിരുന്ന യഥാര്‍ത്ഥ രാജഭരണ പാരമ്പര്യം എന്തായിരുന്നു, അല്ലെങ്കില്‍ രാജഭരണത്തിന് കീഴിലെ സാമൂഹിക വ്യവസ്ഥയെക്കുറിച്ചുള്ള പുരാതന സങ്കല്‍പ്പം എന്തായിരുന്നു എന്നും സവിസ്തരം പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ‘ശുക്രാചാര്യ സംഹിത’ (ശുക്ര
നീതി). രാജാവിനോ പ്രജകള്‍ക്കോ ഭൂമിക്കുമേല്‍ അവകാശമുണ്ടായിരുന്നില്ല. ഭൂമി പൊതു ഉടമസ്ഥതയിലായിരുന്നു. ജനങ്ങളുടെ ജീവനും വിളകള്‍ക്കും സംരക്ഷണം നല്കുന്ന ഉത്തരവാദിത്തം ആയിരുന്നു രാജാവിനും സൈന്യത്തിനും. പൊതുഭരണം നടത്തിയിരുന്നത് പ്രാഥമികമായി ഏറ്റവും താഴെത്തട്ടിലെ ഗ്രാമസഭകളായിരുന്നു. സമൂഹത്തിലെ എല്ലാ വര്‍ഗങ്ങളിലും പെടുന്ന ജനങ്ങളുടെ പ്രതിനിധികള്‍ ആ സഭയിലുണ്ടായിരുന്നു. ഈ ഗ്രാമസഭകളുടെ പ്രവര്‍ത്തനങ്ങളിലിടപെടാന്‍ രാജാക്കന്മാര്ക്ക് അവകാശമുണ്ടായിരുന്നില്ല. അധര്‍മികളായ രാജാക്കന്മാരെ നിഷ്കാസിതരാക്കാനുള്ള സ്വാതന്ത്ര്യം വരെ ഇത്തരം ജനകീയ സഭകള്‍ക്കുണ്ടായിരുന്നു. എന്നിങ്ങനെ പോകുന്നു ശുക്രാചാര്യ സംഹിതയിലെ പ്രതിപാദ്യങ്ങള്‍.
ചരിത്രത്തില്‍ ഇതിന് ലഭ്യമായ തെളിവ് ചോള കാലഘട്ടത്തിലേതാണ്. അത് ചോളന്മാരുടെ മാത്രം സംഭാവന എന്ന നിലയ്ക്കാണ് ചരിത്രം പഠിപ്പിക്കുന്നത്. ഭാരതം മുഴുവന്‍ നിറഞ്ഞുനിന്ന ഒരു പാരമ്പര്യമായിരുന്നു അതെന്ന് മനസ്സിലാക്കപ്പെടുന്നില്ല. അതുപോലെ തിരുവിതാംകൂറില്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് തൃപ്പടിദാനം എന്ന പേരില്‍ ഭൂമി മുഴുവന്‍ ശ്രീപത്മനാഭസ്വാമിക്ക് സമര്‍പ്പിച്ചതും നേരത്തെ സൂചിപ്പിച്ച ആ പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു. തറ, കൂട്ടം എന്നിങ്ങനെ വേലുത്തമ്പി ദളവ നടത്തിയ ഗ്രാമ പുനഃസംവിധാനവും മറ്റൊന്നല്ല. നൈരന്തര്യം തകര്‍ക്കപ്പെട്ടൊരു രാഷ്ട്രത്തിലെ മഹത്തായ ഭരണ പാരമ്പര്യത്തിന്റെ ഒറ്റപ്പെട്ട തെളിവുകളാണെങ്കിലും, അവയെ ഭാരതത്തിലൂടനീളം നിലനിന്നിരുന്ന ഒരു വ്യവസ്ഥയുമായി ബന്ധപ്പെടുത്തിക്കാണാന്‍ നമ്മുടെ ചരിത്രപഠനരീതികള്ക്ക് കഴിഞ്ഞിട്ടില്ല. മഹത്തായൊരു ഭരണവ്യവസ്ഥയുടെ പാരമ്പര്യം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇരവരൊക്കെ നടത്തിയത്. ബ്രിട്ടീഷുകാരാണ് അത് പൂര്‍ണമായി ഇല്ലാതാക്കിക്കളഞ്ഞത്. മുസ്ലീം രാജാക്കന്മാര് ഈ ഗ്രാമവ്യവസ്ഥയെ അംഗീകരിച്ചിരുന്നു. ഗ്രാമസഭകളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്ന് മുഗള്‍ രാജാക്കന്മാര് അവരുടെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം കൊടുത്തിരുന്നു.
ഇത്രയേറെ വൈദേശിക ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടും അനേകം നൂറ്റാണ്ടുകല്‍ അന്യമതസ്ഥരായ ഭരണാധികാരികള്‍ക്ക് കീഴില്‍ കഴിഞ്ഞിട്ടും ഭാരത സംസ്കാരവും വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും എങ്ങനെ ആധുനിക കാലഘട്ടത്തിലേക്ക് അതിജീവിച്ചുവന്നു എന്ന ചോദ്യം പല ചരിത്രകാരന്മാരും ഉന്നയിച്ചിട്ടുണ്ട്. ഭാരതീയ ദര്‍ശനങ്ങളുടെയും ആചാരാനുഷ്ഠാന വിശ്വാസങ്ങളുടെയും സാര്‍വകാലികതയും ശാസ്ത്രീയതയും ആണതിന് കാരണമെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. എന്നാല്‍ പ്രായോഗികമായി അത് സംഭവിക്കാന്‍ കാരണമായ മറ്റൊരു പ്രധാന ഘടകം കൂടി അതിന് പിന്നിലുണ്ടെന്ന് മനസ്സിലാക്കുമ്പോള്‍ നമ്മുടെ
പൂ ര്‍വിക സംസ്കൃതിയുടെ ഭരണവ്യവസ്ഥയുടെ അതിശയിപ്പിക്കുന്ന ചാതുര്യത്തിന് മുന്നില്‍ നമ്മള് നമ്രശിരസ്കരാകും. നമ്മുടെ പാരമ്പര്യത്തിന്റെ മഹനീയതയിലും
പൂര്‍വികരുടെ ജൈവസംസ്കൃതിയിലും നമുക്കഭിമാനം തോന്നും. നേരത്തെ പറഞ്ഞ ഗ്രാമസഭകളുടെയും ഊരുകൂട്ടങ്ങളുടെയും പ്രവര്‍ത്തനഫലമായാണ് നമ്മുടെ സംസ്കൃതി തലമുറകളിലേക്ക് കൈമാറി സംരക്ഷിക്കപ്പെട്ടുപോന്നത്. നമ്മളെ ആക്രമിച്ച് ആര് സിംഹാസനം പിടിച്ചടക്കിയാലും ഒരു സമൂഹത്തില്‍ നടക്കേണ്ട പ്രാഥമിക കാര്യങ്ങള്‍ ഗ്രാമസഭകളിലൂടെ നടന്നുപോന്നുകൊണ്ടിരുന്നു. രാജഭരണമൊന്നുവേറെ സാധാരണ ജനജീവിതമൊന്നുവേറെ എന്നമട്ടില്‍. രാജ്യം കീഴടക്കാനെത്തുന്ന വിദേശരാജാക്കന്മാര്ക്കറിയുമായിരുന്നില്ലല്ലൊ അന്നത്തെ സാമൂഹിക ഘടനയില്‍ താഴെട്ടത്തട്ടിലുണ്ടായിരുന്ന ഗ്രാമസഭകളുടെ ഭരണ പങ്കാളിത്ത ത്തെപ്പറ്റി . ചുരുക്കിപ്പറഞ്ഞാല്‍ അന്ന്
നിലവിലിരുന്ന രാജാക്കന്മാരുടെ കണ്ണുവെട്ടിച്ചും ഒളിഞ്ഞും തെളിഞ്ഞുമായി ഈ നാട്ടുപാരമ്പര്യം നിലനിന്നുപോന്നു എന്നുതന്നെവേണം മനസ്സിലാക്കാന്‍.
പടയോട്ടങ്ങളുടെയും ഭരണപരിഷ്കാരങ്ങളുടെയും രാജവംശ സ്ഥാപനങ്ങളുടെയും ഒക്കെ ബാഹ്യതലസ്പര്‍ശിയായ ചരിത്ര ബഹളങ്ങള്‍ക്കിടയില്‍ നമ്മള് മറന്നുപോകുന്നത് ജീവസ്സുറ്റ ഈ നാട്ടുപാരമ്പര്യമാണ്. ഭാരതചരിത്രത്തില്‍ ഈ നാട്ടുപാരമ്പര്യം നല്കിയ മഹത്തായ സംഭാവനകള്‍ പഠിക്കപ്പെടുകയും തിരിച്ചറിയപ്പെടുകയും ചെയ്യുമ്പോഴേ പുതിയ തലമുറകള്‍ക്ക് നമ്മുടെ പൂര്‍വിക സംസ്കൃതിയിലഭിമാനവും ദേശീയബോധവും വളരുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: